ഭരണ വൈകല്യത്തിന്‍െറ പ്രതിഫലനം

ജിഷയുടെ കൊലപാതകവും തുടര്‍ന്നുള്ള സര്‍ക്കാര്‍നടപടികളും പ്രതീകാത്മകമാണ്. ഭരണതല പ്രവര്‍ത്തനവൈകല്യത്തിന്‍െറ പ്രതിഫലനം. അശരണയായ ഈ പെണ്‍കുട്ടി കേരളത്തിലെ ദരിദ്രരായ ജനലക്ഷങ്ങളുടെ പ്രതീകമാണ്. പാവപ്പെട്ടവന് ലഭിക്കുന്ന സംരക്ഷണത്തിന്‍െറ ഉത്തമ ഉദാഹരണങ്ങളിലൊന്ന്. ഒരു മരണം നടന്നശേഷം ദിവസങ്ങള്‍ അത് മൂടിവെക്കുക, പിന്നെ എതിര്‍പ്പുകള്‍  ഉയരുമ്പോള്‍ എന്തെങ്കിലും ചെയ്തു എന്നു വരുത്തുക. എല്ലാ നിലയിലും അലംഭാവം കാട്ടിയ പൊലീസുകാരെ മേധാവികള്‍ ന്യായീകരിക്കുക. പിന്നെ പ്രതികള്‍ക്കായി ഇരുട്ടില്‍ തപ്പുക. ഇത്രയായിട്ടും ലോക്കല്‍ പൊലീസിനെ ന്യായീകരിക്കുകയും കേസ് ക്രൈം ബ്രാഞ്ചിനുപോലും റഫര്‍ ചെയ്യാതിരിക്കുകയും ചെയ്യുകയാണ് സര്‍ക്കാറിന്‍െറ വക്താക്കള്‍. തെരഞ്ഞെടുപ്പിന്‍െറ പടിവാതിലില്‍ ആയിരുന്നില്ളെങ്കില്‍ ഈ സംഭവം എത്രയോ നിസ്സാരവത്കരിക്കപ്പെട്ടേനെ!
ഒട്ടേറെ വികസനനേട്ടങ്ങളുടെ പട്ടിക നിവര്‍ത്തിയാണ് സര്‍ക്കാറിനെ നിയന്ത്രിക്കുന്ന മുന്നണി തെരഞ്ഞെടുപ്പുരംഗത്തുള്ളത്. വികസനനേട്ടങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നത് എക്കാലവും തര്‍ക്കവിഷയമാകാറുണ്ട്. പൊതുവേ ജനത്തിനു ഗുണം ലഭിക്കുന്ന വികസനമാതൃകകളാണ് ജനകീയമായി അംഗീകരിക്കപ്പെടുക. പൊതുവായി അംഗീകരിക്കപ്പെടുന്നവ തന്നെ സാധാരണക്കാരന് ഗുണമുണ്ടാകുന്നതാകണം എന്നുമില്ല. പുറമ്പോക്കുകളില്‍ അന്തിയുറങ്ങുന്നവരെ മനുഷ്യരായിപോലും അംഗീകരിക്കാത്ത ഭരണസംസ്കൃതിയില്‍ അവരുടെ പ്രശ്നങ്ങള്‍ കുഴിച്ചുമൂടപ്പെടുകയാണ് സര്‍ക്കാര്‍ ഫയലുകളില്‍. ജിഷയും അത്തരമൊരു ഇരയായി മാറുകയായിരുന്നു, മരണത്തിനുമുമ്പും അതിനുശേഷവും. മരണംവരെ ഭീഷണികളുടെ നിഴലില്‍. മരണക്കേസ് അനിശ്ചിതത്വത്തിലും. എന്തൊരു നിസ്സംഗതയാണിത്! മരണം ഏപ്രില്‍ 28ന് രാത്രി 9.30ന് പൊലീസ് റെക്കോഡ് ചെയ്തതാണത്രെ. സംഭവത്തിന്‍െറ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാകാന്‍ പിറ്റേന്ന് 3.30വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോ? കോടതിയില്‍ കേസ് എത്തിക്കുന്നതിന് പിന്നെയും ഒരു ദിവസം വേണ്ടിയിരുന്നോ? ഫോറന്‍സിക് നടപടികളില്‍ കേരള കെമിക്കോ ലീഗല്‍ അനാലിസിസ് ചട്ടം പാലിച്ചുവോ? പോസ്റ്റ്മോര്‍ട്ടം മുതല്‍ എല്ലാകാര്യത്തിലും ഉണ്ടായ അലംഭാവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. എന്നിട്ടും മേധാവികള്‍ പറയുന്നത്, കേസന്വേഷണം തൃപ്തികരമാണെന്നാണ്. ലോക്കല്‍ പൊലീസ് സമര്‍ഥരെന്നും.  ദുരൂഹതകള്‍ ഏറുമ്പോഴും ആരെയാണ് അധികൃതര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?
കഴിഞ്ഞ അഞ്ചുവര്‍ഷ ഭരണത്തിന്‍െറ ചെറിയ മാതൃകയായി ഈ കേസന്വേഷണത്തെ കണ്ടാല്‍ അതിശയോക്തിയില്ല. ഓരോ അഴിമതിയാരോപണം ഉണ്ടാകുമ്പോഴും അവയെ ന്യായീകരിക്കുന്ന ഒരു മുഖ്യമന്ത്രിയായിരുന്നു നമ്മുടേത്. അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്നതില്‍ കാട്ടിയ വിരുത് അനന്യസാധാരണമായിരുന്നു. ആരോപണങ്ങളുടെ നടുക്കടലില്‍ നിന്നവരെപോലും തോളിലേറ്റി. സ്വന്തം കാര്യാലയത്തില്‍ നിന്നുവരെ ജീര്‍ണവാതങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവ സൗരഭ്യങ്ങളാണെന്നു വാഴ്ത്തി. അഴിമതിയുടെ അടങ്ങാത്ത പ്രവാഹങ്ങള്‍. അവക്ക് അരുനില്‍ക്കുന്ന ഭരണാധികാരികള്‍. എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പീഡനങ്ങള്‍. എന്തിനും കൂട്ടുനില്‍ക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍. താറുമാറായ ഖജാനയില്‍ അവശേഷിച്ച തുട്ടുകള്‍  പോലും പെറുക്കി പോക്കറ്റിലിടാന്‍ ശ്രമിക്കുന്ന നേതാക്കളെ ഫലവത്തായി ചെറുക്കാന്‍ കഴിയാത്ത ജനം മൂകസാക്ഷികളായി. അവസാനം തെരഞ്ഞെടുപ്പിനു തൊട്ടുമുന്നേ ബലാത്സംഗങ്ങളുടെ ഘോഷയാത്ര. ആറെന്നോ അറുപത്തെട്ടെന്നോ നോട്ടമില്ലാതെ ബലാല്‍ക്കാരം. പിന്നെ കൊലപാതകവും.  വികസനം റിയല്‍ എസ്റ്റേറ്റും കമീഷനും കമീഷന്‍ ഏജന്‍സിയുമായി. വന്‍കിടക്കാര്‍ക്കുവേണ്ടി പാവങ്ങളുടെ  പുറമ്പോക്കുകളിലെ കുടിലുകള്‍ പൊളിഞ്ഞു. എന്നാല്‍, മെട്രോ റെയിലുകള്‍ക്ക് മുന്നില്‍പോലും വന്‍കിടക്കാരുടെ വാണിഭശാലകള്‍ തലയുയര്‍ത്തിനിന്നു, അവരുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കപ്പെടുംവരെ. വികസനത്തിന്‍െറ പട്ടിക നിവര്‍ത്തുന്ന ഭരണാധികാരികള്‍ സംസ്ഥാനത്തു പലയിടത്തും കുടിവെള്ളം ഇനിയുമില്ളെന്ന വസ്തുത വിസ്മരിക്കുന്നു. കുടിവെള്ള ക്യൂകള്‍ക്കു മുന്നില്‍ വോട്ടിരക്കാന്‍ പോലുമുള്ള ചര്‍മശേഷി പ്രകടിപ്പിക്കുന്നു അവര്‍.  ഏറെ ജലക്ഷാമമുള്ളിടമാണ്, എറണാകുളം.  എന്നാല്‍, ഈ ജില്ലയില്‍ കുടിവെള്ളത്തിനായി ഒരു മന്ത്രിയും ഒരു ഉപരോധത്തിനും മുതിര്‍ന്നില്ല. പക്ഷേ, തനിക്കെതിരെ വന്ന പോസ്റ്ററിന്‍െറ പേരില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ ഒരു മന്ത്രിക്ക് ഉളുപ്പില്ലായിരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്! കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തുപോലും കുടിവെള്ളമില്ളെന്നത് അന്തര്‍ദേശീയമായിതന്നെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.  അഞ്ചുവര്‍ഷം ഭരിച്ചവരുടെ വികസനപ്പട്ടികകള്‍ക്കു മുന്നില്‍ കുടിവെള്ളം ഇപ്പോള്‍ കൊഞ്ഞനംകുത്തുകയാണ്, ഭരണാധികാരികളെ.
ശമ്പളം കൊടുക്കാനാകാത്തവിധം ഭീഷണമാണ്, സര്‍ക്കാറിന്‍െറ സാമ്പത്തികനില. ഇനി അധികാരത്തില്‍വരുന്ന സര്‍ക്കാറിനു മുന്നില്‍ കടം കയറിയ ഖജനാവായിരിക്കും ഉണ്ടാകുക. എന്നിട്ടും  സമ്പന്നമാണെന്നാണ് സര്‍ക്കാറിന്‍െറ ഭാവം. ബാര്‍ മുതല്‍  സോളാര്‍വരെ നീളുന്ന നീണ്ട അഴിമതിപ്പട്ടികക്കുമുന്നില്‍ എന്തു വികസനനേട്ടമാണ് സാധാരണക്കാര്‍ക്കായി വെക്കാനുള്ളത്? കുടിവെള്ളം എന്ന പ്രാഥമിക ആവശ്യം നിറവേറ്റാതെ എന്തുവികസനമാണ് മുതല്‍ക്കൂട്ടാകുക? ഇല്ലാത്ത റോഡുകളുടെ കണക്കുകളും നിലവിലുള്ള റോഡുകളുടെ പുന$സൃഷ്ടിയും സാങ്കല്‍പിക വിമാനത്താവളവും കോടീശ്വരന്മാര്‍ക്ക് എഴുതിത്തള്ളുന്ന തുറമുഖങ്ങളും കേരളത്തിലെ പുറമ്പോക്കുകളിലെ ജീവിതങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. കാടു കൈയേറി ടൂറിസം കൃഷി നടത്തുന്നവന് പട്ടയവും പഞ്ചനക്ഷത്രപദവിയും ബാറും പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പീഡനവും നല്‍കുന്ന വികസനമാതൃകയെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് ജിഷ എന്ന ഹതഭാഗ്യ.
നിയമ സമാധാനമാണ്, ഭരണ നേട്ടമായി വിലയിരുത്തപ്പെട്ട മറ്റൊരു കാര്യം. നാടുനീളെ ബലാല്‍ക്കാരവും കൈയേറ്റവും സ്ത്രീപീഡനപരമ്പരകളും കൊലപാതകവും തെരഞ്ഞെടുപ്പുകാലത്തുപോലും അരങ്ങേറുമ്പോള്‍ നിയമസമാധാന പാലനത്തിന് മറ്റൊരു വിലയിരുത്തല്‍ അനാവശ്യമാകുന്നു. കോളിളക്കമുണ്ടാക്കിയിട്ടും ജിഷയുടെ കൊലപാതക അന്വേഷണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇതില്‍ രാഷ്ട്രീയമോ ജാതീയതയോ  വര്‍ഗീയതയോ ചികയേണ്ടതില്ല. സാധാരണക്കാരന്‍െറ നിസ്സഹായാവസ്ഥയാണ് പ്രതിഫലിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.