യു.ഡി.എഫ് പതനത്തിന്5 കാരണങ്ങള്‍

കേരളത്തില്‍ ഭരണ ത്തുടര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവചിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലപ്രവചനം എനിക്ക് അനുയോജ്യമായ ജോലിയല്ളെന്ന് യു.ഡി.എഫിന് നല്‍കിയ തിരിച്ചടിയിലൂടെ വോട്ടര്‍മാര്‍ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. വോട്ടര്‍മാര്‍ നല്‍കിയ വിധിയെഴുത്തില്‍നിന്ന് ചില വിലപ്പെട്ട പാഠങ്ങള്‍ ആന്തരവത്കരിക്കാന്‍ എനിക്ക് സാധിക്കുന്നു.
ഭാവിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയഗോദയില്‍ ഈ അനുഭവപാഠങ്ങള്‍ പ്രയോജനകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യു.ഡി.എഫിനെ വീഴ്ത്താനിടയാക്കിയ അഞ്ചു ഘടകങ്ങള്‍ സംക്ഷിപ്തമായി ഇവിടെ രേഖപ്പെടുത്താം
1. ഗ്രൂപ്പുവഴക്ക്
കേരളത്തില്‍ കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പുകളായാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നത് സര്‍വാംഗീകൃത യാഥാര്‍ഥ്യമാണ്. ‘എ’, ‘ഐ’ എന്നീ പേരുകളിലൂടെ കുപ്രസിദ്ധമാണ് ഈ വിഭാഗീയത. ഒരു ഗ്രൂപ് ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കുമ്പോള്‍ രണ്ടാം ഗ്രൂപ് ചെന്നിത്തലക്കുചുറ്റും അണിനിരക്കുന്നു. ഈ രണ്ടു ഗ്രൂപ്പുകളുടെ സഖ്യമാണ് കോണ്‍ഗ്രസ് എന്നുപറയാം.
ഗ്രൂപ്പുവഴക്കിന് അതീതനും നിഷ്പക്ഷനുമായിരുന്നതുകൊണ്ടാണ് വി.എം. സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനുകീഴില്‍ മറ്റൊരു ഗ്രൂപ് ജന്മം കൊണ്ടു.വിഭാഗീയത, സ്പര്‍ധ, വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വഴക്കുകള്‍, കളങ്കിതരായ മന്ത്രിമാര്‍ക്കെതിരെയുള്ള പരസ്യവിമര്‍ശങ്ങള്‍ എന്നിവ പ്രചാരണഘട്ടത്തില്‍ ശക്തിപ്പെട്ടത് ധാരാളം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുകയുണ്ടായി.
2. വികസനം മാത്രം മതിയെന്ന ധാരണ
വികസനരംഗത്ത് ശ്ളാഘനീയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ യു.ഡി.എഫിന് സാധിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാനാകില്ല. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖപദ്ധതി, കൊച്ചി സ്മാര്‍ട്ട് സിറ്റി, മെട്രോ തുടങ്ങിയവ വികസനപാതയിലെ നാഴികക്കല്ലുകളാണ്. അവ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും തീര്‍ച്ച. എന്നാല്‍, ഇവകൊണ്ടുമാത്രം വോട്ടര്‍മാരുടെ ഹൃദയം കീഴ്പ്പെടുത്താമെന്ന് ഉറപ്പിക്കുന്നത് തെറ്റായ കണക്കുകൂട്ടല്‍ മാത്രമാണ്.
3. അഴിമതി ആരോപണങ്ങള്‍
തുടര്‍ച്ചയായ അഴിമതിയാരോപണങ്ങള്‍ യു.ഡി.എഫ് ഭരണത്തിനെതിരായ പൊതുജനവികാരം ആളിക്കത്താന്‍ ഇടയാക്കി (ആരോപണങ്ങളിലൊന്നുപോലും കോടതിയില്‍ തെളിയിക്കപ്പെടാതിരുന്നിട്ടും). സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിനല്‍കുന്നതില്‍ ഇത് സുപ്രധാനഘടകമായി പ്രവര്‍ത്തിച്ചു. ചില മന്ത്രിമാര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മാധ്യമങ്ങളും വലിയ അളവില്‍ പങ്കുവഹിച്ചു.
4. വിവാദങ്ങള്‍
അഴിമതി ആരോപണങ്ങ ള്‍ക്കൊപ്പം വിവാദങ്ങളും ഉയര്‍ന്നുവന്നു. വിവാദങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താന്‍ ഇടതുപക്ഷത്തിന് കനകാവസരം ലഭിച്ചു. ദലിത്വിദ്യാര്‍ഥിനി ജിഷയുടെ മരണം കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ളെന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു.
മദ്യനിരോധനീക്കങ്ങള്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങി. മതനേതാക്കള്‍ക്കിടയിലും സ്ത്രീസമൂഹത്തിനിടയിലും ഏറെ ജനപ്രീതിസൃഷ്ടിക്കാന്‍ മദ്യവിരുദ്ധ നടപടികള്‍ക്ക് സാധിക്കേണ്ടതായിരുന്നു. അതേസമയം, മദ്യപാനികള്‍ ധാരാളമുള്ളതിനാല്‍ അവരെ ഉന്നമിടുന്ന പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് എല്‍.ഡി.എഫ് നേട്ടംകൊയ്തു. എല്‍.ഡി.എഫ് വന്നാല്‍ മദ്യലബ്ധിയില്‍ കുറവുണ്ടാകില്ളെന്ന ധാരണ പരോക്ഷമായി സൃഷ്ടിക്കപ്പെട്ടു.
5. വോട്ടുചോര്‍ച്ച
2011ലെ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇടതുപക്ഷത്തിന് വോട്ടുവിഹിതം കുറവാണെന്ന് വ്യക്തം. എന്നാല്‍, കോണ്‍ഗ്രസിലും വോട്ടുചോര്‍ച്ച സംഭവിച്ചു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 15 ശതമാനത്തോളം വോട്ടുകള്‍ പിടിച്ചു. യു.ഡി.എഫ് സീറ്റുകള്‍ 72 ല്‍നിന്ന് 47 ആയി കുറയാന്‍ അതും നിമിത്തമായി. അതേസമയം, ഹിന്ദുവോട്ടുകള്‍ സമാഹരിച്ചുകൊണ്ട് മുന്നേറ്റം നടത്തുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ വിജയിച്ചില്ല. കാരണം, അസമിലേതുപോലെ വര്‍ഗീയപ്രശ്നങ്ങള്‍ക്ക് കേരളത്തിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനാകില്ല.  
യു.ഡി.എഫിനേറ്റ തിരിച്ചടി കനത്തതാണെങ്കിലും കൂടുതല്‍ യുവസ്ഥാനാര്‍ഥികളെ അണിനിരത്താന്‍ ശ്രമിച്ചു എന്നത് കോണ്‍ഗ്രസിന്‍െറ സവിശേഷതയാണ്. 30നും 40നും ഇടയില്‍ പ്രായമുള്ള ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍ അസംബ്ളിയില്‍ പാര്‍ട്ടിക്ക് കരുത്താകും. പ്രായാധിക്യത്താല്‍ ക്ഷീണിച്ച എല്‍.ഡി.എഫ് പ്രതിനിധികള്‍ നടത്തുന്ന ഭരണവൈകല്യങ്ങളെ ഈ യുവതലമുറക്ക് ധീരമായി അഭിമുഖീകരിക്കാനാകും. വാര്‍ധക്യത്തിലും പഴയകാലത്തിലും ഊന്നിയല്ല കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനം. ഭാവിയാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. രാജ്യത്തുടനീളം പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ യുവത്വത്തിന്‍െറ ഈ ചേരുവ ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു.
(കടപ്പാട്:
ദി ക്വിന്‍റ് ഡോട് കോം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.