കേരളത്തിലെ കോണ്‍ഗ്രസ് ഉത്തരേന്ത്യന്‍ വഴിക്കോ?

കേരളസമൂഹം ജാതീയമായും മതപരമായും ധ്രുവീകരിക്കപ്പെടുന്നതിന്‍െറ അപായസൂചനകള്‍ ഉള്‍ക്കൊള്ളുന്നു നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍.  ഇടതുവിജയത്തിലെ അടിയൊഴുക്കുകള്‍ കാണാതെപോയാല്‍ നഷ്ടപ്പെടുന്നത് കേരളത്തെയായിരിക്കും. 2011ല്‍ കിട്ടിയ വോട്ടിനെക്കാളും രണ്ടു ശതമാനത്തോളം വോട്ടു കുറഞ്ഞിട്ടും ഇടതുപക്ഷത്തിനു 91 സീറ്റിന്‍െറ ഭൂരിപക്ഷം കിട്ടിയത്, ഉമ്മന്‍ചാണ്ടി ആഗ്രഹിച്ച അരുവിക്കര മോഡല്‍  സംസ്ഥാന  അടിസ്ഥാനത്തില്‍ എല്‍.ഡി. എഫിന് അനുകൂലമായതുകൊണ്ടു മാത്രമാണ്. അഴിമതി,  വിലവര്‍ധന, അനുഭവിച്ചിട്ടില്ലാത്ത വികസനത്തിന്‍െറ പേരിലെ കുറെ ഉഡായിപ്പുകള്‍  എന്നിവകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ രോഷത്തിന്‍െറയും പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളിലുണ്ടായ സംഘ്പരിവാര്‍ ഭീതിയുടെയും രണ്ടു തരംഗങ്ങള്‍ ഒരു പ്രവാഹമായപ്പോള്‍ അത് ചെങ്കൊടുങ്കാറ്റിന്‍െറ രൂപം പൂണ്ടു.  അതില്‍ യു.ഡി.എഫ് കടപുഴകി. അധികാര രാഷ്ട്രീയത്തില്‍ കേന്ദ്രീകൃതമായ ചെറുകിട പാര്‍ട്ടികള്‍ അപ്രസക്തമായി. 18 സീറ്റുമായി പിടിച്ചുനിന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന മുസ്ലിംലീഗിനു പോലും കൊടുവള്ളിയും  താനൂരും നഷ്ടപ്പെടുകയും മലപ്പുറത്തെ വിജയിച്ച മിക്ക സീറ്റുകളിലും ഭൂരിപക്ഷം കുറയുകയും ചെയ്തു. വിജയിച്ച 18 സീറ്റുകളില്‍ തന്നെ മഞ്ചേശ്വരവും കാസര്‍കോടും പ്രത്യേക സാമൂഹിക രാഷ്ട്രീയസാഹചര്യത്തില്‍ ഇടതുസഹയാത്രികരുടെ കൂടി സഹായത്തോടെ ജയിക്കുന്നതാണെന്നും മറ്റു രണ്ടു സീറ്റുകളില്‍ ലീഗില്‍ ഇസ്ലാം വിരുദ്ധപ്രോക്സികളെ വളര്‍ത്താനും സംരക്ഷിക്കാനും വേണ്ടി യു.ഡി.എഫ് ബാഹ്യശക്തികളുടെ തന്ത്രപരവും ബോധപൂര്‍വവുമായ ഇടപെടല്‍ കാരണം  വിജയിച്ചതാണെന്നും കുറ്റ്യാടി, മങ്കട, പെരിന്തല്‍മണ്ണ തുടങ്ങിയ സീറ്റുകളില്‍ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും ആഭ്യന്തരവിശകലനത്തില്‍ ലീഗ്തന്നെ മനസ്സിലാക്കുന്നുണ്ടാവണം.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ തോറ്റു പാളീസായിട്ടുപോലും കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ളെന്നാണ് ഇപ്പോള്‍ കേരളത്തിലുണ്ടായ അനുഭവം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഹൈകമാന്‍ഡ്  ഏറ്റവും ദുര്‍ബലമായിമാറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചതാണ് ഉമ്മന്‍ചാണ്ടിയുടെ സൗഭാഗ്യം. പക്ഷേ, അത് കേരളത്തിലെ കോണ്‍ഗ്രസിന്‍െറ നിര്‍ഭാഗ്യവുമായി. ഇവിടെയാണ്  അദ്ദേഹം ഒരു നേതാവെന്നതിലേറെ അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കൗശലക്കാരന്‍ മാത്രമായി ചുരുങ്ങിയത്.  ഇക്കാര്യത്തില്‍ അദ്ദേഹം നരസിംഹറാവുവിനെ പോലെയായിരുന്നു. സ്വന്തമായി ഭൂരിപക്ഷമില്ലാതിരുന്ന റാവു ജി.സി. മുണ്ടക്ക് കള്ളു കൊടുത്തും വിശ്വാസവോട്ടു നേടി. രണ്ടു സീറ്റിന്‍െറ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സെല്‍വരാജിനെ ചാക്കിട്ടുപിടിച്ചാണ് ഭൂരിപക്ഷം വര്‍ധിപ്പിച്ചത്. റാവുവിനുശേഷം കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒരിക്കലും ഒറ്റക്ക് ഗതിപിടിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് ഗതി പിടിക്കുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം പറയും.

ഈ അഴിമതിയാരോപണങ്ങള്‍ക്കിടയിലും ചാണ്ടിയെ നിലനിര്‍ത്തുന്നതില്‍ ആന്‍റണിയും ലീഗും വഹിച്ച പങ്കും വിസ്മരിക്കാവതല്ല. ആന്‍റണിയുടെ പിന്തുണയില്ലാതെ ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ കരുണാകരനെ പുറത്താക്കാന്‍ ചാണ്ടിയോട് ചേര്‍ന്നുനിന്ന് നേതൃപരമായ പങ്കുവഹിച്ച  ലീഗാവട്ടെ, ഇക്കണ്ട ആരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിലും ഉമ്മന്‍ ചാണ്ടിക്കു പിറകില്‍ പാറപോലെ നിന്നു. പിറവം, നെയ്യാറ്റിന്‍കര,  അരുവിക്കര  തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തെറ്റായ രൂപത്തില്‍ ഭരണത്തിനുള്ള പിന്തുണയായി ഇവരൊക്കെ ‘വിശകലനം’ ചെയ്യുകയായിരുന്നു. യു.ഡി.എഫിന്‍െറ പരമ്പരാഗത സീറ്റുകളായ പിറവത്തും അരുവിക്കരയിലും എം.എല്‍.എമാരായിരുന്ന ടി. എം. ജേക്കബും കാര്‍ത്തികേയനും മരിച്ചതിനെ തുടര്‍ന്ന് മക്കള്‍ മത്സരിച്ചപ്പോഴുണ്ടായ സഹതാപതരംഗംകൂടി ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ കാരണമായെങ്കില്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്‍െറ തൊട്ടുമുമ്പുണ്ടായ ടി.പി. ചന്ദ്രശേഖരന്‍ വധവും വി.എസ്. അച്യുതാനന്ദന്‍ രമയുടെ വീട് സന്ദര്‍ശിച്ചതും സെല്‍വരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ കാരണമാവുകയായിരുന്നു.

ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ 27,37,290 (15.74%) വോട്ടുകളാണ് 2011നെ അപേക്ഷിച്ച് കൂടുതലായി പോള്‍ ചെയ്തത്.  യു.ഡി.എഫിന് എല്ലാ ജില്ലകളിലും ഗണ്യമായ അളവില്‍ വോട്ടുകള്‍ കുറഞ്ഞിരിക്കുന്നു. കാസര്‍കോടും കണ്ണൂരും ഈ കുറവ് യഥാക്രമം 1.62, 4.11 ശതമാനമാ ണെങ്കില്‍ തൃശൂരിലും ഇടുക്കിയിലും യഥാക്രമം 10 ശതമാനത്തിനും 11നും മുകളിലാണ്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യു.ഡി.എഫിന് 10 ശതമാനത്തിനടുത്തുകുറഞ്ഞപ്പോള്‍ വയനാടും കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും 8.5 ശതമാനത്തിനും ഒമ്പതിനുമിടയിലാണ് വോട്ടുകള്‍ ചോര്‍ന്നത്. മലപ്പുറത്ത് 7.23  ശതമാനം കുറഞ്ഞപ്പോള്‍ എറണാകുളത്തും പാലക്കാട്ടും 6.5 ശതമാനത്തോളം വോട്ടുകള്‍ നഷ്ടമായി. കോഴിക്കോട് ജില്ലയിലാകട്ടെ, 5.22 ശതമാനം വോട്ടുകള്‍ കൈവിട്ടു. സംസ്ഥാനതലത്തില്‍ 7.34 ശതമാനം വോട്ടുകളാണ് യു.ഡി.എഫിനു നഷ്ടപ്പെട്ടത്. ഇത് സാധാരണ കേരളത്തിലുണ്ടാവുന്ന ഭരണകക്ഷിക്കെതിരായ ഒന്ന്-ഒന്നര ശതമാനത്തിനിടയിലെ വോട്ടിങ് ഷിഫ്റ്റ് അല്ല. ഈ വോട്ടുകള്‍ പോയത് എന്‍.ഡി.എക്കാണ്.

എല്‍.ഡി.എഫിനും വോട്ടുകള്‍ നഷ്ടമായിട്ടുണ്ട്. കോട്ടയത്ത്  8.66 ശതമാനം, ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും നാല് - നാലര ശതമാനത്തിനിടയില്‍ എന്നിങ്ങനെയാണ്  വോട്ടു നഷ്ടം.  സംസ്ഥാനത്ത് എല്‍.ഡി.എഫിന് 1.85 ശതമാനം വോട്ടുകളാണ് 2011മായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞത്. യു.ഡി.എഫിന്‍െറ 7.34 ശതമാനം വോട്ടും എല്‍.ഡി.എഫിന്‍െറ 1.85 ശതമാനം വോട്ടും എന്‍.ഡി.എയിലേക്ക് മാറിയപ്പോള്‍ നേരത്തേ ബി. ജെ. പിക്കുണ്ടായിരുന്ന ആറു ശതമാനം വോട്ടും കൂടി മൊത്തം എന്‍.ഡി.എയുടെ വോട്ട് ഷെയര്‍ 15 ശതമാനമായി വളര്‍ന്നു. എന്‍.ഡി.എക്ക് 46 ശതമാനംവരുന്ന ന്യൂനപക്ഷസമുദായങ്ങളായ ക്രൈസ്തവരുടെയും മുസ്ലിംകളുടെയും വോട്ട് തീരെ കിട്ടിയിട്ടുണ്ടാവില്ളെന്ന് കണക്കാക്കിയാല്‍   54 ശതമാനം വരുന്ന ഈഴവ, നായര്‍, പുലയ, ആദിവാസി, പട്ടികജാതി/വര്‍ഗങ്ങളുടെ 28 ശതമാനം പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായി കാണാന്‍സാധിക്കില്ല. അതില്‍ നിന്നാണ് എന്‍.ഡി.എ 30 ലക്ഷത്തിലേറെവോട്ടുകള്‍ നേടിയത്. നമ്മുടേതുപോലുള്ള തെരഞ്ഞടുപ്പുവ്യവസ്ഥയില്‍ ബഹുകോണമത്സരം നടക്കുന്ന സാഹചര്യത്തില്‍ അല്‍പംകൂടി വോട്ടുഷെയര്‍ കൂടിയാല്‍ എന്‍.ഡി.എക്ക് ലഭിക്കുന്ന സീറ്റുവര്‍ധന ആനുപാതികമായിരിക്കില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള ഈ ഒഴുക്കിന് ഇനിയങ്ങോട്ട് ഗതിവേഗം വര്‍ധിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനം ഉത്തരേന്ത്യക്ക് സമാനമാവും.

എല്‍.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് വേണ്ടത്ര ഉപയോഗപ്പെടുത്തിയ യു.ഡി.എഫ് ഭരണകാല  അഴിമതികള്‍ കൃത്യമായി അന്വേഷിച്ച്  കുറ്റംചെയ്തവരെ ശിക്ഷിക്കാതിരിക്കുന്ന സാഹചര്യം എന്‍.ഡി.എയെ കേരളത്തില്‍ മുഖ്യ പ്രതിപക്ഷകക്ഷിയാക്കി മാറ്റും.  ഈ വിഷയത്തില്‍ പുതിയ ഭരണകൂടം വേണ്ട നടപടിയെടുക്കാതിരിക്കുമ്പോള്‍ യു.ഡി.എഫുകാര്‍ പ്രതികരിക്കാന്‍ സാധ്യതയില്ലല്ളോ. എന്‍.ഡി.എയാകട്ടെ, ആ വിഷയത്തില്‍ പുതിയ ഭരണകൂടം കാണിക്കുന്ന അലംഭാവം അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയമായി ചിത്രീകരിക്കും. ഇത് ഇരുപക്ഷത്തുനിന്നും കൂടുതല്‍ വോട്ടുകള്‍ എന്‍.ഡി.എയിലേക്ക് ചോരാന്‍ കാരണമായിത്തീരുകയും കേരളത്തില്‍ കേരളത്തിന്‍െറ ചരിത്രപാരമ്പര്യത്തോടോ, സാമൂഹികരാഷ്ട്രീയ പ്രകൃതത്തോടോ ഒട്ടും യോജിക്കാത്ത അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഇത് മുന്‍കൂട്ടിക്കണ്ട് കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ പുതിയ ഭരണകൂടം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.  
 കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഭൂരിപക്ഷസമുദായക്കാര്‍ ബി.ജെ.പിയിലേക്ക് മാറിപ്പോകുന്നതുകൊണ്ടുകൂടിയാണ് ബ ി.ജെ. പിക്ക് വോട്ടുകൂടുന്നതെന്ന് കൃത്യമായും തെളിയിക്കുന്നു തെരഞ്ഞടുപ്പ്ഫലങ്ങള്‍. തിരുവനന്തപുരത്ത് ബി.ജെ.പി  അക്കൗണ്ട് തുറന്നത് ഒരു ഉദാഹരണം മാത്രം. 2006ല്‍ കോണ്‍ഗ്രസിന് 60,000വും ബി.ജെ.പിക്ക് വെറും 6000വും വോട്ടുമാത്രമാണുണ്ടായിരുന്നതെങ്കില്‍ 2011ല്‍ അത് കോണ്‍ഗ്രസിന് 20,248 ആയിചുരുങ്ങുകയും ബി.ജെ.പിയുടേത് 43,661ആയി വര്‍ധിക്കുകയുംചെയ്തു. 2016ല്‍ കോണ്‍ഗ്രസിന്‍െറ വോട്ട് 13860 ആയി കുറഞ്ഞപ്പോള്‍ എന്‍.ഡി.എ ആദ്യമായി എട്ടായിരത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിക്കുന്ന സാഹചര്യമുണ്ടായി.  ഇത് കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടിയതുപോലെയായി എന്ന് ഇനിയുള്ള കേരളത്തിന്‍െറ രാഷ്ട്രീയചരിത്രം വ്യക്തമാക്കും. ഇതിനു സമാനമാണ് ഇപ്പോള്‍ പാലക്കാട് മലമ്പുഴയില്‍ നടന്നതും.

2011ല്‍ 54312 വോട്ട് നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. ബി.ജെ.പിക്ക് അപ്പോള്‍ വെറും 2772 വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  2016 ആകുമ്പോഴേക്കും കോണ്‍ഗ്രസിന്‍െറ വോട്ട് 35,333 ആയി ചുരുങ്ങുകയും ബി.ജെ.പിയുടേത് 46,157 ആയി വര്‍ധിക്കുകയുംചെയ്തു. ചെങ്ങന്നൂരിലും കഴക്കൂട്ടത്തും ചാത്തന്നൂരിലും ഇതുതന്നെ സംഭവിച്ചതായി കാണാം. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായതും കോഴിക്കോട്ട് ബി.ജെ.പിക്ക് ആറ് കൗണ്‍സിലര്‍മാരെ ലഭിച്ചതും അങ്ങനെതന്നെ. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും തൃശൂരും ഇടുക്കിയിലും വയനാടും പത്തനംതിട്ടയിലും ആലപ്പുഴയിലും കൊല്ലത്തുമെല്ലാം സംഭവിച്ചതും നേരത്തേ ഉത്തരേന്ത്യയില്‍ സംഭവിച്ചതുപോലത്തെന്നെ. അതുകൊണ്ടാണ് വെള്ളാപ്പള്ളി ഒൗദ്യോഗികപിന്തുണ കൊടുത്തിട്ടുപോലും അദ്ദേഹത്തിന്‍െറ തട്ടകമായ കണിച്ചുകുളങ്ങരയില്‍ പോലും ബി.ജെ.പിക്ക് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നിലംതൊടാനാവാതെ പോയത്. എന്നാല്‍, സുകുമാരന്‍നായര്‍ സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടിട്ടും അത് സ്്ഥിതിചെയ്യുന്ന പെരുന്നയില്‍ ബി.ജെ.പിയാണ് ജയിച്ചത്.

അതുകൊണ്ടു തന്നെയാണ് ഇടതുപക്ഷത്തുനിന്ന് പിന്നാക്കജാതിവിഭാഗങ്ങളെ അടര്‍ത്തി മാറ്റാനുള്ള  ഭഗീരഥയത്നത്തിന്‍െറ ഭാഗമായി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍െറ ആശീര്‍വാദത്തോടെസജ പിന്തുണയോടുംകൂടി ഒരു പ്രത്യേക പാര്‍ട്ടിതന്നെ വെള്ളാപ്പള്ളിക്ക് രൂപവത്കരിക്കേണ്ടിവന്നത്. എന്നാല്‍,  കോണ്‍ഗ്രസിലെ മുന്നാക്കജാതിക്കാരെ  സംഘ്പരിവാറാക്കി മാറ്റുന്നതിന് ആര്‍.എസ്.എസിന് കേരളത്തില്‍ ഇത്തരമൊരു ശ്രമം  നടത്തേണ്ടതിന്‍െറ ആവശ്യംപോലും തോന്നാതിരുന്നതും മുന്നാക്ക ജാതികളിലെ വലിയൊരുവിഭാഗം കോണ്‍ഗ്രസിലെ ആര്‍.എസ്.എസ് പ്രോക്സികളായി വര്‍ത്തിക്കുന്നവരാണെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നതു കൊണ്ടുകൂടിയായിരിക്കണം.     ഇടതുപക്ഷത്തെ ഈഴവവോട്ടുകളിലേറെയും രാഷ്ട്രീയവോട്ടുകളാണെങ്കില്‍ കോണ്‍ഗ്രസിലെ മുന്നാക്കപിന്നാക്കവോട്ടുകളിലും ഈഴവവോട്ടുകളിലും   ബഹുഭൂരിപക്ഷവും കേവലം ജാതീയവും  സാമുദായികവുമാണെന്ന് അര്‍ഥം. ഇപ്പോഴത്തെ ഫലങ്ങളെ കൃത്യമായ അപഗ്രഥനത്തിനു വിധേയമാക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസും ഉത്തരേന്ത്യന്‍ വഴിക്കുതന്നെയാണെന്ന് മനസ്സിലാക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.