ജനവിരുദ്ധതയുടെ നൂറു ദിനങ്ങള്‍

നൂറു ദിവസം തികയുന്നതിനു മുമ്പുതന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്‍െറ നേട്ടം. ഏതു സര്‍ക്കാര്‍ അധികാരത്തിലേറിയാലും ആറുമാസത്തെ ഹണിമൂണ്‍ ഘട്ടം അനുവദിച്ചുകൊടുക്കാറുള്ളതാണ്. പുതിയ ഗവണ്‍മെന്‍റിന് പ്രവര്‍ത്തിച്ചുതുടങ്ങാനുള്ള സാവകാശം നല്‍കാനാണിത്. അതുകൊണ്ടുതന്നെ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആറു മാസത്തേക്ക് സമരപരിപാടികളൊന്നും വേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനിച്ചത്. പക്ഷേ, ആറുമാസമല്ല, രണ്ടു മാസം എത്തുംമുമ്പുതന്നെ ഇടതു സര്‍ക്കാര്‍ അതിന്‍െറ ജന്മസിദ്ധമായ ജനവിരുദ്ധത പുറത്തെടുത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍  ജനങ്ങളെയും സംസ്ഥാനത്തെയും ശരിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. പിടിപ്പുകേട്, മണ്ടത്തരം, ധാര്‍ഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സര്‍ക്കാറിന്‍െറ മുഖമുദ്രകള്‍.

എന്താണ് നൂറു ദിവസംകൊണ്ട് ഈ സര്‍ക്കാറിന്‍െറ നേട്ടം? എടുത്തുകാണിച്ച് ഊറ്റം കൊള്ളാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. പകരം മുല്ലപ്പെരിയാര്‍ മുതല്‍ സ്വാശ്രയ പ്രവേശം വരെ അബദ്ധങ്ങളുടെയും കഴിവുകേടുകളുടെയും ഘോഷയാത്ര മാത്രം.
മുല്ലപ്പെരിയാറില്‍ കേരളത്തിന്‍െറ ദീര്‍ഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി  പിണറായി  വിജയന്‍ ഭരണത്തിന് തുടക്കംകുറിച്ചത്. കേരളത്തിലെ മൂന്നു ജില്ലകളിലെ ജനങ്ങളുടെ മേല്‍ ഏതു നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലക്കാണ്  കേരളീയര്‍  മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നത്. എന്നാല്‍, ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമത് പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്നാട് അതിനകം അതിന്മേല്‍ മുതലെടുപ്പ് നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടു.

ഭാഗപത്ര രജിസ്ട്രേഷന്‍െറ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ കൂടെയല്ളെന്ന് തെളിയിച്ചു. ഒരു അച്ഛന്‍ മകന് 20 ലക്ഷം രൂപയുടെ സ്വത്ത് കൈമാറുമ്പോള്‍ നേരത്തേ 1000 രൂപ രജിസ്ട്രേഷന്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ 59,000 രൂപ വേണം. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും തെറ്റു തിരുത്താന്‍   സര്‍ക്കാര്‍ തയാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ ഡെന്‍റല്‍ പ്രവേശം അലങ്കോലമാക്കിയത് സര്‍ക്കാറിന്‍െറ പിടിപ്പുകേടിന്‍െറയും ധാരണക്കുറവിന്‍െറയും ഫലമായിട്ടാണ്. തുടക്കം മുതല്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. ഡെന്‍റല്‍ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാറിനത് ബോധ്യപ്പെട്ടത്. തുടര്‍ന്ന് അത് തിരുത്തിയെങ്കിലും മെഡിക്കല്‍ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തം പിന്നാലെ കാണിച്ചു. അത് കോടതി റദ്ദാക്കി. ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് ഈ സര്‍ക്കസ് കാരണം തീ തിന്നുന്നത്.

ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടിയില്ളെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകള്‍ കേരളത്തെ കീഴ്മേല്‍ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല. അന്ന് സമരം ചെയ്ത ഇടതു യുവജനങ്ങളെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല.

യു.ഡി.എഫ് സര്‍ക്കാര്‍ അറുതിവരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങിയത്തെി എന്നതാണ് ഇടതു സര്‍ക്കാര്‍ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരില്‍ ഇടക്ക് നിലച്ചിരുന്ന സി.പി.എം-ബി.ജെ.പി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്ത് കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകനെയാണ് സി.പി.എമ്മുകാര്‍ പാര്‍ട്ടി കോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തന്‍കളി മൂത്ത് മൂത്ത് സി.പി.എമ്മുകാരന്‍ സി.പി.എമ്മുകാരനത്തെന്നെ അടിച്ചുകൊല്ലുന്ന കാഴ്ച പൂഞ്ഞാറില്‍ കണ്ടു. ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളിയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ചിട്ടാണ് സി.പി.എം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്.

കൊലപാതകികള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തിലേക്ക് പൊലീസിന്‍െറ പ്രവര്‍ത്തനം ചുരുങ്ങിയകാലംകൊണ്ട് പരിവര്‍ത്തനപ്പെട്ടു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കൊലപാതക കേസുകളില്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാന്‍ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. പകരം തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പൊലീസ് ഓഫിസര്‍മാരെ കൊണ്ടുവന്ന് കൊലപാതക കേസുകള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഓഫിസുകളില്‍നിന്ന് നിശ്ചയിച്ച് നല്‍കുന്ന ‘കൂലി പ്രതികളെ’ പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാര്‍ഥ പ്രതികളെ പിടികൂടിത്തുടങ്ങിയതോടെയാണ് യു.ഡി.എഫ് സര്‍ക്കാറിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കടിഞ്ഞാണിടാനായത്. അത് അട്ടിമറിക്കുകയാണ് ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്. പാടത്തു പണിക്ക് വരമ്പത്തു കൂലി എന്നു പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമരാഷ്ട്രീയത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു.

നാട്ടില്‍ കവര്‍ച്ചയും പിടിച്ചുപറിയും അക്രമവും വര്‍ധിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതു തടയേണ്ട പൊലീസ് പക്ഷേ, നിര്‍വീര്യമാണ്. പൊലീസിനെ പാര്‍ട്ടിവത്കരിക്കുന്നതിനാല്‍ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല. നൂറു ദിവസം പിന്നിട്ടിട്ടും ഭരണം നന്നാകുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ല. എ.കെ.ജി സെന്‍ററിന്‍െറ അംഗീകാരം ഉണ്ടെങ്കില്‍മാത്രമേ ഫയലുകള്‍ക്ക് ചലനം ഉണ്ടാകുകയുള്ളൂ. മുഖ്യമന്ത്രിയാകട്ടെ, ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയിലാണ് അവരെ ഭര്‍ത്സിക്കുന്നത്. ഓണക്കാലമായതോടെ വില കുതിച്ചുയര്‍ന്നിട്ടും ഫലപ്രദമായി മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.  നഷ്ടമെന്നു പറഞ്ഞ് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭനഷ്ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. വില  പിടിച്ചുനിര്‍ത്തുന്നതിനുള്ള ഉപാദികളാണ് അവ. ഇത്തവണത്തെ ഓണച്ചന്തകളും വെട്ടിച്ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ തവണ 25 ദിവസത്തിലേറെ ഓണച്ചന്ത നടത്തിയെങ്കില്‍ ഇത്തവണ 10 മുതല്‍ 12 വരെ ദിവസം മാത്രമേ ഉള്ളൂ.

ഉപദേശി വിവാദമാണ് സര്‍ക്കാറിന്‍െറ മറ്റൊരു സംഭാവന.  സര്‍ക്കാറിനെതിരായ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകനെയാണ് മുഖ്യമന്ത്രി നിയമ ഉപദേശകനായി വെച്ചത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസ്സിലിരിപ്പ് അതുവഴി പുറത്തുവന്നു.
 നാഴികക്കു നാല്‍പതുവട്ടം മുതലാളിത്തത്തെ തള്ളിപ്പറയുന്ന വിപ്ളവകാരികള്‍ മുതലാളിത്തത്തിന്‍െറ ഏജന്‍റായ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്ടാവായി വെച്ചത് മറ്റൊരു തമാശ. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പ്രശസ്ത സ്പോര്‍ട്സ് താരം അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്ട്രീയ പരിഗണനവെച്ചു മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് തുടങ്ങി ഒട്ടേറെയുണ്ട് വേറെയും ‘നേട്ടങ്ങള്‍.’
                                                                   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT