വംശീയതക്കെതിരായ ആത്മീയ കലാപമാണ് ഹജ്ജ്

ലോകം എക്കാലവും അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം വംശീയ വിവേചനമാണ്. അതിനുള്ള ദൈവിക ചികിത്സയാണ് ഹജ്ജ്. മനുഷ്യന്‍ ജന്തുപരതയില്‍നിന്ന്  വളര്‍ന്നു വികസിച്ചയാളാണ്. വംശീയത മനുഷ്യനെ ജന്തുപരതയില്‍ തളച്ചുനിര്‍ത്തുന്ന  പ്രത്യയശാസ്ത്രമാണ്. മനുഷ്യനിലേക്ക്  അനന്തമായി വികസിക്കാനുള്ള സാധ്യതയെ അത് തടയുന്നു. ജന്മം കൊണ്ട് ലഭിച്ചത് അനുഭവിച്ച് മരിച്ചുപോകാനാണ്  വംശീയത മനുഷ്യനോട് കല്‍പിക്കുന്നത്. വംശത്തെ ആദര്‍ശം കൊണ്ട് മറികടക്കുന്നതിന്‍െറ ഉജ്ജ്വല പ്രകടനമാണ് ഹജ്ജ്. എല്ലാ വംശീയ വൈവിധ്യങ്ങളും അറഫാ മൈതാനിയില്‍ ഒഴുകിയത്തെി ഒറ്റവംശമായി  മാറും. എല്ലാ വംശീയതകളും ആ കുത്തൊഴുക്കില്‍ ലയിച്ചില്ലാതായി ഏക മാനവ സാഗരമായി ഒഴുകും. അറഫയോളം മാനവികമായത്, അറഫയോളം സാര്‍വലൗകികമായത് വേറെ എന്താണ് ലോകത്തുള്ളത്. മനുഷ്യരാശി മനുഷ്യനെ തിരിച്ചറിയുന്ന സ്ഥലമാണത്. വൈവിധ്യങ്ങളാല്‍, വൈവിധ്യങ്ങളെ  വിദ്വേഷങ്ങളായി പരിണമിപ്പിക്കുന്നതിനാല്‍ നഷ്ടപ്പെട്ടുപോവുന്ന മനുഷ്യനെ ഓരോ വര്‍ഷവും വീണ്ടെടുക്കുന്നതാണ് അറഫ.  എല്ലാ വംശീയ യുദ്ധങ്ങള്‍ക്കുമെതിരായ സമാധാന ഉടമ്പടിയാണത്.

ഹജ്ജ് കര്‍മത്തിന്‍െറ ഹൃദയമായ അറഫയില്‍ നില്‍ക്കുക എന്ന ചടങ്ങ് ഇസ്ലാം പൂര്‍വകാലത്ത്  ഖുറൈശികള്‍ അനുഷ്ഠിച്ചിരുന്നില്ല. അതിനവര്‍ക്ക് ശക്തമായ ന്യായമുണ്ടായിരുന്നു. തങ്ങള്‍ അല്ലാഹുവിന്‍െറ സൃഷ്ടികളില്‍ വിശിഷ്ടരാണ്. അതിനാല്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളുള്ളവരും ജനങ്ങളില്‍നിന്ന് വ്യത്യസ്തമായ  പദവികളില്‍ കഴിയുന്നവരുമാണ്. സര്‍വാദരണീയരായ  ഞങ്ങള്‍ സാധാരണക്കാരോടൊപ്പം  അങ്ങോട്ടു പോകണമെന്നോ? അല്ലാഹു അതിനെക്കുറിച്ച് അവരോട് പറഞ്ഞു: ‘പിന്നെ ജനങ്ങള്‍ ഇറങ്ങുന്നേടത്ത് നിങ്ങളും ഇറങ്ങുക. പൂര്‍വകാല തെറ്റുകള്‍ക്ക് അല്ലാഹുവിനോട് പശ്ചാത്തപിക്കുക. നിശ്ചയം, അല്ലാഹു പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്’ (ഖുര്‍ആന്‍ 2:199). കഅ്ബയുടെ ഊരാളരും അവര്‍ സമാനപദവി നല്‍കിയവരും ഹറമിന് പുറത്തുപോയി സാധാരണ ഗോത്രക്കാരെപ്പോലെ ഹജ്ജിന്‍െറ അനുഷ്ഠാനങ്ങള്‍ ചെയ്യേണ്ടതില്ല എന്നതായിരുന്നു ആഭിജാത ഗോത്രമായ ഖുറൈശികളുടെ വാദം. ഇതിനെ അല്ലാഹു അടിമുടി തള്ളി. കാരണം ഹജ്ജ് അതിന്‍െറ അന്തസ്സത്തയില്‍തന്നെ വംശീയ വരേണ്യതക്കെതിരായ ആത്മീയകലാപമാണ്. വംശീയവരേണ്യത പൈശാചിക പ്രത്യയശാസ്ത്രമാണ്.

ഇബ്ലീസിനെ ഇബ്ലീസാക്കിയത് ഈ വംശീയ ദുരഭിമാനമാണ്. തീയില്‍ നിന്നുണ്ടായ താന്‍ മണ്ണില്‍ നിന്നുണ്ടായ മനുഷ്യന്‍െറ മുമ്പില്‍ സാഷ്ടാംഗം ചെയ്യുകയോ? ഇത് ദൈവം പറഞ്ഞാലും അംഗീകരിക്കാനാവില്ല. കാരണം ദൈവത്തിനും മുകളിലാണ് തന്‍െറ വംശീയ ശ്രേഷ്ഠബോധം. മറ്റെന്ത് വിജ്ഞാനങ്ങളും നന്മകളും ഉണ്ടായിരുന്നെങ്കിലും ഈ വംശീയവരേണ്യത വകവെച്ചുകൊടുക്കാന്‍ അല്ലാഹു ഒരുക്കമായിരുന്നില്ല. ജിന്ന് വംശത്തിലെ വലിയ പണ്ഡിതനായിരുന്നു ഇബ്ലീസ് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.  പിശാചിന്‍െറ പ്രലോഭനത്തില്‍പെട്ട് സ്വര്‍ഗഭ്രഷ്ടരായ ആദമും ഹവ്വയും ഭൂമിയില്‍ വീണ്ടും സന്ധിക്കുന്ന സ്ഥലമാണ് അറഫ. പൈശാചിക വരേണ്യവാദം ദൈവികമായ മാനവികതക്കു മുന്നില്‍ തോറ്റ് തുന്നം പാടുന്ന ദിവസമാണ് അറഫ. കാരണം മനുഷ്യന്‍ എല്ലാ വംശീയ ദുരഭിമാനങ്ങളും ഒഴിവാക്കി ദൈവത്തിന്‍െറ ഏകോദര സഹോദരങ്ങളായി ഒരിടത്ത് ഒത്തുകൂടുന്നു. മനുഷ്യര്‍ തമ്മിലെ ബന്ധത്തില്‍ ഇവര്‍ പിശാചിന്‍െറ യുക്തിയെ പിന്തുടരുന്നില്ല. പിശാച് അന്ന് ഉന്നയിച്ച വാദത്തിന്‍െറ എതിര്‍പക്ഷത്ത് ലക്ഷോപലക്ഷങ്ങള്‍ അണിനിരക്കുകയാണ്.

പിശാചിന്‍െറ ന്യായത്തെ ഇവിടെ ജന്മം കൊണ്ട് വ്യത്യസ്തമായ വംശങ്ങള്‍ ഒരുമിച്ചുനിന്ന്  തള്ളിക്കളയുകയാണ്. ജന്മമല്ല, ആദര്‍ശവും കര്‍മവുമാണ് സൃഷ്ടികളുടെ മഹത്വത്തിന്‍െറ അടിത്തറയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ വംശീയവൈരം ഊതിക്കത്തിച്ച് നിലക്കാത്ത രക്തച്ചൊരിച്ചിലുകളും ശമിക്കാത്ത പകയും സൃഷ്ടിച്ച് നിലനിര്‍ത്താനുള്ള  പിശാചിന്‍െറ സാധ്യതയെയാണ് അറഫ ഇല്ലാതാക്കിക്കളയുന്നത്. ജന്മശ്രേഷ്ഠതാ തര്‍ക്കത്തില്‍ തങ്ങള്‍ പിശാചിന്‍െറ പക്ഷത്തല്ളെന്ന് ലക്ഷോപലക്ഷങ്ങള്‍ കര്‍മം കൊണ്ട് പ്രസ്താവിക്കുന്ന ദിവസമാണത്. അതുകൊണ്ട് കൂടിയാണ് പ്രവാചകന്‍ പറഞ്ഞത്, ‘അറഫാദിനത്തിലേതുപോലെ പിശാച് നിന്ദ്യനും നിസ്സാരനും കോപിഷ്ടനും വഷളനുമാകുന്ന മറ്റൊരു ദിനമില്ല’ എന്ന്.  എല്ലാതരം പൈശാചികതകളുടെ മേലും ദൈവപ്രോക്തമായ മാനവികത വിജയക്കൊടി പറപ്പിക്കുന്ന ദിവസമാണ് അറഫ. ജാഹിലിയ്യാ കാലത്തെ  (പ്രവാചക നിയോഗത്തിന് മുമ്പുള്ള കാലം) ഹജ്ജ് വംശീയ ദുരഭിമാന പ്രകടനത്തിന്‍െറ ഉത്സവമായിരുന്നു.

പ്രവാചകശിഷ്യന്‍ ഇബ്നുഅബ്ബാസ് പറയുന്നു: ‘ഹജ്ജ് കാലത്ത് അറബികളില്‍ ഒരാചാരമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എഴുന്നേറ്റുനിന്ന്, പിതാവിന്‍െറ പാരമ്പര്യവും പ്രാഗല്ഭ്യവും എണ്ണിപ്പറയും...പിതാമഹന്മാരെക്കുറിച്ച് അപദാനങ്ങളല്ലാതെ മറ്റൊന്നും അവിടെ നടന്നിരുന്നില്ല. ഇത് നിരോധിച്ചുകൊണ്ടാണ് അല്ലാഹു കല്‍പിച്ചത്: ‘നിങ്ങള്‍ ആരാധന പൂര്‍ത്തീകരിച്ചാല്‍ അല്ലാഹുവിനെ ഓര്‍ക്കുക. നേരത്തേ നിങ്ങള്‍ പിതാക്കന്മാരെ ഓര്‍ത്തതുപോലെ. അല്ളെങ്കില്‍ അതിനെക്കാള്‍ ശക്തമായി’ (ഖുര്‍ആന്‍.2-200). മക്ക വിമോചനവേളയില്‍ ഹറമില്‍ തടിച്ചുകൂടിയ ജനങ്ങളോട് അജ്ഞതയുടെ കാലത്തെ പൈതൃകാഭിമാന പ്രകടനങ്ങള്‍ നിരോധിച്ച് പ്രവാചകന്‍ പറഞ്ഞു. ‘ജനങ്ങളേ, അല്ലാഹു നിങ്ങളില്‍നിന്ന് അജ്ഞതയുടെ കാലത്തെ ദുരഭിമാനങ്ങളൊക്കെയും നീക്കിയിരിക്കുന്നു. അവന്‍ അതിനെ തകര്‍ത്തിരിക്കുന്നു. അല്ലയോ മനുഷ്യരേ, മനുഷ്യര്‍ രണ്ടുതരം മാത്രമാകുന്നു. ഒന്നുകില്‍ സുകൃതിയും ഭക്തനും അല്ലാഹുവിങ്കല്‍ ആദരണീയനുമായവന്‍. അല്ളെങ്കില്‍ പാപിയും ദുഷ്ടനും അല്ലാഹുവിങ്കല്‍ നിന്ദ്യനുമായവന്‍. തുടര്‍ന്ന് അദ്ദേഹം ഖുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു. ‘അല്ലയോ മനുഷ്യരേ, നാം നിങ്ങളെ സൃഷ്ടിച്ചത് ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമത്രെ.

നിങ്ങളെ വിവിധ ഗോത്രങ്ങളും സമുദായങ്ങളുമാക്കിയിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയേണ്ടതിനാകുന്നു. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും  ശ്രേഷ്ഠന്‍ ഏറ്റവും ഭക്തരായവരാണ്’ (49:13). പ്രവാചകന്‍െറ വിടവാങ്ങല്‍ ഹജ്ജിലെ പ്രഭാഷണത്തില്‍ ഈ അഭിമാനപ്രകടനത്തെക്കുറിച്ച് പറയുന്നു: ‘ജനങ്ങളേ, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. നിങ്ങളുടെ ആദിപിതാവും ഒരാളാകുന്നു. അറിഞ്ഞിരിക്കുക, അറബിക്ക് അനറബിയെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. അനറബിക്ക് അറബിയെക്കാളുമില്ല ഒരു ശ്രേഷ്ഠതയും. ചുവന്നവന് കറുത്തവനെക്കാളോ കറുത്തവന് ചുവന്നവനെക്കാളോ ശ്രേഷ്ഠതയില്ല. മനുഷ്യര്‍ക്കിടയില്‍ ഒരുവന്‍ അപരനെക്കാള്‍ ശ്രേഷ്ഠനാകുന്നത് ദൈവഭക്തികൊണ്ട് മാത്രമാകുന്നു. ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടില്ലയോ?’ ലക്ഷത്തിലധികം വരുന്ന വിവിധ വംശങ്ങളില്‍പെട്ട അനുയായികള്‍  വിളിച്ചുപറഞ്ഞു. ‘അതേ, ദൈവദൂതരേ, അങ്ങ് സന്ദേശം എത്തിച്ചുതന്നിരിക്കുന്നു. പൈതൃക സ്മരണകള്‍ക്കെതിരെ ആദര്‍ശസ്മരണയെ കൊണ്ടുവരികയാണ് അല്ലാഹു ചെയ്യുന്നത്.

എല്ലാ വംശീയാഹങ്കാരങ്ങളെയും മാത്സര്യങ്ങളെയും ദൈവികമായ ആദര്‍ശം കൊണ്ട് ഇല്ലാതാക്കുകയാണ്. വംശീയമായ പൈതൃക സ്മരണകളല്ല ദൈവികവും മാനസികവുമായ ആദര്‍ശസ്മരണകളാണ് മനുഷ്യരാശിക്ക് ആരോഗ്യം പ്രദാനം ചെയ്യുക. ആദര്‍ശപരമായി ഐക്യപ്പെട്ട തരാതരം വിഭിന്നതകളോട് സ്ഥലപരമായി ഒത്തുചേരലും ശാരീരികമായി കൂടിച്ചേരലുമാണ് ഹജ്ജ്. സ്വര്‍ഗത്തിലേക്കുള്ള വഴി ഭൂമിയിലൂടെയാണെന്ന, ദൈവത്തിലേക്കുള്ളവഴി വംശാതീതമായ പൊതു ജനങ്ങളിലൂടെയാണെന്ന പ്രഖ്യാപനമാണ് ഹജ്ജ്. മനുഷ്യനെ ജന്മത്തിന്‍െറ തടവറകളില്‍ തളക്കാതെ ആത്മീയമായും ഭൗതികമായും പറന്നുയരാവുന്ന മുഴുവന്‍ ഉയരങ്ങളിലേക്കും പറന്നുപരിലസിക്കാന്‍ അവനെ/അവളെ സഹായിക്കുന്ന ആരാധനയാണ് അറഫയും ഹജ്ജും. എല്ലാ വൈവിധ്യങ്ങള്‍ക്കുപരിയായി മനുഷ്യനെ മനുഷ്യന്‍ തിരിച്ചറിയുന്ന ദിവസമാണ് അറഫ.  അറഫ എന്ന വാക്കിന്‍െറ അര്‍ഥം അറിയുക എന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.