ഓണം നീതിയുടെ വീണ്ടെടുപ്പ്

ഒരു വട്ടംകൂടി ഓണം. ആദരണീയനായ മഹാബലി വീണ്ടും ഓര്‍മകളുടെ പൂക്കളത്തിലേക്ക്.  എന്നാല്‍, നമ്മുടെ മഹാബലി  ആ പഴയ തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ കുടകളുമായി മലയാളനാട്ടില്‍ ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്‍ഡ് അംബാസഡര്‍. ഓണം പോയകാലത്തിന്‍െറ വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്‍െറ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിത്താഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ പുതുക്കലെന്ന ആചാരമാണ്. ഓണത്തിന്‍െറ നീതിസാരത്തെ നാം സൗകര്യപൂര്‍വം മറക്കുകയും അതിന്‍െറ വാണിജ്യസാധ്യതകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.  എള്ളോളം പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്‍െറ കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്, ഓണക്കമ്പോളത്തിന്‍െറ വില മതിക്കാത്ത ബ്രാന്‍ഡ് അംബാസഡര്‍ ആണ്. നീതിമാന്‍െറ ഓര്‍മപുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം കമ്പോളത്തിലത്തെിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു. അതിന്‍െറയൊക്കെ കോഴയും കൊള്ളലാഭവും ഈ അഭിനവ മഹാബലിമാര്‍ പങ്കുവെച്ചെടുക്കുന്നു. എന്നാല്‍, പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നിരുന്നത്.

ഓണവിപണികളില്‍ വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും ത്രീഡി ടീവികളും മൊബൈല്‍ ഫോണുകളും മറ്റ് സാങ്കേതികവിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടേതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലാം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആ പഴയ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്‍ഡ് അംബാസഡര്‍.

നാമിന്ന് ഒന്നിന്‍െറയും ഉല്‍പാദകരല്ല. നാമെല്ലാത്തിന്‍െറയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനുഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ നാമല്ലാതാക്കുന്ന ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ എങ്ങോട്ടു കൊണ്ടുപോകണം എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക് നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി ചാനലുകള്‍ നിശ്ചയിക്കും. നാം നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും  വിനോദീകരിക്കാനും പാടുപെടുന്നു.

നമുക്ക് ആരെ വേണമെങ്കിലും പീഡിപ്പിക്കാം. നമുക്ക് ആരെ വേണമെങ്കിലും കൊല്ലാം, തല്ലാം. നമുക്ക് സമരം ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം കാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ കഥകള്‍ പറയും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഓണം.... എന്നാല്‍, ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മെ അതിഭീകരമായ വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മിപ്പിക്കുകയാണ്  ഡോ. സുകുമാര്‍ അഴീക്കോട്.
‘ഓണം മരിക്കുകയാണ്! മനസ്സിലായില്ളേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാര ഗിരികളും കട
ന്നെന്തിനോണമേ വന്നു നീ?’
ഇരുപത് ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ളോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ളോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്‍െറ ഓണദര്‍ശനം യഥാര്‍ഥത്തിലും കേരളദേശത്തിന്‍െറ സാംസ്കാരിക തത്ത്വചിന്തയാണ്.

ഇന്ന് ഓണത്തിന്‍െറ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്‍െറ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെമാത്രം നട്ടുനനയ്ക്കുന്നു. പൂവനും നെടു നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ സൗജന്യങ്ങളുടെയും അവിശ്വസനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും.
ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്‍െറ കാലം അവധി ക്കാലവും അലസകാലവും കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

കര്‍മോല്‍സുകമായിരുന്ന ഒരു കാലത്തിന്‍െറ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ഥത്തിലും അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്‍െറ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്‍െറ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു  പണ്ടൊക്കെ ഓണക്കാലം. നമ്മുടെ ഭരണകൂടമാണ് ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശവിദേശ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുടെ ഭരണകൂടങ്ങള്‍.

കോര്‍പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിനായി ഭരണകൂടം ജനങ്ങള്‍ക്ക് ഓണക്കാലത്ത് ബോണസും ബത്തയും മുന്‍കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. എന്നിട്ട്  പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാ പഞ്ഞ കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധ പൂര്‍വമായ കച്ചവടമാണ്, പ്രജാക്ഷേമമല്ല. ഓണദര്‍ശനങ്ങളുടെകൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീക്കോടിന്‍െറ തത്ത്വവിചാരങ്ങളില്‍ ഭരണകൂടങ്ങളുടെ ഈ പ്രതിജ്ഞാബദ്ധതകളുടെ  ബോധപൂര്‍വമായ ഒഴിവാക്കലുകളെ വിശദീകരിക്കുന്നത് കാണാം.

‘ഇന്ന് ഓണം എന്തായി? എവിടെയത്തെി? ആഘോഷത്തിന്‍െറ ചിത്രത്തില്‍നിന്ന് പ്രകൃതി അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൗഭാഗ്യങ്ങളെയും ഇന്ന് ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്‍െറ പ്രൗഢിയും അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നില നിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ് ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല.
ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മവിജയത്തിന്‍െറയോ സമൂഹബന്ധത്തിന്‍െറയോ ചെറിയ മിന്നാമിനുങ്ങുകള്‍പോലും മിന്നുന്നില്ല. പ്രകൃതിയുമായി ബന്ധം നഷ്ടപ്പെട്ട ഒരു ജനതക്ക് ഋതുപരിവര്‍ത്തനത്തിന്‍െറ അര്‍ഥം ഗ്രഹിക്കാന്‍ സാധ്യമല്ല. വേലയുടെ മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്‍െറ ഒരു അടയാളവും ഇന്ന് നമ്മുടെ ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.