''അഫ്ഗാൻ ജനതയുടെ അഭ്യുദയം, അവരുടെ ഭാവി, രാജ്യത്തൊരു ഗവൺമെൻറ്, അഫ്ഗാെൻറയും അന്താരാഷ്ട്ര സമൂഹത്തിെൻറയും മുന്നിൽ ജനതയുടെ ആവശ്യം നിവർത്തിക്കാവുന്ന, നിയമാനുസൃതമായ ഒരു വ്യവസ്ഥ... ഇൗ പോരാട്ടത്തിൽ വിജയിച്ചാൽ ഞങ്ങൾ ആ ലക്ഷ്യം നേടും. ഇനി ഇൗ മാർഗത്തിൽ കൊല്ലപ്പെട്ടാലോ, അവസാന ശ്വാസംവരെ നാടിനുവേണ്ടി നെട്ടല്ലുനിവർത്തി നിന്നവരാണ് ഞങ്ങളെന്ന് ചരിത്രം വിധിയെഴുതും''.
ദിവസങ്ങൾക്കുമുമ്പ് എൻ.ഡി ടി.വി ചാനലിനോട് നിലപാടു വ്യക്തമാക്കിയ അഫ്ഗാനിസ്താൻ ദേശീയ ചെറുത്തുനിൽപു മുന്നണി (എൻ.ആർ.എഫ്.എ) മുഖ്യവക്താവും തലയെടുപ്പുള്ള മാധ്യമപ്രവർത്തകനുമായിരുന്ന മുഹമ്മദ് ഫഹീം ദശ്തി ഒടുവിൽ രക്തസാക്ഷ്യത്തിെൻറ വഴിതന്നെ തിരഞ്ഞെടുത്തു. ഞായറാഴ്ച കാബൂളിന് 145കി.മീ വടക്ക് പഞ്ചശീർ താഴ്വരയിലെ അനാബ ജില്ലയിലെ ദശ്തകിൽ താലിബാൻ ഭീകരാക്രമണത്തിൽ ദശ്തിയും ജനറൽ അബ്ദുൽ വദൂദ് സാറയും കൊല്ലപ്പെട്ടു. താലിബാൻ ഗവൺമെൻറിൽ ചേരാൻ നിങ്ങൾ വിസമ്മതിക്കുന്നതെന്ത് എന്ന എൻ.ഡി ടി.വി മാനേജിങ് എഡിറ്റർ ശ്രീനിവാസൻ ജെയിെൻറ ചോദ്യത്തിന്, യുദ്ധം തകർത്ത നാടിെൻറ ശോഭനമായ ഭാവിക്കുവേണ്ടി മരണംവരെ പൊരുതുമെന്നായിരുന്നു ദശ്തിയുടെ ഉടൻ മറുപടി.
അഫ്ഗാൻ കണ്ട എക്കാലത്തെയും മികച്ച ഗറില കമാൻഡറായിരുന്ന അഹ്മദ് ഷാ മസ്ഉൗദിെൻറ ചീഫ് ഒാഫ് സ്റ്റാഫ് ആയിരുന്നു ദശ്തി. ആദ്യം സോവിയറ്റ് അധിനിവേശത്തിനെതിരെയും പിന്നീട് സ്വന്തം നാട്ടിൽനിന്ന് ഭീഷണിയായി വളർന്നുവന്ന താലിബാനെതിരെയും വിട്ടുവീഴ്ചയില്ലാത്ത കരുത്തോടെ പട നയിച്ചു, ഒടുവിൽ അൽ ഖാഇദ ഭീകരരുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു അഹ്മദ് ഷാ മസ്ഉൗദ്. മസ്ഉൗദിെൻറ വടക്കൻസഖ്യത്തിൽ ഗറിലയായി ചേരാൻ ചെന്ന 'പ്രായം തികയാത്ത' ദശ്തിയെ കാരണവർ തിരിച്ചയച്ചു; കാബൂളിൽ ചെന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി വരാൻ. അതുകഴിഞ്ഞ് എത്തിയ അദ്ദേഹത്തിന് പ്രചാരവേലയുടെ ജോലിയാണ് മസ്ഉൗദ് നൽകിയത്. അങ്ങനെ പ്രചാരണ, മാധ്യമപ്രവർത്തന മണ്ഡലത്തിലേക്കു കടന്ന അദ്ദേഹം 'കാബൂൾ വാരിക'യുടെ മുഖ്യപത്രാധിപരും അഫ്ഗാനിസ്താൻ നാഷനൽ േജണലിസ്റ്റ് യൂനിയൻ സാരഥിയുമായി. കമ്യൂണിസ്റ്റ് അധിനിവേശത്തിനെതിരെ ഗറിലയുദ്ധം നയിച്ച അഹ്മദ് ഷാ മസ്ഉൗദ് അധിനിവേശാനന്തരം നിലവിൽവന്ന ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് അഫ്ഗാനിസ്താൻ സർക്കാറിൽ പ്രതിരോധമന്ത്രിയായി ഒൗദ്യോഗികസേനയെ നയിച്ചു. താലിബാൻ രംഗപ്രവേശം ചെയ്തപ്പോൾ ശക്തമായ ചെറുത്തുനിൽപ് നടത്തി അദ്ദേഹം അഫ്ഗാെൻറ ഹീറോ ആയി മാറി. മസ്ഉൗദിെൻറ പ്രചാരണയന്ത്രം നിയന്ത്രിച്ചിരുന്നത് ഫഹീം ദശ്തിയായിരുന്നു. സ്വന്തം ജിഹ്വയിലൂടെയും രാജ്യതലസ്ഥാനങ്ങൾ മാറിമാറി സന്ദർശിച്ചും ഇൗ ദൗത്യത്തിൽ വ്യാപൃതനായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ താലിബാെൻറ കടന്നുകയറ്റത്തിനെതിരെ പഞ്ചശീറിൽ പൊരുതിനിൽക്കുേമ്പാഴും ഇന്ത്യൻ മാധ്യമങ്ങൾക്ക് അദ്ദേഹം ട്വിറ്ററിലൂടെ അപ്ഡേറ്റുകൾ നൽകി. അഭിമുഖങ്ങളിലൂടെ ധീരമായ നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞു.
2009 നവംബർ 30 മുതൽ ഡിസംബർ നാലുവരെ ഹൈദരാബാദിൽ നടന്ന 62ാമത് വേൾഡ് എഡിറ്റേഴ്സ് കോൺഫറൻസിൽ സംഘർഷ ഭൂമിയിലെ മാധ്യമപ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കാൻ ദശ്തിയും എത്തിയിരുന്നു. ആദ്യപരിചയത്തിൽതന്നെ ഇന്ത്യക്കാരോടുള്ള അടുപ്പവും കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു. വിഷാദച്ഛവി എപ്പോഴും ആ മുഖത്തും ശരീരത്തിലും ചുറ്റിപ്പറ്റിനിന്നു. ആ ചുണ്ടുകളിൽ എപ്പോഴും അസ്വസ്ഥതയുടെ സിഗരറ്റുകളെരിഞ്ഞു.
സമ്മേളന ഇടവേളകളിലൊന്നിൽ അനൗപചാരികസംഭാഷണം നീണ്ട് അഫ്ഗാൻ സംഘർഷത്തിലെത്തി. താജിക് പകോൾ തൊപ്പി ധരിച്ച താങ്കൾക്ക് ഒരു മസ്ഉൗദ് ലുക്ക് ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു നിമിഷം മുഖത്തു തറപ്പിച്ചുനോക്കിയശേഷം എന്നെ ചേർത്തു പിടിച്ച് അദ്ദേഹം പറഞ്ഞു; ശരിയാണ്, ഞാൻ അദ്ദേഹത്തിെൻറ ബന്ധുവാണ്. കൗതുകം മാറും മുേമ്പ അതിശയത്തിെൻറ അടുത്ത പൊതിയഴിച്ചു; ''അഭിശപ്തമായ ആ അന്ത്യനിമിഷത്തിലും അരികിൽ ഞാൻ ഉണ്ടായിരുന്നു''. ഇതുംപറഞ്ഞ് പതുക്കെ ഫുൾകൈ ഷർട്ട് തെറുത്തുകയറ്റി ഇടതുകൈ കാണിച്ചു: വെന്തുപോയിരുന്ന ഇൗ കൈ പാരിസിൽനിന്ന് പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കിയെടുത്തതാണ്. തരിച്ചിരുന്ന എന്നോട് വികാരാധീനനായി എട്ടുവർഷം മുമ്പ് 2001 സെപ്റ്റംബർ ഒമ്പതിലെ ആ ദുരന്തകഥ പറഞ്ഞുതുടങ്ങി:
അമീർ സാഹിബിെൻറ (അഹ്മദ് ഷാ മസ്ഉൗദ്) ടീമിെൻറ ഡോക്യുമെൻറുകൾ, എഴുത്തുകുത്തുകൾ, അപ്പോയിൻമെൻറുകൾ എല്ലാം ചീഫ് ഒാഫ് സ്റ്റാഫായ എെൻറ ചുമതലയായിരുന്നു. തക്കർ പ്രവിശ്യയിലെ ഖാജ ബഹാഉദ്ദീനിലെ ഒരു കൊച്ചു കെട്ടിടത്തിലായിരുന്നു അമീർ സാഹിബിെൻറ ഒാഫിസ്. ലണ്ടനിലെ ഇസ്ലാമിക് റിസർച് സെൻററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും മുസ്ലിംനാടുകളുടെ വിവരശേഖരണത്തിെൻറ ഭാഗമായി വന്നതാണെന്നും പറഞ്ഞാണ് അവർ രണ്ടുപേർ മസ്ഉൗദുമായി അഭിമുഖത്തിന് എത്തിയത്. അംബാസഡർ മസ്ഉൗദ് ഖലീലി, ഇൻറലിജൻസ് ചീഫ് ആരിഫ് സർവരി, അമീർ സാഹിബിെൻറ സെക്രട്ടറി ജംഷീദ് എന്നിവരായിരുന്നു ആ മുറിയിലുണ്ടായിരുന്നത്. പത്തു മിനിറ്റു കഴിഞ്ഞതേയുള്ളൂ. കൂടെയുള്ളയാൾ വിഡിയോ പിടിക്കാനെന്ന വ്യാജേന കാമറ ഒാൺ ചെയ്തതും ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ അത്യുഗ്ര സ്ഫോടനം നടന്നതും ഒന്നിച്ചായിരുന്നു. എന്താണ് നടന്നതെന്ന് അന്ധാളിച്ചിരിക്കുേമ്പാൾ അതാ മൂന്നു മീറ്റർ അപ്പുറത്ത് അഹ്മദ് ഷാ മസ്ഉൗദും ഖലീലിയും രക്തത്തിൽ കുളിച്ചു കിടക്കുന്നു. എെൻറ കൈകാലുകളിലും മുഖത്തുമൊക്കെ വെന്തു നീറുന്നതുപോലെ. നോക്കുേമ്പാൾ മാരകമായി പൊള്ളലേറ്റിരിക്കുന്നു. താജികിസ്താൻ അതിർത്തിയിലെ സൈനിക ആശുപത്രിയിലേക്ക് ഞങ്ങളെ ഉടനെ എത്തിച്ചു. പക്ഷേ, അമീർ സാഹിബ് മരണത്തിനു കീഴടങ്ങി. മൃതപ്രായരായി നാളുകൾ കഴിച്ചുകൂട്ടിയ ദശ്തിയും ഖലീലും മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം രക്ഷപ്പെട്ടു. പാരിസിലെ വിദഗ്ധ ചികിത്സക്കുശേഷമാണ് പൂർണസുഖം പ്രാപ ിച്ചത്. ശാരീരിക പരിക്കിനേക്കാൾ മസ്ഉൗദിെൻറ മരണമേൽപിച്ച ആഘാതമാണ് തനിക്കു പ്രശ്നമായതെന്ന്, ഉള്ളതിലും കവിഞ്ഞ പ്രായംതോന്നിക്കുന്ന ദശ്തി പറഞ്ഞു.
ഭീകരവൃത്തികളിലൂടെ അഫ്ഗാനികളെ അടക്കിഭരിക്കാൻ ശ്രമിച്ച താലിബാനെതിരെ അഫ്ഗാൻ വിമോചന ഇസ്ലാമിക െഎക്യമുന്നണി (യു.െഎ.എഫ്.എസ്.എ) രൂപവത്കരിച്ച അഹ്മദ് ഷാ മസ്ഉൗദ് അവരുടെ കണ്ണിലെ കരടായി. ആറു തവണ കര, വ്യോമ ആക്രമണങ്ങൾ നടത്തി ചെമ്പട പഞ്ചശീറിൽ നിന്ന് നിരാശരായി മടങ്ങിയത് മസ്ഉൗദിെൻറ കരുത്തിലായിരുന്നു. അദ്ദേഹത്തിെൻറ നിലനിൽപ് ഭീഷണിയാകുമെന്ന് മുൻകൂട്ടിക്കണ്ട അൽഖാഇദ, താലിബാൻ സഹായത്തോടെ നടത്തിയ ഭീകര ഒാപറേഷനായിരുന്നു അതെന്ന് ദശ്തി ഉറച്ചുവിശ്വസിച്ചു. രണ്ടുനാൾ കഴിഞ്ഞു നടന്ന ന്യൂയോർക്കിലെ ഭീകരാക്രമണത്തിെൻറ ആദ്യപടിയായിരുന്നു അതെന്ന് അദ്ദേഹം ആണയിട്ടു. അഫ്ഗാനിലെ ആദ്യ ചാവേർ ആക്രമണം കൂടിയായിരുന്നു അത്.
മരണത്തിൽനിന്ന് ജീവിക്കുന്ന രക്തസാക്ഷിയായി ഇറങ്ങിനടന്ന ഫഹീം ദശ്തി പിന്നീട് വടക്കൻ സേനയുടെ വിജയത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. അതിെൻറ പ്രചാരണപ്രവർത്തനങ്ങളുടെ പി.ആർ വർക്കുകളുടെയും നിയന്ത്രണം അദ്ദേഹത്തിനായിരുന്നു.
താലിബാനുമായി ഒരുനിലക്കും ഒത്തുപോകാനാവില്ലെന്നായിരുന്നു ഫഹീം ദശ്തിയുടെ നിലപാട്. അവർ മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ മതിയാവില്ല. ഭൂതകാല അനുഭവംവെച്ച് മാറ്റങ്ങൾ പ്രയോഗത്തിലെത്തിയാലേ അവരെ വിശ്വസിക്കാനാവൂ. എന്തുവന്നാലും സ്വതന്ത്ര പരമാധികാര രാജ്യമായി അഫ്ഗാനെ വളർത്താൻ അവർക്കാവില്ലെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു. അതിനാൽ വടക്കൻ സഖ്യത്തിലെ താലിബാെൻറ മാപ്പർഹിക്കാത്തവരുടെ പട്ടികയിൽ ദശ്തിയും ഇടം പിടിച്ചു. സഖ്യത്തിലെ എല്ലാ പ്രമുഖരും അജ്ഞാതകേന്ദ്രങ്ങളിലേക്കു പിൻവാങ്ങിയപ്പോഴും ദശ്തി മുഖ്യവക്താവായി മാധ്യമങ്ങളിൽ നിറഞ്ഞു. അതുവഴി താലിബാന് അപ്പുറമുള്ള അഫ്ഗാെൻറ സ്ഥിതിഗതികൾ ലോകത്തെ അറിയിച്ചു. ഒടുവിൽ മസ്ഉൗദിെൻറ രക്തസാക്ഷ്യത്തിെൻറ പത്താം വർഷത്തിൽ താലിബാൻ-പാക്ഭീകരതയുടെ ഡ്രോൺ ആക്രമണത്തിൽ നാൽപത്തെട്ടുകാരനായ ഫഹീമും കഥാവശേഷനായിരിക്കുന്നു.
ഇത്തവണ താലിബാൻ ആക്രമണം രൂക്ഷമായപ്പോൾ ദശ്തിക്ക് മെസേജ് അയച്ച് വിശേഷം അന്വേഷിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെ ഏജൻസികളിൽ അദ്ദേഹം സജീവമായി. അങ്ങനെ 'പഞ്ചശീർ സിംഹ'ത്തിെൻറ കാലടിപ്പാടുകളെ വിടാതെ പിന്തുടർന്ന ഇളമുറക്കാരനും ആ പോരാട്ടവീര്യം വിടാതെ, താലിബാനു പിടികൊടുക്കാതെ രക്തസാക്ഷ്യത്തിലേക്കു കടന്നുകളഞ്ഞിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.