ആ രണ്ടു സ്ത്രീകളെക്കുറിച്ച്

ആ രണ്ടു സ്ത്രീകളെപ്പറ്റി പറയാതിരിക്കാനാകുന്നില്ല. കൊച്ചി കായലിന്‍െറ അക്കരയിലും ഇക്കരയിലുമാണ് അവര്‍ താമസിക്കുന്നത്. ഒരാള്‍ ആകെയുണ്ടായിരുന്ന ഒന്നര സെന്‍റ് സ്ഥലം വിറ്റ് മാനം കാക്കേണ്ടിവന്നവള്‍. മറ്റെയാള്‍ വിദ്യാഭ്യാസ കച്ചവടം നടത്തി അന്വേഷണ ഏജന്‍സികളുടെ പരിശോധനക്ക് വിധേയമായി പിടിക്കപ്പെട്ടയാള്‍. ഒരാള്‍ വാര്‍ത്തയായത് ഏതോ ഒരു കള്ളന്‍െറ ഒൗദാര്യംകൊണ്ട് സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെട്ടപ്പോള്‍. മറ്റെയാള്‍ ഭാഗ്യംചെയ്ത വളര്‍ത്തുപട്ടിയുടെ പരിരക്ഷക്കുവേണ്ടി കേന്ദ്രമന്ത്രി അടക്കമുള്ള വലിയവരുടെ നീണ്ട നിര ഇടപെട്ടതിനെ തുടര്‍ന്ന്.

ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പാവപ്പെട്ട സ്ത്രീക്ക് പ്രായശ്ചിത്തം കണക്കെ പൊലീസുകാര്‍ കുറച്ചു പണം പിരിച്ചുകൊടുത്തുവത്രെ! ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ‘മാന്യമഹിള’യുടെ അരുമപ്പട്ടിയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി നടന്ന മഹായത്നങ്ങള്‍ ആരെയാണ് അദ്ഭുതപ്പെടുത്താത്തത്! സമത്വത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും വാഗ്ദാനങ്ങള്‍ ഈ രണ്ടു സ്ത്രീകള്‍ക്കും അനുഭവവേദ്യമായത് എങ്ങനെയാണെന്നത് ഗൗരവതരമായ പഠനത്തിന് വിധേയമാക്കണം. പുരോഗതിയുടെയും നേട്ടങ്ങളുടെയും നിയമത്തിനു മുന്നിലുള്ള തുല്യതയുടെയും വര്‍ത്തമാനങ്ങള്‍ പാവങ്ങളുടെ മുന്നില്‍ മരീചികയാകുന്നത് ഈ നാട് പലപ്പോഴും കണ്ടിട്ടുണ്ട്. പണക്കാര്‍ അവര്‍ കുറ്റവാളികളായാല്‍പോലും എത്ര ഭയഭക്തി ബഹുമാനപൂര്‍വമാണ് നമ്മുടെ നാട്ടില്‍ കൊണ്ടാടപ്പെടുന്നതെന്നും ജനങ്ങള്‍ ഈ സംഭവത്തില്‍ വീണ്ടും കണ്ടു.

വീട്ടുവേലക്കാരിയാണ് ആദ്യത്തെ സ്ത്രീ. അകലെയെവിടെയോ അവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടത്രെ; ഒന്നര സെന്‍റ്! അവര്‍ അന്തിയുറങ്ങുന്നത് ദൂരെയുള്ള ആ ഭൂമിയിലെ കൊച്ചു കൂരയിലല്ല. വീടുകളില്‍ ജോലിക്കത്തൊന്‍ അകലെയുള്ള സ്വന്തം കൂരയില്‍ താമസിച്ചാല്‍ അവര്‍ക്കാവുകയില്ല. അതിനാല്‍, പണിക്കുപോകുന്ന വീടുകള്‍ക്കടുത്ത് ഒരു കടത്തിണ്ണയിലാണ് പ്രായമേറിയ ആ ഭാരതസ്ത്രീ ഭാവശുദ്ധിയോടെ രാവുറങ്ങുന്നത്. അവര്‍ എന്നും കിടന്നുറങ്ങുന്ന ആ കടത്തിണ്ണ സ്വന്തം വീടുപോലെ കാലക്രമേണ മാറുകയായിരുന്നു. ഒരു രാത്രി ആ കടയില്‍ മോഷണം നടന്നു. കടയുടമക്ക് സംശയമുണ്ടായിരുന്നില്ല, നടന്നത് മോഷണമായിരുന്നെങ്കില്‍ മോഷ്ടിച്ചത് കടത്തിണ്ണയിലുറങ്ങുന്ന  ആ പാവംപിടിച്ച സ്ത്രീതന്നെയെന്ന്. അതിനേക്കാള്‍ ഉറപ്പായിരുന്നു അന്വേഷണ ചാതുര്യമേറിയ പൊലീസിന്. ആ സ്ത്രീ തന്നെയാണ് മോഷ്ടാവ്.

പണപ്രതാപവും അധികാരശക്തിയും ഒന്നിച്ചുവന്ന് ആ പാവത്തിനെ പിടികൂടി. ആ പാവമാണ് മോഷ്ടാവെന്ന് എല്ലാവരുംകൂടി പറഞ്ഞപ്പോള്‍ സ്വന്തം സത്യസന്ധത തെളിയിക്കാന്‍ അവരുടെ പക്കല്‍ മാര്‍ഗമൊന്നുമില്ലായിരുന്നു. കേസും പൊല്ലാപ്പും ഇല്ലാതെ രക്ഷപ്പെടാന്‍ പണവും അധികാരവും ചേര്‍ന്ന് ഒരു മാര്‍ഗം തുറന്നുവെച്ചു. നഷ്ടപ്പെട്ട പണം കടയുടമക്ക് കൊടുക്കുക. ആ സ്ത്രീക്ക് എല്ലാറ്റിനേക്കാളും വലുത് മാനമായിരുന്നു. യഥാര്‍ഥ പാവങ്ങള്‍ അങ്ങനെയാണ്. മോഷ്ടാവെന്ന മുദ്രചാര്‍ത്തപ്പെട്ട് ജീവിക്കുന്നതിനേക്കാള്‍ വലുത് മരണമാണെന്നുപോലും അവര്‍ ചിന്തിച്ചുകാണും. തനിക്കാകെയുള്ളത് അകലെ ഗ്രാമത്തിലുള്ള ഒന്നര സെന്‍റ് സ്ഥലമാണ്. ആ സ്ഥലം വിറ്റിട്ടായാലും മാനം കാക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ ആ തീരുമാനം നടപ്പാക്കുകയും ചെയ്തു.  മുതല്‍ നഷ്ടപ്പെട്ട കച്ചവടക്കാരന് തിരിച്ചുകൊടുക്കാനായതിലും മോഷ്ടാവിനെ കൈയോടെ പിടികൂടി മുതല്‍ തിരികെ കൊടുപ്പിക്കാനായതിലും പൊലീസിനുണ്ടായ ചാരിതാര്‍ഥ്യം വലുതായിരുന്നിരിക്കണം.

മറ്റൊരു മോഷണക്കേസില്‍ പിടിക്കപ്പെട്ട കള്ളന്‍ തന്‍െറ മോഷണപരമ്പര വിശദീകരിക്കവെ ആ കടയിലെ കളവും താന്‍ നടത്തിയതാണെന്ന് പറയുകയായിരുന്നു. അയാളങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ നിരപരാധിയായ ആ സ്ത്രീ മോഷ്ടാവെന്ന മുദ്രയുംപേറി ജീവിക്കേണ്ടിവരുമായിരുന്നു. ആകെ സമ്പാദ്യമായ ഒന്നര സെന്‍റ് സ്ഥലം നഷ്ടപ്പെട്ടതിനേക്കാള്‍ ദയനീയമാകുമായിരുന്നു കള്ളി എന്ന താങ്ങാനാവാത്ത ബഹുമതി. അപമാനഭാരത്തിന്‍െറ ആഴക്കയത്തില്‍നിന്ന് അവര്‍ക്ക് മോചനമാര്‍ഗം തുറന്നുകൊടുത്ത ആ കള്ളനോട് നന്ദി പറയണമെന്ന് എനിക്ക് തോന്നിപ്പോകുന്നു.

കായലിന്‍െറ മറുകരയിലുള്ള സ്ത്രീയുടെ കാര്യമെടുക്കുക. അവര്‍ സമൂഹത്തിലെ ‘നിലയും വിലയും’ ഉള്ള മാന്യ വ്യക്തിയാണ്. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ വിരാജിക്കുന്ന മഹതി. അവരുടെ ‘സംസ്കാരസമ്പന്നമായ’ വിദ്യാഭ്യാസ പ്രവര്‍ത്തനം വിദ്യാഭ്യാസ  കച്ചവടത്തിന്‍െറ ഇടനിലക്കാരിയാവുക എന്നതാണ്. എങ്ങനെയോ അവര്‍ പിടിക്കപ്പെട്ടു. കേസിനൊടുവില്‍ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരികള്‍ രംഗത്തുവന്നു. ആ മഹിളാരത്നത്തിന്‍െറ അന്തസ്സിന്‍െറ അടയാളംകണക്കെ ആ വലിയ വീട്ടില്‍ ഒരു വളര്‍ത്തുനായ് ജീവിച്ചുവന്നു. എല്ലാ അര്‍ഥത്തിലും ഭാഗ്യംചെയ്ത ഒരു നായ്!

ജന്മംകൊണ്ടും കര്‍മംകൊണ്ടും അതിന്‍െറ പദവി സാധാരണ നായ്ക്കളേക്കാള്‍ ബഹുദൂരം മുകളിലാണ്. അതുകൊണ്ടു തന്നെ യജമാനത്തിയില്‍നിന്ന് ആ നായെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നത് ഉടമക്ക് എന്നപോലെതന്നെ അധികാരികള്‍ക്കും വേദനജനകമായിരുന്നു. എല്ലാ പട്ടികളെയുംപോലെ അതൊരു വെറും പട്ടി അല്ളെന്ന് ഉദ്യോഗസ്ഥസിംഹങ്ങള്‍ക്കെല്ലാം ബോധ്യമാണ്. അതിന് ലഭിക്കേണ്ടുന്ന പരിലാളന ഉറപ്പുവരുത്താനായി പഞ്ചനക്ഷത്ര മൃഗസ്നേഹികളും സടകുടഞ്ഞു രംഗത്തുവന്നു. ഡല്‍ഹിയില്‍നിന്ന് കേന്ദ്രമന്ത്രി വരെ ആ നായ്ക്കുവേണ്ടി ശക്തമായി ഇടപെട്ടുവത്രെ! ഒരേയൊരു യജമാനത്തിക്കൊപ്പം ജീവിച്ചുശീലിച്ച ആ പട്ടിയുടെ മന$പ്രയാസത്തെ‘കുറിച്ചായിരുന്നു’പോലും  ഏവര്‍ക്കും ഉത്കണ്ഠ. ഒടുവില്‍ ആ നായുടെയും അതിന്‍െറ യജമാനത്തിയുടെയും മന$പ്രയാസത്തിനു പരിഹാരമുണ്ടാക്കിയിട്ടേ അവരെല്ലാം ഉറങ്ങിയുള്ളൂ.

മോഷ്ടാവെന്ന് മുദ്രയടിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ആ പാവപ്പെട്ട സ്ത്രീ കടിച്ചമര്‍ത്തിയ മാനസികവ്യഥകള്‍ക്ക് ആരുത്തരം പറയും? അവരെ മോഷ്ടാവിന്‍െറ തൊപ്പിചാര്‍ത്തി ഏക സമ്പാദ്യമായ ഒന്നര സെന്‍റ് സ്ഥലം വില്‍പന ചെയ്യിച്ച് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തെ ആര്‍ ശിക്ഷിക്കും?
l

Tags:    
News Summary - about that two ladies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.