പാട്ടിൽ സ്വരശുദ്ധിക്കൊപ്പം കിട്ടുന്ന അനുഗ്രഹമാണ് സ്നേഹസ്പർശം. അതു വേണ്ടുവോളം ഉണ്ടായിരുന്നു വാണി ജയറാമിന്റെ ഗാനങ്ങളിൽ. വാണി ജയറാം എന്നത് രണ്ടു പേരുകൾ ചേർത്തുവെച്ചതായി നമുക്ക് തോന്നാറില്ല. അത്രത്തോളം ചേർന്നു നിൽക്കുന്നതായിരുന്നു വാണിയും ഭർത്താവ് ജയറാമും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹബന്ധം.
എവിടെ പ്രോഗ്രാം ഉണ്ടെങ്കിലും വാണിക്കൊപ്പം നിഴലായി ജയറാമും ഉണ്ടായിരിക്കും. എന്നാൽ, അവരുടെ പാട്ടിൽ ഇടപെടാനോ മറ്റൊരു തരത്തിൽ ബുദ്ധിമുട്ടിക്കാനോ ശ്രമിക്കാതെ മിക്കവാറും അവർക്ക് കുടിക്കാനുള്ള ചൂടുവെള്ളവും ഫ്ലാസ്കിലാക്കി എവിടെയെങ്കിലും മാറി നിൽക്കുന്നുണ്ടാകും ജൂബ ധരിച്ച ആ മനുഷ്യൻ.
മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം കുറെയൊക്കെ ഏകാകിയായിരുന്നു വാണി ജയറാം. വാണി ജയറാമിനെ ഒരു ഗായികയായി വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു ജയറാം. രണ്ടുപേരും മുംബൈയിൽ ജോലി ചെയ്യുന്ന കാലത്താണ് വാണി ജയറാം ഹിന്ദി സിനിമ ഗാനമേഖലയുമായി ബന്ധപ്പെടുന്നത്.
തെന്നിന്ത്യൻ ഗായകരെ ബോളിവുഡ് അന്നുമിന്നും അടുപ്പിച്ചിരുന്നില്ല. എന്നാൽ, അവിടെയെത്തി ഹിന്ദുസ്ഥാനി പഠിക്കാൻ പ്രേരിപ്പിച്ചത് ജയറാമാണ്. ആ സംഗീതശൈലിയിൽ പ്രവീണ്യംനേടിയാണ് വാണി അന്നത്തെ ഗാനകുലപതികളെ വിസ്മയിപ്പിച്ചത്.
വെല്ലൂരിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് കർണാടക സംഗീതം നിഷ്ഠയോടെ പഠിച്ചാണ് അവർ ഗാനരംഗത്തെത്തുന്നത്. മദ്രാസ് റേഡിയോയിൽ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെ ചെറുപ്രായത്തിൽതന്നെ പാടിയിരുന്നു. അക്കാലത്ത് സിലോൺ റേഡിയോയിൽ നിന്ന് ലതാമങ്കേഷ്കറുടെയും ആശാ ഭോസ്ലേയുടെയുമൊക്കെ പാട്ടുകൾ കേട്ടാണ് അവർ ഹിന്ദി ശൈലി മനസ്സിലാക്കിയത്.
മുംബൈയിലെത്തി ഭാഷ കൂടി വശത്താക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. ‘ഗുഡി’ എന്ന ചിത്രത്തിലൂടെ വസന്ത്ദേശായിയുടെ ഗാനമാണ് ആദ്യമായി പാടുന്നത്. ലതയും ആശയും ആധിപത്യം പുലർത്തിയ കാലത്ത് വേറിട്ട സ്വരവും ശൈലിയും കേൾപ്പിക്കാനായതോടെ പാട്ട് ജനം ഏറ്റെടുത്തു. അതോടെ അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരൊക്കെ വാണിജയറാമിനെക്കൊണ്ട് പാട്ടുകൾ പാടിച്ചു.
ക്ലാസിക്കൽ സംഗീതത്തിലുള്ള അടിത്തറ ഏതുതരം ഗാനങ്ങൾ പാടുന്നതിലും അവരെ പ്രാപ്തയാക്കി. അവരുടെ ഭജനുകൾ വളരെ ജനപ്രിയമായിരുന്നു. ഭരതന്റെ ചിത്രത്തിനുവേണ്ടി ജോൺസൺ മാഷിന്റെ സംഗീതത്തിൽ വാണി ജയറാം പാടിയ ‘നന്ദസുതാവര തവജനനം’ എന്ന ഗാനം ആകാശവാണിയിലൂടെയൊക്കെ കേൾക്കുമ്പോൾ ആരുടെ മനസ്സിലാണ് ഭക്തി നിറയാത്തത്.
ഈ ഒറ്റ ഗാനം മതി അവരുടെ ശബ്ദത്തിലും ആലാപനത്തിലും നിറയുന്ന ഭക്തിഭാവം അതിന്റെ ആത്മീയാർഥത്തിൽ തിരിച്ചറിയാൻ. മലയാളികളുടെ മനംകവർന്ന ഗാനമാണ് ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ’ എന്ന അർജുനൻ മാഷിന്റെ ഗാനം. അതിന്റെ വരികളുടെയും സംഗീതത്തിന്റെയും പ്രത്യേകതകൊണ്ടു മാത്രമല്ല നമ്മുടെ മനസ്സിൽ ഓണപ്പൂക്കൾ വിടരുന്ന പ്രതീതി സൃഷ്ടിക്കുന്നത്, വാണിജയറാമിന്റെ വേറിട്ട ശബ്ദത്തിന്റെയും ആലാപനത്തിന്റെയും പ്രത്യേകതകൊണ്ടുകൂടിയാണ്.
ഇതേ ഗായിക ‘എതോ ജന്മകൽപനയിൽ’ എന്ന ഗാനം പാടുമ്പോൾ നമ്മിൽ ഉളവാകുന്ന വികാരം മറ്റൊന്നാണ്. 70 പിന്നിട്ടശേഷം അവർ മലയാളത്തിൽ പാടിയ ‘ഓലഞ്ഞാലിക്കുരുവി, ‘പൂക്കൾ പനിനീർപ്പൂക്കൾ’ തുടങ്ങിയ ഗാനങ്ങൾ പുത്തൻ തലമുറയും ഹൃദയത്തോടു ചേർത്തുവെച്ചു.
ജോൺസന്റെ ‘ഏതോജന്മകൽപനയിൽ’, അർജുനൻ മാഷിന്റെ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’ തുടങ്ങി എത്രയോ മനോഹരങ്ങളായ ഗാനങ്ങൾ അവർ അതുല്യമായി പാടിവെച്ചു.
ഗായകരെയും ഗായികമാരെയും തിരിച്ചറിയുന്നതിൽ പ്രതിഭാശാലിയായിരുന്ന സലിൽ ചൗധരിയാണ് ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ വാണി ജയറാമിനെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ഒ.എൻ.വിയുടെ പ്രശസ്തമായ ‘സൗരയൂഥത്തിൽ വിടർന്നോരു’ എന്ന ആദ്യഗാനത്തിലൂടെതന്നെ മലയാളികൾ അവരുടെ നിത്യഗാനശേഖരങ്ങളിൽ വാണി ജയറാമിനെയും ചേർത്തുവെച്ചു. പിന്നെ എത്രയോ ഗാനങ്ങൾ.
‘സ്വപ്നം’ എന്ന ചിത്രത്തിന്റെ നിർമാതാവ് സന്തോഷ് ശിവന്റെ പിതാവും സംവിധായകനുമായിരുന്ന ശിവൻ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടി നിർബന്ധത്തിലായിരുന്നു വാണി അതിൽ പാടിയത്. അന്നുമുതൽ അദ്ദേഹവുമായി നല്ല ഹൃദയബന്ധം വാണിയും ജയറാമും സൂക്ഷിച്ചു.
തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ശ്രീകാര്യത്തെ വീട്ടിലായിരുന്നു അവർ തങ്ങിയിരുന്നത്. പരിചയപ്പെടുന്ന മിക്കവാറും എല്ലാവരുമായും സ്നേഹനിർഭരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു വാണി ജയറാം. അവരുടെ സംഭാഷണങ്ങളിലും ഇടപെടലിലുമൊക്കെ ആ നിർമലമായ കുലീനത്വം അവർ സൂക്ഷിച്ചു. പല ഗാനങ്ങളിലും നിഴലിക്കുന്ന ആ സ്നേഹവിശുദ്ധിപോലെ.
എൺപതുകളിൽ അനുരാധയും സിൽക്ക് സ്മിതയുെമാക്കെ സിനിമയുടെ സാന്നിധ്യമായിരുന്ന കാലത്ത് കാബറെ ഡാൻസുകാരുടെ ധാരാളം ഗാനങ്ങൾ വാണി ജയറാം പാടി. സംഗീതത്തിന്റെ വൈവിധ്യം ഏതുതരം ഗാനങ്ങളും അതിന്റെ തനിമയോടെ പാടുകയാണെന്ന പൊതുതത്ത്വം വാണി ജയറാമിന് പാലിക്കാൻ കഴിഞ്ഞത് ഏതുതരം ഗാനങ്ങളും വഴങ്ങുന്ന അനുഗൃഹീതമായ ശബ്ദവും ആഴത്തിലുള്ള സംഗീത ജ്ഞാനവുമാണ്.
എൺപതുകളിൽ ദക്ഷിണേന്ത്യയിൽ തരംഗമുണ്ടാക്കിയ ‘ശങ്കരാഭരണം’ എന്ന തെലുഗ് ചിത്രത്തിൽ വാണി ജയറാമിന്റെ ആലാപനം വേറിട്ടുനിന്നു. അതിലെ കേന്ദ്രകഥാപാത്രമായ കുട്ടിയുടെ പാട്ടുകൾക്കായി കെ.വി. മഹാദേവൻ തിരഞ്ഞെടുത്തത് വാണിയെയാണ്. ‘പലുകെ ബംഗാരമു’എന്ന ത്യാഗരാജ കീർത്തനവും ‘മാനസസഞ്ചരരേ’, ‘ദൊരഗുണാ’ എന്നീ ഗാനങ്ങളും വികാരതീവ്രതയോടെയാണ് പാടിയത് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
സംഗീതത്തിൽ ആഴത്തിൽ ജ്ഞാനമുള്ളപ്പോഴും പാട്ടിൽ കഥാപാത്രത്തിന്റെ മാനസികാവസ്ഥ നിഴലിക്കുന്ന രീതിയിലുള്ള വികാരഭാവം ചേർക്കാൻ കഴിയുന്നവർ അപൂർവമായേ ഉണ്ടാകാറുള്ളൂ. അത്തരക്കാരുടെ ഗാനങ്ങളാണ് അനശ്വരങ്ങളാകുന്നത്.
പുതുതലമുറയെയും സ്പർശിച്ച് അപ്രതീക്ഷിതമായി വാണി ജയറാം യാത്രയാകുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളുടെ അമൂല്യമായ ശേഖരമാണ് ഗാനകുതുകികൾക്ക് ആഴത്തിൽ പഠിക്കാനായി അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.