ജനാധിപത്യത്തിെൻറ അടിസ്ഥാനസ്തംഭങ്ങളെപ്പോലും പ്രതിമകളാക്കി മാറ്റുന്ന ഫാഷിസ്റ്റ് ജാലവിദ്യയിൽ മോദിയേക്കാൾ ഒരുപിടി മുന്നിലാണോ യോഗി ആദിത്യനാഥ്? ഡൽഹിയിൽ കലാപം കത്തിച്ചത് കപിൽ മിശ്രയോ അതോ അനുരാഗ് ഠാകുറോ, വർഗീയവിഷം ചീറ്റുന്ന പ്രസംഗത്തിൽ 'ജനപ്രീതി' പ്രജ്ഞക്കോ ഉമ ഭാരതിക്കോ എന്നിങ്ങനെയൊക്കെ ചോദിക്കുന്നതുപോലെത്തന്നെയാണ് ഇതും. ഒന്നിനും പ്രത്യേകിച്ചൊരു അറ്റമുണ്ടാകില്ല. ഏതായാലും രണ്ടുപേരും ഇൗ 'പ്രതിമ നിർമാണ'ത്തിൽ തങ്ങളാലാകും വിധം പണിയെടുക്കുന്നുണ്ട്. കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുതന്നെ കാണാവുന്ന പേട്ടൽ പ്രതിമ പോലെയല്ല, ജനാധിപത്യത്തിെൻറ തൂണിലുള്ള ഇൗ കൊത്തുപണി. ഒരു രാജ്യത്തിെൻറ ആത്മാവിനെതന്നെ ഇല്ലാതാക്കാൻ ശേഷിയുണ്ട് അതിന്.
നാലാം എസ്റ്റേറ്റായ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയാൽ പിന്നെയതൊരു പ്രതിമ മാത്രമാണ്. ജീവനില്ലാത്ത, മറുചോദ്യങ്ങളുന്നയിക്കാത്ത ആ പ്രതിമകളാണ് മോദിയുടെ ഭരണകാലത്ത് മാധ്യമദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലൊരു പ്രതിമ പെെട്ടാന്നൊരു നാൾ ശബ്ദിച്ചാൽ അതിലൊരു വാർത്തയുണ്ട്. അതാണിപ്പോൾ യു.പിയിൽ സംഭവിച്ചത്. സംഗതിവശാൽ ആ 'പ്രതിമ'യുടെ പേരും പ്രതിമ എന്നുതന്നെയാണ് -പ്രതിമ മിശ്ര. രാജ്യത്തിെൻറ കണ്ണീരായി മാറിയ ഹാഥറസിൽ അധികാരികൾ തീർത്ത മുൾവേലികൾ വകഞ്ഞുമാറ്റി അവിടെയെത്തിയ പ്രതിമ മിശ്രയിപ്പോൾ വാർത്താതാരമാണ്. യോഗിയുടെ 'ജംഗ്ൾ രാജി'നെ വെല്ലുവിളിച്ച ധീര വനിതയെന്നൊക്കെ തുടക്കത്തിൽ സോഷ്യൽമീഡിയ വാഴ്ത്തിയെങ്കിലും കൈയിലെ മൈക്ക് കണ്ടതോടെ വിശേഷണങ്ങൾ അൽപം മയപ്പെടുത്തി; സംഗതിയൊരു െപാറാട്ട് നാടകമാണോ എന്ന് സംശയിക്കുന്നവരും കുറവല്ല. എ.ബി.പി ന്യൂസിെൻറ ഖ്യാതി അറിയാവുന്നവർ അങ്ങനെ സംശയിച്ചാൽ തെറ്റുപറയാനാവില്ല.
എ.ബി.പിയുടെ മിന്നുംതാരം തന്നെ പ്രതിമ. സ്റ്റുഡിയോവിലും ഫീൽഡിലും ഒരുപോലെ ഒാടി നടക്കുന്ന ഉൗർജസ്വലയായ മാധ്യമപ്രവർത്തക. ഹാഥറസിലെ െപാലീസ് അധികാരികളോട് ചോദ്യമുന്നയിക്കുേമ്പാഴും ഇതേ ഉൗർജവും ആവേശവും പ്രകടം. ഹാഥറസിലേക്കു മാധ്യമപ്രവർത്തകർക്ക് എന്തുകൊണ്ട് വിലക്കേർപ്പെടുത്തുന്നുവെന്നായിരുന്നു അവരുടെ ചോദ്യങ്ങളിലൊന്ന്. അതിന് പൊലീസുകാരൻ നൽകുന്ന ഉത്തരം ഇങ്ങനെ: ''ഉൗപർ സെ ആദേശ് ഹെ!'', മുകളിൽനിന്നുള്ള ഉത്തരവാണെന്ന്. ഏതാണീ 'ഉൗപർ വാലാ' എന്നറിയില്ലേ? സാക്ഷാൽ യോഗി ആദിത്യനാഥ്. അവിടെനിന്നുള്ള ഉത്തരവാകുേമ്പാൾ പിന്നെ അതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. ആധ്യാത്മിക പുണ്യരാഷ്ട്രമിപ്പോൾ പീഡനരാഷ്ട്രമായിരിക്കുന്നുവെന്നാണല്ലോ മദ്രാസ് ഹൈകോടതിയുടെ വിലാപം.
ആ പീഡനരാജ്യത്തിെൻറ തലസ്ഥാനമാണ് യോഗിയുടെ യു.പി. ഒൗദ്യോഗിക കണക്കുകൾ പ്രകാരം, സ്ത്രീപീഡന കേസുകളിൽ മാത്രമല്ല, സർവ അതിക്രമങ്ങളിലും നമ്പർ വൺ. അതിനൊത്തൊരു പൊലീസ് പടയും. കഴിഞ്ഞവർഷം ജൂലൈയിൽ സോനഭദ്രയിൽ നടന്നത് ഒാർമയില്ലേ? ആദിവാസികളായ പത്തു കർഷകരാണ് ഒരൊറ്റ മണിക്കുറിൽ അവിടെ കൊലചെയ്യപ്പെട്ടത്. കാലങ്ങളായി അവിടെ കൃഷി ചെയ്ത് ജീവിച്ചിരുന്ന ആദിവാസി കുടുംബങ്ങളോട് ഗ്രാമമുഖ്യൻ ഒഴിഞ്ഞുപോകാൻ പറയുന്നതോടെയാണ് ആ സംഭവത്തിെൻറ തുടക്കം. ധാതുഖനനത്തിന് അയാൾ കോർപറേറ്റുകൾക്ക് കണ്ടുവെച്ച ഭൂമിയായിരുന്നു അത്. കർഷകർ ഒഴിഞ്ഞുപോകില്ലെന്ന് കണ്ടതോടെ, പൊലീസ് അകമ്പടിയോടെ 20ഒാളം ട്രാക്ടറുകളിലെത്തിയ ഗുണ്ടകൾ അവിടം ഇടിച്ചുനിരത്തി.
ഭരണകൂടം ഗുണ്ടരാജിെൻറ വക്താക്കളാകുേമ്പാൾ പിന്നെയത് വേട്ടക്കാരുടെ റിപ്പബ്ലിക് ആണല്ലോ. ആ റിപ്പബ്ലിക്കിലേക്കാണ് പ്രതിമ നടന്നു കയറിയത്. ആ 'കടന്നു കയറ്റം' സൃഷ്ടിച്ച അത്ഭുതം തന്നെയാണ് അവരെ സംശയത്തിെൻറ മുൾമുനയിൽ നിർത്തുന്നത്. രണ്ടു ദിവസമായി ഹാഥറസിലേക്ക് ആർക്കും പ്രവേശനമില്ല; ആ ഗ്രാമത്തിൽനിന്ന് ആർക്കും പുറത്തുകടക്കാനുമാകില്ല. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾപോലും വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥ. അവിടെയാണ് പ്രതിമയും കാമറാമാനും മാത്രം വെറുതെ വഴക്കടിച്ച് ഒരു പോറൽപോലുമേൽക്കാതെ ഗ്രാമത്തിലെത്തുന്നത്. നോയ്ഡയിൽ രാഹുൽ ഗാന്ധിക്കുപോലും കിട്ടാത്ത സ്വീകാര്യത പ്രതിമക്ക് കിട്ടുന്നുണ്ട്; തോക്കും ലാത്തിയും കൊണ്ടു മറുപടി പറയുന്ന യു.പി പൊലീസിന് അവിടെ സാത്വികഭാവം.
ഇൗ സാഹചര്യത്തെളിവുകൾക്കപ്പുറമാണ് പ്രതിമ കൈയിലേന്തിയ മൈക്കിെൻറ ചരിത്രം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി അഭിമുഖം അനുവദിച്ച ചാനലാണത്. ഒന്നേകാൽ മണിക്കൂർ കിട്ടിയിട്ടും സീനിയർ എഡിറ്റർക്ക് ചോദിക്കാനുണ്ടായിരുന്നത് മോദിയുടെ നവരാത്രി വ്രതം, സവിശേഷ 'എനർജി' ഒക്കെയായിരുന്നു. ഡൽഹിയിൽ പൗരത്വസമരക്കാരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ മുൻപന്തിയിലുണ്ടായിരുന്ന മാധ്യമപ്പടയിൽ ഇക്കൂട്ടരുമുണ്ടായിരുന്നു. സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ, ജാമിഅ വിദ്യാർഥികൾ തന്നെ വളഞ്ഞിട്ടാക്രമിച്ചുവെന്ന് ഒരിക്കൽ നിലവിളിച്ചിട്ടുമുണ്ട്.
പ്രായം ഇരുപത്തൊമ്പത്. 1991ൽ മുംബൈയിലാണ് ജനനം. വളർന്നതും വിദ്യാഭ്യാസം നേടിയതും ഡൽഹിയിൽ. അവിടെ മഹാരാജാ അഗ്രസെൻ കോളജിൽനിന്ന് ജേണലിസത്തിൽ ബിരുദം നേടി. 2012 മുതൽ എ.ബി.പി ന്യൂസിെൻറ ഭാഗമാണ്. ചാനലിെൻറ മോർണിങ് ഷോ ആയ 'നമസ്തേ ഭാരതി'െൻറ അവതാരകയായി ശ്രദ്ധനേടി. പിന്നീട് 'നിർഭയ', കശ്മീരിലെ പ്രളയദുരന്തം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സവിശേഷമായ ശൈലിയിലുള്ള െഎ.പി.എൽ റിപ്പോർട്ടുകളും ശ്രദ്ധേയയാക്കി. 2017ൽ രാംനാഥ് ഗോയെങ്ക അവാർഡ് ലഭിച്ചു. ഏതാനും ആഴ്ചകൾക്കുമുമ്പ് കോവിഡ് പിടിെപട്ടിരുന്നു. ക്വാറൻറീൻ കഴിഞ്ഞ് നോയ്ഡയിലെ സ്റ്റുഡിയോയിലെത്തിയ പ്രതിമക്ക് കിട്ടിയ പ്രഥമ അസൈൻമെൻറാണ് ഹാഥറസ് ദൗത്യം. ആ ദൗത്യം ഇരയുടേതോ വേട്ടക്കാരെൻറതോ എന്ന് ഇൗ നിമിഷംവരെയും വ്യക്തമല്ല. പോസ്റ്റ് ട്രൂത്തിെൻറ കാലമല്ലേ, കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.