എന്നെ തിരുത്തിയ അബി
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമകളിൽ നില നിൽക്കും.വളരെ വർഷങ്ങൾക്കുമുമ്പ് അബി എന്ന കലാകാരനെ മിമിക്രിയിലൂടെയാണ് മലയാളികൾ അറിഞ്ഞുതുടങ്ങിയത്. അദ്ദേഹം വലിയ നടനാകുമെന്ന് ആ സമയത്ത് നമ്മളെല്ലാവരും കരുതി. കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ പറ്റുന്ന വേഷങ്ങളൊന്നും അബിക്ക് കിട്ടിയില്ല. അബിയെപ്പോലെ, അബിയോടൊപ്പം മിമിക്രിയിൽനിന്ന് വന്ന പലരും മലയാള സിനിമയിൽ താരങ്ങളായി മാറിയപ്പോൾ അബിക്ക് എന്താണ് പറ്റിയത് എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ അബിയും അറിയപ്പെടുന്ന നടനാകുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ, അതിനുള്ള സമയം ഇനി ഇല്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായി.
അവൻ സ്നേഹനിറവ്
അബി അവതരിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തിെൻറ നിരീക്ഷണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാടൻ ശൈലിയിൽ സംസാരിക്കുന്ന മുസ്ലിം സ്ത്രീയുടെ വേഷം അബി ഗംഭീരമാക്കി. അബിയുടെ ഏറ്റവും വലിയ പെർഫോമൻസും അതാണെന്നാണ് ഞാൻ കരുതുന്നത്.
വളരെ നാളുകൾക്ക് ശേഷം കഴിഞ്ഞയാഴ്ച ഖത്തറിൽവെച്ച് ഞാൻ അബിയെ കണ്ടിരുന്നു. ഏതാനും സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് കാണുന്നത്. ഞങ്ങൾ ഏറെ നേരം സംസാരിച്ചു. എന്നാൽ, രോഗവിവരങ്ങളെക്കുറിച്ചൊന്നും എന്നോട് കാര്യമായി പറഞ്ഞില്ല. ചില അസുഖങ്ങളൊക്കെയുണ്ട്, അങ്ങനെയൊക്കെയങ്ങ് പോകുന്നു എന്ന രീതിയിലായിരുന്നു സംസാരം. ഗൗരവമുള്ള എന്തെങ്കിലും രോഗമുള്ളതായി ആ സംസാരത്തിൽനിന്ന് എനിക്ക് തോന്നിയില്ല. അക്കാര്യം അബി സ്വകാര്യമായി കൊണ്ടുനടക്കുകയായിരുന്നു. രോഗമുള്ള ഒരാൾ മരിച്ചു എന്ന് കേൾക്കുന്നതുപോലുള്ള വികാരമല്ല അബിയുടെ മരണവാർത്ത കേട്ടപ്പോൾ എനിക്ക് ഉണ്ടായത്. എന്നെ ശരിക്കും ഞെട്ടിച്ചു.
ഖത്തറിൽവെച്ച് കണ്ടപ്പോൾ മകൻ ഷെയ്ൻ നിഗമിനെ എനിക്ക് അബി പരിചയപ്പെടുത്തി. അവനും ചെറിയൊരു കലാകാരനാണെന്ന് പണ്ട് കേട്ടിട്ടുണ്ട്. പിന്നീട് അതേക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്ന കാര്യമൊക്കെ അവിടെവെച്ചാണ് പറഞ്ഞത്. കഴിവുണ്ടായിട്ടും സിനിമയിൽ ഒന്നുമാകാൻ കഴിയാതെ പോയ അബിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദൈവം നൽകിയതാണ് ആ മകനെന്ന് എനിക്ക് അപ്പോൾ തോന്നി. മകനെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അബിയുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു. മകനിലെ കലാകാരനിലുള്ള വിശ്വാസം ആ വാക്കുകളിൽ നിഴലിച്ചു. ‘ഞാൻ ഇന്നസെൻറ്’ എന്ന സീരിയലിൽ അബി അഭിനയിച്ചിട്ടുണ്ട്. എെൻറ പല തമാശകളും കേട്ട് ചിരിച്ച ശേഷം ‘ചേട്ടാ ഗംഭീരമായിട്ടുണ്ട്’ എന്ന് അബി എെൻറയടുത്തുവന്ന് പറയുമായിരുന്നു. മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാനുള്ള മനസ്സ് അബിക്കുണ്ടായിരുന്നു. പലർക്കും ഇല്ലാതെ പോകുന്നതും അതാണ്. മകെൻറ ഉയർച്ച കാണുന്നതിനുമുമ്പ് നമ്മളൊക്കെ സ്നേഹിച്ചിരുന്ന, നമ്മുടെ സുഹൃത്തായ അബിയെ ദൈവം വിളിച്ചിരിക്കുന്നു. നമുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.