ഡിപ്ലോമസി എന്ന തന്ത്രത്തെ ഏറ്റവും വസ്തുനിഷ്ഠമായി നിർവചിച്ചത് വിഖ്യാത അഭിനേത ാവ് വിൽ റോജറാണെന്ന് തോന്നുന്നു. ഏതുവിധേനയും അധികാരത്തിൽ കടിച്ചുതൂങ്ങുന്ന കലയാ ണതെന്നാണ് നയതന്ത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അധികാരവർഗത്തിെൻറ താൽപര്യങ ്ങൾ പാവം പ്രജകളുടെമേൽ കെട്ടിവെക്കുന്ന കലാപരിപാടിയിൽ നമ്മുടെ ജനപ്രതിനിധികൾ നേ രിട്ട് പങ്കാളികളാകുന്നത് നാട്ടുനടപ്പല്ല. പകരം, അക്കാര്യത്തിൽ ശാസ്ത്രീയ നൈപുണ് യം സിദ്ധിച്ച ബ്യൂറോക്രാറ്റുകളെ പറഞ്ഞയച്ച് അവർ ഗാലറിയിലിരിക്കാറാണ് പതിവ്. അവരത് ഭംഗിയായി നിർവഹിക്കും. ജനാധിപത്യം പൂത്തുലയുന്ന ഈ ഗ്ലോബൽ വില്ലേജിലെ നിത്യപ്രതിഭാസമെന്ന നിലയിൽ നമ്മുടെ രാജ്യത്ത് ഇത് സ്ഥിരം കാഴ്ചയാണ്. ഇവിടെ ഏറ്റവും ഉയർന്ന പദവി അലങ്കരിക്കുന്ന ബ്യൂറോക്രാറ്റ് അജിത് ഡോവൽ എന്ന പഴയ ഐ.പി.എസുകാരനാണ്. പ്രധാനമന്ത്രിക്ക് ബുദ്ധി ഉപദേശിക്കാൻ നിയമിതനായ ആൾ. ഏറ്റവും ഒടുവിൽ ബുദ്ധി ഉപദേശിച്ചത് കശ്മീരിലാണ്. അങ്ങനെയാണ് ആ ദേശത്തിെൻറ പ്രത്യേകപദവി പോയതും രണ്ടായി വിഭജിക്കപ്പെട്ടതുമെല്ലാം. പറുദീസ ഇപ്പോൾ നിശ്ശബ്ദമാണ്; എല്ലാവരുടെയും വായ് മൂടിക്കെട്ടിയിരിക്കുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. അവിടേക്കാണ് ഡോവൽ ഒരു പൊതി ബിരിയാണിയുമായി പോയത്. ഷോപിയാനിലെ ഒരു തെരുവിൽ പരിവാരങ്ങളെയും കൂട്ടിയിറങ്ങിയ ഉപദേശകൻ പൊതിയഴിച്ച് ബിരിയാണി തിന്നാൻ തുടങ്ങി. ഒപ്പം, അവിടെ കൂടിയ ആളുകളോട് വിശേഷമൊക്കെ തിരക്കി തിരിച്ചുപോന്നു. മടങ്ങിയെത്തിയ ഉടൻ അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘കശ്മീരിൽ എല്ലാം ശുഭം, ശാന്തം’. ഒരു ബിരിയാണിപ്പൊതിയിലൂടെ കശ്മീരികളുടെ ‘അച്ചടക്കം’ മാലോകർക്ക് കാണിച്ചുകൊടുത്തു, ഡോവൽ.
ഡോവലിെൻറ നയതന്ത്ര കലയുടെ കാര്യങ്ങളെല്ലാം ഇൗ ലെവലാണ്. പണ്ട് ഇസ്രായേൽ സൈന്യം തുടർച്ചയായി പരീക്ഷിച്ച കലയാണിത്. ഫലസ്തീനികളുമൊത്ത് സൗഹൃദം പങ്കിടുന്ന ഫോട്ടോയും വിഡിയോയുമൊക്കെ മാധ്യമങ്ങൾവഴി വിതരണം ചെയ്യും. അതുവഴി സൈന്യത്തിെൻറ ഹിംസകളെ വിദഗ്ധമായി മറച്ചുപിടിക്കും. പക്ഷേ, സോഷ്യൽ മീഡിയ സർവവ്യാപിയായതോടെ യഥാർഥ ‘സൗഹൃദ’ത്തിെൻറ ആഴം ലോകം കണ്ടതോടെ, ആ കലാപരിപാടി അവസാനിപ്പിച്ചു. കശ്മീരിൽ സോഷ്യൽ മീഡിയയുെട ശല്യമില്ലാത്തതാകാം ഡോവലിെൻറ ധൈര്യം. പക്ഷേ, എത്രകാലം ഇങ്ങനെ അടച്ചുപൂട്ടി പൊതിച്ചോറുമായി നടക്കാനാകുമെന്നാണ് ദോഷൈകദൃക്കുകളുടെ ചോദ്യം. ഡോവലിനെ അറിയാത്തതുകൊണ്ടാണ് ഈ സന്ദേഹം. അദ്ദേഹത്തിെൻറ വാക്കും പോക്കുമൊന്നും സാധാരണക്കാരന് പിടികിട്ടിക്കൊള്ളണമെന്നില്ല. ഓർമയില്ലേ, കാന്തഹാർ വിമാനറാഞ്ചൽ. അന്ന് ജയ്െശ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ വിട്ടുകൊടുക്കാൻ വാജ്പേയി സർക്കാറിനെ ഉപദേശിച്ച ആളാണ്. പിന്നീട് അതിെൻറ രഹസ്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവത്രെ. മസ്ഊദിനെ അത്രമേൽ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല; ഒരു ബോംബുപോലും ഉണ്ടാക്കാൻ അയാൾക്കറിയില്ല; കൃത്യമായി വെടിവെക്കാനും അറിയില്ല. മാത്രമോ, മസ്ഉൗദിെൻറ മോചനശേഷം ജമ്മു-കശ്മീരിലെ ടൂറിസം വരുമാനത്തിൽ 200 ശതമാനമാണ് വളർച്ച. അപ്പോൾ അയാളെ വിട്ടയക്കുന്നതല്ലേ ലാഭം? ഇതാണ് ഡോവലിെൻറ യുക്തി. ആ യുക്തിയിൽ കേവല നയതന്ത്രം മാത്രമല്ല, കശ്മീരിനോടുള്ള അടങ്ങാത്ത സ്നേഹവുമുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. അല്ലെങ്കിൽ, ശത്രുക്കളും പ്രതിയോഗികളും കലുഷിതമെന്ന് പറഞ്ഞുപരത്തിയ കശ്മീരിലേക്ക്, പൊതിച്ചോറുമായി രണ്ടാം നാൾ അദ്ദേഹം പുറപ്പെടുമായിരുന്നോ?
പത്തു കൊല്ലമായി ഒളിഞ്ഞും തെളിഞ്ഞും കാവിപ്പടക്കൊപ്പമാണ്. 2005ൽ ഔദ്യോഗിക സേവനത്തിൽനിന്ന് വിരമിച്ച്, ഇനിയെന്ത് എന്ന് ആലോചിച്ചപ്പോഴാണ്, ഇത്രയും കാലം ചെയ്ത നയതന്ത്ര ജോലി പുറംകരാർ വ്യവസ്ഥയിൽ ചെയ്യാമെന്ന ആശയമുദിച്ചത്. അങ്ങനെയാണ് സംഘ്പരിവാർ അനുകൂല നയരൂപവത്കരണ സംഘമായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ബി.ജെ.പി രൂപംനൽകിയ ദൗത്യസംഘത്തിനുവേണ്ടി 2009ലും 2011ലും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് തയാറാക്കിയ റിപ്പോർട്ടാണ് ബ്രേക്കിങ് അസൈൻമെൻറ് എന്നുവേണമെങ്കിൽ പറയാം. ആ റിപ്പോർട്ടിെൻറ പിൻബലത്തിലാണ് മോദിജി തെൻറ കള്ളപ്പണ തിയറിയും 15 ലക്ഷം വാഗ്ദാനങ്ങളുമെല്ലാം നടത്തി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രിയായപ്പോൾ മോദി ഡോവലിനെ മറന്നില്ല. ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി നിയമിച്ച് കൂറുകാട്ടി. ഡോവൽ തിരിച്ചും നന്ദി കാണിച്ചു. മിന്നലാക്രമണം, ബാലാകോട്ട് വ്യോമസേന ആക്രമണം തുടങ്ങി സുരക്ഷയുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ മോദിസർക്കാറിെൻറ പ്രധാന ബുദ്ധികേന്ദ്രമായി വർത്തിച്ചു സർക്കാറിെൻറ പ്രതിച്ഛായ ഉടയാതെ കാത്തുസൂക്ഷിച്ചു. ഇതിനിടയിൽ, ചില്ലറ കളികളിലും പങ്കാളിയായി. റഫാലിൽ ഫ്രഞ്ച് കമ്പനിക്ക് ചില ഇളവുകളൊക്കെ വാങ്ങി നൽകുന്നതടക്കം ചില്ലറ പുറം സഹായങ്ങളും ചെയ്തു. ഔദ്യോഗികവൃത്തിക്കിടയിൽ കുടുംബത്തേയും മറന്നില്ല. മകൻ വഴിയും ചില ഓപറേഷൻസ് നടത്തി കുടുംബത്തിെൻറ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കി. സ്തുത്യർഹമായ ഈ സേവനം മോദിക്കും അമിത് ഷാക്കും ബോധിച്ചു. അതിനാൽ, 2019ൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡോവലിന് പുതിയൊരു ചുമതലകൂടി നൽകി. സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിെൻറ തലവൻ. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം, ദേശീയ സുരക്ഷനയങ്ങൾ രൂപവത്കരിക്കാൻ ആവശ്യമായ വിവരങ്ങളുടെ ഏകീകരണം ഇതൊക്കെയായിരുന്നു ജോലി. അതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി മെനഞ്ഞതും രണ്ടാമൂഴം ഉറപ്പാക്കിയതും. അതോടെ, ഡോവൽ സഹമന്ത്രി പദവിയിൽനിന്ന് കാബിനറ്റ് റാങ്കുള്ള സുരക്ഷ ഉപദേഷ്ടാവായി മാറി.
1945 ജനുവരി 20ന് ഉത്തരാഖണ്ഡിലെ പുരിയിൽ ജനനം. പിതാവ് പട്ടാളക്കാരനായതിനാൽ ചെറുപ്പകാലത്തുതന്നെ പല നാടുകളും കാണാനും ജീവിക്കാനും സാധിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീർ സൈനിക സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1967ൽ ആഗ്ര സർവകലാശാലയിൽനിന്ന് ബിരുദം. തൊട്ടടുത്ത വർഷം കേരള കേഡറിൽ ഐ.പി.എസ്. മിസോറമിലും പഞ്ചാബിലുെമാക്കെ തീവ്രവാദികൾക്കെതിരെ നടന്ന ഏറ്റുമുട്ടലുകൾക്കൊക്കെ നേതൃത്വം നൽകി. 1971-99 കാലത്ത് 15 വിമാനറാഞ്ചൽ ശ്രമങ്ങളെയെങ്കിലും പരാജയപ്പെടുത്തിയിട്ടുണ്ട്. ’99ൽ, കാന്തഹാർ സംഭവത്തിൽ മധ്യസ്ഥത വഹിക്കുകയും ചെയ്തിട്ടുണ്ട്. 90കളിൽ ഇൻറലിജൻസ് വിഭാഗത്തിലായിരുന്നു. 2005ൽ െഎ.ബി ഡയറക്ടറായി വിരമിച്ചു. കീർത്തിചക്ര ലഭിച്ച ആദ്യ പൊലീസുകാരനാണ്. പ്രസിഡൻറിെൻറ പൊലീസ് മെഡലും ഓണററി ഡോക്ടറേറ്റുകളുമൊക്കെയായി വേറെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ അനു. രണ്ട് ആൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.