2021 ജനുവരി അഞ്ച് ഗൾഫ് മേഖലയുടെ സമീപകാല ചരിത്രത്തിലെ പുതുയുഗപ്പിറവിയുടെ ദിനമായിരുന്നു. സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയിൽ ആറു ഗൾഫ് രാജ്യങ്ങൾ ഐക്യവും സാഹോദര്യവും ഉദ്ഘോഷിച്ച് കരാറിൽ ഒപ്പുവെച്ചത് അന്നാണ്. നാലുവർഷം നീണ്ട, സംഘർഷത്തോളം വളർന്ന അനിശ്ചിതത്വങ്ങളുടെ അവസാനമായിരുന്നു അത്. ഖത്തർ ഉപരോധം പഴങ്കഥയായ 'അൽ ഉല' കരാറോടെ തുടങ്ങിയ സാഹോദര്യത്തിെൻറ പുതിയ അധ്യായം ഡിസംബറിൽ നടന്ന 42ാമത് ജി.സി.സി ഉച്ചകോടിയിലെത്തിയപ്പോൾ പൂർവാധികം ശക്തിപ്പെടുന്നതിനാണ് 2021ൽ ലോകം സാക്ഷിയായത്.
റിയാദിലെ ദറഇയ കൊട്ടാരത്തിൽ നടന്ന ഡിസംബർ ഉച്ചകോടിക്ക് ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ രാഷ്ട്രത്തലവന്മാരെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഓരോ രാജ്യത്തും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഐക്യത്തിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രനേതാക്കളും പ്രതികരിക്കുകയും ചെയ്തു. സംഘർഷത്തിെൻറ കാർമേഘങ്ങൾ പൂർണമായും നീങ്ങിയെന്ന് വ്യക്തമാക്കി, എല്ലാ വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുമെന്ന പ്രസ്താവനയിറക്കിയാണ് ഉച്ചകോടി സമാപിച്ചത്. യുദ്ധം ദുരിതം വിതച്ച യമനിൽ സമാധാനത്തിന് മുൻഗണന നൽകുമെന്ന പ്രസ്താവനയും ദറഇയ ഉച്ചകോടിയിലെ ശുഭവാർത്തയാണ്.
അൽ ഉല ഉച്ചകോടിക്ക് ശേഷം ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലെ ബന്ധം ഏറെ മുന്നോട്ടുപോവുകയുണ്ടായി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പലതവണ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ഇരുവരും സൗഹൃദം പുതുക്കുന്ന ചിത്രങ്ങളും ലോകംകണ്ടു. അതിർത്തികൾ തുറക്കപ്പെടുകയും ചരക്കുകൾ തടസ്സമില്ലാതെ ഒഴുകാനും തുടങ്ങി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ഖത്തർ അമീറുമായി ബാഗ്ദാദ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയതും ഐക്യത്തിന് ആക്കംകൂട്ടി. ഖത്തർ ദേശീയദിനത്തിന് ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ സന്ദേശമയക്കുകയും ദുബൈയിലും അബൂദബിയിലും ആഘോഷപരിപാടികൾ അരങ്ങേറുകയും ചെയ്തു. ദുബൈയിൽ നടക്കുന്ന എക്സ്പോയിൽ സജീവസാന്നിധ്യമായി ഖത്തർ ബന്ധത്തിന് ഇന്ധനം പകർന്നു. നിലപാടുകളിലെ വൈവിധ്യവും മുൻകാല പിണക്കങ്ങളും സാഹോദര്യ ബന്ധത്തിന് തടസ്സമാകരുത് എന്ന പ്രഖ്യാപനമായിരുന്നു ഇതെല്ലാം. അതിനിടയിൽ ഒമാനും സൗദിയും തമ്മിെല ബന്ധവും പൂർവാധികം ശക്തമായി.
ഒമാൻ രാജാവ് ഹൈത്തം ബിൻ താരിഖ് ആദ്യ വിദേശസന്ദർശനത്തിന് റിയാദിലെത്തിയത് ചരിത്രപരമായ ബന്ധം ഊഷ്മളമാക്കുന്നതിന് കാരണമായി. ഐക്യത്തിെൻറ അന്തരീക്ഷത്തെ കൂടുതൽ ഉത്തേജിപ്പിച്ച് ഒമാനടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ വർഷം ചെറിയ പെരുന്നാൾ ഒരുമിച്ചെത്തുകയും ചെയ്തു. റിയാദ് ഉച്ചകോടി നടക്കുന്നതിനിടെ ഖത്തറിൽ അരങ്ങേറിയ ഫിഫ അറബ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ 'സ്പോർട്സ്' നയതന്ത്രത്തിെൻറ തലത്തിൽ ജനങ്ങൾക്കിടയിലും ഐക്യത്തിെൻറ വിത്ത് പാകുന്നതായിരുന്നു. ഇനിയും തീരേണ്ട ഭിന്നതകളും പിണക്കങ്ങളും നിലനിൽക്കെ തന്നെ സാഹോദര്യത്തിനായി ഓരോ ജനതയും വിട്ടുവീഴ്ചക്ക് തയാറാണെന്ന് വ്യക്തമാക്കിയ വർഷമാണ് ഗൾഫ് കലണ്ടറിൽനിന്ന് മായുന്നത്. ഭൂമിശാസ്ത്രപരമായി ഗൾഫുമായി അടുത്തും രാഷ്ട്രീയമായി അകന്നും നിലകൊള്ളുന്ന ഇറാനുമായും സംഭാഷണത്തിെൻറ വഴി സ്വീകരിക്കാനും ജി.സി.സി രാജ്യങ്ങൾ മടികാണിച്ചില്ല.
അറബ് മേഖലയുടെ സമീപകാല രാഷ്ട്രീയം രണ്ട് ഉച്ചകോടികൾക്കിടയിൽ തിരുത്തിക്കുറിക്കപ്പെട്ടപ്പോൾ എണ്ണവിലയിലെ വർധന സാമ്പത്തികരംഗത്തിന് ഉണർവുപകർന്നു. ഡിസംബർ ആദ്യത്തിൽ ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഗൾഫ് മേഖല കോവിഡാനന്തരം വളർച്ചയുടെ പാതയിലാണ്. 2020 ഒക്ടോബറിലേതിൽനിന്ന് ഇരട്ടിയോളം ഉയർന്ന എണ്ണവിലയാണ് ഇതിന് പ്രധാനമായും സഹായിച്ചതെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. 2022ൽ പശ്ചിമേഷ്യയിലെ എണ്ണകയറ്റുമതി രാജ്യങ്ങൾ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അമേരിക്കൻ റേറ്റിങ് ഏജൻസിയായ 'ഫിച്ച്' പ്രവചിച്ചിട്ടുമുണ്ട്. യു.എ.ഇയിൽ ആരംഭിച്ച എക്സ്പോ 2020 ദുബൈ, ഖത്തറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ്കപ്പ്, സൗദിയിൽ ലക്ഷങ്ങളെ ആകർഷിച്ച റിയാദ് ഫെസ്റ്റിവൽ എന്നിവയിലൂടെ എണ്ണ ഇതര വരുമാനവും മേഖലയുടെ സാമ്പത്തിക ഉണർവിന് കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും വേഗത്തിൽ പ്രതിരോധ നടപടികൾ ഒരുക്കിയും വാക്സിനേഷൻ പൂർത്തീകരിച്ചും പോയവർഷത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ഉയർന്നുനിൽക്കാനായി. ഭിന്നിപ്പിെൻറയും സാമ്പത്തിക പ്രതിസന്ധിയുടെയും മഹാമാരിയുടെയും കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയ തെളിഞ്ഞ ആകാശത്തേക്കാണ് പുതുവർഷത്തിലേക്ക് ഗൾഫ് വാതിൽ തുറക്കുന്നത് എന്നത് അന്നാട്ടുകാരെ മാത്രമല്ല, അവിടെ ഉപജീവനം തേടുന്ന ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ആശ്വാസതീരത്തെത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.