പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,
''ഞങ്ങൾ വളരുന്ന കാലത്ത് വമ്പൻ അഴിമതികൾ തുറന്നുകാട്ടുന്ന പത്രങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നിരാശപ്പെടുത്തിയില്ല. ദൗർഭാഗ്യവശാൽ അന്വേഷണാത്മക പത്രപ്രവർത്തനമെന്ന ആശയം മാധ്യമ കാൻവാസിൽനിന്ന് അപ്രത്യക്ഷമാവുകയാണ്''എന്ന അതീവശ്രദ്ധേയമായ നിരീക്ഷണത്തിന് നന്ദി. അടുത്ത കാലത്തായി അത്യപൂർവമായി മാത്രമേ മാധ്യമങ്ങളെക്കുറിച്ച് സത്യസന്ധമായ വാക്കുകൾ പറഞ്ഞുകേൾക്കാറുള്ളൂ. താങ്കളുടെ പഴയ പ്രവർത്തനപന്ഥാവ് ഓർമിച്ചതിനും നന്ദി. 1979ൽ താങ്കൾ 'ഈനാടി'ൽ ചേർന്ന് മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പത്രപ്രവർത്തനത്തിലേക്ക് എത്തുന്നത്.
അടുത്തിടെ നടന്ന പുസ്തകപ്രകാശന ചടങ്ങിലെ പ്രസംഗത്തിൽ താങ്കൾ അനുസ്മരിച്ചതുപോലെ- ആ ഗംഭീര കാലത്ത്, നമ്മൾ ഉണർന്ന് ''വമ്പൻ അഴിമതികൾ തുറന്നുകാട്ടുന്ന പത്രങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരുന്നിരുന്നു.''
അഴിമതികൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പോലെയുള്ള കഠോരമായ നിയമങ്ങൾപ്രകാരം ജയിലിലടക്കുന്ന റിപ്പോർട്ടുകൾ കേട്ടാണ് സർ, ഇന്ന് നമ്മൾ ഉണരുന്നത്. അതല്ലെങ്കിൽ ദുരുപയോഗം ചെയ്യുന്നതിനെ താങ്കൾ ശക്തമായി വിമർശിച്ച കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പോലുള്ളവ ചുമത്തുന്ന വാർത്തകൾ.
താങ്കൾ നിരീക്ഷിച്ചതുപോലെ, 'മുൻകാലങ്ങളിൽ' അഴിമതിയും ദുർഭരണവും സംബന്ധിച്ച കോളിളക്കം സൃഷ്ടിക്കുന്ന റിപ്പോർട്ടുകൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതിന് നമ്മൾ സാക്ഷ്യംവഹിച്ചിട്ടുണ്ട്. കഷ്ടമെന്നേ പറയേണ്ടൂ, ഇക്കാലത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് ഇത്തരം റിപ്പോർട്ടുകൾ ചെയ്യുന്ന പത്രപ്രവർത്തകർക്കാണ്. ഉത്തർപ്രദേശിൽ അത്യന്തം ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഹാഥറസിലേക്ക് പോകുംവഴി അറസ്റ്റിലായ സിദ്ദീഖ് കാപ്പൻ, വർഷമൊന്ന് കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കേസ് കോടതിയിൽനിന്ന് കോടതിയിലേക്ക് മാറ്റപ്പെടവെ അദ്ദേഹത്തിെൻറ ആരോഗ്യം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു.
നമ്മുടെ കൺമുന്നിലുള്ള ആ ഉദാഹരണം കൊണ്ടുതന്നെ, അന്വേഷണാത്മകവും അല്ലാത്തതുമായ ഒരുപാട് മാധ്യമപ്രവർത്തനങ്ങൾ തീർച്ചയായും അപ്രത്യക്ഷമാകും.
ജസ്റ്റിസ് രമണ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, മുൻകാലങ്ങളിലെ അഴിമതി വെളിപ്പെടുത്തലുകളുമായി തട്ടിച്ചുനോക്കുമ്പോൾ 'സമീപ വർഷങ്ങളിൽ' അത്രയും വലിയ ഒരു കഥയും ഓർക്കാനില്ല. കാര്യങ്ങളെല്ലാം തൃപ്തികരമെന്ന മട്ടിലാണ് കാണപ്പെടുന്നത്.
നിയമത്തിലും മാധ്യമപ്രവർത്തനത്തിലും ആഴത്തിൽ അറിവുള്ള, ഇന്ത്യൻ സമൂഹത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന താങ്കൾ കുറച്ചുകൂടി മുന്നോട്ടുപോയി അന്വേഷണാത്മകതയെ മാത്രമല്ല, മൊത്തം ഇന്ത്യൻ മാധ്യമ രംഗത്തെയും കീഴ്പ്പെടുത്തുന്ന ഘടകങ്ങളെന്തൊക്കെയെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. നിഗമനങ്ങളിൽ എത്തിച്ചേരാൻ ഞങ്ങളെ ക്ഷണിച്ചതുപോലെ, താങ്കളുടെ പരിഗണനക്കായി ഞാൻ മൂന്നു കൂട്ടം കാരണങ്ങൾ മുന്നോട്ടുവെക്കട്ടെ?
ഒന്നാമതായി, മാധ്യമ ഉടമാവകാശത്തിെൻറ ഘടനാപരമായ യാഥാർഥ്യങ്ങൾ കൊടിയലാഭത്തിനു പിന്നാലെ പോകുന്ന ഏതാനും കോർപറേറ്റ് സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
രണ്ടാമതായി, മുെമ്പങ്ങുമില്ലാത്തവിധത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിനെതിരായ ഭരണകൂടത്തിെൻറ കടന്നാക്രമണവും ക്രൂരമായ അടിച്ചമർത്തലും.
മൂന്നാമതായി, ധാർമികതയുടെ ഇഴകൾ അറ്റുപോയതും അധികാരക്കസേരയിലുള്ളവരുടെ പകർത്തിയെഴുത്തുകാരാകാൻ വളരെ മുതിർന്ന നിരവധി പ്രഫഷനലുകളും പ്രകടിപ്പിക്കുന്ന ത്വരയും.
ഞങ്ങളുടെ തൊഴിലിൽ അവശേഷിക്കുന്ന രണ്ടു ധാരകളിൽ പത്രപ്രവർത്തനമാണോ പകർത്തെഴുത്താണോ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ എെൻറ വിദ്യാർഥികളോട് ചോദിക്കാറുണ്ട്.
ഏകദേശം 30 വർഷമായി, ഇന്ത്യൻ മാധ്യമങ്ങൾ രാഷ്ട്രീയമായി സ്വതന്ത്രമാണെന്നും എന്നാൽ ലാഭമോഹത്തിെൻറ തടവിലാണെന്നും ഞാൻ വാദിച്ചിരുന്നു. ഇന്ന്, അവർ ലാഭത്തിെൻറ തടവിൽ തുടരുന്നു, എന്നാൽ അവർക്കിടയിലെ ചുരുക്കം ചില സ്വതന്ത്ര ശബ്ദങ്ങൾ രാഷ്ട്രീയമായി തടവിലാക്കപ്പെടുന്നത് വർധിച്ചുവരുന്നു.
പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട നാലു പ്രമുഖ പൊതു ബുദ്ധിജീവികൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ടു. ഇവരിൽ ഗൗരി ലങ്കേഷ് മുഴുവൻസമയ മാധ്യമപ്രവർത്തകയായിരുന്നു (വെടിയേറ്റു മരിച്ച റൈസിങ് കശ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുമതേ). മറ്റു മൂന്നു പേരും മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരും കോളമിസ്റ്റുകളുമായിരുന്നു. 25 വർഷത്തോളം താൻ പോരാടിവരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ നരേന്ദ്ര ദാഭോൽകർ ഒരു മാസിക സ്ഥാപിച്ച് പുറത്തിറക്കുകയും ചെയ്തു. ഗോവിന്ദ് പൻസാരെയും എം.എം. കൽബുർഗിയും പ്രഗല്ഭരായ എഴുത്തുകാരും കോളമിസ്റ്റുകളുമായിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ മാധ്യമങ്ങൾക്കകത്ത് പോലും കുറഞ്ഞ ചർച്ചയേ ആവുന്നുള്ളൂവെന്നത് നാം എത്തിച്ചേർന്ന ആപല്സന്ധിയെ കുറിക്കുന്നതല്ലേ? നാലുപേർക്കും പൊതുവായുണ്ടായിരുന്ന കാര്യം അവരെല്ലാം യുക്തിവാദികളും ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന പത്രപ്രവർത്തകരുമായിരുന്നു - ഇത് കൊലയാളികളുടെ അഭിപ്രായത്തിൽ അവർ സൃഷ്ടിക്കുന്ന ഭീഷണിയുടെ വ്യാപ്തി വർധിപ്പിച്ചു. നാലു പേരുടെയും കൊല നടത്തിയത് ഭരണകൂടത്തിെൻറ വ്യക്തമായ സുഖലാളനകൾ അനുഭവിക്കുന്ന ഭരണകൂട ബാഹ്യശക്തികളായിരുന്നു. മറ്റു നിരവധി സ്വതന്ത്ര പത്രപ്രവർത്തകരും ശക്തികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പത്രസ്വാതന്ത്ര്യം എന്ന യാഥാർഥ്യത്തെ ജുഡീഷ്യറി അഭിമുഖീകരിക്കുകയാണെങ്കിൽ ഒരുപക്ഷേ പത്രപ്രവർത്തനത്തിെൻറ പരിതാപകരമായ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടേക്കില്ലേ? നവസാങ്കേതിക ഭരണകൂടത്തിെൻറ അടിച്ചമർത്തൽ ശേഷി-പെഗസസ് കേസ് പരിഗണിക്കവെ താങ്കൾ നിരീക്ഷിച്ച അടിയന്തരാവസ്ഥയുടെ പേടിസ്വപ്നങ്ങളെപ്പോലും കൊച്ചാക്കിക്കളയുന്നു.
2020ൽ ഫ്രാൻസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തിറക്കിയ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 142ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തോടുള്ള ഈ സർക്കാറിെൻറ സമീപനം സംബന്ധിച്ച് എനിക്ക് നേരിട്ടുണ്ടായ ഒരനുഭവം ഞാൻ പങ്കുവെക്കട്ടെ. അപമാനകരമായ 142ാം സ്ഥാനത്തിൽ രോഷംപൂണ്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിെൻറ റെക്കോഡ് നേരെയാക്കാൻ ഒരു ഇൻഡെക്സ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ നിർദേശിച്ചു. ലോക പത്രസ്വാതന്ത്ര്യസൂചികയിലെ സ്ഥാനത്തെ ചോദ്യംചെയ്യുന്നതിനേക്കാൾ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിെൻറ യഥാർഥ അവസ്ഥയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാമെന്ന ഉറപ്പിന്മേൽ സമിതിയിൽ അംഗമാകണമെന്ന ആവശ്യത്തെ ഞാൻ സ്വീകരിച്ചു.
13 പേരടങ്ങുന്ന സമിതിയിൽ 11 ഉദ്യോഗസ്ഥരും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപന ഗവേഷകരും ഉണ്ടായിരുന്നു. പത്രസ്വാതന്ത്ര്യം കൈകാര്യംചെയ്യുന്ന ഒരു കമ്മിറ്റിയിൽ വെറും രണ്ടേ രണ്ട് പത്രപ്രവർത്തകരും! അവരിൽ ഒരാൾ പങ്കെടുത്ത മീറ്റിങ്ങുകളിൽ ഒരക്ഷരം മിണ്ടിയതുമില്ല. ഞാൻ മാത്രം സംസാരിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന നിലയിൽ യോഗങ്ങൾ സുഗമമായി നടന്നു. തുടർന്ന് വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് ഒരു 'കരട് റിപ്പോർട്ട്' തയാറാക്കി, എന്നാലതിൽ കരട് എന്ന വാക്കുണ്ടായിരുന്നില്ല. യോഗത്തിൽ ഉന്നയിക്കപ്പെട്ട ഗുരുതരമായ വിഷയങ്ങളൊന്നും പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ആ റിപ്പോർട്ട്. അതിനാൽ അതിൽ ഉൾപ്പെടുത്തുന്നതിനായി ഞാൻ ഒരു സ്വതന്ത്ര വിയോജന കുറിപ്പ് സമർപ്പിച്ചു.
അതോടെ, റിപ്പോർട്ടും കമ്മിറ്റിയുമുൾപ്പെടെ സകലതും അപ്രത്യക്ഷമായി. രാജ്യത്തെ ഏറ്റവും ശക്തരായ രണ്ടാളുകൾക്കു മുന്നിൽ മാത്രം ഉത്തരം ബോധിപ്പിക്കേണ്ട, ഉന്നത ബ്യൂറോക്രാറ്റിെൻറ നിർദേശാനുസാരം രൂപവത്കരിക്കപ്പെട്ട ഒരു കമ്മിറ്റിയാണ് അവ്വിധം അപ്രത്യക്ഷമായത്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണങ്ങൾ കൊണ്ടുപോലും സാധ്യമായില്ല. ആ 'കരടിെൻറ' പകർപ്പ് എെൻറ കൈവശമുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനംപോലുമായിരുന്നില്ല നടന്നത്. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തനത്തെ അന്വേഷിക്കലായിരുന്നു. വിയോജനക്കുറിപ്പിെൻറ ഒരു തുള്ളികൊണ്ട് അത് അപ്രത്യക്ഷമാവുകയും ചെയ്തു.
താങ്കൾ ഗൃഹാതുരതയോടെ സ്മരിച്ച രീതിയിലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്താൻ ഉത്സുകരായ നിരവധി പേരുണ്ട്. ഉന്നത സ്ഥാനങ്ങളിൽ, പ്രത്യേകിച്ച് സർക്കാറിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാൻ ശ്രമിക്കുന്ന മിക്ക പത്രപ്രവർത്തകരും നേരിടേണ്ടി വരുന്ന ആദ്യ തടസ്സം സർക്കാർ കരാറുകളുമായും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുമായും അടുത്ത ബന്ധം പുലർത്തുന്ന അവരുടെ കോർപറേറ്റ് മാധ്യമ മുതലാളിമാരുടെ താൽപര്യങ്ങളാണ്.
പണം വാങ്ങി വാർത്ത നൽകി സമ്പാദിക്കുന്ന, പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് അനുമതി സ്വന്തമാക്കുന്ന വൻകിട മാധ്യമ മുതലാളിമാർ അധികാരത്തിലെ തങ്ങളുടെ പങ്കാളികളെ അസ്വസ്ഥരാക്കാൻ പത്രപ്രവർത്തകരെ അനുവദിക്കാൻ സാധ്യതയില്ല. ഫോർത്ത് എസ്റ്റേറ്റും റിയൽ എസ്റ്റേറ്റും തമ്മിലെ വേർതിരിവ് പലപ്പോഴും ഇല്ലാതാക്കുക വഴി ഒരു കാലത്ത് ഇന്ത്യയിൽ അഭിമാനമായിരുന്ന ഈ തൊഴിലിനെ വെറുമൊരു വരുമാനമാർഗം മാത്രമായി ചുരുക്കി. അധികാരവർഗത്തെക്കുറിച്ച് സത്യം വിളിച്ചു പറയുന്ന തരം പത്രപ്രവർത്തനത്തോട് അവർക്കിപ്പോൾ ഒട്ടും ആർത്തിയില്ല. ഈ രാജ്യത്തെ പൊതുജനങ്ങൾക്ക് ഈ മഹാമാരി കാലഘട്ടത്തിൽ അവർ നടത്തിയതിനേക്കാൾ വലിയ പത്രപ്രവർത്തനവും പത്രപ്രവർത്തകരും ആവശ്യമില്ലെന്ന് പറഞ്ഞാൽ താങ്കൾ എന്നോട് യോജിക്കുമെന്ന് കരുതുന്നു, സ്വന്തം വായനക്കാരും പ്രേക്ഷകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിെൻറ തീവ്രമായ ആവശ്യങ്ങളോട് ശക്തരായ മാധ്യമസ്ഥാപന ഉടമകൾ എങ്ങനെയാണ് പ്രതികരിച്ചത്? 2,500 മാധ്യമപ്രവർത്തകരെയും അതിെൻറ പലമടങ്ങ് പത്രപ്രവർത്തകേതര ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട്.
പൊതുജന സേവനം എന്ന ആദർശം ഇല്ലാതായി. 2020ലെ സാമ്പത്തിക തകർച്ച മാധ്യമങ്ങളെ സർക്കാർ പരസ്യങ്ങളെ മുമ്പത്തേക്കാൾ കൂടുതൽ ആശ്രയിക്കുന്നവരാക്കി. നമ്മുടെ വലിയ വിഭാഗം മാധ്യമങ്ങളും സർക്കാറിെൻറ കോവിഡ് 19 കെടുകാര്യസ്ഥതയെക്കുറിച്ചുള്ള സ്വന്തം റിപ്പോർട്ടുകളെപ്പോലും മറന്ന് മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ കോവിഡ് പോരാട്ടത്തിലും ഇന്ത്യ ലോകത്തെ മഹോന്നതമായി നയിക്കുന്നുവെന്ന സർക്കാറിെൻറ കെട്ടുകഥകളെ കൊണ്ടാടുന്നു. (ചുരുക്കം ചിലർ അങ്ങനെയല്ലെന്ന് സമ്മതിക്കുന്നു) .
ഇക്കാലയളവിലാണ് ഒട്ടും സുതാര്യമല്ലാത്ത 'പിഎം കെയേഴ്സ് ഫണ്ട്' രൂപവത്കരിക്കപ്പെട്ടത്. അതിെൻറ തലക്കെട്ടിൽ 'പ്രധാനമന്ത്രി' എന്ന പദമുണ്ട്, വെബ്സൈറ്റിൽ അദ്ദേഹത്തിെൻറ മുഖമുണ്ട്. എന്നാൽ ഇത് ഒരു 'പബ്ലിക് അതോറിറ്റി' അല്ലെന്നും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും വാദിക്കുന്നു. അതിനാൽ തന്നെ ഇന്ത്യൻ സർക്കാറിെൻറ ഫണ്ടല്ലെന്നും ഭരണകൂടത്തിെൻറ ഏതെങ്കിലും വിധത്തിലുള്ള ഓഡിറ്റിങ്ങിന് വിധേയമാവാൻ ബാധ്യതയില്ലെന്നും.
സർ, ഈ രാജ്യത്തിെൻറ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ തൊഴിൽ നിയമനിർമാണങ്ങളിൽ ചിലത് ആദ്യം സംസ്ഥാന സർക്കാറുകൾ ഓർഡിനൻസുകളായും പിന്നീട് കേന്ദ്രം 'കോഡുകളായും' അടിച്ചേൽപിച്ച കാലം കൂടിയായിരുന്നു അത്. ഇപ്പറഞ്ഞ ഓർഡിനൻസുകളിൽ ചിലത് എട്ടുമണിക്കൂർ ജോലിയുൾപ്പെടെയുള്ള തൊഴിൽ അവകാശങ്ങൾ റദ്ദാക്കിക്കൊണ്ട് ഇന്ത്യയിലെ തൊഴിലാളികളെ ഒരു നൂറ്റാണ്ട് പിന്നോട്ടടിപ്പിച്ചു, തീർച്ചയായും, അനേകം തൊഴിലാളികൾ ജോലി ചെയ്യുന്ന കോർപറേറ്റ് ഉടമസ്ഥതയിലുള്ള ഒരു മാധ്യമത്തിനും ഇവയൊന്നും അന്വേഷിക്കാൻ ഇടമില്ല. ഇത്തരം അന്വേഷണങ്ങൾ ഏറ്റെടുക്കുമായിരുന്ന മാധ്യമപ്രവർത്തകരിൽ പലരുമിപ്പോൾ തൊഴിൽ രഹിതരാണ്, അവരെ മാധ്യമ ഉടമകൾ പുറത്താക്കിയിരിക്കുന്നു.
യുവർ ഓണർ, എന്നെ അത്ര തന്നെ വിഷമിപ്പിക്കുന്ന കാര്യമെന്താണെന്നു വെച്ചാൽ സർക്കാർ അഴിമതിയോ, മാധ്യമപ്രവർത്തകരുടെ കൂട്ട പിരിച്ചുവിടലോ, തൊഴിൽ അവകാശങ്ങൾ നശിപ്പിച്ചതോ, സുതാര്യമായ ഒരു ഓഡിറ്റുമില്ലാതെ പണം പിരിക്കാൻ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തതോ പോലുള്ള ദുഷ്പ്രവണതകൾ തടയാൻ ജുഡീഷ്യറി ഇടപെടുന്നത് ഞാൻ കണ്ടില്ല എന്നതാണ്. മാധ്യമങ്ങളുടെ ആന്തരികവും ഘടനാപരവുമായ പിഴവുകൾ പൂർണമായും സമ്മതിക്കുന്നു, അത് കീഴ്പെടുന്നതും പണം നൽകുന്നവരോട് സൗഹൃദം പുലർത്തുന്നതുമായ ഒരു പ്രതിഭാസത്തിലേക്ക് ചുരുക്കിയിരിക്കുന്നു. എന്നാൽ,ഇത്തരം ചില കാര്യങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലുണ്ടായെങ്കിൽ മാധ്യമപ്രവർത്തകർക്ക് അൽപമെങ്കിലും ആശ്വസിക്കാൻ സഹായകമാകുമായിരുന്നില്ലേ?
സ്വതന്ത്ര മാധ്യമങ്ങളുടെ ഓഫിസുകളിൽ റെയ്ഡ്, അവയുടെ ഉടമസ്ഥരെയും മാധ്യമപ്രവർത്തകരെയും 'കള്ളപ്പണം വെളുപ്പിക്കലുകാർ' എന്ന് അവഹേളിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരന്തര പീഡനങ്ങൾ അതിരൂക്ഷമായ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഈ കേസുകളിൽ ഭൂരിഭാഗവും കോടതിയിൽ പൊളിഞ്ഞുപോകുമെന്ന് സർക്കാർ ഉത്തരവുകൾ അപ്പടി നടപ്പാക്കുന്ന ഏജൻസികൾക്ക് നന്നായറിയാം. എങ്കിലും നടപടിക്രമങ്ങൾ തന്നെ ഒരുതരം ശിക്ഷയാണ് എന്ന തത്ത്വത്തിലാണ് അവരുടെ പ്രവർത്തനം. ഒരുപാട് വർഷങ്ങൾ, ലക്ഷക്കണക്കിന് രൂപ വക്കീൽ ഫീസായി ചെലവിടേണ്ടി വരുന്നതോടെ മാധ്യമങ്ങളിലെ അപൂർവം ചില സ്വതന്ത്ര ശബ്ദങ്ങൾ പാപ്പരായിപ്പോകും. വമ്പൻ മാധ്യമങ്ങളിലെ ആ അപൂർവ സ്വതന്ത്ര ശബ്ദത്തെ- ദൈനിക് ഭാസ്കർ പത്രത്തിെൻറ ഓഫിസ് ഏതോ അധോലോക സംഘത്തിെൻറ താവളമെന്ന കണക്കേയല്ലേ റെയ്ഡ് ചെയ്തത്. പേടിച്ചുവിറച്ചുനിന്ന മറ്റു വലിയ മാധ്യമങ്ങളിൽ അതേക്കുറിച്ച് ചർച്ച പോലുമുണ്ടായില്ല.
ബോധപൂർവമായ ഈ നിയമ ദുരുപയോഗം തടയാൻ ഒരുപക്ഷേ, ജുഡീഷ്യറിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ സർ?
ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങളുടെ കാര്യത്തിലും ജുഡീഷ്യറിയുടെ ഇടപെടൽ ഒട്ടും ഭേദമായിരുന്നില്ല. ഞാൻ നിയമം പഠിച്ചിട്ടില്ല, എന്നാൽ ഇത്തരം വിവാദ നിയമനിർമാണത്തിെൻറ ഭരണഘടനാസാധുത പരിശോധിക്കുക എന്നത് പരമോന്നത ഭരണഘടന കോടതിയുടെ സുപ്രധാന കടമയാണെന്നറിയാം. ആ കടമ ചെയ്യുന്നതിന് പകരം കോടതി ഒരു കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്തത്. എന്നിട്ട്, കാർഷിക നിയമ പ്രതിസന്ധിക്ക് പരിഹാരമാവുന്ന ഒരു റിപ്പോർട്ട് തയാറാക്കാൻ അവരോട് ഉത്തരവിട്ടു - ശേഷം റിപ്പോർട്ടിനെയും കമ്മിറ്റിയെയും മറവിയിലേക്ക് തള്ളിവിട്ടു.
കാർഷിക നിയമങ്ങളിൽ 'മുഖ്യധാര' മാധ്യമങ്ങളുടെ താൽപര്യങ്ങൾ വളരെ വലുതായിരുന്നു. ആ നിയമങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കാമെന്ന് നിനച്ച കോർപറേറ്റ് പ്രമുഖൻ, രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഉടമ കൂടിയാണ്. സ്വന്തമല്ലാത്ത മാധ്യമങ്ങൾക്കാവട്ടെ പലപ്പോഴും അദ്ദേഹം ഏറ്റവും വലിയ പരസ്യദാതാവാണ്. ആകയാൽ 'മുഖ്യധാരാ' മാധ്യമങ്ങൾ എഡിറ്റോറിയലുകളിലൂടെ നിയമങ്ങൾക്കുവേണ്ടി ദല്ലാൾ പണിയെടുക്കുന്നത് കണ്ട് അതിശയം തോന്നിയില്ല.
കർഷകർ തങ്ങളുടെ മുദ്രാവാക്യങ്ങളിൽ പേരെടുത്ത് പറഞ്ഞിരുന്ന ആ രണ്ട് കോർപറേറ്റ് ഭീമന്മാർ ആരാണെന്നും അവരിരുവരുടെയും ആസ്തി മൂല്യം പഞ്ചാബിെൻറയോ ഹരിയാനയുടെയോ ആഭ്യന്തര ഉൽപാദനത്തേക്കാൾ അധികമാണെന്നും മാധ്യമങ്ങൾ അവരുടെ വായനക്കാരോടും പ്രേക്ഷകരോടും പറയാൻ തയാറാകുമോ? ഫോബ്സ് മാഗസിെൻറ കണക്കു പ്രകാരം അവരിലൊരാൾ പഞ്ചാബിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തെ മറികടക്കുന്നത്ര സ്വത്ത് വ്യക്തിപരമായി ആർജിച്ചുവെന്ന കാര്യവും? അത്തരം വിവരങ്ങൾ നൽകുന്നത് അവരുടെ പ്രേക്ഷകർക്ക് വ്യക്തമായ അഭിപ്രായത്തിൽ എത്തിച്ചേരാൻ അവസരം നൽകുമായിരുന്നില്ലേ?
തീരെ ചുരുക്കം മാധ്യമപ്രവർത്തകർക്ക്, അതിനേക്കാൾ കുറവ് മാധ്യമങ്ങൾക്ക് മാത്രമേ താങ്കൾ പ്രസംഗത്തിൽ ഗൃഹാതുരത്വത്തോടെ ആഗ്രഹം പ്രകടിപ്പിച്ച തരത്തിലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്താനുള്ള ശേഷി ഇപ്പോഴുള്ളൂ.
മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കുന്ന, സാധാരണക്കാരായ ദശലക്ഷക്കണക്കിന് മനുഷ്യരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട് ഇപ്പോഴും ചിലർ. ഏതാണ്ട് 41 വർഷമായി ആ പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാനിതെഴുതുന്നത്.
മാധ്യമ പ്രവർത്തകരല്ലെങ്കിലും മനുഷ്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന, അത് മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന മറ്റൊരു കൂട്ടരുണ്ട്- എഫ്.സി.ആർ.എ റദ്ദാക്കിയും റെയ്ഡ് നടത്തിയും, അക്കൗണ്ടുകൾ മരവിപ്പിച്ചും, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയും ഇന്ത്യൻ ഭരണകൂടം തുറന്ന യുദ്ധം നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൗരസമൂഹ സംഘടനകൾ. പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനം, ബാലവേല, കൃഷി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ.
ആകയാൽ ഞങ്ങളിവിടെയുണ്ട് സർ, മാധ്യമങ്ങൾ പരിതാപകരമായ അവസ്ഥയിലാണ്. എന്നാൽ, അവരെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളും ദൗത്യത്തിൽ പരാജയപ്പെടുന്നു. താങ്കളുടെ പ്രസംഗത്തിലെ ഹ്രസ്വവും എന്നാൽ ഉൾക്കാഴ്ചയുള്ളതുമായ ആ പരാമർശങ്ങളാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. മാധ്യമങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ തർക്കമേതുമില്ല. നന്നാക്കിയെടുക്കുന്നതിൽ ജുഡീഷ്യറിക്ക് സഹായിക്കാനാകുമെന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടട്ടെ,ഒപ്പം അത് സ്വയം നന്നായി പ്രവർത്തിക്കേണ്ടതുമില്ലേ? ഒരു സിദ്ദീഖ് കാപ്പൻ ജയിലിൽ ചെലവിടേണ്ടി വരുന്ന ഓരോ ദിവസവും നാമോരോരുത്തരും നമ്മുടെ സ്ഥാപനങ്ങളും കഠിനമായി വിലയിരുത്തപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഹൃദയപൂർവം
പി. സായിനാഥ് ●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.