'അൻഫാൻഗൻ ഇസ്റ്റ് ലൈച്ച്റ്റ്; ബെഹാരൻ എൻ കുൻസ്റ്റ്' - ജർമൻ പഴമൊഴിയാണ്. 'തുടക്കം ഏറെ ലളിതമാണ്; എന്നാൽ, നിലനിൽക്കുകയെന്നത് ഒരു കലയാണ്' എന്നു സാമാന്യാർഥം. നിലനിൽക്കുന്നതിെൻറയും അതിജീവിക്കുന്നതിെൻറയും 'രാഷ്ട്രീയ കല'യെ ഇതുമായി ചേർത്തുവെക്കാമെങ്കിൽ അവിടെ ആദ്യം തെളിഞ്ഞുവരുന്ന ചിത്രം അംഗല മെർകൽ എന്ന ഉരുക്കുവനിതയുടേതാകും. അത്രക്കുണ്ട് അംഗലയുടെ ഖ്യാതി. ജർമനിയുടെ ആദ്യ വനിത ചാൻസലർ എന്നതായിരുന്നുവല്ലോ തുടക്കം; പിന്നെ ആ പദവിയിൽ നിലനിന്നത് 16 വർഷമാണ്. 21ാം നൂറ്റാണ്ടിലെ യൂറോപ്പിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം. ഐതിഹാസികമായ ആ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു അവർ. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവിൽ പടിയിറങ്ങുന്നത് തികഞ്ഞ അഭിമാനത്തോടെയാണ്.
2005 നവംബറിൽ ആദ്യമായി ചാൻസലർ പദവിയിലെത്തുമ്പോൾ വൈറ്റ്ഹൗസിൽ ജോർജ് ഡബ്ല്യു. ബുഷ് ആയിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ് പാർലമെൻറിനെ നയിച്ചത് ടോണി ബ്ലെയറും. സോഷ്യൽ മീഡിയയും ഐഫോണും നിർമിതബുദ്ധിയുമൊന്നും രാഷ്ട്രീയത്തിൽ ഇടപെടാത്ത കാലം. യുക്രെയ്നൊക്കെ അന്ന് ശാന്തമായിരുന്നു; റഷ്യൻ സേനയുടെ ശല്യമൊന്നുമില്ല. 16 വർഷങ്ങൾക്കിപ്പുറം കാര്യങ്ങളാകെ മാറി. അമേരിക്കയിലും ഫ്രാൻസിലും നാലു തവണ പ്രസിഡൻറുമാർതന്നെ മാറി.
ബ്രിട്ടനിൽ ഇക്കാലത്തിനിടെ അഞ്ചു പേർ പ്രധാനമന്ത്രിക്കസേരയിലിരുന്നു; ഇറ്റലിയിൽ എട്ട്! റഷ്യൻ സേനയുടെ ആക്രമണത്തിൽ യുക്രെയ്െൻറ ഭൂപടം മാറി. എന്തിനേറെ, ആഗോളതലത്തിൽ കാലാവസ്ഥവരെ മാറി; യൂറോപ്പിെൻറ രാഷ്ട്രീയ കാലാവസ്ഥയിലും കാര്യമായ മാറ്റം വന്നു. യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ വിടവാങ്ങി. എല്ലായിടത്തും സർവം മാറിമറിഞ്ഞപ്പോഴും അജയ്യയായി നിലകൊണ്ടത് അംഗല മാത്രം! രണ്ടാം ലോകയുദ്ധശേഷം, യൂറോപ്യൻ രാഷ്ട്രീയം പല കാരണങ്ങളാൽ ഏറെ കലങ്ങിമറിഞ്ഞപ്പോഴും നിലനിൽപിെൻറയും അതിജീവനത്തിെൻറയും കലാവിരുതിൽ അവർ സവിശേഷമായൊരു ചരിത്രം സൃഷ്ടിച്ചു.
അറിയാമല്ലോ, രാജ്യാതിർത്തികളില്ലാത്ത ലോകമാണ് യൂറോപ്പിെൻറ സ്വപ്നം. അതിർത്തികളെയും അതിലധിഷ്ഠിതമായ സങ്കുചിത ദേശീയതയെയും തട്ടിമാറ്റി ദൂരെക്കളയണമെന്നാണ് 'യൂറോപ്പ്' എന്ന വിശാല ദേശീയതയുടെ അടിസ്ഥാന മുദ്രാവാക്യംതന്നെ. ആ മുദ്രാവാക്യം നെഞ്ചിലേറ്റിയ നേതാവായിരുന്നു അംഗല. പറഞ്ഞിെട്ടന്തു കാര്യം, ഹിറ്റ്ലറുടെ പ്രേതങ്ങൾ യൂറോപ്പിൽ പുനർജനിച്ച കാലത്താണ് അവരീ മുദ്രാവാക്യങ്ങൾ മുഴക്കിയത്. അവർക്കുണ്ടോ അത് വല്ലതും മനസ്സിലാകുന്നു? പുതുശതകത്തിലെ യൂറോപ്യൻ മനസ്സ് ആ നവനാസികൾക്കൊപ്പമായിരുന്നു. വെള്ളവംശീയതയും ഇസ്ലാമോഫോബിയയുമാണ് അവരുടെ പുതിയ മുദ്രാവാക്യം. മാനവികതയിലധിഷ്ഠിതമായ പഴയ സിദ്ധാന്തങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം അങ്ങ് അത്ലാൻറിക്കിലോ മെഡിറ്ററേനിയനിലോ ഒഴുക്കിക്കളയണമെന്നാണ് അവരുടെ പക്ഷം.
യുദ്ധവും അധിനിവേശവും ആഭ്യന്തര കലഹവും പട്ടിണിയുമെല്ലാം കാരണം ഉത്തരാഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമൊക്കെ നാടുവിട്ടോടിയെത്തിയവരെ യൂറോപ്പിലേക്ക് പ്രവേശിപ്പിച്ചുകൂടാ എന്ന് അവർ വാശിപിടിച്ചപ്പോഴാണ് മെഡിറ്ററേനിയൻ അഭയാർഥികളുടെ ശവക്കടലായി മാറിയത്. ഓർമയില്ലേ, ഐലൻ കുർദിയെ? ഐലനെപ്പോലുള്ള അഭയാർഥികൾക്കായി അന്ന് കണ്ണീർപൊഴിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാളായിരുന്നു അംഗല. അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിന് മുഴുവൻ അംഗരാജ്യങ്ങൾക്കും ക്വോട്ട നിശ്ചയിക്കണമെന്ന് അവർ യൂറോപ്യൻ യൂനിയനിൽ ശക്തമായി ആവശ്യപ്പെട്ടു. തീവ്രവലതുപക്ഷത്തെ ഭയന്ന് യൂനിയൻ നേതാക്കൾ ആ നിർദേശം തള്ളിയപ്പോൾ, പ്രതിഷേധമെന്നോണം സ്വന്തം രാജ്യത്ത് അത് കൃത്യമായി നടപ്പാക്കി. 2015ൽ മാത്രം ഒമ്പതു ലക്ഷം പേരാണ് ജർമനിയിൽ അഭയംതേടിയെത്തിയത്. അത്രത്തോളമില്ലെങ്കിലും തുടർവർഷങ്ങളിലും അതാവർത്തിച്ചു.
ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിച്ച വകയിൽ അംഗലക്ക് ഒരു സമാധാന നൊബേലെങ്കിലും കൊടുക്കേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. അവരെന്തോ അപരാധം ചെയ്തുവെന്ന മട്ടിലായിരുന്നു സ്വന്തം പൗരന്മാർപോലും പെരുമാറിയത്. അഭയാർഥികളുടെ ഒഴുക്ക് തടയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ദേശീയവാദികളും തീവ്രവലതുപക്ഷവും ഒരുമിച്ച് രംഗത്തെത്തി; അവർ ഒരു രാഷ്ട്രീയ സഖ്യമായി. സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഈ പാർട്ടികൾ കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിച്ചത്. പക്ഷേ, പിന്മാറാൻ അംഗല തയാറായിരുന്നില്ല. അതിനവർ നന്നായി അനുഭവിക്കുകയും ചെയ്തു. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ അംഗലയുടെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി കനത്ത തിരിച്ചടി നേരിട്ടു. 2005ലും 09ലും 13ലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പാർട്ടിക്ക് 2017ൽ അടിതെറ്റി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭരണത്തുടർച്ചക്ക് സോഷ്യൽ ഡെമോക്രാറ്റുകളെയടക്കം ആശ്രയിക്കേണ്ടിവന്നു. ആ സഖ്യത്തിൽ അംഗലയുടെ ധനമന്ത്രിയായിരുന്ന ഒലാഫ് ഷൂൾസ് ആണ് പുതിയ ചാൻസലർ. സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും ഫ്രീ ഡെമോക്രാറ്റുകളുമൊക്കെ ചേർന്ന ഒരു സാമ്പാർ മുന്നണിയാണ് ഇനി ജർമനിയുടെ ഭരണയന്ത്രം തിരിക്കുക. തീവ്രവലതുപക്ഷത്തിന് പാർലമെൻറിൽ കാര്യമായ സ്വാധീനമില്ലെങ്കിലും രാജ്യത്ത് ഒരു നവനാസി പൊതുബോധം സൃഷ്ടിച്ചെടുക്കാൻ അവർക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ, അംഗലയുടെ വഴിയിൽ ഒഴുക്കിനെതിരെ നീന്തുക എന്നത് ഷൂൾസിന് അത്ര എളുപ്പമാകില്ല.
അല്ലെങ്കിലും, അംഗലയുടെ ജീവിതംതന്നെ ആരംഭിക്കുന്നത് ഒഴുക്കിനെതിരെ നീന്തിക്കൊണ്ടായിരുന്നു. പശ്ചിമ ജർമനിയിലെ ഹാംബർഗിലായിരുന്നു ജനനം. കമ്യൂണിസ്റ്റ് അധീനതയിലുള്ള കിഴക്കൻ ജർമനിയിൽനിന്ന് ആളുകൾ കൂട്ടത്തോടെ പശ്ചിമ ജർമനിയിലേക്ക് ഒഴുകിയപ്പോൾ അംഗലയുടെ പിതാവ് നേരെ തിരിച്ചാണ് നടന്നത്. ലൂഥറൻ ചർച്ചിലെ പാതിരിയായിരുന്ന പിതാവിെൻറ പലായനത്തിനു പിന്നിൽ മതപരമായ കാരണങ്ങളുണ്ടായിരുന്നു. ഏതായാലും ആ നടത്തം ചെന്നവസാനിച്ചത് ടെംപ്ലിനിലാണ്. ലീപ്സിഗിലെ കാൾ മാർക്സ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയശേഷം ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. ഇക്കാലത്ത് കമ്യൂണിസ്റ്റ് യുവജനപ്രസ്ഥാനമായിരുന്ന ഫ്രീ ജർമൻ യൂത്തിലൊക്കെ പ്രവർത്തിച്ചു; ഒപ്പം ഗവേഷകവൃത്തിയിലും ഏർപ്പെട്ടു.
ജർമൻ ഏകീകരണത്തിനുശേഷമാണ് ഹെൽമെറ്റ് കോളിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നത്. പിന്നീടങ്ങോട്ടുള്ളത് ചരിത്രം. 91ലെ ആദ്യ തെരഞ്ഞെടുപ്പിൽതന്നെ വിജയം; ഒപ്പം മന്ത്രിപദവിയും. പാർട്ടിയിലും പാർലമെൻറിലും ഒരുപോലെ കുതിച്ചു. ശാസ്ത്രജ്ഞനായ ഉൽറിക് മെർകലിനെ 1977ൽ വിവാഹം ചെയ്തു. അഞ്ചു വർഷത്തിനുശേഷം വേർപിരിഞ്ഞുവെങ്കിലും ഉൽറിക്കിെൻറ സർ നെയിം തുടർന്നും ഉപയോഗിച്ചു അംഗല. ജൊവാക്കിം സ്യൂവർ ജീവിതത്തിലേക്ക് കടന്നുവന്നത് 1998ലാണ്. ജോവാക്കിമും ശാസ്ത്രഗവേഷകനാണ്. മക്കളില്ല. ബർലിനിലും ഹാംബർഗിലുമായി ഇനി വിശ്രമജീവിതം. ഇതിനിടയിൽ യൂറോപ്യൻ രാഷ്ട്രീയത്തിെൻറ ഉള്ളുകള്ളികൾ വിശദീകരിക്കുന്ന ഒരു ആത്മകഥയും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.