മതവർഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് അധികാരമുറപ്പിക്കുക എന്ന തന്ത്രം തെന്നിന്ത്യയിലേക്കും വ്യാപിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുകയാണ് സംഘ്പരിവാർ ശക്തികൾ. ധ്രുവീകരണശ്രമങ്ങൾക്ക് കേരളവും തമിഴ്നാടും നിയമസഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകിയിട്ടും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾ അവർ തുടരുന്നു. തെന്നിന്ത്യയിൽ ഭരണം കൈയാളുന്ന കർണാടകയിലാവട്ടെ കൈയൂക്ക് ഉപയോഗിച്ചും മതവിഭാഗങ്ങളെ ഉന്നമിട്ടുള്ള നിയമങ്ങളും നിബന്ധനകളുംകൊണ്ടും തങ്ങളുടെ അജണ്ടക്ക് ശക്തിപകരാൻ നോക്കുന്നു.
കേരളത്തിൽമുസ്ലിംകൾക്കെതിരെ ക്രൈസ്തവ സമൂഹത്തിെല ഒരു വിഭാഗത്തെ ഇളക്കിവിടാൻ നോക്കുന്ന അതേ വേളയിൽതന്നെ തൊട്ടടുത്തുള്ള കർണാടകയിൽ ക്രൈസ്തവ വിദ്യാഭ്യാസകേന്ദ്രങ്ങൾക്കും മതസ്ഥാപനങ്ങൾക്കുമെതിരെ അക്രമം അഴിച്ചുവിടുന്നു സംഘ്പരിവാർ. അതിനു പുറമെ മതംമാറ്റം തടയാനെന്ന പേരിൽ നിയമം മുന്നോട്ടുവെക്കുേമ്പാഴും ലക്ഷ്യമിടുന്നത് ഈ ന്യൂനപക്ഷ സമുദായങ്ങളെതന്നെ. ഈ നിയമത്തിെൻറ ദുഷ്ടലാക്ക് വിശദമാക്കുകയാണ് പ്രതിരോധങ്ങൾക്കു മുന്നിൽ നിൽക്കുന്ന ബംഗളൂരു ആർച് ബിഷപ് പീറ്റർ മക്കാഡോ, ചലച്ചിത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ കെ.പി. ശശിയുമായി നടത്തിയ സംഭാഷണത്തിൽ
അടിസ്ഥാനപരമായി മതം വ്യക്തിപരമായ വിഷയമാണ്. ഒപ്പംതന്നെ സാമൂഹികവും സാമുദായികവും ദേശീയവുമായ വിഷയവുമാണ്. ഇന്ത്യക്ക് അതിമനോഹരമായ ഒരു ഭരണഘടനയുണ്ട്. എല്ലാ മതങ്ങളുടെയും വിശ്വാസധാരകളുടെയും കണികകൾ ഉൾക്കൊള്ളുന്ന മതേതര ഭരണഘടനയാണത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം ഏതെങ്കിലും ഒരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നത് ആശ്വാസ്യമല്ല. മതപരിവർത്തനവിരുദ്ധ നിയമം എന്ന പേരിൽ കൊണ്ടുവരുന്ന ഈ നിയമംതന്നെ അനാവശ്യമാണ്. നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാൻ ഭരണഘടനയിൽതന്നെ ഇരുപതോളം നിയമവകുപ്പുകളുണ്ട്. ബലപ്രയോഗത്തിലൂടെയോ ഭയപ്പെടുത്തിയോ വഞ്ചനയിലൂടെയോ മതംമാറ്റുന്നതിനെതിരെ നടപടിയെടുക്കാൻ മതിയായ നിയമങ്ങൾ നിലവിലുണ്ട്. ഈ നിയമം ക്രൈസ്തവർക്കെതിരെ വിവേചനപരമായി ഉപയോഗിക്കപ്പെടുമെന്നും കരുതുന്നു, അത് അംഗീകരിക്കാനാവില്ല. രാജ്യത്താകമാനം രണ്ടു ശതമാനം മാത്രമുള്ള സമുദായമാണ് ഞങ്ങൾ.
മതവിശ്വാസം പരിപാലിക്കുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ഒരു തെറ്റും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നിരിക്കെ ക്രിമിനലുകളെപ്പോലെ ഈ സമുദായത്തെ മുദ്രകുത്താൻ നോക്കുന്നതെന്തിനാണ്. ന്യൂനപക്ഷ പദവിക്കുമേൽതന്നെ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ക്രൈസ്തവരെ പ്രയാസപ്പെടുത്തുന്നുണ്ട്. ചില സംഘങ്ങൾ അവർക്ക് തോന്നുന്നതെല്ലാം ചെയ്യാനുള്ള അനുമതി ലഭിച്ച മട്ടിലാണ് ആരാണ് ക്രൈസ്തവർ എന്നും അല്ലാത്തതെന്നുമൊക്കെ അന്വേഷിക്കാനും സമൂഹത്തിലെ സമാധാനവും മൈത്രിയും ഇല്ലാതാക്കാനും ശ്രമിച്ചുവരുന്നത്.
ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നു, അതു തടയാൻ എന്ന പേരിൽ ആദ്യമായി ഇത്തരമൊരു നിയമം പാസായത് ഒഡിഷയിലാണ്- 1967ൽ. ക്രൈസ്തവർ സകലരെയും മതംമാറ്റുന്നു എന്നൊരു പ്രചാരണവും അക്കാലം മുതൽ മുഴക്കുന്നുണ്ട്. തുടർന്ന് ഏഴോ എട്ടോ സംസ്ഥാനങ്ങൾ ഈ നിയമം കൊണ്ടുവന്നു.
തെന്നിന്ത്യയിൽ ആദ്യമായി കർണാടകയിലാണ് ഈ നിയമം വരുന്നത്. ഒരുപക്ഷേ, രാജ്യത്ത് മതംമാറ്റം പൂർണമായി നിരോധിക്കുന്ന നിയമവും ഒരുനാൾ വരാൻപോലും സാധ്യതയുണ്ട്. ഇന്ത്യ വൈവിധ്യമാർന്ന പാരമ്പര്യങ്ങളും മതങ്ങളുമുള്ള ഒരു പോസിറ്റിവ് രാജ്യമാണ്. ലോകത്തെ എല്ലാ സംസ്കാരങ്ങളെയും വരവേറ്റ നാട്. എന്നിട്ടിപ്പോൾ അതിനു വിരുദ്ധമായ ഒരു സന്ദേശം ലോകത്തിന് നൽകുന്നത് കരണീയമല്ല. ക്രൈസ്തവരെ, അല്ലെങ്കിൽ മറ്റൊരു മതത്തെ ഞങ്ങൾക്ക് ഭയമാണ്, ചില മതങ്ങൾക്ക് ഇവിടെ പൂർണ സ്വാതന്ത്ര്യം നൽകും, മറ്റു ചിലർക്ക് പരിമിത സ്വാതന്ത്ര്യം എന്ന മട്ടിലൊരു നിലപാട് ആലോചിക്കുന്നതുപോലും ഇന്ത്യൻ ഭരണഘടനക്കും ഇന്ത്യ എന്ന സങ്കൽപത്തിനും കടകവിരുദ്ധമാണ്.
അതെ, രണ്ടു തരത്തിലാണ് ഈ പീഡനം. സമൂഹത്തിൽ സംശയം ജനിപ്പിക്കുകയും മതപ്രചാരണം നടത്തുന്നവർ എന്തോ ക്രിമിനലുകളാണ് എന്ന പ്രതീതി സൃഷ്ടിക്കലുമാണ് ഒരു രീതി. മറ്റൊന്ന്, പരസ്യമായ ദ്രോഹവും അതിക്രമങ്ങളുമാണ്. അതിനായി ചില ഗ്രൂപ്പുകൾ നിയമം കൈയിലെടുത്ത് ഇറങ്ങുന്നു. ഞങ്ങൾ മാത്രം മതി, മറ്റെല്ലാവരും ശല്യങ്ങളാണെന്നും അവരെ ഇവിടെ അനുവദിക്കില്ലെന്നും പ്രഖ്യാപിക്കുന്നു. പലയിടത്തും കയറി തിരച്ചിൽ നടത്തുന്നു, ചോദ്യം ചെയ്യുന്നു- അങ്ങനെ പലവിധത്തിൽ ഒരു വിഭാഗം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.
ഒഡിഷയിലെ കണ്ഡമാലിൽ സകല പരിധിയും ലംഘിച്ച അതിക്രമങ്ങളായിരുന്നു. വീടുകൾ കത്തിച്ചും കൊന്നും അവിടെ ഞങ്ങൾക്ക് ജീവിക്കാൻപോലും അനുവാദമില്ലാത്ത വിധമാക്കിക്കളഞ്ഞു. ഇതിനു പുറമെ ക്രൈസ്തവരുടെ, വിശിഷ്യാ പരിവർത്തിത ക്രൈസ്തവരുടെ പല സാമൂഹിക-സാമ്പത്തിക അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതായത്, മതംമാറുന്നതോടെ ഒരാൾക്ക് ലഭിക്കുന്ന അവകാശങ്ങളോ ആനുകൂല്യങ്ങളോ നിയന്ത്രിതമാക്കുന്നു എന്നു വരുേമ്പാൾ അയാൾ എന്തോ തെറ്റു ചെയ്തു എന്ന ചിന്ത സൃഷ്ടിക്കാനും മറ്റു മതങ്ങൾ ആശ്ലേഷിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്താനുമാണ് കാരണമാകുക. നമ്മുടെ ഭരണഘടന മതം മാറാൻ എല്ലാവിധ സ്വാതന്ത്ര്യവും നൽകുന്നുവെന്നിരിക്കെ ആ സ്വാതന്ത്ര്യം വിനിയോഗിച്ചവരെ ഇപ്രകാരം ശിക്ഷിക്കുന്നത് എങ്ങനെ ശരിയാവും?
ഭരണഘടനയുടെ 25ാം വകുപ്പ് ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നു. ഡോ. അംബേദ്കർ തികഞ്ഞ ക്രാന്തദർശിയായ ഒരു നിയമനിർമാതാവായിരുന്നു. മതംമാറ്റം ഭരണഘടനയുടെ അടിസ്ഥാന ഘടകംതന്നെയാണെന്ന് അദ്ദേഹം കാണിച്ചുതന്നു. ഭരണഘടനയുടെ 14ാം വകുപ്പ് തുല്യതയാണ് സംസാരിക്കുന്നത്. എല്ലാവരും തുല്യരാണ്. അതിൻപ്രകാരം ക്രൈസ്തവർ, ഹിന്ദുക്കൾ, മുസ്ലിംകൾ എന്നിങ്ങനെ ഒരു വിവേചനവുമില്ല. ഇത്ര വിശാലമായ അനുമതി നിലനിൽക്കെ ഇത്തരം നിയന്ത്രണങ്ങൾ എങ്ങനെയാണ് മുന്നോട്ടുവെക്കാനാവുക.
എവിടെയെങ്കിലും ബലപ്രയോഗത്തിലൂടെ മതംമാറ്റം നടക്കുന്നുവെങ്കിൽ നടപടി സ്വീകരിക്കണം, അതിന് ഭരണഘടനയിൽ വകുപ്പുകളുണ്ട്. പുതിയ നിയമം കൊണ്ടുവരുകയല്ല വേണ്ടത്. ബലപ്രയോഗം മുഖേനയുള്ള പരിവർത്തനം തടയാനാണ് നിയമമെന്നും ക്രൈസ്തവർ അത് ചെയ്യുന്നുവെന്നുമാണ് നിയമത്തിനുവേണ്ടി വാദിക്കുകയും നിയമം കൈയിലെടുത്ത് ഇറങ്ങുകയും ചെയ്യുന്നവർ പറയുന്നത്.
ഇന്ത്യപോലൊരു രാജ്യത്ത് ബലംപ്രയോഗിച്ചും എന്തെങ്കിലും പാരിതോഷികങ്ങളോ സമ്മാനങ്ങളോ കൊടുത്തും ആളുകളെ അനായാസം മതംമാറ്റാനാകുമെന്ന് പറയുന്നതിൽതന്നെ അസ്വാഭാവികതയുണ്ട്. ആളുകൾക്ക് പാരിതോഷികം കൊടുത്താൽ അവർ അവ ഉപയോഗിച്ചാലും പഴയ വിശ്വാസത്തിലേക്ക് വരും. പാവങ്ങളും ദുർബലരും നിരക്ഷരരുമായ ആളുകളെ ഞങ്ങൾ മതംമാറ്റുന്നുവെന്നാണ് ആരോപിക്കാറ്. അതും അങ്ങനെ എളുപ്പമാണെന്ന് കരുതുന്നുണ്ടോ. അതേസമയം, ഈ പറയുന്ന ആളുകൾതന്നെ രാഷ്ട്രീയത്തിൽ തങ്ങളുടെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കുമായി പാവങ്ങെളയും നിരക്ഷര ജനതയെയും ഉപയോഗിക്കുന്നതാണ് നാം കാണുന്നത്.
ക്രൈസ്തവർ വീടുകളിൽ തോക്കുകൾ സൂക്ഷിച്ചുവെക്കുന്നില്ല, വീടുകളിൽ മയക്കുമരുന്നും സംഭരിക്കുന്നില്ല. ആവുംവിധമെല്ലാം രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനുമാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുരാലയങ്ങളിലും ക്രൈസ്തവർക്ക് ഒരു നിലവാരത്തിലും മറ്റുള്ളവർക്ക് മറ്റൊരു നിലവാരത്തിലുമുള്ള പരിഗണനയും പരിരക്ഷയുമല്ല നൽകുന്നത്.
എന്തൊരു തമാശയാണത്. ബംഗളൂരുവിൽ മാത്രം ആയിരത്തോളം സ്കൂളുകൾ ക്രൈസ്തവ സഭകൾക്കുണ്ട്. ഒരു കുഞ്ഞിനെയെങ്കിലും അതുവഴി മതംമാറ്റിയ സംഭവം കാണിച്ചുതന്നാൽ കർശന നടപടിയെടുക്കാനും അവ അടച്ചുപൂട്ടാനും തയാറാണെന്ന് ഞാൻ മുമ്പ് പ്രഖ്യാപിച്ചത് ആവർത്തിക്കുന്നു. കോവിഡ് കാലമാണല്ലോ നമ്മൾ കടന്നുപോയത്.
സെൻറ് ജോൺ മെഡിക്കൽ കോളജിൽ 900 കോവിഡ് രോഗികളെയാണ് ഒരേ സമയം അഡ്മിറ്റ് ചെയ്തിരുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാൽ ചികിത്സ നൽകാമെന്ന് ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഏറ്റവും തരംതാണ രീതിയാണ് എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങൾ ഈ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 2.1 ശതമാനമായി കുറഞ്ഞു. കുടുംബങ്ങളുടെ അംഗസംഖ്യ ഇപ്പോൾ പണ്ടത്തേതുപോലെയല്ല, കുറഞ്ഞുവരുകയാണ്. ക്രൈസ്തവർ മറ്റു മതങ്ങളിലേക്ക് മാറുന്നുമുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ കുറവ് സംഭവിച്ചത്.
തീർച്ചയായും. ഇപ്പോൾ അഡ്മിഷൻ നടക്കുന്ന വേളയിലും പല വലിയ രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഞങ്ങളെ എതിർക്കുന്നവരും നടത്തുന്ന ശിപാർശ വിളികളും കത്തുകളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഓരോ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനവും. സ്കൂളുകളിലൂടെ ബലംപ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ മതംമാറ്റുന്നുണ്ടെങ്കിൽ അവർ ഇതുപോലെ അഡ്മിഷൻ ആവശ്യപ്പെടുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.