മിത്രധർമം കരുതിയാണ് ഇത്രടം ക്ഷമിച്ചതും വികാരഭരിതരായ എം.പിമാരെയും മന്ത്രിമാരെയുമൊക്കെ തണുപ്പിച്ചു നിർത്തിയതും. എന്നാൽ, പോറ്റമ്മ ചിറ്റമ്മയായി ഇങ്ങനെ ചുറ്റിച്ചു കളയുമെന്നു കണ്ണു തള്ളിപ്പോയത് ബജറ്റ് പുറത്തുവന്നപ്പോഴാണ്. മുഴൂവൻ എം.പിമാരും എൻ.ഡി.എ സഖ്യം വിടാൻ തിടുക്കം കൂട്ടിയപ്പോൾ മന്ത്രിസഭയിെല കൂട്ടിരിപ്പുകാരൻ ധനമന്ത്രി യനമാല രാമകൃഷ്ണുഡുവാണ് ഒന്നു കാത്തിരിക്കാൻ പറഞ്ഞത്; കേന്ദ്രെൻറ ബജറ്റ് വരുന്നതുവരെ. ആ അവധിയെത്തി ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വന്തക്കാർക്കെല്ലാം മോദിയും ജെയ്റ്റ്ലിയും ഇല നിറച്ച് വിളമ്പി. അേപ്പാഴും ചന്ദ്രബാബു നായിഡുവിെൻറയും ആന്ധ്രയുടെയും കുമ്പിളിലേക്ക് കഞ്ഞി പോയിട്ട് വറ്റു പോലുമില്ല എന്നായി. അമരാവതിയെ തലസ്ഥാനമായി കെട്ടിെപ്പാക്കാൻ സാമ്പത്തികസഹായം, പോളാവാരം പദ്ധതി, കടപ്പയിലെ സ്റ്റീൽ പ്ലാൻറ്, വിശാഖപട്ടണം റെയിൽവേ സോൺ, വികസനപദ്ധതികൾക്ക് പ്രത്യേക കേന്ദ്രസഹായം തരപ്പെടാൻ വിഭജിത സംസ്ഥാനത്തിന് പ്രത്യേകപദവി... വേണ്ടതെല്ലാം ബജറ്റിനു മുമ്പായി തന്നെ ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സവിധത്തിൽ സമർപ്പിച്ചതാണ്.
എല്ലാമായിട്ടും ബജറ്റിെൻറ വോള്യങ്ങൾ മുഴുവൻ മഷിയിട്ടുനോക്കിയിട്ടും അവിടെയെങ്ങും ആന്ധ്രയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. എല്ലാം കൂട്ടിക്കിഴിച്ചപ്പോൾ കട്ടക്കലിപ്പുണ്ട് കേന്ദ്രത്തോട്. പക്ഷേ, അത് പ്രകടിപ്പിച്ചിട്ട് കാര്യമുണ്ടോ എന്ന കാര്യകാരണബോധ്യം പിറകോട്ട് പിടിച്ചുവലിക്കുന്നുമുണ്ട്. ഇപ്പോൾ തന്നെ തങ്ങളെ തൊടാതെ നേരിട്ട് കേന്ദ്രത്തിെൻറ തോളിലേക്ക് കൈയിട്ടിരിക്കുന്ന ആജന്മശത്രു ജഗൻ രാജശേഖര റെഡ്ഡിയുടെ നേരെ നോട്ടമിട്ടതുകൊണ്ടാണ് ബി.െജ.പി നായിഡുവിനെ കാണാതെ പോകുന്നത് എന്ന് മറ്റാരേക്കാളുമറിയുക നായിഡുവിനാണ്. അതിനാൽ, എൻ.ഡി.എ സഖ്യത്തെ കൊള്ളാനും തള്ളാനുമാവാത്ത വല്ലാത്ത ദുര്യോഗത്തിലാണ് ഗതകാല ദേശീയ രാഷ്ട്രീയത്തിലെ ന്യൂസ്മേക്കറും കിങ്മേക്കറുമായിരുന്ന ഇൗ ഉഗ്രപ്രതാപി. ഇന്ന്, ഞായറാഴ്ച ചേരുന്ന എം.പിമാരുടെ അടിയന്തരയോഗം രണ്ടിലൊന്നു തീരുമാനിക്കും എന്നാണ് ഒടുവിലെ വാർത്ത.
ആന്ധ്ര രാഷ്ട്രീയത്തിലെ താരോദയം പോലെ വിസ്മയകരമായിരുന്നു നാര ചന്ദ്രബാബു നായിഡുവിെൻറ ദേശീയ, അന്തർദേശീയ തലത്തിലേക്കുള്ള കുതിപ്പും. കർഷകനാടായ ചിറ്റൂരിലെ നരവരി പള്ളിയിൽ കൃഷീവലനായ എൻ. ഖർജൂര നായിഡുവിെൻറ മകനായി 1951ഏപ്രിൽ 20ന് പിറന്ന ചന്ദ്രബാബു, ഗ്രാമത്തിൽ പള്ളിക്കൂടമില്ലാത്തതിനാൽ പുറത്താണ് വിദ്യാഭ്യാസം നേടിയത്. ശേഷപുരത്തു സ്കൂൾ പഠനം തുടങ്ങി തിരുപ്പതിയിൽ എസ്.വി ആർട്സ് കോളജിൽ സാമ്പത്തികശാസ്ത്രത്തിലെ മാസ്റ്റർ ബിരുദത്തിൽ അവസാനിപ്പിച്ചു. പിന്നെ ഗവേഷണപഠനത്തിനു ചേർന്നെങ്കിലും മുന്നോട്ടുപോയില്ല. പഠനത്തിെൻറ കൂടെ രാഷ്ട്രീയത്തിലും തലയിട്ടു. കോൺഗ്രസുകാരനായി തുടക്കം. അടിയന്തരാവസ്ഥയുടെ കാലത്ത് അതിെൻറ പ്രണേതാവായ സഞ്ജയ്ഗാന്ധിയുടെ സ്റ്റേറ്റിലെ വിശ്വസ്തരിലൊരാളായിരുന്നു. മുഖ്യധാരയോടും എസ്റ്റാബ്ലിഷ്മെൻറിനോടുമുള്ള ഒട്ടിനിൽപ് അവിടം തൊട്ടു തുടങ്ങുന്നുണ്ട്. 1978 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിസീറ്റുകളിൽ 20 ശതമാനം യുവാക്കൾക്ക് സംവരണം ചെയ്ത ആനുകൂല്യത്തിൽ നേടിയെടുത്ത ചന്ദ്രഗിരിയിൽ കന്നിജയം നേടി സഭയിലേക്ക്. ടി. അഞ്ജയ്യ മുഖ്യമന്ത്രിയായപ്പോൾ കാബിനറ്റിലേക്ക് 28 കാരൻ നായിഡുവിനെയും കൂട്ടി.
മന്ത്രിസഭയിലെ ബേബിക്ക് കിട്ടിയ വകുപ്പ് സാേങ്കതിക വിദ്യാഭ്യാസവും സിനിമാേട്ടാഗ്രാഫിയും. തെലുങ്ക് സിനിമയിലെ കുലപതി എൻ.ടി. രാമറാവുവുമായി പരിചയത്തിലാകുന്നത് അങ്ങനെയാണ്. രണ്ടു കൊല്ലം കഴിഞ്ഞ് ആ സൗഹൃദത്തിനു ഫലവുമുണ്ടായി. രാമറാവുവിെൻറ മൂന്നാമത്തെ മകൾ ഭുവനേശ്വരിയെ 1980ൽ വിവാഹം ചെയ്തു. 1982ൽ രാമറാവു തെലുഗുദേശം പാർട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ മരുമകെൻറ കോൺഗ്രസുമായായിരുന്നു മത്സരം. അക്കൊല്ലം നിയമസഭ തെരഞ്ഞെടുപ്പിൽ രാമറാവു തൂത്തുവാരി. നായിഡു കോൺഗ്രസ് സ്ഥാനാർഥിയായി തോറ്റു. എങ്കിൽ പിന്നെ നല്ലത് തെലുഗുദേശം എന്ന തീർപ്പിലെത്തി. പാർട്ടിയിൽ മികവു തെളിയിച്ചത് രാമറാവുവിനെതിരെ എൻ. ഭാസ്കരറാവു അട്ടിമറിക്കു ശ്രമിച്ച നാളുകളിലാണ്. എം.എൽ.എമാരെ ഒന്നിച്ചു താമസിപ്പിച്ചു ഡൽഹിയിലെത്തിച്ചു രാഷ്ട്രപതിയുടെ മുന്നിൽ പരേഡ് നടത്തിച്ചു ഇന്ത്യൻ രാഷ്ട്രീയത്തിൽ രാമറാവു പുതിയ കീഴ്വഴക്കം കാഴ്ചവെച്ചതിനു പിന്നിൽ നായിഡുവിെൻറ തലയായിരുന്നു. അതുവഴി പാർട്ടി ജനറൽ സെക്രട്ടറിയായി. അടുത്ത ടേമിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചെങ്കിലും പാർട്ടി പ്രതിപക്ഷത്തായി. ആ റോളും മോശമാക്കിയില്ല. സംസ്ഥാനത്തുടനീളം സഞ്ചരിച്ചു സമ്പാദിച്ച ജനപ്രിയതയിൽ 1995ൽ അധികാരമേറി മുഖ്യമന്ത്രി പദത്തിലേക്ക്.
കർഷകെൻറ മകനെ പിന്നീട് കാണുന്നത് വിശ്വത്തോളം വളർന്ന ടെക്കി മുഖ്യമന്ത്രിയായാണ്. കർഷകർക്കുള്ള സബ്സിഡി വെട്ടിച്ചുരുക്കി. അവർക്കുവേണ്ട വൈദ്യുതിയുടെ നിരക്കുയർത്തി. അരിയും മുളകും കൃഷി ചെയ്തുവന്ന നാടിനെ െഎ.ടി കൃഷിയിലൂടെ ലോകസമക്ഷം കൊണ്ടുവരാനായിരുന്നു പ്ലാൻ. ‘ബൈ ബൈ ബാംഗ്ലൂർ, ഹലോ ഹൈദരാബാദ്’ എന്നായിരുന്നു മുദ്രാവാക്യം. അതിന് വൻ ശക്തികളുടെയും ആഗോളകുത്തകകളുടെയുമൊക്കെ സഹായം തേടി. ബിൽ ക്ലിൻറണും ടോണി ബ്ലെയറും ആന്ധ്രയിലെത്തി. ലോകബാങ്കിെൻറ ഫണ്ടു വരവായി. ആേഗാള കൺസൾട്ടൻറ് മക്കിൻസിയുടെ ശിപാർശയിൽ ‘വിഷൻ 2020’ ന് രൂപം നൽകി. ടൈം മാഗസിെൻറ ഏഷ്യൻ മാൻ ഒാഫ് ദ ഇയറായി. അങ്ങനെ െഎ.ടിയുടെ മികച്ച ഹബ്ബായി ഹൈദരാബാദ് മാറി. പടിഞ്ഞാറിെൻറ അതിപ്രിയ താരങ്ങളിലൊരാളായി നായിഡുവും. ഇന്നത്തെ നരേന്ദ്ര മോദി വായ്ത്താരിയുമായി പടിഞ്ഞാറ് ഇറങ്ങുന്നതു സ്വപ്നം കാണും മുമ്പ് വാക്കൊതുക്കി പടിഞ്ഞാറിനൊത്ത വൈഭവം ഭരണത്തിൽ പ്രകടമാക്കി കണ്ണുതെളിഞ്ഞയാളാണ് നായിഡു. എല്ലാമായിെട്ടന്ത്? വളർത്തിയെടുത്തതെല്ലാം സംസ്ഥാനവിഭജനത്തിെൻറ പേരിൽ തെലങ്കാനക്കു നൽകേണ്ടി വന്നു. ഇനി എല്ലാം ‘അ’യിൽ നിന്നു തുടങ്ങണം; പുതിയ തലസ്ഥാനനഗരിയുടെ നിർമാണം പോലും. അതിനു കേന്ദ്രത്തിനു നേരെ നീട്ടിയ കൈയാണ് ഇപ്പോൾ തട്ടി മാറ്റിയിരിക്കുന്നത്.
നായിഡുവിനെതിരായ മോദിയുടെ െകറുവ് തന്നെയാണ് അവഗണനക്കു പിന്നിലെന്നാണ് അണിയറ സംസാരം. മോദിപ്രഭ മങ്ങുകയും രാഹുലിെൻറ ശോഭ തെളിയുകയും ചെയ്യുേമ്പാൾ ബി.ജെ.പി ഇതര മുന്നണിക്കുള്ള സാധ്യത തെളിയുകയാണ് കേന്ദ്രത്തിൽ. ജയലളിത മരിച്ചു. മായാവതി തോറ്റു മൂലയിലായി. നിതീഷ്കുമാറിനെ എൻ.ഡി.എ വരുതിയിലാക്കി. ലാലുവിെന ജയിലിലാക്കി. ഇനി ദേശീയസാധ്യതയുള്ള രണ്ടുപേർ ബംഗാളിലെ മമതയും ആന്ധ്രയിലെ നായിഡുവുമാണ്. അതിനാൽ, നായിഡുവിനെ ഒരു നിലക്കും തലപൊക്കാൻ അനുവദിക്കാതിരിക്കുകയെന്ന മോദിപ്പകയുടെ ഇരയാണ് നായിഡുവും തെലുഗുദേശവും അതുവഴി ആന്ധ്രയും. അതിനാൽ ഇനി രണ്ടും കൽപിച്ചൊരു നീക്കത്തിലൂടെ മാത്രമേ പഴയ ശൗര്യം തിരിച്ചുപിടിക്കാനും ബി.ജെ.പിയുടെ ചിറ്റമ്മച്ചുറ്റിൽ നിന്നു രക്ഷപ്പെടാനുമാവൂ. അതിനുള്ള ത്രാണിയാണിനി നായിഡുവിൽ കാണാൻ ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.