പാലക്കാട് കറുകപുത്തൂർ അകിലാണ്ടം എളാട്ടുവളപ്പിൽ ശ്രീധരൻ ജന്മംകൊണ്ടും മനസ്സുകൊണ്ടും ശുദ്ധ ഗ്രാമീണനാണെങ്കിലും മഹാനഗരങ്ങൾക്ക് മുകളിലൂടെയാണ് പറക്കുന്നത്. കേരളവും അതിെൻറ ഗ്രാമമനസ്സും മാത്രമല്ല, രാജ്യംതന്നെ ഇ. ശ്രീധരനെന്ന പേരുകേട്ടാൽ അഭിമാനംകൊണ്ട്, തല ഒന്നുകൂടെ ഉയർത്തിപ്പിടിക്കും. അതുകൊണ്ടാണ് ശനിയാഴ്ച കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും ‘മെട്രോമാൻ’ താരമായത്. ശ്രീധരെൻറ പേര് ഉയർന്നപ്പോഴെല്ലാം നിറഞ്ഞ കരഘോഷം കടൽപോലെ ഇരമ്പി. സർക്കാർ സർവിസിൽനിന്ന് വിരമിച്ചാലും വിശ്രമിക്കാൻ കഴിയാത്ത ഒൗദ്യോഗിക ജീവിതം അപൂർവം പേർക്കേ ലഭിക്കൂ. അതാണ് എളാട്ടുവളപ്പിൽ ശ്രീധരെൻറ കർമകാണ്ഡം.
കൊൽക്കത്ത, ഡൽഹി മെട്രോകൾ, കൊങ്കൺ റെയിൽപാത, ഒടുവിൽ കേരളത്തെ മെട്രോ ട്രാക്കിലേക്ക് ഉയർത്തിയ കൊച്ചി മെട്രോ... അവിടെയെല്ലാം ശ്രീധരെൻറ കൈയൊപ്പുണ്ട്. സമയബന്ധിതമായി ഒരു പദ്ധതിയും പൂർത്തിയാക്കാനാവാത്ത നമ്മുടെ അനുഭവങ്ങളിൽ ഇൗ എൻജിനീയർ കാണിച്ചുതന്നത് വിസ്മയങ്ങൾ മാത്രം. അദ്ദേഹത്തിെൻറ ഉപദേശത്തിന് അനുസരിച്ചു നീങ്ങിയാൽ പദ്ധതികൾ റോക്കറ്റ്പോലെ കുതിക്കും. കാലം അവിടെ തലകുമ്പിട്ടു നിൽക്കും. ഒരു ലക്ഷ്യത്തിൽനിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക്, വിശ്രമമില്ലാതെ ഒാടുേമ്പാൾ ആളും അർഥവും ശ്രീധരനു മുന്നിൽ പ്രശ്നമല്ല. ചില്ലറ വിവാദങ്ങളും തർക്കങ്ങളും ഉടക്കുകളും വരുേമ്പാഴും ശ്രീധരൻ പതറിയ ചരിത്രമില്ല. ഒരു പാലക്കാടൻ ഗ്രാമീണെൻറ സൗമ്യതയും ചെറുപുഞ്ചിരിയും അദ്ദേഹത്തിെൻറ ഒപ്പം എന്നും ഉണ്ട്. തലമുറകളായി ഒരു നാടിെൻറ ആശ്രയമായിരുന്ന വൈദിക ശ്രേഷ്ഠൻ നീലകണ്ഠ മൂസാണ് പിതാവ്. അമ്മ അമ്മാളു അമ്മ. സ്വഭാവത്തിൽ ഗുരു ആരാണെന്ന് ചോദിച്ചാൽ ഉത്തരം അമ്മ തന്നെ.
വികസന നിഘണ്ടുവിൽ ‘അസാധ്യ’മെന്നു കരുതുന്നതെല്ലാം സാധ്യമാണെന്ന് തിരുത്തി എഴുതുക മാത്രമല്ല, കൺവെട്ടത്ത് ചുരുങ്ങിയ സമയംകൊണ്ട് പ്രയോഗത്തിലാക്കുകയും ചെയ്യുന്ന ‘മെട്രോമാനെ’ പല രാജ്യങ്ങളും മാടിവിളിച്ചിട്ടുണ്ട്. ഡൽഹി മെട്രോയും കൊങ്കൺപാതയും ഒക്കെയാണ് മാതൃകകൾ. 1932 ജൂലൈ 12ന് ജനിച്ച ശ്രീധരന് ഇന്നും യുവത്വമാണ്. കൃത്യമായ ജീവിത നിഷ്ഠകളൊന്നും ഏതു തിരക്കിലും കൈവിടുന്ന പ്രശ്നമില്ല. കാഴ്ചപ്പാടിൽ മാത്രമല്ല, കൃത്യനിർവഹണത്തിലും ഒരുപോലെ ഉൗർജസ്വലത.
ദിവസവും പുലർച്ചെ നാലരമണിക്ക് ഉണരും. പ്രാണായാമം പോലുള്ള മുറകൾ. അൽപസമയം ഭാഗവതം വായിച്ചശേഷം യോഗാഭ്യാസം. പിന്നീട് നടത്തം. കുളിയും പ്രാതലും കഴിഞ്ഞാൽ നേരെ ഒാഫിസിൽ, അപ്പോൾ സമയം കൃത്യം 8.45. രാത്രി ഒമ്പതരയോടെ ഉറങ്ങാൻ കിടക്കുന്ന ശീലവും തെറ്റിക്കാറില്ല.
പാലക്കാട് വിക്ടോറിയ കോളജിലും കാക്കിനാഡയിലെ ഗവ. എൻജിനീയറിങ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. േകാഴിക്കോെട്ട പോളിടെക്നിക്കിൽ കുറച്ചുകാലം അധ്യാപകനായി. അതുകഴിഞ്ഞ് ബോംബെ തുറമുഖ ട്രസ്റ്റിൽ അപ്രൻറിസ്. 1954 ഡിസംബറിലാണ് ഇന്ത്യൻ റെയിൽവേയിൽ എൻജിനീയറായത്. പിന്നീട് നേട്ടങ്ങളും അംഗീകാരങ്ങളും ഒന്നിനുപിന്നാലെ ശ്രീധരനെ തേടിയെത്തുകയായിരുന്നു. ഏതു കഠിനാധ്വാനവും ദൃഢമനസ്സോടെ ഏറ്റെടുക്കും.
അരനൂറ്റാണ്ടിനപ്പുറത്തേക്ക് ഒന്ന് പോകാം. രാമേശ്വരവും തമിഴ്നാടും ഇണചേർക്കുന്ന പ്രശസ്തമായ പാമ്പൻ പാലം. 1963ൽ പാലം പൂർണമായും കടൽ വിഴുങ്ങിയപ്പോൾ ആ നാട് മാത്രമല്ല, രാജ്യംതന്നെ ഒന്ന് ഞെട്ടി. പ്രധാനമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് യുദ്ധവേഗതയിൽ പാലം പണി തീർക്കാൻ തീരുമാനിച്ചത്. റെയിൽവേയും സർക്കാറുകളും എത്ര കണക്കുകൂട്ടിയിട്ടും ചുരുങ്ങിയത് മൂന്നുമാസം സമയമില്ലാതെ പാലം തീരില്ല. അത് ആറുമാസംവരെ നീളാം. പുനർനിർമാണ ചുമതല ആരെ ഏൽപിക്കുമെന്ന ചോദ്യത്തിന് മറുപടിയായി വന്നത് 31 വയസ്സുള്ള എക്സിക്യൂട്ടിവ് എൻജിനീയർ ഇ. ശ്രീധരൻ. പഴയ പാലത്തിെൻറ ആണ്ടുപോയ തൂണുകൾ തൊഴിലാളികൾ പൊക്കിയെടുത്തു. വിശ്രമം അറിയാതെ അവർ ശ്രീധരെൻറ മേൽനോട്ടത്തിൽ ജോലി ചെയ്തപ്പോൾ 46 ദിവസംകൊണ്ട് പഴയ പ്രതാപത്തിൽ തന്നെ പാമ്പൻപാലം ഉയർന്നുനിന്നു. റെയിൽവേ മന്ത്രി പ്രത്യേക പുരസ്കാരം നൽകി ഇ. ശ്രീധരനെ ആദരിച്ചു. പിന്നീട്, രാജ്യത്തെ ആദ്യ മെട്രോ കൊൽക്കത്തയിൽ തുടങ്ങിയപ്പോൾ അതിൽ പങ്കാളി, കൊച്ചിൻ ഷിപ്പ്യാർഡിെൻറ ചെയർമാൻ, മാനേജിങ് ഡയറക്ടർ, റെയിൽവേ ബോർഡംഗം, ഡൽഹി മെട്രോ പദ്ധതിയുെട അമരക്കാരൻ, കൊങ്കൺ റെയിൽപാതയുടെ ശിൽപി, കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ്... ഇങ്ങനെ പോവുന്നു ശ്രീധരെൻറ ട്രാക്ക്.
1990ലാണ് ശ്രീധരൻ ഇന്ത്യൻ റെയിൽവേയിൽനിന്ന് ഇറങ്ങിയത്. അന്ന് റെയിൽവേ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് കൊങ്കൺ റെയിൽപാത എന്ന ആശയം മാത്രമല്ല, ചുമതലയും ശ്രീധരന് കൈമാറി. പശ്ചിമഘട്ട മേഖലയിലൂടെ, 93 തുരങ്കങ്ങളും 147 വലിയ പാലങ്ങളും 1600 ചെറുപാലങ്ങളുമുള്ള 769 കി.മീറ്റർ റെയിൽപാത നിശ്ചയിച്ച സമയത്തിനുള്ളിൽ ശ്രീധരൻ പൂർത്തിയാക്കിയപ്പോൾ രാജ്യം മുഴുവൻ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ബി.ഒ.ടി വ്യവസ്ഥയിൽ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൻകിട പദ്ധതി എന്ന ഖ്യാതിയും കൊങ്കണ് ലഭിച്ചു. സമയം മാത്രമല്ല, പണവും ലാഭിച്ചുകൊണ്ടായിരുന്നു ശ്രീധരൻ വണ്ടി ഒാടിച്ചത്. കൊങ്കൺപാതയിലൂടെ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഇൗ മലയാളിയുടെ മിടുക്കിനു മുന്നിൽ നമിക്കാതിരിക്കില്ല. വാസ്തവത്തിൽ ശ്രീധരനെ കൊങ്കൺപാതക്കായി കേന്ദ്ര സർക്കാർ ദത്തെടുക്കുകയായിരുന്നു.
കൊച്ചിയിൽ മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ശ്രീധരെൻറ പേര് ആദ്യമൊന്ന് വെട്ടിപോയെങ്കിലും അതുപോലെ അദ്ദേഹം ക്ഷണിക്കപ്പെട്ടു.
അദ്ദേഹത്തിെൻറ പേര് വെട്ടിയത് ‘സ്റ്റേറ്റാ’ണെന്നും ‘സെൻററാ’ണെന്നും രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നെങ്കിലും എല്ലാം മണിക്കൂറുകൾക്കകം കെട്ടടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പെങ്കടുത്ത മെട്രോ ഉദ്ഘാടന ചടങ്ങിൽ ‘താര’മായതും മറ്റാരുമല്ലെന്ന് സദസ്സിൽ പെങ്കടുത്തവർക്കറിയാം. ആ പേര് പരാമർശിക്കപ്പെട്ടപ്പോഴെല്ലാം അറബിക്കടലിരമ്പംപോലെ കരഘോഷം ഉയർന്നു.
ചെറുതും വലുതുമായ സ്വപ്നങ്ങളും നടക്കാത്തതും നടക്കുന്നതുമായ കിനാവുകളും ഉണ്ട്. സ്വപ്നങ്ങൾ കാണുന്നതിന് ആർക്കും അതിരുവെക്കാനാവില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾ -സർക്കാറിനു മുന്നിലും ശ്രീധരനുമുന്നിലും സജീവമായ സ്വപ്നങ്ങളാണ്. അതിനായി കാത്തിരിക്കാം. കേരളത്തിെൻറ ആദ്യ മെട്രോ െകാച്ചിയുടെ താളം മാത്രമല്ല, ഇപ്പോഴുള്ള യാത്ര സംസ്കാരംതന്നെ മാറുമെന്നാണ് അദ്ദേഹത്തിെൻറ പ്രതികരണം.രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ ചൂടും ചർച്ചയും പടർന്ന രാജ്യത്ത് ഇ. ശ്രീധരെൻറ പേരും ചില കേന്ദ്രങ്ങൾ പരിഗണിക്കുന്നുണ്ടെന്ന സൂചനകൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും തല നീട്ടുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ശ്രീധരനെ നോക്കി സദസ്സ് കൈയടിച്ചത്. അസാധ്യമായി ഒന്നുമില്ലല്ലോ. എന്നാൽ, ശ്രീധരന് അവിടെയും തലക്കനമൊന്നുമില്ല. എവിടെയായാലും കർമകാണ്ഡം, ഒരു സ്വപ്നസവാരി പോലെ പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.