ഒരു മാസക്കാലത്തെ കഠിനവ്രതത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് മുസ്ലിംസമൂഹം ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വിശ്വാസിയുടെ ജഡികേച്ഛക്കു മുകളിൽ ആത്മീയ ശക്തി ആധിപത്യമുറപ്പിച്ചതിെൻറ ആഘോഷമാണ് ഈ പെരുന്നാൾ. കൊറോണ വൈറസിെൻറയും അതേത്തുടർന്നുള്ള ലോക് ഡൗണിെൻറയും പിടിവീണ രണ്ടാമത്തെ ചെറിയ പെരുന്നാൾ ആണിത്. പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും സമ്മാനിച്ചാണ് ഈ ആഘോഷവും കടന്നുവരുന്നത്.
വർഷത്തിലൊരിക്കൽ കടന്നുവരുന്ന റമദാൻ വ്രതകാലം വിശ്വാസിക്ക് ജീവിതത്തിനാവശ്യമായ മൂലധനം സമാഹരിക്കാനുള്ള അവസരമാണ്. പ്രധാനമായും രണ്ടുതരം മൂലധനങ്ങളാണ് ഈ വ്രതകാലത്ത് സമാഹരിക്കപ്പെടുന്നത്. ആത്മീയ മൂലധനവും (സ്പിരിച്വൽ കാപിറ്റൽ) സാമൂഹിക മൂലധനവും (സോഷ്യൽ കാപിറ്റൽ). പകലന്തിയോളം അന്നപാനീയങ്ങളും സുഖഭോഗങ്ങളും ത്യജിക്കുന്ന വ്രതത്തിലൂടെയും രാത്രികാലങ്ങളിൽ നീണ്ട പ്രാർഥനകളിലൂടെയും വിശുദ്ധ ഗ്രന്ഥത്തിെൻറ പാരായണത്തിലൂടെയും സമാഹരിച്ചെടുക്കുന്നതാണ് ആത്മീയ മൂലധനം.
മോശമായ വാക്കുകളിൽനിന്നും പ്രവൃത്തികളിൽനിന്നും ഉദ്ദേശ്യപൂർവം മാറിനിൽക്കുന്നതിലൂടെ ആത്മീയശക്തി കൂടുതൽ തിളക്കവും സ്ഫുടതയുമുള്ളതായിത്തീരുന്നു. ഇസ്ലാമിലെ ആത്മീയത അത്യന്തം ലളിതമായ വിഭാവനയാണ്. മനുഷ്യൻ സ്രഷ്ടാവുമായി സ്ഥാപിച്ചെടുക്കുന്ന സുദൃഢവും അഗാധവുമായ ബന്ധമാണ് ആത്മീയത. ജഡികേച്ഛകളെ നിയന്ത്രിക്കാനും ദുഷ് ചിന്തകളിൽനിന്നു രക്ഷ നേടാനും ഈ ബന്ധം അവന് കരുത്തുനൽകുന്നു. ഈ ആത്മീയശക്തിയുടെ പ്രഭ വിശ്വാസിയുടെ കണ്ണുകളിലും മുഖഭാവങ്ങളിലും അംഗചലനങ്ങളിലും സ്വഭാവചര്യകളിലും വെളിച്ചം വിതറുന്നു. തനിക്ക് മാത്രമല്ല, കൂടെ നിൽക്കുന്നവർക്കും ഈ പ്രഭ വെളിച്ചവും ആശ്വാസവുമായി മാറുന്നു.
റമദാനിൽ ശേഖരിക്കുന്ന രണ്ടാമത്തെ മൂലധനം സോഷ്യൽ കാപിറ്റൽ ആണെന്ന് പറഞ്ഞുവല്ലോ. ഒരിക്കൽ റമദാൻ മാസം ആരംഭിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം വിശ്വാസി സമൂഹത്തെ അഭിമുഖീകരിച്ച് മുഹമ്മദ് നബി ആസന്നമാസത്തിെൻറ സവിശേഷതകൾ പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഒരു വിശേഷണം സഹാനുഭൂതിയുടെ മാസം (ശഹ്റുൽ മുവാസാത്ത്)എന്നാണ്. 'മുവാസാത്ത്' എന്ന പദത്തിന് അനുയോജ്യമായ വാക്ക് എംപതി (Empathy) ആണ്. സഹജീവികൾ അനുഭവിക്കുന്ന ദുഃഖങ്ങൾ സ്വന്തം ദുഃഖമായി ഏറ്റെടുക്കാൻ കഴിയുന്നതാണല്ലോ എംപതി. അതേപോലെതന്നെ, കൂടെയുള്ളവർ സന്തോഷിക്കുമ്പോൾ അതേ അളവിൽ സന്തോഷിക്കാൻ കഴിയുന്നതും എംപതിയാണ്. സാമൂഹിക മൂലധനത്തിെൻറ ഏറ്റവും വലിയ പാഠവും പരിശീലനവുമാണിത്. ലോകത്തെങ്ങുമുള്ള വിശ്വാസി സമൂഹം ഏറ്റവും കൂടുതൽ ഉദാരമതികളായിത്തീരുന്നത് റമദാൻ മാസത്തിലാണ്. മറ്റുള്ളവരുടെ ദുഃഖങ്ങൾ കാണാനും അത് സ്വന്തം ദുഃഖമായി ഏറ്റെടുത്ത് പ്രാർഥിക്കാനും പ്രവർത്തിക്കാനും റമദാൻ ഒരു പ്രചോദനം തന്നെ. എംപതിയുടെ പാഠങ്ങൾ എത്രയോ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ലോകത്തുള്ള മുഴുവൻ അനാഥക്കുട്ടികളുടെയും പിതാവായി മാറാൻ പ്രവാചകന് കഴിഞ്ഞു.
ആത്മീയതയും സാമൂഹികപ്രതിബദ്ധതയും ഇസ്ലാമിൽ പരസ്പരവിരുദ്ധമല്ല. ആത്മീയതയുടെ ശോഭയാർന്നതും അതിനാൽ പ്രചോദിതവുമായ സാമൂഹിക പ്രതിബദ്ധതയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ചെറിയ പെരുന്നാൾ ഈ സമന്വയത്തിെൻറ ഏറ്റവും വലിയ ഉദാഹരണമാണ്. ശവ്വാൽപിറ തെളിഞ്ഞാൽ വിശ്വാസി ചെയ്യേണ്ടത് ധാന്യപ്പൊതികളുമായി അവശരെ അന്വേഷിച്ചിറങ്ങുകയാണ്. ആഹാരത്തിന് വകയില്ലാത്തവർക്ക് ആഹാരമെത്തിച്ചശേഷമേ നമസ്കാര സ്ഥലത്തേക്ക് വരാൻ വിശ്വാസിക്ക് അനുവാദമുള്ളൂ. ആരാധനകളുടെ രൂപവും ഭാവവും പെരുന്നാൾ ദിനത്തിൽ സവിശേഷതയുള്ളതാണ്. ഈശ്വരനല്ലാതെ ഒരു ഈശ്വരനുമില്ല, ഈശ്വരനാണ് ഏറ്റവും മഹാൻ, സർവ സ്തുതിയും ഈശ്വരനുതന്നെ (ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്) എന്നത് റമദാനിൽ ഉള്ളുനടുക്കുന്ന മന്ത്രങ്ങളാണ്.
എന്നാൽ, പെരുന്നാൾ ദിനത്തിൽ അത് ചക്രവാളത്തിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളാണ്. റമദാനിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ സ്വകാര്യതകളിൽ നിർവഹിക്കുന്ന പ്രാർഥനക്കാണ് പ്രാധാന്യം. വീടുകളിലും പള്ളികളിലും അത് നിർവഹിക്കുന്നു. എന്നാൽ പെരുന്നാൾ ദിനത്തിൽ പകലിലാണ്, പൊതു മൈതാനത്താണ് നമസ്കാരവും പ്രാർഥനയും. ആത്മീയതയുടെ ഔന്നത്യം സമൂഹത്തിലേക്ക് എങ്ങനെ വാതിൽ തുറക്കുന്നു എന്നതിെൻറ പാഠമാണ് റമദാനും പെരുന്നാളും. റമദാനിൽ നേടിയെടുത്ത ആത്മീയവും സാമൂഹികവുമായ മൂലധനത്തിെൻറ ആപ്ലിക്കേഷൻ ആരംഭിക്കുന്ന ദിനമാണ് ചെറിയ പെരുന്നാൾ.
മനുഷ്യ രാശിക്ക് പരിചയമില്ലാത്ത ഒരു മഹാമാരിയെയാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ മഹാമാരിയെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ഒരുകൂട്ടം ചോദ്യങ്ങളുണ്ട്. ഈ മഹാമാരി മനുഷ്യ സൃഷ്ടിയാണോ? ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ? വാക്സിനും ചികിത്സരീതികളും വൻ കോർപറേറ്റുകളുടെ ചൂഷണോപാധിയാണോ? ലോക്ഡൗണിെൻറ പ്രഖ്യാപനത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും രാഷ്ട്രീയതാൽപര്യങ്ങളും സാമുദായിക സങ്കുചിതത്വവും പ്രവൃത്തിക്കുന്നുണ്ടോ? പാർട്ടി ഘോഷയാത്രകളെ നിയന്ത്രിക്കാതിരിക്കുകയും ഈദുഗാഹുകളെ നിയന്ത്രിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങളിൽ പലതും പ്രസക്തമാണ്. ഇവ ഉന്നയിച്ചുകൊണ്ടിരിക്കാം. ഉത്തരം ലഭിക്കാനായി ശ്രമിക്കുകയും ചെയ്യാം. എന്നാൽ ഈ ചോദ്യങ്ങൾ ഒന്നുംതന്നെ നമ്മുടെ ജാഗ്രതയിലും സൂക്ഷ്മതയിലും ഒരു കുറവും വരുത്തിക്കൂടാ.
ലോകാരോഗ്യ സംഘടനയുടെയും സർക്കാറിെൻറയും ഭരണസംവിധാനങ്ങളുടെയും നിർദേശങ്ങൾ പാലിക്കുന്നത് നമുക്കുവേണ്ടി തന്നെയെന്ന ബോധം വളർത്തിയെടുക്കണം. സൂക്ഷ്മത പുലർത്തുന്നതും നിയന്ത്രണങ്ങൾ പാലിക്കുന്നതും ഈമാനിനും തവക്കുലിനും എതിരാണ് എന്ന ധാരണ ശരിയല്ല. ക്വാറൻറീനും സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും പ്രവാചകാധ്യാപനത്തിെൻറ ഭാഗം തന്നെയാണ്. നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്നത് കൂടുതൽ മുത്തഖിയാകുന്നതിെൻറ ലക്ഷണമല്ല. പ്രവാചകനോട് അനുസരണക്കേട് കാണിക്കുന്നതിെൻറ ലക്ഷണം മാത്രമാണ്. നാം പാലിക്കുന്ന സൂക്ഷ്മത നമുക്കുവേണ്ടിയും നമ്മുടെ കുടുംബങ്ങൾക്കു വേണ്ടിയും നാം ജീവിക്കുന്ന സമൂഹത്തിനു വേണ്ടിയുമുള്ളതാണ്. അതിൽ വരുത്തുന്ന വീഴ്ച നമ്മെയും സമൂഹത്തെയും അപകടപ്പെടുത്തലാണ്.
വ്യക്തികൾ എന്നനിലക്ക് നമ്മൾ നേടിയെടുക്കേണ്ട ചില ഗുണങ്ങളുണ്ട്. ഇത്തരം പരീക്ഷണ ഘട്ടങ്ങളാണ് ആ ഗുണങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നത്. ഈ മഹാമാരി നമുക്ക് വേണ്ടപ്പെട്ട പലയാളുകളെയും കൊണ്ടുപോയിട്ടുണ്ട്. നമ്മുടെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ഇളക്കി. പലർക്കും ജോലി നഷ്ടമായി. ജോലിയുള്ളവർക്കുതന്നെ ശമ്പളത്തിൽ കുറവുവന്നു. കുടുംബാംഗങ്ങൾ പരസ്പരം കാണാൻ കഴിയാതെ അകലങ്ങളിൽ ചിതറിത്തെറിച്ചുപോയിരിക്കുന്നു. വേണ്ടപ്പെട്ടവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖമുണ്ട്. ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണ് തവക്കുൽ അഥവാ, ദൈവത്തിൽ എല്ലാം ഭരമേൽപിക്കുക എന്നതിെൻറ പ്രസക്തി. നേടിയതൊന്നും നമ്മുടെ അധ്വാനംകൊണ്ട് മാത്രമായിരുന്നിെല്ലന്ന ബോധ്യത്തിലേക്ക് തിരിച്ചുവരണം. നാം വിചാരിച്ചതുകൊണ്ടു മാത്രം ഒന്നും സംരക്ഷിക്കാൻ കഴിയുകയില്ല എന്ന വിചാരവും വേണം. നമുക്ക് നൽകിയവനാരോ, അവൻ തന്നെയാണ് തിരിച്ചെടുക്കുന്നത്. അവൻ തന്നെയാണ് പൂർവാധികം നൽകാൻ കഴിവുള്ളവൻ. അതുകൊണ്ട് അവനിൽ ഭരമേൽപിക്കുക. അവനെ ആശ്രയിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുക.
ഇപ്പോൾ ഡൽഹിയിലാണ്. ഏതാനും ആഴ്ചകളായി പൂർണ ലോക്ഡൗണിലാണ് ഡൽഹി. പുറത്തുനിന്ന് ചീറിപ്പായുന്ന ആംബുലൻസുകളുടെ പേടിപ്പെടുത്തുന്ന ശബ്ദം മാത്രമേ കേൾക്കാനുള്ളൂ. മൂന്നും നാലും ഓക്സിജൻ സിലിണ്ടറുകൾ വഹിച്ച് തലങ്ങും വിലങ്ങും പായുന്ന ചെറു വാഹനങ്ങളും സിലിണ്ടർ തോളിലേന്തി ഗലികളിലൂടെ ഓടുന്ന ലോക്കൽ വളൻറിയർമാരും ആണ് ഇപ്പോഴത്തെ ഡൽഹിക്കാഴ്ച. ബെഡും വെൻറിലേറ്ററും അന്വേഷിച്ചുള്ള വിളികൾ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നു. വിവിധ കോളനികളിലേക്ക് നിയോഗിക്കപ്പെട്ട വളൻറിയർമാർ കണ്ണീരിൽ കുതിർന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു.
സിലിണ്ടറുമായി ചെന്ന് ചേരുമ്പോഴേക്കും മരിച്ചുപോകുന്നവരുടെ കഥകൾ, അവസാന ശ്വാസത്തിൽനിന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ സമീപത്തെത്തിയതുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുടെ കഥകൾ... റമദാനിൽ നേടിയെടുത്തതും പെരുന്നാൾ പ്രഘോഷണം ചെയ്യുന്നതുമായ എംപതി ഏറ്റവും പ്രസക്തമാകുന്ന സാഹചര്യമാണ് ഇവിടെ. കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകളും ഒട്ടും ശുഭമല്ല. റമദാനിൽനിന്ന് ശവ്വാലിലേക്ക് തുറക്കുന്ന വാതിലുകൾ അനുകമ്പയുടേതും സഹാനുഭൂതിയുടേതും ആയിരിക്കട്ടെ. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്നുവെങ്കിൽ മനുഷ്യകുലത്തെ തന്നെ രക്ഷിക്കുന്നതിന് തുല്യമാണ് എന്ന ഖുർആൻ അധ്യാപനമാകട്ടെ നമുക്ക് പ്രചോദനം.
ലോകത്തെങ്ങുമുള്ള എല്ലാ മലയാളികൾക്കും പെരുന്നാൾ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.