റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെൻറ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുക എന്ന ആശയം ആവർത്തിക്കുകയുണ്ടായി. അധികാരമേറ്റശേഷം ആദ്യമായി മോദി ഈ ആവശ്യം മുന്നോട്ടുവെക്കുന്നത് 2016 മാർച്ചിൽ നടന്ന ഭരണകക്ഷിയുടെ ഒരു യോഗത്തിലാണ്. ഇതിനുമുമ്പ് 2009, 2014 വർഷങ്ങളിലെ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി പുറത്തിറക്കിയ എൻ.ഡി.എ പ്രകടനപത്രികയിലും ഇതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെച്ചിരുന്നു. 2003ൽ സമാനമായ ആശയം എൽ.കെ. അദ്വാനിയും പ്രകടിപ്പിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ അഭിമുഖത്തിനു ശേഷം, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇതേ ആവശ്യം ഉന്നയിച്ചുവെന്നതും ശ്രദ്ധേയമാണ്. ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാകട്ടെ 2016 മേയിൽതന്നെ, തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ സന്നദ്ധമാണെന്ന് നിയമമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. വലിയൊരു വിഭാഗം മാധ്യമങ്ങളും കോർപറേറ്റ് സ്ഥാപനങ്ങളും ഈ ആശയത്തെ പിന്തുണക്കുകയും ചെയ്യുന്നു.
പ്രത്യാഘാതങ്ങൾ
പ്രത്യക്ഷത്തിൽ സ്വീകാര്യമെന്നു തോന്നിപ്പിക്കുന്ന ഈ ആശയം പക്ഷേ, സമകാലിക ഇന്ത്യൻ സന്ദർഭത്തിൽ ഒട്ടുംതന്നെ ആശാസ്യമായ ഒന്നല്ല എന്നു മാത്രമല്ല, നിരവധി പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണുതാനും. സ്വാതന്ത്ര്യാനന്തരം 1951-52 കാലഘട്ടത്തിൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ 1969ലെ കോൺഗ്രസ് പിളർപ്പുവരെ ഇന്ത്യയിലെ പാർലമെൻറ്-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തിയിട്ടുള്ളത്. അന്നത്തെ ഏറ്റവും പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെയാണ് ഈ തെരഞ്ഞെടുപ്പുകളിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചതും അധികാരത്തിലേറിയതും. പക്ഷേ, 1969ലെ കോൺഗ്രസ് പിളർപ്പിനുശേഷം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങളാകെ മാറിമറിയുകയും പിന്നീടിങ്ങോട്ട് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത ഇടവേളകളിൽ നടത്തപ്പെടുകയും ചെയ്തു. പലവിധ രാഷ്ട്രീയ കാരണങ്ങളാൽ ആർട്ടിക്കിൾ 356 ദുരുപയോഗം ചെയ്യപ്പെടുകയും നിയമസഭകൾ അകാലത്തിൽ പിരിച്ചുവിടുന്നതിന് കാരണമാവുകയും ചെയ്തു.
ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകൾക്കായി വാദിക്കുന്നവർ അതിെൻറ മേന്മകളായി നിരവധി കാര്യങ്ങൾ നിരത്താറുണ്ട്. തെരഞ്ഞെടുപ്പിനായുള്ള ഭാരിച്ച ചെലവ് കുറക്കാമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നത് മൂലമുള്ള വികസനമാന്ദ്യം ഒഴിവാക്കാമെന്നും സുസ്ഥിരമായ സാമ്പത്തികാവസ്ഥ സൃഷ്ടിക്കാമെന്നും ഇടക്കിടക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു പോവാതെ ഭരണകർത്താക്കൾക്ക് ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നു തുടങ്ങി ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാമെന്നു വരെയുള്ള കാരണങ്ങൾ അക്കൂട്ടത്തിലുണ്ട്. സൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ വാദമുഖങ്ങളിലൊന്നും വലിയ കഴമ്പില്ലെന്നു ബോധ്യമാകും.
തെരഞ്ഞെടുപ്പുകൾ ഒറ്റയടിക്കു നടത്തുമ്പോൾ അതിനാവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങാൻമാത്രം 9300 കോടി രൂപ ചെലവാകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല, ഓരോ 15 വർഷത്തിലും ഈ യന്ത്രങ്ങൾ പുതുക്കിവാങ്ങുകയും വേണം. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വലിയതോതിലുള്ള മനുഷ്യാധ്വാനവും ആവശ്യമായിവരും. പെരുമാറ്റച്ചട്ടം നിലവിൽവരുന്നത് മൂലം തടസ്സമുണ്ടാകുന്നത് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനുമാത്രമാണ്, അതും ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാത്രം. നിലവിലുള്ള വികസനപ്രവർത്തനങ്ങൾ തുടരുന്നതിന് തടസ്സമില്ലെന്നുമാത്രമല്ല, അഞ്ചു വർഷക്കാലയളവിനിടയിൽത്തന്നെ അനുചിതവും ജനോപകാരപ്രദമല്ലാത്തതുമായ പരിഷ്കാരങ്ങളും വികസന പ്രവർത്തനങ്ങളും വിമർശിക്കപ്പെടാനും തിരുത്താനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
സമകാലിക ഇന്ത്യയിലെ ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ സാഹചര്യം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ ദശകങ്ങളിൽനിന്ന് അങ്ങേയറ്റം മാറിക്കഴിഞ്ഞു. 29 സംസ്ഥാനങ്ങളിലും ബാക്കി കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വളരെ വ്യത്യസ്തമായ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഏകീകൃതമായ തെരഞ്ഞെടുപ്പുകൾ ഫെഡറൽ സംവിധാനത്തിെൻറ ഈ ബഹുസ്വരതയെ അവഗണിക്കുകയും ന്യൂഡൽഹി കേന്ദ്രീകൃതമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് കളമൊരുക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അവഗണിക്കപ്പെടുക സവിശേഷമായ പ്രാദേശിക പ്രശ്നങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ്. മാത്രമല്ല, ഒരു ബൃഹദ് തെരഞ്ഞെടുപ്പ് പ്രക്രിയയെന്നത്, ശക്തമായ അംഗബലമുള്ള രണ്ടോ മൂന്നോ ദേശീയ കക്ഷികളുടെ മാത്രം ഇടപാടായി മാറും. കാശിെൻറ കുത്തൊഴുക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിെൻറ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നിരിക്കെ, വലിയ സാമ്പത്തിക അടിത്തറയില്ലാത്തതും വൻ കോർപറേറ്റുകളുടെ പിന്തുണയില്ലാത്തതുമായ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കളത്തിന് പുറത്താവുകയും ചെയ്യും.
ബഹുസ്വരത തിരോധാനം ചെയ്യും
ഫലത്തിൽ, ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയുടെ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ വൈവിധ്യങ്ങളൊന്നുമില്ലാത്ത രണ്ടോ മൂന്നോ കക്ഷികൾ മാത്രമുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് സൃഷ്ടിക്കപ്പെടുക. ജനതയുടെ വൈവിധ്യത്തെ പ്രതിനിധാനംചെയ്യാത്ത അങ്ങേയറ്റം ദുർബലമായ രാഷ്ട്രീയ പ്രാതിനിധ്യം അത്രത്തോളം ദുർബലമായ ഒരു പ്രതിപക്ഷത്തെയേ സാധ്യമാക്കുകയുള്ളൂവെന്ന് വ്യക്തമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് അപ്രമാദിത്വമുള്ള അത്തരമൊരു വ്യവസ്ഥ ഫലത്തിൽ ഏകാധിപത്യ സമാനമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ മുസ്ലിം ജനതക്കു ലഭിച്ച പ്രാതിനിധ്യം ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. യു.പിയിലെ മൊത്തം ജനസംഖ്യയുടെ 19.2 ശതമാനം വരുന്ന മുസ്ലിംകൾക്കിടയിൽനിന്നും ഒരൊറ്റ ആൾപോലും ജനപ്രതിനിധിയായി ലോക്സഭയിലെത്തിയിട്ടില്ല. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രാതിനിധ്യം 17.1 ശതമാനത്തിൽ (2012) നിന്നും 5.9 ആയും കുറഞ്ഞു. രണ്ടോ മൂന്നോ രാഷ്ട്രീയ കക്ഷികൾക്ക് മാത്രം പ്രാതിനിധ്യവും പ്രാധാന്യവുമുള്ള ഒന്നായി ഇന്ത്യൻ ജനായത്ത വ്യവസ്ഥിതിയെ മാറ്റിത്തീർക്കാനുള്ള ഗൂഢോദ്ദേശ്യം ഈ നിർദേശത്തിനു പിന്നിലുണ്ടോയെന്ന് ന്യായമായും സംശയിക്കേണ്ടിവരും. രാജ്യവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും ഒരു ഏകശിലാ സംസ്കാരത്തിലേക്ക് പരുവപ്പെടുത്താനും എല്ലാതരം വൈജാത്യങ്ങളെയും വിയോജിപ്പുകളെയും പുറന്തള്ളാനും അപരവത്കരിക്കാനുമുള്ള പ്രത്യക്ഷ ശ്രമങ്ങൾ ഭരണകൂട പിന്തുണയോടെത്തന്നെ അരങ്ങേറിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജനാധിപത്യത്തെയും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുക.
ഉത്സവങ്ങളല്ല തെരഞ്ഞെടുപ്പുകൾ
വളരെ കൗതുകകരവും അങ്ങേയറ്റം വിചിത്രവുമായ ഒരു ഉപമയാണ് പ്രധാനമന്ത്രി തെൻറ അഭിമുഖത്തിൽ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനെ ന്യായീകരിക്കാനായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പുകൾ ഉത്സവങ്ങൾപോലെയാണെന്നും അതുകൊണ്ട് തന്നെ ഉത്സവങ്ങൾപോലെ കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതാണ് ഉചിതമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉദാഹരണമായി ഹോളിയുടെ കാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആലങ്കാരികമായി തെരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിെൻറ ഉത്സവകാല മെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ആ വിശേഷണത്തിൽ കവിഞ്ഞ ഒന്നും ഇവ തമ്മിലില്ലെന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകൾ ആഘോഷവേളകളല്ല, നേരെമറിച്ച് ജനാധിപത്യത്തിെൻറ പരീക്ഷക്കാലവും മൂല്യനിർണയ കാലവുമാണ്. ആഘോഷവേളകൾ പോലെ അലസമായ അലിഞ്ഞുതീരലിെൻറ സന്ദർഭങ്ങളല്ല തെരഞ്ഞെടുപ്പുകൾ, സൂക്ഷ്മമായ ജാഗ്രതയുടെയും ഉത്തരവാദിത്ത നിർവഹണത്തിെൻറയും കാലമാണിത്.
ഇടവേളകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഒന്നുകൊണ്ട് മാത്രമാണ് വലിയൊരുവിഭാഗം ഭരണാധികാരികളും ജനപ്രതിനിധികളും തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളെ ഓർക്കാനിടയാകുന്നതും ഇടവേളകളിലെങ്കിലും അവരിലേക്കെത്തുന്നതും. ഇടവേളകളിൽ ജനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നത് കാര്യക്ഷമത കുറക്കുകയല്ല, നേരെമറിച്ച് ജനരോഷം നേരിടേണ്ടിവരുമെന്ന കാരണത്താൽ ജാഗ്രതപുലർത്താൻ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ദേശാടനക്കിളികളെപ്പോലെ തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം തങ്ങളെത്തേടിയെത്തുന്ന ചില രാഷ്ട്രീയക്കാരെയെങ്കിലും ഇടക്കൊന്നു കാണാൻ ജനത്തിനു കിട്ടുന്ന അവസരംകൂടിയാണ് പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകളെന്നു സാരം.
(വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.