കൗന്തേയനായി ജനിച്ചിട്ടും രാധേയനായി ജീവിക്കേണ്ടിവന്നവന്‍ കര്ണൻ. പാണ്ഡവരില്‍ മൂത്തവനായിരുന്നിട്ടും വിധിവശാല്‍ മറുപക്ഷത്ത് നിലകൊള്ളേണ്ടിവന്നവൻ. പുത്രനായ അര്‍ജുനനോടുള്ള പക്ഷപാതം നിമിത്തം ബ്രാഹ്മണവേഷത്തില്‍ സമീപിച്ച് ഭിക്ഷ ചോദിച്ച ഇന്ദ്രന് ആത്മരക്ഷക്കുള്ള കവചകുണ്ഡലങ്ങള്‍ നല്കിയ ദാനശീലൻ. കുലമഹിമയില്ലാത്ത ജന്മവും സുരക്ഷക്കുള്ള കവചവും ഒരുപോലെ ഭാരമായി വഹിച്ചവൻ. കര്ണെൻറയത്ര ബ്രാഹ്മണഭക്തിയില്ലാത്ത ദലിതനാണ് ജസ്റ്റിസ് സി.എസ്. കര്ണന്. ദലിതനായതിനാല്‍ കര്ണനെപ്പോലെ ജന്മംതന്നെ ഒരു ഭാരമാണ്. ഏറ്റവും നല്ല ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ അയാളുടെ കുറ്റംകൊണ്ടല്ലാതെ പരാജയപ്പെടുന്ന കഥയാണ് ഭാസനും കാവാലവും ‘കര്‍ണഭാര’ത്തില്‍ കാട്ടിത്തന്നത്. പരമോന്നത കോടതിയുമായും ബ്രാഹ്മണിക അധികാരകേന്ദ്രങ്ങളുമായുമുള്ള അഭിനവ കർണെൻറ പോരാട്ടത്തില്‍ വിജയം ആരുടേതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന വിചിത്രമായ സംഘര്‍ഷത്തിെൻറ ചക്രവ്യൂഹത്തിലാണ് കര്ണന്.
ന്യായാധിപന് എന്നാല്‍ ന്യായത്തിെൻറ അധിപന് എന്ന് അര്‍ഥം. ന്യായാധിപന്മാര് തമ്മില്‍ ന്യായാന്യായങ്ങളെക്കുറിച്ച് തമ്മിലടിക്കുന്നത് അന്യായംതന്നെയണ്ണാ എന്ന് ആരും പറഞ്ഞുപോവും. അതാണിപ്പോള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. അന്യായത്തിെൻറ അധിപന് ആരാണ് എന്നതാണ് ഈ തര്‍ക്കത്തില്‍ തീരുമാനിക്കപ്പെടാനുള്ളത്. ജസ്റ്റിസ് സി.എസ്. കര്ണന് എന്ന ന്യായാധിപന് പറയുന്നത് പലവിധ അന്യായങ്ങളെക്കുറിച്ചാണ്. അതിലൊന്ന് ന്യായാധിപന്മാരുടെ അഴിമതിയാണ്. അത് കൊടിയ അന്യായംതന്നെ. അക്കാര്യത്തില്‍ തെല്ലുമില്ല സംശയം. വേലിതന്നെ വിളവു തിന്നാല്‍ എന്താവും സ്ഥിതി? അഴിമതിയും അനീതിയുമൊക്കെ തടയാന്‍ വേണ്ടിയല്ലേ ന്യായാധിപന് നീതിപീഠത്തില്‍ കയറി ഉപവിഷ്ടരായിരിക്കുന്നത്? മറ്റൊരു അന്യായം ദലിതന് എന്ന നിലയിലുള്ള അവഹേളനങ്ങളാണ്. അഞ്ച് ഹൈകോടതി ജഡ്ജിമാരില്‍ നാലുപേരും ജാതിയുടെ പേരില്‍ തന്നെ അവഹേളിച്ചിട്ടുണ്ടെന്നാണ് കര്ണന് പറയുന്നത്.
കൊല്‍ക്കത്ത ഹൈകോടതി ജഡ്ജിയാണ് ഇപ്പോൾ. നേരത്തേ മദ്രാസ് ഹൈകോടതിയില്‍ ആയിരുന്നു. സുപ്രീംകോടതിയിലെയും ചില ഹൈകോടതികളിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കത്തെഴുതിയതാണ് ന്യായാന്യായങ്ങളുടെ പോരാട്ടത്തിെൻറ തുടക്കം. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ അലക്ഷ്യമായാണല്ലോ പെരുമാറുന്നത് എന്ന തോന്നലില്‍ സുപ്രീംകോടതി കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. ഈ കേസില്‍ മാര്‍ച്ച് 31നകം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് അനുസരിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയാണ് ജസ്റ്റിസ് കര്ണന് ചെയ്തത്. നേരിട്ട് ഹാജരാവാനുള്ള നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഈ മാസം പത്തിന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
കോടതിയലക്ഷ്യ കേസില്‍ സിറ്റിങ് ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുന്നത് ചരിത്രത്തില്‍ ആദ്യം. വന്‍ പൊലീസ് സന്നാഹത്തിെൻറ അകമ്പടിയോടെ സംസ്ഥാന ഡി.ജി.പി ജസ്റ്റിസ് കര്ണന് വാറൻറ് കൈമാറി. വാറൻറ് നല്കാന് ന്യൂടൗണിലെ ഒൗദ്യോഗിക വസതിയില്‍ പൊലീസ് മേധാവിക്ക് ഒപ്പം വന്നത് 100 പൊലീസുകാർ. അവിടെയും കര്ണന് കുലുക്കമുണ്ടായില്ല. വാറൻറ് തള്ളുന്നതായി കാണിച്ച് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന് രണ്ടുപേജുള്ള കത്തയച്ചു. അവിടംകൊണ്ടും തീര്‍ന്നില്ല. കുറെ നാളായി മന$സമാധാനം കളയുന്നവര്ക്കിട്ട് ഒരു പണി കൊടുക്കണമല്ലോ. തനിക്കെതിരെ വാറൻറ് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാരില്‍നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ നിയമപരവും ഭരണപരവുമായ ചുമതലകള്‍ വഹിക്കുന്നതില്‍നിന്ന് വിലക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഏഴു ദിവസത്തിനകം വാറൻറ് പിന്‍വലിച്ച് നഷ്ടപരിഹാരം നല്‍കണം. ദലിതനായതുകൊണ്ട് ഒൗദ്യോഗിക ജീവിതം തകര്‍ക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
തൊട്ടടുത്തിരുന്ന ജഡ്ജി ഷൂവിട്ട കാലുകൊണ്ട് മന$പൂര്‍വം ചവിട്ടിയിട്ട് സോറി പറഞ്ഞപ്പോള്‍ മറ്റ് ജഡ്ജിമാര്‍ ചിരിച്ചുകൊണ്ട് നോക്കിയിരിക്കുകയായിരുന്നു. ഒന്നോ രണ്ടോ സംഭവങ്ങളല്ല. സംഭവങ്ങളുടെ പരമ്പരതന്നെയുണ്ട്. ഫുള്‍കോര്‍ട്ട് മീറ്റിങ്ങിൽ, ചായനേരങ്ങളില്‍, ഡിന്നർ പാര്‍ട്ടികളില്‍ തനിക്കുമാത്രമല്ല മറ്റു ദലിത് ജഡ്ജിമാര്‍ക്കും അവഹേളനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് കർണെൻറ പക്ഷം. ദലിതര്‍ക്ക് ഭരണഘടന വാഗ്ദാനംചെയ്ത സാമൂഹിക നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ന്യായാധിപന്മാര് ഇത്തരത്തില്‍ വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ അത് അന്യായംതന്നെ. ദലിത് ജഡ്ജിമാരുടെ മേല്‍ മറ്റുള്ളവര്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നും ഇക്കാര്യത്തില്‍ പട്ടികജാതിക്കായുള്ള ദേശീയകമീഷന്‍ ഇടപെടണമെന്നുമാണ് കർണെൻറ ആവശ്യം. നീതിപീഠത്തിെൻറ അന്തസ്സ് നിലനിര്‍ത്തുന്നതിനാണ് ഇത്രയുംകാലം ഇക്കാര്യം പറയാതിരുന്നത്. അസഹ്യമായപ്പോള്‍ പ്രതികരിച്ചുപോയതാണ്. തെൻറ പരാതി ദേശീയകമീഷന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.
2014 ജനുവരിയില്‍ ജഡ്ജിമാരുടെ നാമനിര്‍ദേശം സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെ, കോടതിമുറിയില്‍ പ്രവേശിച്ച് ചില ജഡ്ജിമാരുടെ പേരുകള്‍ തെരഞ്ഞെടുത്തത് ശരിയല്ലെന്ന് പറഞ്ഞ കർണെൻറ നടപടിയെ സുപ്രീംകോടതി അപലപിച്ചിരുന്നു. അഴിമതിയാരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ അലക്കിയതോടെ സുപ്രീംകോടതി നിയമപരവും ഭരണപരവുമായ ചുമതലകളില്‍നിന്ന് ഒഴിവാക്കി മദ്രാസില്‍നിന്ന് കൊല്‍ക്കത്തയിലേക്കു തട്ടി. സ്വന്തം സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യുന്ന വിചിത്രമായ നടപടിയും കര്ണനില്നിന്നുണ്ടായി. മദ്രാസ് ഹൈകോടതിയിലെ 20 ജഡ്ജിമാരാണ് കര്‍ണനെതിരെ പരാതികൊടുത്തിരിക്കുന്നത്. താന്‍ സുപ്രീംകോടതിയുടെ സേവകന് അല്ലെന്നാണ് കർണെൻറ നിലപാട്. ഇതെല്ലാം നീതിപീഠത്തിെൻറ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് കൊളീജിയം സംവിധാനത്തെയാണ്. കര്ണനെപ്പോലുള്ള ഒരാളെ 2009ല്‍ ജഡ്ജിയാക്കിയത് ആവശ്യമായ പരിശോധനയില്ലാതെയാണെന്ന് മദ്രാസ് ഹൈകോടതി മുന്‍ ജഡ്ജി കെ. ചന്ദ്രുവിനെപ്പോലുള്ളവര് പറയുന്നു. ജഡ്ജി അന്യായാധിപനാണെന്നു തെളിഞ്ഞാല്‍ പിന്നെ ചെയ്യാവുന്നത് പാര്‍ലമെൻറ് വഴിയുള്ള ഇംപീച്മെൻറാണ്. അത് കാലതാമസമുള്ള സങ്കീര്‍ണമായ പ്രക്രിയയാണ്. കര്ണന് അഴിമതി ആരോപണം ഉന്നയിച്ച ജഡ്ജിമാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിലേ അന്വേഷണം നടക്കൂ. കര്ണന് വാർത്തസമ്മേളനം നടത്തിയപ്പോള്‍ അടുത്തിരുന്നത് കോടതി ശിക്ഷിച്ച കുറ്റവാളിയായിരുന്നുവെന്നും ചന്ദ്രു ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ക്ക് ഒപ്പമിരുന്ന് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഒരാളെ എങ്ങനെ വിശ്വസിക്കാനാവും എന്ന് മറുപക്ഷം ചോദിക്കുന്നു. കര്‍ണനെതിരെ പരാതികൊടുത്തവരില് ദലിത് ജഡ്ജിമാരുമുണ്ട്. ദലിത് പീഡനമെന്നൊക്കെ പറയുന്നത് സഹതാപം പിടിച്ചുവാങ്ങാനാണെന്നാണ് മറുപക്ഷത്തിെൻറ വാദം. ഏതായാലും നീതിയുടെ തുലാസില്‍ കര്ണന് ഒരു ഭാരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.