ബോക്സിങ് പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹവുമായി ഇംഫാലിൽ ഇബോംച സിങ് പരിശീലകനായ സായി സെൻററിൽ ചെന്നുകയറുേമ്പാൾ കോച്ചിെൻറ പരിഹാസമായിരുന്നു അവളെ വരവേറ്റത്. ‘ഉയരവും ആരോഗ്യവുമില്ലാത്ത നീ ബോക്സിങ് റിങ്ങിൽ എന്തു ചെയ്യാൻ?’ റിങ്ങിലെ പെരുംപോരാട്ടങ്ങളെ അതിജീവിക്കാൻ ത്രാണിയില്ലെന്നുകണ്ട് ഇറക്കിവിട്ട പെൺകുട്ടി, വൈകീട്ട് താൻ മടങ്ങിപ്പോകുന്ന സമയത്ത് ട്രെയിനിങ് സെൻററിെൻറ ഗേറ്റിനരികെ കണ്ണീർ വാർത്തിരിക്കുന്നതുകണ്ട ഇബോംചയുടെ മനസ്സലിഞ്ഞു. അന്ന് പുരുഷ താരങ്ങളെ മാത്രം പരിശീലിപ്പിച്ചിരുന്ന ഇബോംചയുടെ ദയാവായ്പിൽ കാലം പിന്നീട് തിരുത്തിയെഴുതിയത് ഒരുപാട് മുൻധാരണകളെയായിരുന്നു. ഗുസ്തിക്കാരനായിരുന്ന പിതാവ് ബോക്സിങ്ങിലേക്കുള്ള തെൻറ രംഗപ്രവേശം അംഗീകരിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്ന സമയം.
ഹാൻഡ്റാപ്സും ഹെഡ്ഗിയറും മൗത്ത്പീസുമെല്ലാമണിഞ്ഞ് റിങ്ങിൽ ഇടി തുടങ്ങിയ വിവരം അച്ഛനോട് പറഞ്ഞില്ല. സംസ്ഥാനതല ടൂർണമെൻറിൽ സ്വർണമെഡലുകാരിയായി മകൾ പത്രത്താളിൽ ചിരിച്ചുനിൽക്കുന്നതു കണ്ടപ്പോഴാണ് അമ്പരപ്പോടെ ആ അരങ്ങേറ്റമറിയുന്നത്. ഇടി കിട്ടി മുഖത്തിെൻറ ഷെയ്പ് മാറിയാൽ കല്യാണം നടക്കിെല്ലന്ന പിതാവിെൻറ മുൻധാരണകളെയും ലോകം ജയിച്ച് ആ പെൺകുട്ടി മാറ്റിക്കുറിച്ചു. ഒടുവിൽ, കാലങ്ങേളറെക്കഴിഞ്ഞ് മൂന്നു കുട്ടികളുടെ അമ്മയായ യുവതി വിയറ്റ്നാമിലെ ഹോചിമിൻസിറ്റിയിൽ ബുധനാഴ്ച ഏഷ്യൻ ചാമ്പ്യൻഷിപ് ഫൈനലിൽ സ്പാറിങ് ഗ്ലൗസണിഞ്ഞിറങ്ങി. രാജ്യം ഒരിക്കൽക്കൂടി ഉറ്റുനോക്കിയ പോരാട്ടത്തിൽ, മണിപ്പൂരിൽനിന്നുള്ള മാങ്തെ ചുങ്നീജങ് മേരി കോം എന്ന 34കാരി ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ 5-0ത്തിന് നിലംപരിശാക്കി വീണ്ടും ചിരപരിചിതമായ വിജയഭേരി മുഴക്കുേമ്പാൾ കായികഭൂമികയിലെ പരമ്പരാഗത സങ്കൽപങ്ങൾ പ്രഹരമേറ്റ് വഴിമാറുകയായിരുന്നു. ‘മൂന്നു കുഞ്ഞുങ്ങളുെട അമ്മക്കും ലോകം കീഴടക്കാനാവും’ എന്ന പ്രഖ്യാപനത്തിന് മിന്നുംപ്രകടനംകൊണ്ട് മേരിയുടെ സാക്ഷ്യം.
ര
ണ്ടു ദശാബ്ദം മുമ്പ്. ബാേങ്കാക്കിലെ ഏഷ്യൻ ഗെയിംസിെൻറ ഇടിക്കൂട്ടിൽനിന്ന് ഡിങ്കോ സിങ് എന്ന മണിപ്പൂരുകാരൻ മുഷ്ടി ചുരുട്ടിയത് സ്വർണത്തിളക്കത്തിലേക്കായിരുന്നു. മണിപ്പൂരിനെ ഒന്നടങ്കം ആവേശഭരിതമാക്കിയ ആ വിജയചരിതം ഇംഫാലിന് 45 കിലോമീറ്റർ അകെലയുള്ള കാംഗ്തേയി ഗ്രാമത്തിലെ മേരി കോം എന്ന 15കാരിയെയും പ്രചോദിതയാക്കി. നാടറിയുന്ന അത്ലറ്റാകണമെന്ന മോഹത്താൽ 400 മീറ്റർ ഒാട്ടത്തിലും ജാവലിൻ ത്രോയിലും കണ്ണുനട്ടിരുന്ന മേരി, ഹെവി ബാഗിലും സ്പീഡ്ബാഗിലുമൊക്കെ ആഞ്ഞുപ്രഹരിക്കാൻ തുടങ്ങുന്നത് ഡിങ്കോ സിങ്ങിെൻറ പെൺപതിപ്പാവാൻ മോഹിച്ചുതന്നെയായിരുന്നു. ഒടുവിൽ അതുല്യമായ നിശ്ചയദാർഢ്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും ബലത്തിൽ ഡിങ്കോയെയും മറികടക്കുന്ന നേട്ടങ്ങളിലേക്ക് ‘മാഗ്നിഫിഷ്യൻറ് മേരി’ നിരന്തരം ഇടിയുതിർക്കുേമ്പാൾ കാലചംക്രമണത്തിനുപോലും അതിനെ തടഞ്ഞുനിർത്താനാവുന്നില്ല.
എല്ലാ വിജയമുദ്രകളിലും അനൽപമായ വിയർപ്പുതുള്ളികളുടെ പിൻബലമുണ്ടെന്നതാണ് മേരിയെ വേറിട്ടുനിർത്തുന്നത്. ദരിദ്രകുടുംബത്തിലെ പ്രാരബ്ധങ്ങളോട് പൊരുതിക്കയറാൻ തക്ക നിശ്ചയദാർഢ്യം കുഞ്ഞുനാളിലേ കൂടെയുണ്ടായിരുന്നു. ചെറുകിട കർഷകരായ മാങ്തെ തോൻപാ കോമിെൻറയും മാങ്തെ അഖാം കോമിെൻറയും മകൾ പഠനത്തിൽ അത്ര കേമിയൊന്നുമായിരുന്നില്ല. പരിമിതമായ ചുറ്റുപാടുകളിൽ വളർന്ന മേരി സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം മാതാപിതാക്കളെ കാർഷികവൃത്തിയിൽ സഹായിക്കാനും ഏറെ സമയം ചെലവിട്ടു. നിത്യവൃത്തിക്കുള്ള വരുമാനം കെണ്ടത്താൻ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് വനത്തിൽനിന്ന് വിറകു ശേഖരിച്ചും മീൻപിടിച്ചും കൈത്താങ്ങായി. കാട്ടിനുള്ളിൽ ഒാടിക്കളിക്കലായിരുന്നു കുട്ടിക്കാലത്തെ വലിയ സന്തോഷം. അതുകൊണ്ടുതെന്ന, ബോക്സിങ് റിങ്ങിനെക്കുറിച്ച് സ്വപ്നം കാണുന്നതിനു മുമ്പ് അത്ലറ്റിക്സിെൻറ ട്രാക്കും ഫീൽഡുമായിരുന്നു പ്രിയതരം. മോയിറാങ്ങിലെ ലോക്തക് ക്രിസ്റ്റ്യൻ മോഡൽ ഹൈസ്കൂളിലും സെൻറ് സേവ്യേഴ്സ് കാത്തലിക് സ്കൂളിലും പഠിക്കുന്ന കാലത്ത് ഒാടിയും എറിഞ്ഞും മികവുകാട്ടാൻ കൊതിച്ചു. ഇടക്ക് വോളിബാളിലും ഫുട്ബാളിലും ഒരുകൈ പരീക്ഷിച്ചു. ഒടുവിൽ റിങ്ങിെൻറ പ്രലോഭനങ്ങളിൽ കളം മാറ്റിയപ്പോൾ ആൺകുട്ടികൾ കളിയാക്കിച്ചിരിച്ചു. ബോക്സിങ് ആണുങ്ങൾക്കു മാത്രമുള്ളതെന്ന ധാരണകളെ പൊളിച്ചടുക്കാൻ ഇടിക്കൂട്ടിൽ ആവുന്നത്ര ശൗര്യമാവാഹിച്ചതോെട, കളിയാക്കിയവർ തലകുനിച്ചു. സ്വർണം വാരിയ ജീവിതകഥ വെള്ളിത്തിരയിലെത്തിയപ്പോൾ രാജ്യം ആവേശത്തോടെ കൈയടിച്ചു.
റിങ്ങിൽ മേരിയുടെ ഒാരോ പ്രഹരത്തിലും പുതിയ ചരിത്രങ്ങൾ പിറവികൊണ്ടേയിരുന്നു. 2002നും 2010നുമിടയിലെ എട്ടു വർഷത്തിനിടയിൽ ലോകചാമ്പ്യൻഷിപ്പിലെ അഞ്ചു സ്വർണമെഡലുകൾ അഞ്ചടി രണ്ടിഞ്ചുകാരി ഇന്ത്യയിലെത്തിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വിയറ്റ്നാമിലേത് അഞ്ചാം സ്വർണം. ഏഷ്യാഡിലും ഇന്ദോർ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ കപ്പിലുമെല്ലാം സ്വർണസമ്പാദ്യം. ഇതിനിടയിൽ 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡലിെൻറ തിളക്കത്തിലേറിയ സമ്മോഹന നേട്ടം. കഴിഞ്ഞ വർഷം റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെപോയത് മേരിയെ മാത്രമല്ല, രാജ്യത്തെ മുഴുവൻ കടുത്ത നിരാശയിലാഴ്ത്തി. പക്ഷേ, ആ തിരിച്ചടികളൊന്നും തളർത്തിയില്ലെന്ന് ഇൗ തിരിച്ചുവരവുകൊണ്ട് തെളിയിച്ചുകഴിഞ്ഞു. രാജ്യസഭ എം.പിയെന്ന ഉത്തരവാദിത്തവും ബോക്സിങ്ങിൽ ദേശീയ നിരീക്ഷകയെന്ന റോളുമെല്ലാം ഒന്നിച്ച് വഹിക്കുന്ന തിരക്കിനിടെയാണ് ദിവസേന ആറു മണിക്കൂർ പരിശീലനവുമായി കരുത്ത് ചോരാതെ കാക്കുന്നത്. ഭർത്താവ് കരുങ് ഒാേങ്കാലർ കോമിെൻറ പിന്തുണ മൂന്നു കുട്ടികളുടെ അമ്മയായിട്ടും കരിയറിനെ വിടാതെ പിന്തുടരാൻ തുണയാകുന്നു.
‘‘ബോക്സിങ് എല്ലാ അർഥത്തിലും ജീവിതംപോലെ തെന്നയാണ്. തുടർന്നുകൊണ്ടേയിരിക്കുന്ന പോരാട്ടമാണത്. അവിടെ പ്രതിബന്ധങ്ങൾ സ്വാഭാവികമാണ്. വിജയിക്കണമെങ്കിൽ അവയെയൊക്കെ ഇടിച്ചുകയറിയേ തീരൂ’’ -കളിയും കുടുംബവുമൊക്കെ ഇഴചേർന്നു നിൽക്കുന്ന ജീവിതത്തിൽ ഇതു പറയാൻ മേരി കോമിനെക്കാൾ അർഹതയുള്ളവർ ഏറെയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.