വിശ്വസ്ത മുഖ്യന്‍

സ്പീക്കര്‍ തലയെണ്ണി സഭക്ക് സര്‍ക്കാറിലുള്ള വിശ്വാസം തെളിയിച്ചതോടെ സെന്‍റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേരയില്‍ എടപ്പാടി പളനിസാമിക്ക് ഇനി അമര്‍ന്നിരിക്കാം. പക്ഷേ, വിശ്വാസവോട്ടെടുപ്പിലെ വിശ്വാസമൊന്നുമല്ല ശരിക്കുള്ള വിശ്വാസം. അത് ചിന്നമ്മയിലുള്ള വിശ്വാസമാണ്. ചിന്നമ്മക്ക് പളനിസാമിയിലുള്ള വിശ്വാസമാണ്. തന്‍െറ മുഖ്യ വിശ്വസ്തനെയാണ് തമിഴകത്തിന്‍െറ 13ാം മുഖ്യനായി ചിന്നമ്മ വാഴിച്ചിരിക്കുന്നത്. വിശ്വാസവോട്ട് നേടി ആദ്യം പോയത് പുരട്ചി തലൈവിയുടെ സ്മാരകത്തില്‍. അവിടെച്ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് കൈവന്ന ഭാഗ്യത്തിന് കാരണക്കാരിയായ തലൈവിയുടെ ഓര്‍മകള്‍ മനസ്സിലേക്ക് ഇരച്ചുകയറിയപ്പോള്‍ ബോധരഹിതനായി. ഇതുപോലുള്ള അമിത വൈകാരികതയുടെ നാടകങ്ങള്‍ പൊതുവെ തമിഴ് മക്കള്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ട് ബോധംകെട്ട മുഖ്യമന്ത്രിയെയും അവര്‍ ഇഷ്ടപ്പെട്ടേക്കുമെന്നുറപ്പ്.

വയസ്സിപ്പോള്‍ 62. ശശികലയുടെ പന്നീര്‍സെല്‍വമാണ് പളനിസാമി. ജയലളിതക്ക് പന്നീര്‍സെല്‍വം എങ്ങനെയായിരുന്നോ അങ്ങനെ. ശശികലയുടെ ഒ.പി.എസ് എന്ന് പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി വിളിക്കാറുണ്ട്. ആ വിശ്വസ്തതക്കു കിട്ടിയ വരദാനമാണ് മുഖ്യമന്ത്രി പദവി. ശശികലക്കുവേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. തലൈവി മരിച്ചപ്പോള്‍ ചിന്നമ്മയെ മുഖ്യമന്ത്രിയാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പളനിസാമിയാണ്. ജയലളിത ജയിലില്‍നിന്ന് റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തിയതുപോലെ ശശികലക്ക് പരോക്ഷഭരണം നടത്താന്‍ പളനിസാമി തന്നെ വേണം.

ജയലളിത ജീവിച്ചിരുന്നപ്പോള്‍തന്നെ മന്ത്രിസഭയില്‍ മൂന്നാമനാണ്. ഒ. പന്നീര്‍സെല്‍വവും നാതം വിശ്വനാഥനും കഴിഞ്ഞുള്ള സ്ഥാനം. എളുപ്പം കോപിക്കുന്ന പ്രകൃതക്കാരിയായിരുന്നല്ളോ പുരട്ച്ചി തലൈവി. വേണ്ടവിധം നമസ്കരിച്ചില്ല, കാല്‍ക്കല്‍ വീണില്ല എന്നൊക്കെ കണ്ടാല്‍പിന്നെ ശിങ്കിടികളെ ഹിറ്റ്ലിസ്റ്റില്‍ പെടുത്തും. അങ്ങനെയൊരിക്കല്‍ നാതം വിശ്വനാഥന്‍ ആ പട്ടികയില്‍ പെട്ടു. ആ പഴുതുനോക്കി അമ്മയുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റി രണ്ടാം സ്ഥാനത്ത് എത്തിയതാണ് പളനിസാമി.

ഇനി പരപ്പന അഗ്രഹാര ജയിലില്‍നിന്ന് റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുമ്പോള്‍ പളനിസാമി ചലിച്ചുതുടങ്ങും. നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ അഗ്രഹാരത്തില്‍നിന്ന് റിമോട്ടിലെ ബട്ടണുകള്‍ അമരും. ചിന്നമ്മ അങ്ങ് കര്‍ണാടകത്തിലാണെങ്കിലും അനുചരവൃന്ദം ഇങ്ങ് പോയസ് ഗാര്‍ഡനിലാണ് തമ്പടിച്ചിരിക്കുന്നത്. ഒരു ബംഗ്ളാവ് അങ്ങനെ വെറുതെയിടേണ്ടല്ളോ. പ്രേതങ്ങള്‍ കുടിയേറിപ്പാര്‍ത്താലോ എന്നു വിചാരിച്ചിട്ടാണ്. ഉപേക്ഷിക്കപ്പെട്ട ബംഗ്ളാവുകള്‍ പ്രേതങ്ങളുടെ വിഹാരകേന്ദ്രങ്ങളാണെന്ന് കോടമ്പാക്കം പലതവണ കാണിച്ചുതന്നിട്ടുണ്ട്. മന്നാര്‍കുടി മാഫിയ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഉപജാപങ്ങളുടെ രാജാക്കന്മാരാണ് ഇപ്പോഴത്തെ അന്തേവാസികളില്‍ ഏറെയും. പരപ്പന ജയിലിന് പുറമെ, സമാന്തരമായ ഒരു അധികാരകേന്ദ്രം പോയസ് ഗാര്‍ഡനില്‍ മന്നാര്‍കുടിയന്മാരും നിലനിര്‍ത്തും. ഈ രണ്ട് ചരടുകള്‍ക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കാനാവും പാവം പളനിസാമിയുടെ വിധി. സ്വന്തമായി തീരുമാനങ്ങളൊന്നും എടുക്കാന്‍ പാടില്ല. പന്നീര്‍സെല്‍വത്തിനെപ്പോലെ ഒരു സുപ്രഭാതത്തില്‍ വിപ്ളവകാരിയാവാനും പാടില്ല. അഗ്രഹാരത്തില്‍നിന്നും മന്നാര്‍കുടിയില്‍നിന്നുമുള്ള കല്‍പനകളെ ശിരസാ വഹിച്ചാല്‍ ശിഷ്ടകാലം മുഖ്യമന്ത്രിക്കസേരയില്‍ തന്നെ ഇരിക്കാം. അല്ളെങ്കില്‍ അവര്‍ തൂക്കിയെടുത്ത് പുറത്തിടും എന്നുറപ്പ്. വേറെ ഒരു അധികാരകേന്ദ്രമുണ്ട്. അത് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ്. ദിനംപ്രതി തലവേദന സൃഷ്ടിക്കാനിടയുള്ള ആളാണ് ദിനകരന്‍. ആറു കൊല്ലത്തിനുശേഷം പാര്‍ട്ടിയില്‍ തിരിച്ചത്തെിയ ആളിപ്പോള്‍ പ്രബലനാണ്. അയാളെ വകവെക്കാതിരുന്നാല്‍ പാര്‍ട്ടിക്ക് പുറത്തേക്ക് തെറിക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടര്‍ വിഭാഗത്തില്‍പെട്ടയാളാണ്. ശശികലയും പന്നീര്‍സെല്‍വവുമൊക്കെ തേവര്‍ സമുദായത്തില്‍പെട്ടവരാണ്. ജയലളിതയുടെ കാലത്ത് തേവര്‍ സമുദായക്കാരായിരുന്നു പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തിയിരുന്നത്. ഇനി ഗൗണ്ടര്‍മാരുടെ കാലമാണ്. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടയ്യനും മുഖ്യമന്ത്രി പളനിസാമിയും ഗൗണ്ടര്‍മാര്‍.

സേലം ജില്ലയില്‍ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കര്‍ഷകകുടുംബത്തില്‍ 1954 മാര്‍ച്ച് രണ്ടിന് ജനനം. 1983ലാണ് അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നത്. എടപ്പാടിയില്‍ പാര്‍ട്ടി സെക്രട്ടറിയായാണ് തുടക്കം. എം.ജി. ആറിന്‍െറ മരണത്തെ തുടര്‍ന്ന് 1987ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജയലളിതയുടെ പക്ഷത്തുതന്നെ നിന്നു. പന്നീര്‍സെല്‍വം അന്ന് ജാനകി രാമചന്ദ്രനോടൊപ്പമായിരുന്നു.  മികച്ച സംഘാടനപാടവം കാട്ടിയ യുവാവിനെ ജയലളിതക്ക് ഇഷ്ടമായി. 1990ല്‍ ജയലളിത എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയര്‍ന്നപ്പോള്‍ സേലം ജില്ലയിലെ വടക്കുഭാഗത്തിന്‍െറ ചുമതലയുള്ള സെക്രട്ടറിയായി.

1989ലാണ് എടപ്പാടി മണ്ഡലത്തില്‍നിന്ന് ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. ആ മത്സരത്തില്‍ ജയിച്ചു. പക്ഷേ, തോല്‍വികള്‍ പിന്നാലെ വന്നു. സ്വന്തം നാടാണെങ്കിലും പാര്‍ട്ടിയുടെ പ്രമുഖ നേതാവാണെങ്കിലും വോട്ടര്‍മാര്‍ക്ക് അത്രകണ്ട് പിടിച്ചില്ല. 2004ല്‍ പളനിസാമി ലോക്സഭയിലേക്ക് തങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. 2006ല്‍ നിയമസഭയിലും പോവേണ്ടതില്ല എന്ന് അവര്‍ വിധിയെഴുതിയപ്പോള്‍ പളനിസാമി വെട്ടിലായി. തുടര്‍ച്ചയായി ജനങ്ങള്‍ തോല്‍പ്പിച്ചുവിടുന്ന നേതാവിന് അവസരം കിട്ടുക എളുപ്പമല്ലല്ളോ. പക്ഷേ, അവിടെ ചിന്നമ്മ തുണച്ചു. ചിന്നമ്മയുടെ സ്വാധീനത്തിലാണ് വീണ്ടും 2011ല്‍ നിയമസഭയിലേക്ക് ഒരു കൈനോക്കിയത്. ചിന്നമ്മ പറയുന്ന ആളെ അവഗണിക്കാന്‍ അമ്മക്ക് ആവുമായിരുന്നില്ല. നേതൃപാടവം കൊണ്ടല്ല ഈ നിലയിലത്തെിയതെന്നും ഈ കൂറ് മാത്രമാണ് അതിന് കാരണമെന്നും പരസ്യമായ രഹസ്യം.

ജയലളിതയുടെ എല്ലാ മന്ത്രിസഭകളിലും മന്ത്രിയായി. പലപ്പോഴും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയപ്പോഴും പളനിസാമിയെ മാറ്റിയിരുന്നില്ല. ജയലളിതയുടെയും പന്നീര്‍സെല്‍വത്തിന്‍െറയും മന്ത്രിസഭകളില്‍ ദേശീയപാത, ചെറുതുറമുഖ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എടപ്പാടി നിയോജക മണ്ഡലത്തില്‍നിന്ന് നാലു തവണ നിയമസഭയില്‍ എത്തി. 1989, 1991, 2011,2016 എന്നീ വര്‍ഷങ്ങളില്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 42,022 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെയാണ് ജയലളിത മന്ത്രിസഭയില്‍ മൂന്നാമനായത്. സേലത്തെ 11 നിയോജകമണ്ഡലങ്ങളില്‍ പാര്‍ട്ടി വെന്നിക്കൊടി പാറിച്ചതോടെ പളനിസാമി പാര്‍ട്ടിയിലും ശക്തനായി. കൊങ്കുനാട് എന്ന് അറിയപ്പെടുന്ന കോയമ്പത്തൂര്‍, സേലം, ധര്‍മപുരി, നീലഗിരി എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് പ്രബലമായ അടിത്തറ കെട്ടിപ്പൊക്കിയത് പളനിസാമിയാണ്. പാര്‍ട്ടിയുടെ പ്രചാരണവിഭാഗം മേധാവിയായിരുന്നിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സ് സെക്രട്ടറിയും സേലം റൂറല്‍ സെക്രട്ടറിയുമാണ്.

Tags:    
News Summary - article about palaniswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT