പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ സമ്പദ്ശാസ്ത്രത്തേക്കാൾ രാഷ്ട്രീയത്തിനാണ് മുൻതൂക്കം. അതായത്, ഇതൊരു രാഷ്ട്രീയ രേഖയാണ്. സമ്പദ്ശാസ്ത്രത്തിെൻറ അച്ചടക്കം ബലികഴിക്കാതെയാണ് ബജറ്റിനെ ജനകീയമാക്കാൻ ശ്രമിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഗ്രാമീണ, കാർഷിക മേഖലകൾക്കാണ് ബജറ്റിൽ മുൻഗണന. രാജ്യത്തിെൻറ ഗ്രാമീണ, കാർഷിക മേഖലകൾ ക്ലേശകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇൗ സാഹചര്യത്തിൽ ഇത് ഏറെ ഉചിതമാണ്. ഉൽപാദന ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ താങ്ങുവില ഉറപ്പാക്കുന്ന പദ്ധതി കർഷകർക്ക് ലാഭകരമായ വരുമാനം ലഭിക്കാൻ വഴിയൊരുക്കും. എട്ടു കോടി ദരിദ്രകുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകുമെന്ന പ്രഖ്യാപനം ശ്ലാഘിക്കപ്പെടേണ്ടതും സ്ത്രീസൗഹൃദവുമാണ്.
മധ്യവർഗത്തിന് പ്രത്യേകിച്ച്, മാസശമ്പളക്കാർക്ക് പ്രതീക്ഷിച്ച ആനുകൂല്യം ബജറ്റിൽ ലഭിച്ചില്ല. ആദായനികുതി നിരക്ക് കുറക്കുകയോ നികുതി സ്ലാബ് ഉയർത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദീർഘകാല മൂലധന നേട്ടത്തിന്മേൽ 10 ശതമാനം നികുതി കൊണ്ടുവന്നിട്ടുണ്ട്. 2018 ജനുവരി 31 വരെയുള്ള മൂലധന നേട്ടങ്ങൾക്ക് ഇത് ബാധകമല്ല. ഇൗ നികുതി കൊണ്ടുവന്നപ്പോഴും സെക്യൂരിറ്റിസ് ട്രാൻസാക്ഷൻസ് നികുതി നിലനിർത്തിയത് വിപണിയെ സംബന്ധിച്ചിടത്തോളം അൽപം ആശങ്കജനകമാണ്. എന്നാൽ, ഇതൊരു വലിയ പ്രശ്നമായി കാണേണ്ടതില്ല.
ഇലക്ഷൻ ബജറ്റായിട്ടും ജനപ്രീണനം ഒഴിവാക്കാനും ജനപ്രീതിയും സാമ്പത്തിക അച്ചടക്കവും നിലനിർത്താനും ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്. ധനക്കമ്മി 3.2 ശതമാനം ലക്ഷ്യമിട്ടിരുന്നത് 3.5 ശതമാനമായി ഉയർന്നതും ദീർഘകാല മൂലധന നേട്ടങ്ങളുടെ മേൽ (എൽ.ടി.സി.ജി) 10 ശതമാനം നികുതി ചുമത്തിയതും വിപണിയുടെ കാഴ്ചപ്പാടിൽ നെഗറ്റിവാണ്.
ദീർഘകാല മൂലധന നേട്ടങ്ങളെ നികുതി മുക്തമാക്കിയതിെൻറ ഉദ്ദേശ്യം സ്വർണം തുടങ്ങിയ പ്രത്യുൽപാദനപരമല്ലാത്ത ആസ്തികളിൽനിന്ന് മൂലധന വിപണിയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ്. ഇപ്പോൾ വിപണിയിലേക്ക് ധാരാളം മൂലധനം ഒഴുകുന്നതുകൊണ്ട് ഈ ആനുകൂല്യം തുടരേണ്ടതില്ലെന്ന് സർക്കാറിനു തോന്നിക്കാണും. മാത്രമല്ല, മൊറീഷ്യസ്, സിംഗപ്പൂർ, സൈപ്രസ് എന്നീ രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി ഒപ്പുവെച്ചതോടെ വിദേശ നിക്ഷേപകരും തദ്ദേശീയ നിക്ഷേപകരും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. 2018ലെ ബജറ്റിൽ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ദീർഘകാല മൂലധന നേട്ടങ്ങൾക്കാണ് 10 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഇൻഡെക്സേഷെൻറ ആനുകൂല്യവും ലഭ്യമല്ല. ഹ്രസ്വകാല മൂലധന നേട്ടങ്ങളിന്മേലുള്ള നികുതി മാറ്റമില്ലാതെ 15 ശതമാനമായി തുടരുന്നു. ഇതിെൻറ ഫലമായി നിക്ഷേപകർ എൽ.ടി.സി.ജിയുടെ നേട്ടമെടുക്കാൻ കാത്തിരിക്കാതെ കൂടുതൽ ഹ്രസ്വകാല ഇടപാടുകളിലേക്കു തിരിയാനും സാധ്യതയുണ്ട്.
(ജിയോജിത് ഫിനാൻഷ്യൽ സർവിസസിലെ
ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.