‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി ഇവിടെ ഉയർത്തിവിട്ട ഒച്ചപ്പാടും ആവേശവും കണ്ടാണ് ഞാൻ ലണ്ടനിലെ വിവരമറിയാൻ അവിടത്തെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്. ഗോധ്രയെ കേന്ദ്രീകരിച്ചുള്ള, അക്കാലത്ത് നടന്ന കലാപങ്ങളിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് മറയില്ലാതെ ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗം വന്ന ഉടനെയായിരുന്നു അത്. ബ്രിട്ടനിൽ സംപ്രേഷണം ചെയ്ത ആ എപ്പിസോഡിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ന്യൂഡൽഹിയിലെ ഭരണകൂടത്തെ അസ്വസ്ഥമാക്കുകയും എടുത്തുചാടി വിവരമില്ലാത്ത തീരുമാനങ്ങൾ നടപ്പാക്കുന്ന പതിവുവെച്ച് അവർ ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിന് തടയിടുകയും ചെയ്തു.
ഒരു ടി.വി ഷോ നിരോധിക്കപ്പെടുന്നതോടെ അതിന് കണക്കുകൂട്ടിയതിലേറെ പ്രേക്ഷകരുണ്ടാകുമെന്ന് ഉറപ്പാകുന്നു. നിരോധിത വസ്തുക്കൾ ഡൗൺലോഡ് ചെയ്യാനുള്ള എല്ലാ കൗശല തന്ത്രങ്ങളും പ്രേക്ഷകർ സ്വായത്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ വക്താവ് നടത്തിയ പ്രയോഗങ്ങളാണ് സത്യത്തിൽ ഡോക്യുമെന്ററിക്ക് കാഴ്ചക്കാരെ വർധിപ്പിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന കൊളോണിയൽ മാനസികാവസ്ഥയാണ് ബി.ബി.സിയുടേതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബി.ബി.സിക്ക് ശരിക്കും കൊളോണിയൽ ചിന്താഗതിയാണോ ഉള്ളത്? ഏറെ ശ്രമകരമായ ഗവേഷണത്തിലൂടെ വിഷയത്തിന്റെ ഇരുവശവും പറയുന്ന നിരവധി അഭിമുഖങ്ങളുൾക്കൊള്ളിച്ചാണ് അവരീ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ മാധ്യമ പ്രവർത്തകരാരും ഒരുകൈ നോക്കാൻ പോലും ശ്രമിക്കാഞ്ഞ ഉദ്യമം.
ലണ്ടനിലെ സുഹൃത്തുക്കളോട് ഡോക്യുമെന്റെറിയെക്കുറിച്ച് പ്രതികരണമാരാഞ്ഞത് ഞാൻ പറഞ്ഞുവല്ലോ. തെക്കനേഷ്യൻ വംശജനായ ഒരു ലേബർ പാർട്ടി അംഗത്തോട് ഞാൻ അന്വേഷിച്ചപ്പോൾ ഏത് ഡോക്യുമെന്ററി, എന്തിനെപ്പറ്റിയുള്ള ഡോക്യുമെന്ററി എന്നായിരുന്നു മറു ചോദ്യം. ബ്രിട്ടീഷ് പത്രങ്ങളിൽ അതേക്കുറിച്ച് ഒന്നും വന്നില്ലേ എന്ന് ചോദിച്ചപ്പോൾ താനൊന്നും കണ്ടില്ലെന്ന് മറുപടി.
ബി.ബി.സിയിൽ പ്രവർത്തിക്കുന്ന ഒരാളോട് തിരക്കിയപ്പോൾ ചില കാര്യങ്ങൾ തെളിഞ്ഞു. ഉവ്വ്, ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം സംപ്രേഷണം ചെയ്തു. പക്ഷേ, ബി.ബി.സി 2 ചാനലിൽ കാഴ്ചക്കാർ കുറവുള്ള ഒമ്പതു മണി ഷോ ആയിരുന്നു. ബ്രിട്ടീഷ് ടി.വി പ്രേക്ഷകർ, ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത് കാണണമെന്ന ക്ഷുദ്രതാൽപര്യമുള്ളവരല്ല. ആ എപ്പിസോഡിനെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ, നിയന്ത്രണം, നിരോധനം തൽഫലമായി വ്യാപകമായ പ്രദർശനവും കാഴ്ചക്കാരും...ഇതൊക്കെ ഇന്ത്യയിലാണ് സംഭവിച്ചത്.
കലാപത്തെ സഹായിച്ചുവെന്ന് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തേക്കാൾ ഭരണകൂടത്തിന് ദോഷകരമാവേണ്ടതാണ് ബീഫിന്റെ പേരിലെ ആൾക്കൂട്ടക്കൊല, ലവ് ജിഹാദ്, ഹിജാബ്, വിചാരണപോലുമില്ലാതെ വർഷങ്ങളും ദശകങ്ങളും തടവറയിൽ കഴിയേണ്ടിവരുന്ന മുസ്‍ലിം ചെറുപ്പക്കാർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന രണ്ടാം ഭാഗം. പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്ന് ആദ്യ എപ്പിസോഡിനെതിരെ ഉയർന്നതു പോലുള്ള അതിവീര്യത്തിലുള്ള പ്രതികരണങ്ങൾ ഇല്ലാഞ്ഞതിനാൽ പരിമിതമായ അളവിൽ മാത്രമാണ് പൊതുജനങ്ങൾ അതു കണ്ടത്.
ഔദ്യോഗിക പ്രതികരണം മറിച്ചാണെങ്കിലും ബി.ബി.സിയുടെ പ്രവൃത്തി മോദിയുടെ ഗോദി മീഡിയയിൽനിന്ന് വ്യത്യസ്തമല്ല എന്നാണ് ആർട്ടിക്ൾ 19 എന്ന നവകാല പോർട്ടലിലെ നവീൻ കുമാറിന്റെ വിലയിരുത്തൽ. നവീൻ അങ്ങനെ പറയുന്നതിന്റെ കാരണമിതാണ്:
ഒമ്പത് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, അതിർത്തിയിൽ ചൈനയോടുള്ള സംശയാസ്പദമായ ഇടപെടലുകൾ എന്നിവയെല്ലാം മോദിക്ക് ബാധ്യതയാവുന്ന മാറാപ്പുകളാണ്. ആ ഘട്ടത്തിൽ ഹിന്ദു-മുസ്‍ലിം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭജന, സ്വത്വ രാഷ്ട്രീയം ഉയർന്നുവരുന്നത് മോദിക്കും കൂട്ടർക്കും ഏറെ സൗകര്യമാണ്. കശ്മീരും പാകിസ്താനും ചേർത്ത് ദേശീയതയുടെ ഒരുവശം കൂടിയാകുമ്പോൾ വിശേഷിച്ചും. ബി.ജെ.പി നടത്തുന്ന പ്രചാരണ വേലകൾ കാണുമ്പോൾ നവീൻ കുമാറിന്റെ ദീർഘദൃഷ്ടി എത്രമാത്രം ശരിയാണെന്ന് തോന്നിപ്പോകും.
മധ്യവർഗ ഇന്ത്യൻ സ്വീകരണമുറി ചർച്ചക്കാർ ഇപ്പോൾ രണ്ട് വിഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു വിഭാഗം ദ വയർ, ദ പ്രിന്റ്, ന്യൂസ് ലോൺഡ്രി തുടങ്ങിയ മാധ്യമങ്ങളിൽ മുഴുകുന്നവരാണ്. മറ്റൊരു വിഭാഗമാവട്ടെ തങ്ങളുടെ ബൗദ്ധികസാമഗ്രികൾ സ്വരുക്കൂട്ടുന്നത് ചാനലുകളിൽനിന്നും മോദിയുടെയും മുഖ്യമന്ത്രിമാരുടെയും വ്യവസായ നായകരുടെയും കോച്ചിങ് സെന്ററിലെ ടോപ്പർമാരുടെയും ചിത്ര പരസ്യങ്ങളുള്ള ഒന്നാം പേജ് ഒട്ടിച്ചുചേർത്ത മുഖ്യധാര പത്രങ്ങളിൽ നിന്നുമാണ്. നവീൻ കുമാറിന്റെ ഗൂഢാലോചന സിദ്ധാന്തം ഏറ്റുപിടിക്കുന്ന വളരെ കുറച്ചുപേരുണ്ട്, മറ്റു പലരുടെയും വിലയിരുത്തൽ പ്രകാരം ഇത് യു.കെയിലെ തെക്കനേഷ്യൻ വോട്ടർമാർ നടത്തുന്ന നിരന്തര അധിക്ഷേപത്തിനുള്ള പ്രതികരണമാണ്.
ഓർക്കുക-യു.കെയിലെ നിയോജക മണ്ഡലങ്ങൾ പാർട്ടി നേതാക്കൾക്കും വോട്ടർമാർക്കും നേരിട്ട് ഇടപഴകാൻ കഴിയുന്നത്ര ചെറുതാണ്. ഈ പറഞ്ഞ കാരണം ശരിയാണെന്ന് സമ്മതിച്ചാൽപ്പോലും ഡോക്യുമെന്ററി പുറത്തുവരാൻ ഗോധ്ര സംഭവം നടന്ന് 21 വർഷത്തെ ഇടവേളയെടുത്തത് എന്തു കൊണ്ടാണ്? കൂട്ടക്കുരുതി നടക്കുമ്പോൾ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തശേഷം കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. ‘‘ഇന്ത്യയുമായി കാര്യമായ ബന്ധമുള്ള ഒരു രാജ്യമെന്ന നിലയിൽ, ഗുജറാത്ത് വംശഹത്യ അരങ്ങേറിയപ്പോൾ അവിടെ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടത് ബാധ്യതയായി ഞങ്ങൾ കരുതിയിരുന്നു. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമീഷൻ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പക്ഷേ, ഇന്ത്യയുമായുള്ള മികവുറ്റ ബന്ധം തകിടം മറിയുന്നത് ഒഴിവാക്കാനായി അന്തിമ റിപ്പോർട്ട് രഹസ്യ രേഖയായി വിദേശകാര്യ മന്ത്രാലയം സൂക്ഷിച്ചു. വിസ റദ്ദാക്കിക്കൊണ്ട്, അന്ന് വെറും മുഖ്യമന്ത്രി മാത്രമായിരുന്ന നരേന്ദ്ര മോദിയുടെമേൽ നടപടിയും സ്വീകരിച്ചു.’’
2002ൽ നൽകപ്പെട്ട ആ റിപ്പോർട്ട് ബി.ബി.സിക്ക് ചോർത്തിക്കിട്ടിയതു കൊണ്ടാവാം ഗുജറാത്ത് എപ്പിസോഡ് വീണ്ടും ഉയർത്തിയും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളിച്ചും ഇത്തരമൊരു ഡോക്യുമെന്ററി ഇപ്പോൾ പുറത്തുവന്നത്. ഊഹം പറച്ചിലുകൾക്ക് അവസാനമില്ലല്ലോ. യുക്രെയ്ൻ വിഷയത്തിൽ പടിഞ്ഞാറൻ സഖ്യങ്ങളുടെ നിലപാടിൽനിന്ന് മാറിനടന്നതിന്റെ പേരിൽ മോദിയോട് പകരംവീട്ടാൻ ബി.ബി.സിയെ കരുവാക്കുകയായിരുന്നു എന്നുപോലും പറഞ്ഞുനടക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.