കറുത്തവരെല്ലാം വേട്ടയാടപ്പെടുന്ന കാലമാണ്. ‘മേലാളക്കഴുമരമേറി പിടഞ്ഞൊടുങ്ങുന്നേ കറുത്ത സൂര്യന്മാര്‍’ എന്ന് കുരീപ്പുഴ ശ്രീകുമാര്‍ ഒരു കവിതയില്‍ എഴുതിയത് രോഹിത് വെമുലയുടെ ആത്മഹത്യയോടെ വാസ്തവമായി. ദലിത് പീഡനം വരേണ്യ വലതുപക്ഷത്തിന്‍െറ ഭരണകൂട പദ്ധതിതന്നെയായി. സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് തുറന്നടിച്ചു. വെളുത്തവന് കറുത്തവനെ കാണുമ്പോള്‍ തോന്നുന്ന അകല്‍ച്ച അതേപടി നിലനിര്‍ത്താന്‍ ജനപ്രിയ സിനിമ എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. കറുത്തവര്‍ പാര്‍ക്കുന്ന ചേരികളും ഗ്രാമങ്ങളും കോളനികളും ആഗോളീകരിക്കപ്പെട്ട നവ ഇന്ത്യയുടെ അപരിഷ്കൃതവും അപകടകരവുമായ അപരദേശങ്ങളായി ചിത്രീകരിക്കപ്പെട്ടു. കറുപ്പുനിറമുള്ള താരങ്ങള്‍ ക്രിമിനല്‍ കഥാപാത്രങ്ങളുടെ വാര്‍പ്പുമാതൃകകളിലേക്ക് ഒതുക്കപ്പെട്ടു.
അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയില്‍ പതിവ് ക്വട്ടേഷന്‍ ഗുണ്ടയായി നടന്നതാണ് വിനായകന്‍. കഴിഞ്ഞ കൊല്ലം രാജീവ് രവി, വെളുത്തവരുടെ നഗരം വികസിച്ചപ്പോള്‍ വെട്ടിപ്പിടിക്കപ്പെട്ട കറുത്തവരുടെ കമ്മട്ടിപ്പാടങ്ങളുടെ കഥ പറഞ്ഞപ്പോള്‍ അവിടെ ജനിച്ചുവളര്‍ന്ന വിനായകന് മുഖ്യവേഷം നല്‍കി. കൊച്ചിയില്‍ പാര്‍പ്പിട, വ്യാപാരസമുച്ചയങ്ങള്‍ മാനംമുട്ടിയപ്പോള്‍ കിടപ്പാടം കവര്‍ന്നെടുക്കപ്പെട്ടവരുടെ വേദനകള്‍ വിനായകന് അറിയാവുന്നതാണ്. ആ വ്യഥകളെ അതിന്‍െറ ആഴങ്ങള്‍വരെ കാണിച്ച് അഭിനയിപ്പിച്ചു ഫലിപ്പിച്ചതിനാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം. കീഴാളരെ നല്ല മനുഷ്യരുടെ കഥപറയുന്ന സിനിമകളില്‍ വില്ലന്മാരാക്കി അവരെ പൊതുജീവിതത്തിന്‍െറ മുഖ്യധാരയില്‍നിന്ന് ഓരങ്ങളിലേക്ക് ചവിട്ടിയൊതുക്കുന്ന വിനോദവ്യവസായത്തിന് വിധിനിര്‍ണയസമിതിയുടെ കടുംവെട്ടിലുള്ള ഒരു തിരുത്ത്.
കറുത്തവനെയും കീഴാളനെയും ഒതുക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ളയാളാണ് വിനായകന്‍. തന്‍െറ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴായി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ‘കമ്മട്ടിപ്പാടം: ബഹിഷ്കൃതരുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന സംവാദത്തിന്‍െറ വിഡിയോ വൈറലായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ വിഡിയോവില്‍ വിനായകന്‍ ഇങ്ങനെ പറഞ്ഞു: ‘‘ഞാന്‍ ഇങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും പോവാത്തയാളാണ്. ഗംഗയുടെ ഡെഡ്ബോഡി കൊണ്ടുപോവുന്ന ആ വഴി ഇത്രയും ചെറുതാക്കിയത് ആരാണ് എന്നു ചോദിക്കാനാണ് ഞാനിവിടെ വന്നത്.’’ ഫ്ളാറ്റ് മാഫിയയാല്‍ കൊലചെയ്യപ്പെട്ട ഗംഗ കമ്മട്ടിപ്പാടത്തെ ദലിതനാണ്. വെളുത്തവന്‍ അവന്‍െറ വികസനത്തിനായി കമ്മട്ടിപ്പാടം വെട്ടിപ്പിടിച്ചപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട കൂട്ടത്തില്‍ ഗംഗയുടെ വീട്ടിലേക്കുള്ള വഴികള്‍ ഇടുങ്ങിവന്നു. ഗംഗയെപ്പോലെ ആയിരക്കണക്കിന് ദലിതരുടെ വീടുകള്‍ക്കും വഴികള്‍ക്കും മേലാണ് കൊച്ചിനഗരത്തിന്‍െറ നില്‍പ് എന്നാണ് വിനായകന്‍ പറഞ്ഞത്. ആ വഴികള്‍ ചെറുതാക്കുന്നത് ആരാണ് എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണെന്ന് ആവര്‍ത്തിച്ച ശേഷം കവി അന്‍വര്‍ അലി എഴുതിയ ചില വരികള്‍ വിനായകന്‍ ചൊല്ലി. ‘‘അക്കാണും മാമലയൊന്നും നമ്മുടേതല്ളെന്‍ മകനേ.. ഇക്കായല്‍ കയവും കരയും ആരുടേതുമല്ളെന്‍ മകനേ. പുഴുപുലികള്‍ പക്കിപരുന്തുകള്‍, കടലാനകള്‍ കാട്ടുരുവങ്ങള്‍, പലകാലപ്പരദൈവങ്ങള്‍ പുലയാടികള്‍ നമ്മളുമൊപ്പം നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ’’... കിടപ്പാടമില്ലാതെ കഴിയുന്ന കീഴാളന്‍െറ വ്യഥകള്‍ പകര്‍ത്തുന്ന ഈ പാട്ടിന് ഈണം നല്‍കിയതും വിനായകന്‍ തന്നെ.
വിനായകന്‍െറ രാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടുതല്‍ വ്യക്തത വന്നത് അവാര്‍ഡ് പ്രഖ്യാപനം നടന്ന ദിവസമാണ്. തനിക്കുവേണ്ടിയും കമ്മട്ടിപ്പാടത്തിനു വേണ്ടിയും ഉയര്‍ന്നത് പ്രതിഷേധത്തിന്‍െറ സ്വരമാണെന്നും അത് എന്താണെന്ന് അറിയണമെങ്കില്‍ അങ്ങ് ഡല്‍ഹിയില്‍നിന്ന് തുടങ്ങേണ്ടിവരുമെന്നും വിനായകന്‍ പറഞ്ഞു. സിനിമയില്‍ ജാതിവിവേചനമുണ്ടെന്ന് തുറന്നടിച്ചു. പോസ്റ്ററില്‍ പടം അച്ചടിച്ചുവരാന്‍ 18 കൊല്ലം കാത്തിരിക്കേണ്ടിവന്നുവെന്ന് തുറന്നുപറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നു മറുപടി നല്‍കിയ വിനായകനോട് കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമില്ല എന്നായിരുന്നു. കറുത്തവനെ പരിഗണിക്കാത്ത വ്യവസ്ഥയില്‍ വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് അവാര്‍ഡ് പ്രതീക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു വിനായകന്‍. ഒരു ജനാധിപത്യരാജ്യത്തുനിന്ന് ഞാന്‍ ഫൈറ്റു ചെയ്യുന്നുവെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
അവാര്‍ഡ് ഇരട്ടിമധുരമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ ‘ഇല്ല, എനിക്ക് ഒരിക്കലും മധുരമുണ്ടായിട്ടില്ല. ഇരുപതുകൊല്ലത്തില്‍ ഇന്നാണ് മധുരം കഴിച്ചുതുടങ്ങിയത് എന്ന ആ മറുപടിയില്‍ ക്വട്ടേഷന്‍ ഗുണ്ട എന്ന വാര്‍പ്പുമാതൃകയില്‍ രണ്ടുപതിറ്റാണ്ട് തളച്ചിടപ്പെട്ട ഒരു നടന്‍െറ കയ്പേറിയ അനുഭവങ്ങളുണ്ട്.
ചടുലതാളത്തില്‍ ചുവടുവെക്കുന്ന മൈക്കിള്‍ ജാക്സന്‍െറ ആരാധകന് സംഗീതവും നൃത്തവുമായിരുന്നു എന്നും ഹരം. ബ്ളാക് മെര്‍ക്കുറി എന്ന ഡാന്‍സ് ട്രൂപ് ഉണ്ടായിരുന്നു. ഫയര്‍ഡാന്‍സ് ആയിരുന്നു സ്വന്തം ഐറ്റം. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു പിന്നിലെ റെയില്‍വേ ട്രാക്കിനടുത്തുള്ള ഉദയ കോളനിയിലെ കറുത്തുമെലിഞ്ഞ പയ്യന്‍ മഹാരാജാസിലെ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടികളടക്കമുള്ള സംഘത്തിനു നടുവില്‍നിന്ന് ബ്രേക്ഡാന്‍സ് ചുവടുകള്‍ കാണിച്ചുകൊടുത്ത് ഷൈന്‍ ചെയ്തപ്പോള്‍ കോളജിലെ ആണ്‍കുട്ടികള്‍ മഹാരാജാസിന്‍െറ മതില്‍ക്കെട്ടിനകത്ത് ഓടിച്ചിട്ട് തല്ലിയിട്ടുണ്ട്. ജീവിതത്തിന്‍െറ ഗതിമാറ്റത്തിന് നിമിത്തമായത് ഇപ്പോഴത്തെ ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ്.
ഇരുപതുകൊല്ലം മുമ്പത്തെ കഥയാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംവിധാന സഹായിയായിരുന്ന ലാല്‍ ജോസ് ആകസ്മികമായി കൊച്ചിയിലെ ഒരു ബാച്ചിലേഴ്സ് പാര്‍ട്ടിയില്‍ എത്തിപ്പെട്ടു. ചടുലതാളത്തില്‍ നൃത്തം ചെയ്യുന്ന കറുത്തു മെലിഞ്ഞു മുടിനീട്ടി വളര്‍ത്തിയ ചെറുപ്പക്കാരനിലാണ് ആദ്യം കണ്ണുടക്കിയത്. മൈക്കിള്‍ ജാക്സനെ അനുകരിച്ച് വേഷവിധാനം ചെയ്ത ആ യുവാവിനെ മനസ്സില്‍ കുറിച്ചിട്ട് അദ്ദേഹം മടങ്ങി. പിന്നീട് തമ്പി കണ്ണന്താനത്തിന്‍െറ മോഹന്‍ലാല്‍ ചിത്രം ‘മാന്ത്രിക’ത്തില്‍ ജിപ്സിയായി അഭിനയിക്കാന്‍ ഒരാളെ തിരഞ്ഞുകൊണ്ടിരിക്കെ കൊച്ചിക്കാരന്‍ മൈക്കിള്‍ ജാക്സനെ ലാല്‍ ജോസ് ഓര്‍ത്തു. അങ്ങനെയാണ് വിനായകന്‍ മലയാള സിനിമയില്‍ എത്തുന്നത്. ‘മാന്ത്രിക’ത്തിനു ശേഷം സിനിമ നിര്‍ത്തണമെന്നു വിചാരിച്ചതാണ്. സംഗീതവും നൃത്തവുമാണ് തന്‍െറ മേഖലയെന്ന തിരിച്ചറിവിലായിരുന്നു ആ തീരുമാനം. പക്ഷേ, സിനിമ വിനായകനെ വിട്ടില്ല. എ.കെ. സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രം വിനായകനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാക്കി. ഛോട്ടാ മുംബൈ, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്‍െറ പുസ്തകം, ആട് ഒരു ഭീകരജീവിയാണ്, കലി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ‘കമ്മട്ടിപ്പാട’ത്തിലെ പകര്‍ന്നാട്ടത്തിന് സിനിമ പാരഡൈസോ ക്ളബ് അവാര്‍ഡ്, നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ദിവസം രാവിലെവരെ വിനായകനെപ്പറ്റി ജൂറിയെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
നാട്യങ്ങളില്ലാത്ത പച്ചമനുഷ്യനാണ്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ അമ്മക്കു മധുരംകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ പറഞ്ഞപ്പോള്‍ ‘അഭിനയിക്കാന്‍ പറയരുത്’ എന്ന് ആവര്‍ത്തിച്ചത്. കാമറക്കു മുന്നില്‍ മാത്രമേ അഭിനയിക്കൂ. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ്. അഭിമുഖങ്ങളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുന്നത് അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.