മിത് ഷാ: മുത്തലാഖ്, ആർട്ടിക്കിൾ 370, പാക് അധീന കശ്മീർ, മുസ്‍ലിം വ്യക്തി നിയമം, സർജിക്കൽ സ്‌ട്രൈക്ക്, രാമക്ഷേത്രം, 400 സീറ്റ്...

പ്രിയങ്കാ ഗാന്ധി: വിദ്യാഭ്യാസം, കുട്ടികളുടെ ഭാവി, തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടി, കാർഷിക കടം എഴുതിത്തള്ളൽ, അഴിമതി...

മുകളിൽ ചൂണ്ടിക്കാട്ടിയ രണ്ടുകൂട്ടം വാക്കുകൾ രണ്ടുതരം രാഷ്ട്രീയത്തിന്റെ സൂചകങ്ങളാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയിരുന്നു. അവരുടെ സംസാരത്തിലും പ്രചാരണങ്ങളിലുമുള്ള ഭാഷയുടെയും ഉള്ളടക്കത്തിന്റെയും വ്യത്യാസം ഈ തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ട്.

റായ്ബറേലിയിലെ വിജയം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 400 സീറ്റുകൾ ഉറപ്പുനൽകുമെന്ന് പറഞ്ഞുകൊണ്ടാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി എത്ര തവണ മണ്ഡലം സന്ദർശിച്ചുവെന്ന് അദ്ദേഹം ചോദിക്കുന്നു. മണ്ഡലത്തെ കഴിഞ്ഞ തവണ പ്രതിനിധാനം ചെയ്ത സോണിയ അവരുടെ എം.പി ലാഡ് ഫണ്ടിന്റെ 70 ശതമാനം ന്യൂനപക്ഷങ്ങൾക്കായി ചെലവഴിച്ചു. പതിയെ പ്രസംഗം രാമക്ഷേത്രത്തിലേക്ക്... രാഹുൽ ഗാന്ധി തന്റെ ‘വോട്ടുബാങ്കി’നെ ഭയന്നാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അമിത് ഷാ പ്രസംഗത്തിൽ ആരോപിക്കുന്നു. മുസ്‍ലിംകളെ ‘കോൺഗ്രസിന്റെ വോട്ടുബാങ്ക്’ എന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്.

തുടർന്ന് ഷാ അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു. അതിന് ഉത്തരം നൽകിയതിന് ശേഷം മാത്രമേ രാഹുൽ ഗാന്ധി റായ്ബറേലിയിൽ വോട്ട് തേടാവൂ എന്നായിരുന്നു ഷായുടെ നിർദേശം.

1. മുത്തലാഖ് നിയമം റദ്ദാക്കുന്നത് നല്ലതോ ചീത്തയോ ആയിരുന്നോ? രാഹുൽ ഗാന്ധി അത് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ?

2. മുസ്‍ലിം വ്യക്തി നിയമം അല്ലെങ്കിൽ ഏകീകൃത സിവിൽ കോഡ് -ഏതാണ് അഭികാമ്യം?

3. മോദി സർക്കാർ പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ ഇല്ലയോ?

4. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ ഇല്ലയോ?

5. എന്തുകൊണ്ടാണ് നിങ്ങൾ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്?

അഞ്ച് ചോദ്യങ്ങളിലും ഒഴിവാക്കാനാകാത്തതുമായ മുസ്‌ലിം ആംഗിൾ പ്രകടമാണ്. പാക് അധീന കശ്മീരിന് മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ചും ഷാ സംസാരിച്ചു. പാകിസ്ഥാ​ന്റെ കൈവശം ആറ്റംബോംബ് ഉണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ഇന്ത്യയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഷാ പറഞ്ഞു. ബി.ജെ.പി വിജയിച്ചാൽ റായ്ബറേലിയെ വികസനത്തിന്റെ ഉത്തുംഗതകളിലെത്തിക്കുമെന്ന് വാഗ്ദാനം. ഇതിനിടയിൽ ചാന്ദ്രദൗത്യം, ജി-20 സമ്മേളനം തുടങ്ങി നരേന്ദ്ര മോദിയുടെ നേട്ടങ്ങളെ കുറിച്ചും വാചാലനാകുന്നു.

പ്രിയങ്കയുടെ പ്രസംഗമാ​കട്ടെ, ഷായുടേതുമായി തട്ടിച്ചുനോക്കുമ്പോൾ ഉദ്ദേശ്യത്തിലും അവതരണത്തിലും തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി വോട്ടറെന്ന നിലയിൽ ഉയർന്ന ജാഗ്രതയും ഉണർവും കാണിക്കണമെന്നാണ് അവർ ജനങ്ങളോട് മുഖ്യമായി അഭ്യർഥിച്ചത്.

‘നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്?’- സദസ്സിനോട് പ്രിയങ്കയുടെ ചോദ്യം. വിലക്കയറ്റമെന്നായിരുന്നു മിക്കവരുടെയും മറുപടി. തുടർന്ന് അവരുമായി ചെറുസല്ലാപം. ഉയർന്ന വില കാരണം അവശ്യവസ്തുക്കൾ പോലും വാങ്ങാൻ പാടുപെടുന്നതെങ്ങനെയെന്ന് സ്ത്രീകൾ പ്രിയങ്കയോട് വിശദീകരിച്ചു. പെട്രോൾ, ഡീസൽ വിലയെ കുറിച്ച് പരാമർശിച്ച അവർ, കോൺഗ്രസ് സർക്കാരുകൾ 500 രൂപക്കാണ് പാചക വാതക സിലിണ്ടർ നൽകിയിരുന്നതെന്ന് അവരെ ഓർമിപ്പിച്ചു. കാർഷിക ഉപകരണങ്ങൾക്ക് ചരക്ക് സേവന നികുതി ചുമത്തിയത് വായ്പ എഴുതിത്തള്ളൽ നിഷേധിക്കപ്പെട്ട കർഷകരെ പീഡിപ്പിക്കുന്നതായി. കോർപറേറ്റുകളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളുമ്പോഴാണിതെന്ന് പ്രിയങ്ക സദസ്സിനോട് ചൂണ്ടിക്കാട്ടുന്നു.

മിനിമം താങ്ങുവിലക്കുള്ള നിയമപരമായ പരിരക്ഷ, വിള ഇൻഷുറൻസ്, തൊഴിലില്ലായ്മ, അപ്രന്റീസ്ഷിപ്പ് പദ്ധതി, പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച, പെൻഷൻ എന്നിവയെക്കുറിച്ചെല്ലാം അവർ സംസാരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്ന നയങ്ങൾ ഉണ്ടാക്കുന്നതിനു പകരം പൊതുമേഖലാ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ വിൽക്കുകയും എല്ലാ കരാറുകളും സർക്കാർ ചങ്ങാത്ത മുതലാളിമാർക്ക് നൽകുകയും ചെയ്യുകയാണെന്ന് അവർ പറഞ്ഞു.

റായ്ബറേലി മണ്ഡലത്തെക്കുറിച്ച് സംസാരിക്കവെ, ഇവിടെ ഉണ്ടായ വികസനം മുഴുവൻ കോൺഗ്രസ് എം.പിമാരാണ് -പ്രത്യേകിച്ച് തന്റെ അമ്മ സോണിയ ഗാന്ധി- കൊണ്ടുവന്നതെന്ന് അവർ വിശദീകരിച്ചു. പ്രാദേശിക എം.എൽ.എ കൂടിയായ ബി.ജെ.പി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ്ങിനുനേരെ ഒളിയ​മ്പെയ്ത പ്രിയങ്ക, ‘ആളുകളെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി തട്ടിയെടുക്കുന്നതിന് പകരം മണ്ഡലത്തിൽ ചെയ്ത എന്തെങ്കിലുമൊരു പ്രവർത്തി കാണിച്ചുതരൂ’ എന്ന് അദ്ദേഹത്തെ വെല്ലുവിളിച്ചു.

ജനങ്ങളെ മതത്തി​ന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കെതിരെ പിന്നീട് അക്കമിട്ട് വിമർശനം. പോത്തിനെ മോഷ്ടിക്കുന്നതിനെക്കുറിച്ചും കെട്ടുതാലി തട്ടിയെടുക്കുന്നതിനെക്കുറിച്ചും ഹിന്ദു-മുസ്‌ലിം വിഭജനത്തെക്കുറിച്ചും നിരന്തരം സംസാരിച്ച് പൊതുപ്രഭാഷണത്തെ അദ്ദേഹം അങ്ങേയറ്റം തരംതാഴ്ത്തി. ‘ഒരു യഥാർഥ നേതാവ് ഒരിക്കലും ദൈവത്തിന്റെയോ മതത്തിന്റെയോ പേരിൽ നിങ്ങളെ തെറ്റിധരിപ്പിക്കില്ല. ഒരു യഥാർഥ നേതാവ് സത്യം സംസാരിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യും. അയാൾ തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാവും വോട്ട് തേടുന്നത്. പ്രധാനമന്ത്രിക്ക് ക്രിയാത്മകമായി ഒന്നും സംസാരിക്കാനില്ലേ? വാക്സിൻ നിർമാതാവിൽനിന്ന് ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പി കോടിക്കണക്കിന് രൂപയാണ് സംഭാവന സ്വീകരിച്ചത്. ദൂഷ്യഫലങ്ങൾ കാരണം പിന്നീട് ആ വാക്സിൻ പിൻവലിച്ചു. ഗുജറാത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ പാലത്തിന്റെ നിർമാതാവിൽനിന്ന് വൻതുകയാണ് ബി.ജെ.പി സംഭാവന വാങ്ങിയത്. 55 വർഷം ഈ രാജ്യം ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, കഷ്ടിച്ച് 10 വർഷം ഭരിച്ച ബി.ജെ.പി അക്കാലയളവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ പാർട്ടിയായി മാറി. രാജ്യത്തുടനീളം പാർട്ടി ഓഫിസുകൾ നിർമിക്കാൻ അവർ 60,000 കോടി രൂപ ചെലവഴിച്ചതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്’ -പ്രിയങ്ക പറഞ്ഞു.

(Courtesy..thewire.in)

Tags:    
News Summary - At Rae Bareli, a Picture of Contrasts in Amit Shah and Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.