ശൈഖ് മുജീബുർറഹ്മാന്റെ സ്വതന്ത്ര ബംഗ്ലാദേശ് ഭരണം കൈയേറ്റപ്പോൾ ആദ്യം ചെയ്ത നടപടി അവാമി ലീഗ് ഒഴിച്ചുള്ള മുഴുവൻ കക്ഷികളെയും നിരോധിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി മാത്രമല്ല മുസ്ലിംലീഗും ഇടതുപക്ഷ സംഘടനകളുമെല്ലാം നിരോധിക്കപ്പെട്ടു. യഥാർഥത്തിൽ അതിന് മാത്രം പിന്തുണ അദ്ദേഹത്തിനോ അവാമി ലീഗിനോ ലഭിച്ചിരുന്നില്ല. 1970ലെ തെരഞ്ഞെടുപ്പിൽ 56 ശതമാനമാണ് കിഴക്കൻ പാകിസ്താനിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്.
അവരിൽ 25 ശതമാനവും അവാമി ലീഗിനെതിരെയും. ഇലക്ഷനിലാകട്ടെ അവാമി ലീഗ് മാനിഫെസ്റ്റോയിൽ സ്വതന്ത്ര ബംഗ്ലാദേശ് രൂപവത്കരണത്തിന്റെ സൂചനപോലും നൽകിയിരുന്നുമില്ല. 58 ശതമാനം ബംഗാളികളും അവിഭക്ത പാകിസ്താനുവേണ്ടി നിലകൊണ്ടവരാണ്. എന്നാൽ, പാക് സൈന്യത്തിന്റെ അടിച്ചമർത്തൽ നടപടികൾ ഭൂരിപക്ഷ ബംഗാളികളെയും പാക് വിരുദ്ധരാക്കി. മുജീബ് ഏകകക്ഷി മേധാവിയായി അധികാരമേറ്റതോടെ പാക് അനുകൂലികളെ മുഴുവൻ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു. 30 ലക്ഷം ബംഗാളികളെ പാക് പട്ടാളവും അനുകൂലികളും കൊന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽനിന്ന് ധാക്കയിലെത്തുന്നതിനുമുമ്പ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത് 10 ലക്ഷം പേരുടെ കണക്കായിരുന്നു. അവാമി ലീഗുകാർ വേട്ടയാടി കഥകഴിച്ച ആയിരക്കണക്കിന് ബിഹാറികളും കൊല്ലപ്പെട്ടവരിലുണ്ട്.
1972 ജൂൺ ആറിന് വില്യം ഡ്രമണ്ട് ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയനി’ൽ എഴുതിയ ലേഖനത്തിൽ 30 ലക്ഷം എന്നത് അസംബന്ധമായ അതിശയോക്തിയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. മുജീബുർറഹ്മാൻ തന്നെ പാക് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമീഷൻ ’72 ഏപ്രിൽ 10നകം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 57,743 പേരാണ് കൊല്ലപ്പെട്ടതായി കണ്ടത്.
കൂട്ടക്കൊലയിൽ ജമാഅത്തെ ഇസ്ലാമിയുടെ റോളോ? പാകിസ്താൻ ജമാഅത്തെ ഇസ്ലാമി സ്വന്തം രാജ്യത്തിന്റെ അഖണ്ഡതക്കുവേണ്ടി ശക്തിയുക്തം വാദിച്ചു എന്നത് സത്യമാണ്. അതുകൊണ്ടുകൂടിയാണല്ലോ, രാഷ്ട്രീയ പ്രതിയോഗി മുജീബുർറഹ്മാന്റെ അവാമി ലീഗ് ഭൂരിപക്ഷം നേടിയപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ അഖണ്ഡത പരിരക്ഷിക്കാനായി ജമാഅത്ത് കിഴക്കൻ പാകിസ്താനിലെ സൈനിക നടപടിയെ അനുകൂലിച്ചു; സൈന്യത്തിന് പിന്തുണയും നൽകി. ഇത് ബുദ്ധിപൂർവമോ ദീർഘദൃഷ്ടിയുള്ളതോ ആയിരുന്നില്ലെന്ന് വിലയിരുത്താം. അൽ ബദ്ർ പോലുള്ള വിദ്യാർഥി സംഘങ്ങൾ പട്ടാളവുമായി സഹകരിച്ചു എന്ന ആരോപണത്തിലും കഴമ്പുണ്ടാവാം.
എന്നാൽ, പട്ടാളം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ രാജ്യത്തിന്റെ അഖണ്ഡതയെ അനുകൂലിച്ചവരെല്ലാം കുറ്റവാളികളാണെന്ന വിധിത്തീർപ്പ് നീതിപരമാണോ എന്നതാണ് ചോദ്യം. 1972 ജനുവരി 24ന് ബംഗ്ല ഗവൺമെന്റ് പാസാക്കിയ നിയമപ്രകാരം വിമോചന സമരത്തോട് നിസ്സഹകരിക്കുകയോ സ്വമനസ്സാലെ പാക് സൈന്യത്തോട് സഹകരിക്കുകയോ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയോ ചെയ്തവരെല്ലാം വിചാരണ ചെയ്യപ്പെടേണ്ടവരായിരുന്നു. സഹകാരികളുടെ നിയമം 1972 പ്രകാരം ഒരുലക്ഷത്തിലേറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടു. അവരിൽ 37,471 പേർ കുറ്റവാളികളായി സംശയിക്കപ്പെട്ടു. അവരിൽതന്നെ 30,623 പേർക്കെതിരെ തെളിവില്ലാത്തതിനാൽ വിട്ടയക്കപ്പെട്ടു. 2,848 പേർ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടത്. അതിൽതന്നെ 752 പേരെയാണ് കുറ്റം ചെയ്തതായി കോടതി വിധിച്ചത്. ഇപ്പറഞ്ഞ ഒരിനത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ഒരാൾപോലും ഉണ്ടായിരുന്നില്ല. 1972 നവംബറിൽ ശൈഖ് മുജീബുർറഹ്മാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ അധ്യായംതന്നെ അടച്ചുപൂട്ടപ്പെടുകയും ചെയ്തു.
1980കളിൽ ജനാധിപത്യ പുനഃസ്ഥാപനത്തിനും തൊണ്ണൂറുകളിൽ കെയർടേക്കർ ഗവൺമെന്റ് സംവിധാനം കൊണ്ടുവരുന്നതിനും ഒരേ വേദി പങ്കിട്ട് കൂട്ടായി പ്രവർത്തിച്ചിട്ടുണ്ട് അവാമി ലീഗും ജമാഅത്തെ ഇസ്ലാമിയും. എച്ച്.എം. ഇർഷാദിന്റെ പട്ടാളഭരണത്തിനെതിരെ അവാമി ലീഗും ബി.എൻ.പിയും ജമാഅത്തും ഏഴുവർഷക്കാലം ഒരുമിച്ച് പോരാടി. 1991ലെ പൊതുതെരഞ്ഞെടുപ്പിൽ അവാമി ലീഗിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 18 സീറ്റ് നേടിയ ജമാഅത്തെ ഇസ്ലാമിയെ ഭരണപങ്കാളിയാക്കാനും ശ്രമിച്ചു. എന്നാൽ, ബി.എൻ.പി നേതാവ് ഖാലിദ സിയ ജമാഅത്തെ ഇസ്ലാമിയെ ചേർത്ത് കൂട്ടുഭരണം ആരംഭിക്കുകയും ജമാഅത്ത് മന്ത്രിസഭയിൽ ചേരുകയും ചെയ്തതിൽ പിന്നെ ഹസീന ചുവടുമാറ്റി. 1978ൽ പ്രസിഡന്റ് സിയാഉർറഹ്മാൻ കൊണ്ടുവന്ന പൊളിറ്റിക്കൽ പാർട്ടി റഗുലേഷൻ ആക്ടിനെ തുടർന്നാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചത്.
എന്നാൽ, 2013ൽ അവാമി ലീഗിന് ഭരണാധികാരം കൈവന്നപ്പോൾ മേലിൽ ബി.എൻ.പിയെയും ഖാലിദ സിയയെയും അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെങ്കിൽ സഖ്യകക്ഷിയും സുസംഘടിത ജനകീയ പ്രസ്ഥാനവുമായ ജമാഅത്തെ ഇസ്ലാമിയുടെ നട്ടെല്ലൊടിച്ചേ മതിയാവൂ എന്ന് ഹസീന തീരുമാനത്തിലെത്തി. ഇതിനായി അവർ ആസൂത്രണം ചെയ്ത ഷാബാഹ് പ്രക്ഷോഭം അക്രമാസക്തവും രക്തരൂഷിത കലാപവുമായി മാറി. പ്രക്ഷോഭകാരികളുടെ ആവശ്യപ്രകാരം 1970ലെ യുദ്ധക്കുറ്റവാളികളെ പുനർ വിചാരണ ചെയ്യാൻ കുപ്രസിദ്ധമായ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിനെ സൃഷ്ടിക്കുകയായിരുന്നു.
ഒരുവിധ അന്താരാഷ്ട്ര നിയമവും പാലിക്കാതെ, ജമാഅത്ത് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചും ഇന്ത്യയിൽനിന്നടക്കം സാക്ഷികളെ ഇറക്കുമതി ചെയ്തും നടത്തിയ വിചാരണാ പ്രഹസനങ്ങൾക്കൊടുവിൽ ബംഗ്ലാ ജമാഅത്തിന്റെ വന്ദ്യവയോധിക നേതാവ് പ്രഫ. ഗുലാം അഅ്സമിന് ആയുഷ്കാല തടവ് വിധിച്ചു; ജമാഅത്ത് ജനറൽ സെക്രട്ടറി അലി അഹ്സൻ മുഹമ്മദ് മുജാഹിദ്, ഉപാധ്യക്ഷൻ ശൈഖ് ദൽവാർ ഹുസൈൻ, മുൻ മന്ത്രി കൂടിയായ മുതീഉർറഹ്മാൻ നിസാമി തുടങ്ങി പന്ത്രണ്ടോളം പ്രമുഖരെ തൂക്കിലേറ്റി.
ഒരിക്കൽ നിർത്തലാക്കിയ ട്രൈബ്യൂണലിനെ പുനർജീവിപ്പിച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചവരിൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ, ഇന്റർനാഷനൽ ബാർ അസോസിയേഷൻ, ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നിവർക്കുപുറമെ ബ്രിട്ടീഷ് പ്രഭുസഭയും ഉൾപ്പെടുന്നു. വിചാരണ പ്രഹസനവും തൂക്കുമരവും കൊണ്ട് മതിയാക്കാതെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് ജമാഅത്തെ ഇസ്ലാമിയെ വിലക്കി, ഒടുവിൽ സമ്പൂർണമായി നിരോധിക്കുക കൂടി ചെയ്തു.
ഇതാണ് പശ്ചാത്തലമെങ്കിൽ ശൈഖ് ഹസീന വാജിദിന്റെയും അവാമി ലീഗിന്റെയും സ്വേച്ഛാവാഴ്ചക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർഥി സംഘടനയായ ഇസ്ലാമി ഛാത്രശിബിരും പങ്കെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വന്തം പട്ടാളം കൂടി കൈയൊഴിഞ്ഞ ഹസീന സ്ഥാനമൊഴിഞ്ഞ് നാടുവിടേണ്ടിവന്നത് സ്വയംകൃതാനർഥങ്ങളുടെ ഫലമാണെന്നും വ്യക്തം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സംവിധാനത്തിന് എത്രയും വേഗം ആഭ്യന്തര സമാധാനം പുനഃസ്ഥാപിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ ഇലക്ഷനിലൂടെ ജനങ്ങൾ പിന്തുണക്കുന്നവരെ അധികാരത്തിലേറ്റാൻ സാധിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിസന്ധിയുടെ അന്തിമ പരിഹാരം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.