ബാബരി വിധി ഒരു സമവായമായിരുന്നില്ല, മതനിരപേക്ഷ, ബഹുസ്വര ഇന്ത്യക്കു മേൽ ഇരച്ചുകയറാൻ ഫാഷിസത്തിന്റെ രഥത്തിന് കോടതി പകർന്നുനൽകിയ ഇന്ധനമായിരുന്നു‘‘സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദാരുണമായ രണ്ടു സംഭവങ്ങളാണ് ഗാന്ധിവധവും ബാബരി മസ്ജിദ് ധ്വംസനവും’’ എന്ന മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ വാക്കുകൾ എത്രയേറെ സത്യമായിരുന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് വീണ്ടുമൊരു ഡിസംബർ ആറ് വന്നെത്തിയിരിക്കുന്നത്. അക്രമാസക്ത...
ബാബരി വിധി ഒരു സമവായമായിരുന്നില്ല, മതനിരപേക്ഷ, ബഹുസ്വര ഇന്ത്യക്കു മേൽ ഇരച്ചുകയറാൻ ഫാഷിസത്തിന്റെ രഥത്തിന് കോടതി പകർന്നുനൽകിയ ഇന്ധനമായിരുന്നു
‘‘സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദാരുണമായ രണ്ടു സംഭവങ്ങളാണ് ഗാന്ധിവധവും ബാബരി മസ്ജിദ് ധ്വംസനവും’’ എന്ന മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ വാക്കുകൾ എത്രയേറെ സത്യമായിരുന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് വീണ്ടുമൊരു ഡിസംബർ ആറ് വന്നെത്തിയിരിക്കുന്നത്. അക്രമാസക്ത ഹിന്ദുത്വ വലതുപക്ഷം അന്യായ അവകാശവാദമുന്നയിക്കുകയും പള്ളി തകർക്കുകയും ചെയ്തപ്പോൾ രാജ്യത്തെ നിയമത്തിലും നീതിപീഠത്തിലും പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നവരെയൊന്നാകെ നിരാശപ്പെടുത്തി പുറത്തുവന്ന വിധിയുടെ ബലത്തിൽ ബാബരി മസ്ജിദ് ഭൂമിയിൽ ക്ഷേത്രമുയരുകയും കൂടുതൽ പള്ളികൾ ഭീഷണി നിഴലിലാവുകയും ചെയ്ത ശേഷമുള്ള ബാബരി വാർഷിക ദിനം.
ബാബരി വിധി ഒരു സമവായമായിരുന്നില്ല, മതനിരപേക്ഷ, ബഹുസ്വര ഇന്ത്യക്ക് മേൽ ഇരച്ചുകയറാൻ ഫാഷിസത്തിന്റെ രഥത്തിന് കോടതി പകർന്നുനൽകിയ ഇന്ധനമായിരുന്നു. സംഭലിലും അജ്മീറിലുമുൾപ്പെടെ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന സങ്കീർണതകൾ തുടങ്ങുന്നത് ബാബരി വിധിയോടുകൂടിയാണ്. സംഘ്പരിവാറിന് ഇത് നൽകിയ ആത്മവിശ്വാസം അത്ര വലുതാണ്. ആ ധൈര്യത്തിലൂന്നിയാണ് ഓരോ മസ്ജിദുകളുടെ മിനാരങ്ങൾക്കു നേരെയും ഉന്നംവെക്കാൻ അവർ ഒരുമ്പെടുന്നത്.
ബാബരി വിധിയിലെ അനീതി ഇനി എന്നെങ്കിലും തിരുത്തപ്പെടുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. കഴിഞ്ഞാലുമില്ലെങ്കിലും അതേക്കുറിച്ചുതന്നെയാണ് നാം സംസാരിക്കേണ്ടത്. ഇനി തിരുത്താൻ കഴിയാത്ത ഗാന്ധിവധത്തെക്കുറിച്ച്; ആ നെഞ്ചിലേക്ക് തീയുണ്ട പായിച്ച വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നാം സംസാരിക്കുന്നതുപോലെത്തന്നെ. ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിക്കുന്നപോലെ ഡിസംബർ ആറ് ഫാഷിസ വിരുദ്ധ ദിനമായും ആരാധനാലയ സംരക്ഷണ ദിനമായും ആചരിക്കേണ്ടതുണ്ട്.
ന്യായവും അന്യായവും ഏറ്റുമുട്ടുമ്പോൾ പരിഹാരം ശക്തനുവേണ്ടിയുള്ള സമവായമല്ല. ന്യായത്തിനും അന്യായത്തിനും ഇടയിലെ പരിഹാരം നീതിയാണ്. നീതി കുരുതി കൊടുത്താൽ അതിന്റെ പ്രത്യാഘാതം അവിടെ മാത്രം ഒതുങ്ങിനിൽക്കുകയില്ല. അനീതി നിരവധി അനീതികളെ പ്രസവിക്കുമെന്നതുപോലെ ഒരു കൊടിയ അനീതിയുടെ അനുരണനങ്ങളാണ് രാജ്യത്തുടനീളം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഡിസംബർ ആറിനെ മറക്കാതിരിക്കുക എന്നത് ഇനിയുള്ള ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനമാണ്. രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിർത്തുമെന്നനുശാസിക്കുന്ന 93ലെ ആരാധനാലയ സംരക്ഷണ നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹരജി സുപ്രീംകോടതിയുടെ മുന്നിലുണ്ട്. ഹരജിയിൽ കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം ആരാഞ്ഞിട്ടുമുണ്ട്. സർക്കാർ അതിനോട് പ്രതികരിച്ചിട്ടില്ല; പുനഃപരിശോധിക്കണമെന്ന് പറയാനുതകുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടുന്നതുവരെ കാത്തിരിക്കുകയാണ് അവരെന്നു വേണം മനസ്സിലാക്കാൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അത്തരമൊരു സാമൂഹിക സാഹചര്യത്തിനുള്ള മണ്ണൊരുക്കമാണ് ഗ്യാൻവാപിയിലും സംഭൽ ഷാഹി മസ്ജിദിലും അജ്മീർ ദർഗയിലും ഡൽഹി ജുമാ മസ്ജിദിലുമെല്ലാം അവകാശമുന്നയിച്ച് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരിയിലും ചെയ്തത് ഇതുതന്നെയാണ്. കേവല നിയമപോരാട്ടത്തിലൂടെ രാമക്ഷേത്രം നിർമിക്കുകയല്ല അവർ ചെയ്തത്. പള്ളി തകർക്കുന്നതടക്കമുള്ള ഒരു പ്രക്രിയയിലൂടെ ഒടുവിൽ നിയമത്തെക്കൂടി ഉപയോഗപ്പെടുത്തി ലക്ഷ്യം നേടുകയായിരുന്നു. അങ്ങേയറ്റം നിയമവിരുദ്ധമായ ബാബരി തകർക്കൽ നടത്തിയതുകൊണ്ടാണ് കോടതിക്കുപോലും ഇത്തരമൊരു വിധിപ്രസ്താവന നടത്താൻ കഴിഞ്ഞത്. ബാബരി മസ്ജിദിന്റെ ഘടന അവിടെ ഉണ്ടായിരുന്നെങ്കിൽ കോടതിക്ക് ഇത്തരമൊരു വിധി പ്രസ്താവിക്കാൻ കഴിയുമായിരുന്നില്ല. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ത്രിമുഖ അജണ്ടയാണ് -ബഹുജനാഭിപ്രായ രൂപവത്കരണം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കോടതി വ്യവഹാരങ്ങൾ -ഇത് മൂന്നും ചേർന്ന പദ്ധതി.
നിയമവിരുദ്ധ പ്രവർത്തനങ്ങളില്ലാത്ത പ്രക്ഷോഭങ്ങളും ബഹുജനാഭിപ്രായ രൂപവത്കരണവും കോടതി വ്യവഹാരങ്ങളും ഉൾക്കൊള്ളിച്ച ഒരു കർമപദ്ധതികൊണ്ട് മതനിരപേക്ഷ -ന്യൂനപക്ഷ സമൂഹം അതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ട്.
ആരാധനാലയ സംരക്ഷണം നിയമത്തിനനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടുക എന്നത് പരമപ്രധാനമാണ്. അന്യായങ്ങൾക്കു മുകളിൽ പടുത്തുയർത്തപ്പെടുന്ന ആരാധനാലയങ്ങളുടെ ആത്മീയതയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് അതത് മതവിശ്വാസികളാണ്. പള്ളി നിർമിക്കുന്ന സ്ഥലം പൂർണമായും ഹലാൽ ആയിരിക്കണമെന്നതാണ് ഇസ്ലാമിക അനുശാസനം. ആരാണോ ആ ഭൂമി പള്ളിക്ക് വേണ്ടി നൽകുന്നത് അവർക്ക് സമ്പൂർണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുമ്പോൾ മാത്രമേ അത് ഹലാൽ ആവുകയുള്ളൂ. ഇതിൽ തികഞ്ഞ നിഷ്ഠ പുലർത്തുന്ന ഹനഫി കർമശാസ്ത്ര സരണിയാണ് ഉത്തരേന്ത്യൻ മുസ്ലിംകൾ പണ്ടുമുതലേ പിന്തുടർന്നുപോരുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങൾ തകർത്ത് പള്ളി നിർമിച്ചു എന്ന് പറയുന്നത് കള്ളക്കഥ മാത്രമാണ്. ബാബരി മസ്ജിദ് ഉൾപ്പെടെ ഉന്നയിക്കപ്പെട്ട ഒരു കേസിലും അത് തെളിയിക്കപ്പെട്ടിട്ടില്ല.
സുൽത്താന്മാരും മുഗളന്മാരും ഇന്ത്യയിലേക്കുവന്ന അധിനിവേശ ശക്തികളാണ് എന്നതാണ് പഴയകാല പള്ളികൾ പിടിച്ചടക്കുന്നതിനുള്ള ന്യായീകരണം ചമക്കാനായി സംഘ്പരിവാർ പടച്ചുവിടുന്ന ഒരു ആഖ്യാനം. വ്യവസ്ഥാപിത ദേശരാഷ്ട്രങ്ങളും അത്തരം അതിരുകളും ഇല്ലാത്ത മധ്യകാലത്താണ് അവർ ഇന്ത്യയിലേക്ക് വന്നത്. ആധുനിക കാലത്ത് ഇന്ത്യയിലേക്ക് വന്ന പോർചുഗീസുകാരിൽനിന്നും ഡച്ചുകാരില്നിന്നും ബ്രിട്ടീഷുകാരിൽനിന്നും ഫ്രഞ്ചുകാരിൽനിന്നും വ്യത്യസ്തമായി സുൽത്താന്മാരും മുഗളരും ഇന്ത്യയിൽതന്നെ ജീവിക്കുകയും ഈ രാജ്യത്തെ പരിപോഷിപ്പിക്കുകയും ഇവിടെനിന്ന് എവിടേക്കും ഒന്നും കടത്തിക്കൊണ്ടുപോകാതെ ഇവിടെ മരിച്ച് മണ്ണിലലിഞ്ഞു ചേർന്നവരാണ്. ഇതിനെ പാശ്ചാത്യ കൊളോണിയലിസത്തിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടുന്നത് വർഗീയവും മുസ്ലിം വിരുദ്ധവുമായ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.