ഇഷ്ടഭാജനം നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ അവരോടു തോന്നുന്ന പകയെയും തുടർന്നുണ്ടാകുന്ന മനോവിഭ്രാന്തിയെയും ആണ് മനഃശാസ്ത്രത്തിൽ ഒഥല്ലോ സിൻഡ്രോം എന്ന് വിളിക്കുന്നത്. വിവാഹാഭ്യർഥന നിരസിക്കുന്നവരോട് പക തോന്നുകയും കൊലപാതകത്തിലും ആത്മഹത്യയിലും എത്തിക്കുകയും ചെയ്യുന്ന മനോരോഗമാണത്. ഷേക്സ്പിയറുടെ ‘ഒഥല്ലോ’യിലെ മുഖ്യ കഥാപാത്രത്തിന്റെ ചെയ്തിയിൽനിന്നാണ് ഈ പേര് വന്നത്. വെനീസിലെ സൈനിക ജനറലായിരുന്ന ഒഥല്ലോ അതിസുന്ദരിയായ ഡെസ്ഡിമോണയെ വരിച്ചു. അവരെ...
ഇഷ്ടഭാജനം നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ അവരോടു തോന്നുന്ന പകയെയും തുടർന്നുണ്ടാകുന്ന മനോവിഭ്രാന്തിയെയും ആണ് മനഃശാസ്ത്രത്തിൽ ഒഥല്ലോ സിൻഡ്രോം എന്ന് വിളിക്കുന്നത്. വിവാഹാഭ്യർഥന നിരസിക്കുന്നവരോട് പക തോന്നുകയും കൊലപാതകത്തിലും ആത്മഹത്യയിലും എത്തിക്കുകയും ചെയ്യുന്ന മനോരോഗമാണത്. ഷേക്സ്പിയറുടെ ‘ഒഥല്ലോ’യിലെ മുഖ്യ കഥാപാത്രത്തിന്റെ ചെയ്തിയിൽനിന്നാണ് ഈ പേര് വന്നത്.
വെനീസിലെ സൈനിക ജനറലായിരുന്ന ഒഥല്ലോ അതിസുന്ദരിയായ ഡെസ്ഡിമോണയെ വരിച്ചു. അവരെ മോഹിച്ച സഹപ്രവർത്തകർ അസൂയ മൂത്ത് ഒഥല്ലോയിൽനിന്ന് അകറ്റാൻ ഡെസ്ഡിമോണക്ക് പര പുരുഷ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയും കള്ളത്തെളിവുകളുണ്ടാക്കുകയും ചെയ്തു. പ്രണയിനി വഞ്ചിച്ചെന്നും ഒഥല്ലോക്ക് അവൾ നഷ്ടപ്പെടുമെന്നും അസൂയാലുക്കൾ വിശ്വസിപ്പിച്ചു. വെറുപ്പും നിരാശയും കലിയും നിറഞ്ഞ ഒഥല്ലോ ഡെസ്ഡമോണയെ കൊന്നു, സ്വയം ജീവനൊടുക്കുകയും ചെയ്തു.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലൊതുങ്ങി തകർന്നടിഞ്ഞപ്പോൾ മുതലാണ് സി.പി.എമ്മിന്ന് മുസ്ലിം ലീഗിനോട് പ്രതിപത്തി തോന്നിത്തുടങ്ങിയത്. മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്നും ലീഗുകാർ നല്ലവരാണെന്നും സി.പി.എം നേതാക്കൾ പരക്കെ പ്രശംസിക്കാനും തുടങ്ങി. ബംഗാളിലും ത്രിപുരയിലും പാർട്ടി നേരിട്ട ദുര്യോഗം കേരളത്തിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ലീഗ് കൂടെ വേണമെന്നും ലീഗിനെ കിട്ടിയാൽ മറ്റു ചെറുകിട പാർട്ടികളെയും സി.പി.ഐയെയും ഒഴിവാക്കിയാലും സുരക്ഷിതമായിരിക്കാമെന്നുമുള്ള രാഷ്ട്രീയ തിരിച്ചറിവാണ് സി.പി.എമ്മിന്റെ ഈ പ്രേമത്തിന് കാരണം.
പൗരത്വനിയമ ഭേദഗതിക്കെതിരായി സംസ്ഥാന വ്യാപകമായി സി.പി.എം നടത്തിയ റാലികളും ഫലസ്തീൻ ഐക്യധാർഢ്യവുമെല്ലാം ഈ അനുരാഗ ചേഷ്ടകളായിരുന്നു. അവയിലേക്ക് ലീഗിന്റെ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. സി.പി.എം മരത്തിൽ കണ്ടത് മാനത്ത് കണ്ട മുസ്ലിം ലീഗ് നേതൃത്വം അതിലൊന്നും വീണില്ല. ഇപ്പോൾ നിൽക്കുന്ന യു.ഡി.എഫിൽനിന്ന് മറുകണ്ടം ചാടി വരാൻ മാത്രം എന്തു മികവാണ് എൽ.ഡി.എഫിനുള്ളത് എന്നായിരുന്നു ലീഗ് ഉന്നത നേതൃത്വം മുതൽ എം.എസ്.എഫ് പ്രവർത്തകർ വരെ ചോദിച്ചത്.
തുറന്നടിച്ചുള്ള ആ പ്രേമനിരാസ മുദ്ര സി.പി.എമ്മിനെ ചൊടിപ്പിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തോൽവി ആവർത്തിക്കപ്പെട്ടതോടെ പ്രേമനൈരാശ്യം വർഗീയരൂപം കൈവരിച്ച രാഷ്ട്രീയ വിരോധമായി മാറി. ആ ദേഷ്യമാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ജമാഅത്തെ ഇസ്ലാമിയുമായി ചേർത്തുവെച്ച് ആരോപണം ഉന്നയിക്കാൻ വരെ അവരെ പ്രേരിപ്പിച്ചത്; വർഗീയാരോപണം വരെ എത്തിയത്.
മുൻകാലങ്ങളിൽ ഇടതുമുന്നണിയെ സഹായിക്കുന്ന നിലപാടെടുത്തിരുന്ന ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും അവരെ കൈയൊഴിഞ്ഞതോടെ വിദ്വേഷം വർധിച്ചു. മുമ്പൊന്നും വർഗീയ സംഘടനയല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെ കടുത്ത മതരാഷ്ട്ര വാദികളാക്കാൻ തുടങ്ങി. ജമാഅത്ത് നേതാക്കളുമായി സി.പി.എം നേതൃത്വം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും 1996 മുതൽ 2015 വരെ പല ഘട്ടങ്ങളിലായി പ്രസ്ഥാനം സി.പി. എമ്മിന്ന് പിന്തുണ നൽകിയിട്ടുണ്ടെന്നും ജമാഅത്ത് അമീർ വെളിപ്പെടുത്തുകയും ചെയ്തു. സി.പി.എം ഇതുവരെ അതിന് മറുപടി പറഞ്ഞിട്ടില്ല. തെക്കും വടക്കുമായി പല തദ്ദേശ സ്ഥാപനങ്ങളിലും ഇടതു മുന്നണി ഭരണം നടത്തുന്നത് എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ്.
കൂടെ നിൽക്കുന്നവർ നല്ലവരും കൂടെയില്ലാത്തവർ വർഗീയ മതവാദികളും എന്ന നയം സി.പി.എമ്മിന് പണ്ടേയുണ്ട്. കൂടെ നിൽക്കാത്ത പാർട്ടികളെ മാത്രമല്ല, നേതൃത്വത്തിന്ന് ഇഷ്ടക്കേടുള്ള സ്വന്തം പാർട്ടിക്കാരോടുപോലും പക വെക്കുകയും കൊല്ലുകയും ചെയ്യുന്നതും അവർക്ക് പുതുമയല്ല. ടി.പി. ചന്ദ്രശേഖരനും ഈ ഒഥല്ലോ സിൻഡ്രിമിന്റെ ഇരയാണ്. കൊലപ്പെടുത്താൻ കഴിയാത്തവരെ ഇകഴ്ത്തിയതിനും ഇടിച്ചുതാഴ്ത്തിയതിനും എണ്ണിയാൽ തീരാത്ത ഉദാഹരണങ്ങളുണ്ട് സി.പി.എം രാഷ്ട്രീയത്തിൽ.
മുസ്ലിം ലീഗ് അപ്രാപ്യമാകുകയും ജമാഅത്തെ ഇസ്ലാമിയും ജനം ഒന്നാകെത്തന്നെയും കൈയൊഴിയുകയും ചെയ്തുതുടങ്ങിയതോടെ സി.പി.എം ആകെ കലിയിലാണ്. കലി മൂത്ത് രാഷ്ട്രീയ വൈരനിര്യാതനമായി മാറുന്നു. വർഗീയ ആക്ഷേപങ്ങൾ കനക്കുന്നു. യാഥാർഥ്യം തിരിച്ചറിയാനും രാജ്യത്തിന്റെ യഥാർഥ ശത്രുക്കളായ വലതുപക്ഷ വർഗീയ രാഷ്ട്രീയത്തെ ഉപാധികളില്ലാതെ എതിർക്കാൻ തയാറാവുകയും ചെയ്യാത്ത പക്ഷം അടുത്ത പൊതുതെരഞ്ഞെടുപ്പോടെ ബംഗാളിലെയും ത്രിപുരയിലെയുംപോലെ അപ്രതിഹതമായ നാശത്തിലേക്കും പാർട്ടി എത്തിച്ചേർന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.