ക്രീമിലെയറും ഉപസംവരണവും ചെറുക്കപ്പെടണം

ശ്രേണീകൃതവും ജാത്യാധിഷ്ഠിതവുമായ ഒരു സാമൂഹികക്രമം നിലനിൽക്കുന്നതുകൊണ്ടാണ് രാജ്യത്ത് അസമത്വം നിശ്ശബ്ദമായി തുടരുന്നത്. വ്യവസ്ഥിതി ഇരകളാക്കിയ പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കായി ഭരണഘടനയിലൂടെ നിയമമായി നടപ്പാക്കിയ ചില പ്രത്യേക പരിരക്ഷകളെ അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ജനാധിപത്യ കാലത്തും അരങ്ങേറുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ.

പട്ടിക വിഭാഗങ്ങൾക്കിടയിൽ മേൽത്തട്ടെന്ന ഒരു സാങ്കൽപിക അതിർവരമ്പ് സൃഷ്​ടിച്ച്, ഏകതാനതയോടെ ജീവിക്കുന്ന ജനതയെ ശിഥിലീകരിക്കാനുള്ള ഗൂഢശ്രമമായി മാത്രമേ ക്രീമിലെയറും ഉപവർഗീകരണവും നിർദേശിക്കുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ വിധിയെ കാണാനാകൂ.

നീതിയുക്തമായി ഭൂമി ഉൾപ്പെടെ പൊതുവിഭവങ്ങൾ വിതരണം ചെയ്യപ്പെടാത്ത, സംവരണ തസ്​തികകൾപോലും സമയബന്ധിതമായും കാര്യക്ഷമമായും നികത്തപ്പെടാത്ത നാട്ടിലാണ് സാമ്പത്തിക മേൽത്തട്ട് എന്ന ഭാവന ചെയ്യപ്പെട്ട യുക്തിയിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

രാജ്യത്തെ ദലിതരിൽ 21 ശതമാനം സുരക്ഷിതമല്ലാത്ത കുടിലുകളിലും 78 ശതമാനം ഒറ്റമുറിയോ രണ്ടുമുറികളോ മാത്രമുള്ള വീടുകളിലും 66 ശതമാനം സ്വന്തമായ ശൗചാലയ സൗകര്യങ്ങൾപോലുമില്ലാത്ത, അസൗകര്യങ്ങളുടെ അരക്ഷിതാവസ്ഥയിലും ജീവിക്കുന്ന രാജ്യത്തെ പൊതുവിഭവങ്ങളുടെ കേന്ദ്രീകൃത ഉടമസ്ഥാവകാശം ഏതൊക്കെ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് എന്നതിന്റെ കണക്കുകൾ പുറത്തുവരുന്നതിലേക്കായി സമഗ്രമായ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ്​ നടത്തണമെന്ന ആവശ്യത്തെ നിരാകരിച്ച് സർക്കാറിന്റെ കോർട്ടിലേക്ക് പന്ത് തട്ടിയ അതേ സുപ്രീംകോടതിയാണ് പാർലമെന്റിന് പരമാധികാരമുള്ള പട്ടികവിഭാഗങ്ങളുടെ സംവരണ വിഷയത്തിൽ ഭരണഘടനാവിരുദ്ധമായ വിധിപ്രഖ്യാപിച്ചത്.

രാഷ്ട്രീയമായി ഐക്യമില്ലെങ്കിലും ഭിന്നിപ്പിലോ സംഘർഷഭരിതമോ അല്ല നിലവിൽ പട്ടികവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം. പക്ഷേ, ഉപസംവരണത്തിന്റെ പേരിൽ പട്ടികവിഭാഗങ്ങളെ നേരെതിരാളികളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉപസംവരണ പ്രക്ഷോഭങ്ങൾ നടന്ന സംസ്​ഥാനങ്ങളിലെ അനുഭവം തെളിവായി നമുക്ക് മുന്നിലുണ്ട്. മഡിഗ സമുദായം ഉപസംവരണം ഉന്നയിച്ച ആന്ധ്രയിലെയും തെലങ്കാനയിലെയും പട്ടിക വിഭാഗങ്ങൾ തമ്മിൽ വളരെയധികം അകന്നുകഴിഞ്ഞു. രാഷ്ട്രീയ നേതൃത്വങ്ങൾ അവരുടെ തെരഞ്ഞെടുപ്പു നേട്ടത്തിനായിയാണ് വിഘടിപ്പിക്കുകയെന്ന തന്ത്രമുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഉപസംവരണവാദ സമരങ്ങൾ ഇതു സ്ഥിരീകരിക്കുന്നതാണ്.

പട്ടികവിഭാഗങ്ങളിൽ സാമ്പത്തിക ദുർബലരും ചെറുന്യൂനപക്ഷങ്ങളുമായ സമുദായങ്ങളുടെ കാര്യങ്ങളൊന്നും ഈ സമരങ്ങളിൽ ഉയർത്തപ്പെട്ടിട്ടില്ല. മഡിഗ സമുദായം ഉപസംവരണം ആവശ്യപ്പെട്ടത് അവർക്കുവേണ്ടി മാത്രമാണ്. ഇതു തന്നെയാണ് ഉപസംവരണ വാദത്തിനു പിന്നിലെ പ്രധാന പൊള്ളത്തരവും. പരസ്​പരാശ്രയത്തിൽ ജീവിക്കുന്ന സമൂഹങ്ങൾക്കിടയിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ വിലയ്ക്കെടുക്കുന്നവരാണ് സാമ്പത്തിക മാനദണ്ഡം മുൻനിർത്തിയുള്ള ഉപസംവരണ വാദത്തിലൂടെ സംവരണവിരുദ്ധമായ പൊതുബോധം സൃഷ്​ടിക്കുന്നത്. ബിഹാറിൽ പിന്നാക്ക വിഭാഗങ്ങളെ പിന്നാക്കരെന്നും അതിപിന്നാക്കരെന്നും വേർതിരിച്ച് രണ്ടു രാഷ്ട്രീയ പക്ഷങ്ങളിലാക്കി നിർത്തി ദുർബലപ്പെടുത്തിയ അവസ്ഥ രാജ്യത്തിനു മുന്നിൽ ഉദാഹരണമായിട്ടുണ്ട്.

സാമുദായിക സംവരണമെന്ന സാമൂഹികനീതിയെ അട്ടിമറിച്ച് സാമ്പത്തിക സംവരണമെന്ന വരേണ്യവാദത്തെ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാതൊരു സാമൂഹികപഠനവും നടത്താതെ പട്ടികവിഭാഗങ്ങളെ ശിഥിലീകരിച്ച് ഉപസംവരണം നടപ്പാക്കാനുള്ള ശ്രമം. കാസ്റ്റ് (ജാതി) എന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവെച്ച് ക്ലാസ് (വർഗം) എന്ന മിത്തിനെ പ്രതിഷ്ഠിക്കാനുള്ള ജനാധിപത്യവിരുദ്ധതക്കാണ് സുപ്രീംകോടതിയും ഒപ്പംകൂടിയത്.

സംവരണമെന്നത് പട്ടികവിഭാഗങ്ങളെ സംബന്ധിച്ച് നീതിവിചാരം മാത്രമല്ല. വൈകാരിക പ്രശ്നം കൂടിയാണ്. അതിനുമുകളിൽ ക്രീമിലെയറും ഉപസംവരണവുംപോലുള്ള വ്യാജനിർമിതികൾ അടിച്ചേൽപ്പിക്കുമ്പോൾ സാമൂഹികസംഘർഷങ്ങളിലേക്കത് വഴിവെച്ചേക്കാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾ അതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്.

ആയിരക്കണക്കിന് ജാതികളും ഉപജാതികളുമായി വേർപിരിയപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹികപദവിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ സാങ്കൽപ്പികമായ സാമ്പത്തിക-തൊഴിൽ മാനദണ്ഡങ്ങളുടെ പേരിൽ ക്രീമിലെയർ ഏർപ്പെടുത്തുന്നതും ഉപവർഗീകരിക്കുന്നതും യുക്തിസഹമായ നടപടിയല്ല. ഒരു സമുദായംതന്നെ പ്രാദേശികമായ വ്യത്യാസങ്ങൾക്കനുസരിച്ച് പല പേരുകളിലാണ് അറിയപ്പെടുന്നത്. ജാതികൾക്കകത്തുള്ള വൈവിധ്യമാണത്. ഉപസംവരണ ന്യായമനുസരിച്ചാണെങ്കിൽ വ്യത്യസ്തമായ പേരിലുള്ളവർ നാളെകളിൽ ജാതികൾക്കകത്ത് ഉപസംവരണമാവശ്യപ്പെടാനിടയുണ്ട്.

ഒരു സമുദായത്തിൽപ്പെട്ട മനുഷ്യർതന്നെ തുല്യമായ സാമ്പത്തിക നിലവാരത്തിൽ ജീവിക്കുന്നവരല്ല എന്നതുപോലെ വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട മനുഷ്യരും വ്യത്യസ്തജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണെന്നത് യാഥാർഥ്യമാണ്. പട്ടികവിഭാഗങ്ങളിൽപ്പെട്ടവരും അതിനു പുറത്തല്ല. അത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ജനാധിപത്യ സർക്കാറുകളുടെ ബാധ്യതയാണ്. എന്തുകൊണ്ടാണ് ഒരു ജനാധിപത്യ സമൂഹത്തിൽ കുറച്ച് മനുഷ്യർ എല്ലാത്തരം വികസന സങ്കൽപ്പങ്ങൾക്കും പുറത്തായതെന്നതിന് ഭരണകൂടങ്ങളാണ് മറുപടി പറയേണ്ടത്. തീർച്ചയായും അത്തരം വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വതവും ക്രിയാത്മകവുമായ പരിഹാരങ്ങൾ നിർബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത്തരം സമൂഹങ്ങളെ ഉയർത്തുന്നതിനായുള്ള പ്രത്യേക പാക്കേജുകൾ സർക്കാറുകൾ പ്രഖ്യാപിക്കണം.

തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ കാലത്ത് പട്ടികവിഭാഗങ്ങൾക്കായി നടപ്പാക്കിയതുപോലെ സ്​പെഷൽ പാക്കേജുകൾ ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിക്കണം.

ആ പദ്ധതികളാണ് പിൽക്കാലത്ത് പട്ടികവിഭാഗങ്ങളിൽനിന്ന് ഐ.എ.എസുകാരും ഐ.പി.എസുകാരും സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യമുണ്ടായത്. പ്രത്യേക വിദ്യാഭ്യാസ പാക്കേജുകളും സ്​കോളർഷിപ്പുകളും പട്ടികവിഭാഗങ്ങളിലെ ദുർബലർക്കും ചെറുന്യൂനപക്ഷങ്ങൾക്കുമായി പ്രഖ്യാപിക്കണം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ആരംഭിച്ചതുപോലെ സിവിൽ സർവിസ്​ കോച്ചിങ് സെന്ററുകൾ പുനരാരംഭിക്കണം. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ വിദ്യാർഥികളെയും യുവജനങ്ങളെയും ഉയർത്തിക്കൊണ്ടുവരുന്ന പദ്ധതികൾക്കാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. അല്ലാതെ ഇപ്പോൾതന്നെ ഒന്നര ശതമാനത്തിലധികം സംവരണക്കുറവ് അനുഭവിക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളെ ശിഥിലീകരിക്കാനല്ല. രാഷ്ട്രീയ കുതന്ത്രങ്ങളുടെയും വരേണ്യബോധത്തി​ന്റെയും ഭാഗമായി വിഘടിപ്പിച്ച് മുതലെടുക്കുകയെന്ന പദ്ധതിക്ക് കോടതികളും സർക്കാറുകളും തയാറാകാതിരിക്കുക. അവരുടെ ഗൂഢശ്രമങ്ങൾക്ക് ഉപകരണങ്ങളാകാതിരിക്കാൻ ഏകതാനതയുള്ള സമൂഹത്തിലെ മനുഷ്യരും ജാഗ്രത പുലർത്തണം.

(ദലിത്-ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറാണ് ലേഖകൻ)

Tags:    
News Summary - Creamy Layer and sub-categorise reservation should be resisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 01:52 GMT