ഒരാഴ്ച മുമ്പ് വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ ഇദ്ലിബിൽനിന്ന് വിമതർ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുമ്പോഴും ബശ്ശാറുൽ അസദിന്റെ പതനം അചിന്ത്യമായിരുന്നു. 29 വർഷം ഉരുക്കുമുഷ്ടിയുമായി രാജ്യം ഭരിച്ചിരുന്ന പിതാവ് ഹാഫിസിന്റെ മരണ ശേഷം രണ്ടായിരാമാണ്ടിൽ അതേ പാതയിലൂന്നി അധികാരത്തിൽ വന്ന ബശ്ശാറിന്റെ വീഴ്ച തീർച്ചയായും സിറിയയുടെ വഴിത്തിരിവാണ്.പിതാവിൽനിന്ന് വ്യത്യസ്തനായി ക്രൗര്യം കുറഞ്ഞ തുറന്ന സമീപനമായിരിക്കും പിൻഗാമി...
ഒരാഴ്ച മുമ്പ് വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ ഇദ്ലിബിൽനിന്ന് വിമതർ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുമ്പോഴും ബശ്ശാറുൽ അസദിന്റെ പതനം അചിന്ത്യമായിരുന്നു. 29 വർഷം ഉരുക്കുമുഷ്ടിയുമായി രാജ്യം ഭരിച്ചിരുന്ന പിതാവ് ഹാഫിസിന്റെ മരണ ശേഷം രണ്ടായിരാമാണ്ടിൽ അതേ പാതയിലൂന്നി അധികാരത്തിൽ വന്ന ബശ്ശാറിന്റെ വീഴ്ച തീർച്ചയായും സിറിയയുടെ വഴിത്തിരിവാണ്.
പിതാവിൽനിന്ന് വ്യത്യസ്തനായി ക്രൗര്യം കുറഞ്ഞ തുറന്ന സമീപനമായിരിക്കും പിൻഗാമി സ്വീകരിക്കുക എന്നൊരു പ്രതീക്ഷ തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും അതെല്ലാം അൽപായുസ്സായൊടുങ്ങി.
എതിർശബ്ദങ്ങളെ വെച്ചുപൊറുപ്പിക്കാത്ത കടുത്ത നിയന്ത്രണങ്ങൾ നിറഞ്ഞ അടിച്ചമർത്തൽ സമീപനം പുലർത്തുന്ന രാഷ്ട്രീയ സംവിധാനത്തിനാണ് സിറിയ സാക്ഷ്യംവഹിച്ചത്. ഭരണത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തി 2011ൽ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ട വ്യക്തിയെന്ന നിലയിലാവും ബശ്ശാർ എക്കാലവും ഓർമിക്കപ്പെടുക.
അന്ന് അഞ്ചുലക്ഷത്തിലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്; 60 ലക്ഷം പേർ അഭയാർഥികളുമായി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അദ്ദേഹം വിമതരെ ഞെരിച്ചമർത്തി. റഷ്യ അവരുടെ അത്യുഗ്രമായ വ്യോമസേനയെ വിട്ടുകൊടുത്തപ്പോൾ ഇറാൻ സൈനിക ഉപദേഷ്ടാക്കളെ നൽകി, ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല മികച്ച പരിശീലനം ലഭിച്ച പോരാളികളെയും അയച്ചു.
സ്വന്തം പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നതിനാൽ ഇക്കുറി സഖ്യരാജ്യങ്ങൾ ബശ്ശാറിനെ കൈയൊഴിഞ്ഞു. അവരുടെ പിന്തുണയില്ലാതെ, ഇസ്ലാമിസ്റ്റ് സായുധ ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ ശാം (എച്ച്.ടി.എസ്) നയിക്കുന്ന വിമതരെ തടയാൻ അദ്ദേഹത്തിന്റെ സൈന്യത്തിനായില്ല -ചിലയിടങ്ങളിൽ, പ്രത്യക്ഷമായി അവർക്ക് താൽപര്യവുമില്ലായിരുന്നു.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നായ അലപ്പോ വിമതർ പിടിച്ചടക്കിയത് കാര്യമായ പ്രതിരോധമേതുമില്ലാതെയായിരുന്നു. പിന്നീട് ഹമായും ദിവസങ്ങൾക്കകം വ്യവസായ നഗരമായ ഹിംസും നേടി. മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തലസ്ഥാന ഭരണകേന്ദ്രമായ ഡമസ്കസിലേക്കും അവർ കടന്നുകയറി.
അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യമാകുമ്പോൾ മേഖലയിലെ അധികാര സമവാക്യങ്ങളിലും അതു മാറ്റങ്ങളുണ്ടാക്കും. ഇറാന്റെ സ്വാധീനത്തിന് കടുത്ത അടിയാണ് സംഭവിച്ചിരിക്കുന്നത്. ഇറാനും ഹിസ്ബുല്ലയും തമ്മിലെ ബന്ധത്തിലെ സുപ്രധാന ഭാഗമായിരുന്നു അസദിന് കീഴിലുള്ള സിറിയ.
ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൈമാറ്റം നടന്നതും ഇതുവഴിയായിരുന്നു. ഇസ്രായേലുമായുള്ള ഏറ്റുമുട്ടൽമൂലം ഇതിനകംതന്നെ ഏറെ ക്ഷതമേൽക്കേണ്ടിവന്ന ഹിസ്ബുല്ലയുടെ ഭാവി സിറിയയിലെ അധികാരമാറ്റത്തോടെ കൂടുതൽ അനിശ്ചിതത്വത്തിലാവും. വ്യോമാക്രമണങ്ങളാൽ ആവർത്തിച്ച് ഉന്നമാക്കപ്പെടുകയാണ് ഇറാന്റെ പിന്തുണയുള്ള മറ്റൊരു വിഭാഗമായ യമനിലെ ഹൂത്തികൾ.
ഈ വിഭാഗങ്ങൾക്ക് പുറമെ ഇറാഖിലെ സായുധ സംഘങ്ങളും ഗസ്സയിലെ ഹമാസും ചേരുന്ന, ഇറാൻ വിശേഷിപ്പിക്കുന്ന ചെറുത്തുനിൽപിന്റെ അച്ചുതണ്ടിപ്പോൾ ഗുരുതരമായി തകർന്നിരിക്കുന്നു. ഇറാൻ ഒരു അസ്തിത്വ ഭീഷണിയായി കാണുന്ന ഇസ്രായേലിലാവട്ടെ ഈ പുതുചിത്രം കൊണ്ടാടപ്പെടും.
തുർക്കിയയുടെ അനുഗ്രഹാശിസ്സുകളില്ലാതെ ഇത്തരമൊരു ആക്രമണം നടത്താനാവില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. സിറിയയിലെ ചില വിമതർക്ക് പിന്തുണയേകുന്ന തുർക്കിയ പക്ഷേ, എച്ച്.ടി.എസിന് പിന്തുണ നൽകുന്ന കാര്യം നിഷേധിക്കുകയാണ്. സിറിയൻ അഭയാർഥികളിൽ 30 ലക്ഷം പേരെങ്കിലും തുർക്കിയയിലാണ് എന്നത് പ്രാദേശികമായി സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്.
അവരെ തിരിച്ചെത്തിക്കാൻ ഉതകുംവിധത്തിൽ സംഘർഷത്തിന് നയതന്ത്ര പരിഹാരം തേടുന്ന ചർച്ചകളിൽ ഏർപ്പെടാൻ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നിരന്തരം നിർബന്ധിച്ചുപോന്നെങ്കിലും ബശ്ശാർ അതിന് വിസമ്മതിക്കുകയായിരുന്നു.
ഈ വീഴ്ച ഒട്ടനവധിയാളുകളെ സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ദേശീയവാദ ശക്തികൾ എന്ന മട്ടിൽ പുനരവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അൽഖാഇദയിൽ വേരുകളുള്ള, അക്രമാസക്തമായ പൂർവ ചരിത്രമുള്ള എച്ച്.ടി.എസിന് നിയന്ത്രണം ലഭിച്ചാൽ ഭാവി എന്തായിരിക്കും? അവരുടെ സമീപകാല സന്ദേശങ്ങൾക്ക് നയതന്ത്രപരവും അനുരഞ്ജനപരവുമായ സ്വരമുണ്ട് എന്നത് പലർക്കും ബോധ്യമാവുന്നില്ല.
ഭരണം അട്ടിമറിച്ച ശേഷം അവർ ചെയ്യാൻപോകുന്നതെന്തായിരിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്. അതേസമയം, നാടകീയമായ മാറ്റങ്ങൾ അപകടകരമാംവിധമുള്ള അധികാരശൂന്യതയിലേക്കും അത് അരാജകത്വത്തിലേക്കും കൂടുതൽ അതിക്രമത്തിലേക്കും നയിക്കുകയും ചെയ്തേക്കും.
(ബി.ബി.സി മിഡിൽ ഈസ്റ്റ് കറസ്പോണ്ടന്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.