‘‘പീപ്ൾസ് മണി ഫോർ പീപ്ൾസ് വെൽഫെയർ’’ എന്ന മുദ്രാവാക്യത്തെ അട്ടിമറിച്ച് പ്രീമിയമായി സ്വരൂപിക്കുന്ന തുക ജനക്ഷേമത്തിന് ഉപയോഗിക്കാതെ ഷെയർമാർക്കറ്റിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥ സംജാതമാകുംപാർലമെന്റിൽ അവതരിപ്പിച്ച് തലനാരിഴ കീറി ചർച്ചചെയ്ത് നിയമമാക്കി മാറ്റേണ്ടുന്ന പല ബില്ലുകളിലും സർക്കാർ പോർട്ടൽ വഴി പൊതുജനാഭിപ്രായം സ്വരൂപിച്ച് പേരിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കുകയും അതുവഴി...
‘‘പീപ്ൾസ് മണി ഫോർ പീപ്ൾസ് വെൽഫെയർ’’ എന്ന മുദ്രാവാക്യത്തെ അട്ടിമറിച്ച് പ്രീമിയമായി സ്വരൂപിക്കുന്ന തുക ജനക്ഷേമത്തിന് ഉപയോഗിക്കാതെ ഷെയർമാർക്കറ്റിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥ സംജാതമാകും
പാർലമെന്റിൽ അവതരിപ്പിച്ച് തലനാരിഴ കീറി ചർച്ചചെയ്ത് നിയമമാക്കി മാറ്റേണ്ടുന്ന പല ബില്ലുകളിലും സർക്കാർ പോർട്ടൽ വഴി പൊതുജനാഭിപ്രായം സ്വരൂപിച്ച് പേരിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കുകയും അതുവഴി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റുകയുമാണ് കേന്ദ്രം. അതിന്റെ ഒടുവിലെ ഉദാഹരണമാണ് 2024 നവംബർ 26ൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിൽ സർക്കാർ പോർട്ടലിൽ വന്ന വിജ്ഞാപനം. 1938ലെ ഇൻഷുറൻസ് നിയമം, 1956ലെ എൽ.ഐ.സി നിയമം, 1999ലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) ആക്ട് എന്നിവയുടെ ഭേദഗതി നിർദേശങ്ങൾ 2024 ഡിസംബർ 10ന് മുമ്പ് പോർട്ടലിൽ ലോഗിൻ ചെയ്ത് അറിയിക്കണ മെന്നായിരുന്നു നിർദേശം. അതിപ്രധാനമായ ഈ ബില്ലുകൾ എൽ.ഐ.സിയുമായി ബന്ധപ്പെട്ടവർപോലും അറിഞ്ഞുവരുന്നതേയുള്ളൂയെന്നുപറയുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെതന്നെ ബാധിക്കുന്ന ഇത്തരം ബില്ലുകൾ പാർലമെന്റ് സമ്മേളനം നടക്കുന്ന സന്ദർഭത്തിൽ സഭയിൽ അവതരിപ്പിക്കാതെ ഓഫിസ് മെമ്മോറാണ്ടമായി നോട്ടിഫിക്കേഷൻ നടത്തിയതുതന്നെ പാർലമെന്റിനെ അവഹേളിക്കലാണ്. ഈ ഭേദഗതികളുടെ ഗുണഭോക്താവിന്റെ ഇഷ്ടക്കാരിൽനിന്ന് മാത്രം അഭിപ്രായം സ്വീകരിച്ച് പാസാക്കിയെടുക്കാനുള്ള കുതന്ത്രമാണിതെന്ന് കരുതാൻ ന്യായങ്ങളേറെയുണ്ട്.
പൊതുജനത്തെ എൽ.ഐ.സിയിൽനിന്ന് അകറ്റി കോർപറേറ്റ് കൈകളിൽ എത്തിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന്റെ പിന്നിൽ.
സാമ്പത്തിക സുരക്ഷിതത്വം കൂട്ടുക, കൂടുതൽ ഇൻഷുറൻസ് കമ്പനികളെ ഇന്ത്യയിൽ കൊണ്ടുവന്ന് സാമ്പത്തിക വളർച്ച ഉണ്ടാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഇൻഷുറൻസ് കമ്പനികളെ കുറെക്കൂടി കാര്യക്ഷമമാക്കുക, 2047 ഓടുകൂടി എല്ലാവർക്കും രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കുക തുടങ്ങിയവയാണ് ഭേദഗതിയുടെ ലക്ഷ്യങ്ങളായി സർക്കാർ പറയുന്നത്.
ഇന്നു ലോകത്തെതന്നെ ഒന്നാം നമ്പർ സാമ്പത്തിക സുരക്ഷിതത്വമുള്ള സ്ഥാപനമായ എൽ.ഐ.സി ക്ലെയിം സെറ്റിൽമെന്റിലും 68 വർഷമായി ലോക ഇൻഷുറൻസ് രംഗത്തിനും മാതൃകയായി നിലകൊള്ളുകയാണ്. ചില വർഷങ്ങളിൽ ഇത് 99.9 ശതമാനംപോലും ആയിട്ടുണ്ട്. ഈ വിശ്വാസ്യതയാണ് എൽ.ഐ.സിയെ മറ്റ് ഇൻഷുറൻസ് കമ്പനികളിൽനിന്ന് വ്യത്യസ്തമാക്കുന്നതും. ഈ വസ്തുത നിലനിൽക്കെ സർക്കാർ ആരുടെ സാമ്പത്തിക സുരക്ഷിതത്വമാണ് ഉറപ്പുവരുത്തുകയെന്നത് ദുരൂഹതയായി അവശേഷിക്കുന്നു.
ഇപ്പോൾതന്നെ ക്ലെയിം സെറ്റിൽമെന്റിൽ സ്വകാര്യ കമ്പനികൾ വളരെ പിന്നാക്കമാണെന്നിരിക്കെ കൂടുതൽ കമ്പനികൾ ഈ മേഖലയിലേക്ക് വന്നാൽ 1956 ലെ പോലുള്ള കഴുത്തറുപ്പൻ മത്സരം ആവർത്തിക്കുകയും പോളിസി ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് തുകകൾ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാവും.
ഇന്ത്യയിൽ നിലവിലുള്ള 73 ഇൻഷുറൻസ്, റീ ഇൻഷുറൻസ് കമ്പനികളുടെ കഴിഞ്ഞ 24 വർഷത്തെ സാമ്പത്തികവളർച്ച ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ട് പോരെ കൂടുതൽ കമ്പനികളെ രാജ്യത്തേക്ക് ആനയിക്കൽ? ഇത്രയും നാൾ ഇതിലൂടെ ഗവൺമെന്റിന് സാമ്പത്തിക വളർച്ച ഉണ്ടായില്ലായെന്നുമാത്രമല്ല പല സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളും പൂട്ടിപ്പോയപ്പോൾ അവരുടെ ബാധ്യതകൂടി നിലവിലുള്ള കമ്പനികൾക്ക് ഏറ്റെടുക്കേണ്ടതായും വന്നിട്ടുണ്ട്. നിലവിൽ പുതുതായി ഒരു ഇൻഷുറൻസ് കമ്പനി തുടങ്ങണമെങ്കിൽ മൂലധനമായി 200 കോടി രൂപ നോൺ ലൈഫിലും, 100 കോടി രൂപ ലൈഫിലും, 5000 കോടി രൂപ റീ ഇൻഷുറൻസിലും വേണമായിരുന്നെന്ന വ്യവസ്ഥ മാറ്റി റീഇൻഷുറൻസിൽ 1000 കോടി രൂപയും ബാക്കിയുള്ളവക്ക് 50 കോടി രൂപയോ ഐ.ആർ.ഡി.എയുടെ അനുവാദത്തോടെ അതിലും കുറഞ്ഞ തുകയോ ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് സാമ്പത്തിക വളർച്ചയെ എങ്ങനെയാണ് സഹായിക്കുക?
എൽ.ഐ.സിക്ക് നിലവിലുള്ള നിയമമനുസരിച്ച് ഓഹരികളിൽ നിക്ഷേപി ക്കാവുന്ന പരമാവധി പരിധി 15 ശതമാനമായിരുന്ന വ്യവസ്ഥ മാറ്റി ഐ.ആർ.ഡി.എയുടെ അനുമതിയോടെ എത്രയുമാകാമെന്നായാൽ എൽ.ഐ.സിയുടെ സാമ്പത്തിക അടിത്തറതന്നെ ഇളകും. ‘‘പീപ്ൾസ് മണി ഫോർ പീപ്ൾസ് വെൽഫെയർ’’എന്ന അടിസ്ഥാന മുദ്രാവാക്യത്തെ അട്ടിമറിച്ച് പൊതുജനത്തിൽനിന്ന് പ്രീമിയമായി സ്വരൂപിക്കുന്ന തുക അവരുടെ ക്ഷേമത്തിന് ഉപയോഗിക്കാതെ ഷെയർമാർക്കറ്റിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥ സംജാതമാകും. 85 ശതമാനം തുക ഗവൺമെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാനങ്ങൾക്കും മറ്റുമായി കിട്ടിക്കൊണ്ടിരിക്കുന്നത് ഇതോടെ ഇല്ലാതാകും. ഇതു രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയും ഇന്ത്യൻ സമ്പദ്ഘടനയെതന്നെ തകിടം മറിക്കുകയും ചെയ്യും.
പുതിയ നിയമം പ്രാവർത്തികമാക്കിയാൽ എൽ.ഐ.സി ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനി കൂടി തുടങ്ങും. അങ്ങനെ കോമ്പോസിറ്റ് ഇൻഷുറൻസായി എൽ.ഐ.സി ബിസിനസ് ചെയ്യുമ്പോൾ തേഡ് പാർട്ടി മുഖേനയാവും ക്ലെയിമുകൾ സെറ്റിൽ ചെയ്യുക. ഇത് എൽ.ഐ.സിയുടെ ക്ലെയിം സെറ്റിൽമെന്റ് കുറയാനും വിശ്വാസ്യത തകരാനും കാരണമാവും. ഇങ്ങനെ ഗവൺമെന്റിന് പ്രത്യേക ബിൽ ഒന്നും പാസാക്കാതെ തന്നെ എൽ.ഐ.സിയുടെ ഷെയർ വിറ്റ് കോർപറേറ്റുകളെ സഹായിക്കാനും സാധിക്കും.
ഇൻഷുറൻസ് രംഗം സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്ത ശേഷമുള്ള 24 വർഷത്തെ കണക്കു പ്രകാരം ഒരു കോടിയിൽ പരം ഏജന്റുമാർ വിരമിക്കുകയും ഒരു ലക്ഷത്തിനുപുറത്ത് ജീവനക്കാരുടെ ഒഴിവ് ഇല്ലാതാക്കുകയും ചെയ്ത യാഥാർഥ്യം നിലനിൽക്കെയാണ് കൂടുതൽ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ഉണ്ടാവുമെന്ന വ്യാജപ്രചരണം നടത്തുന്നത്.
ബിൽ പാസാക്കുന്നതിനുമുമ്പുതന്നെ മണിപ്പാൽ സി എന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായി തത്ത്വത്തിൽ ധാരണ ഉണ്ടാക്കിയത് കൂടി കൂട്ടിവായിക്കുമ്പോൾ എൽ.ഐ.സിയെ കോർപറേറ്റുകളുടെ കൈയിൽ എത്തിക്കുക എന്ന അപകടകരമായ ആത്യന്തിക ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നെന്ന് വ്യക്തം. അതിനെതിരായ പോരാട്ടം എൽ.ഐ.സി ജീവനക്കാരുടെയും ഏജന്റുമാരുടെയും പോളിസി ഉടമകളുടെയും മാത്രമല്ല, രാജ്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.
(എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.