കേന്ദ്രം പിരിച്ചെടുക്കുന്ന ജി.എസ്.ടി, ഇൻകം ടാക്സ്, കോർപറേറ്റ് ടാക്സ് തുടങ്ങിയ നികുതികൾ ഏതളവിൽ സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്ന് കേന്ദ്ര സർക്കാറിന് നിർദേശം നൽകുന്നത് ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷനാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളും വ്യാപാരി-വ്യവസായി സമൂഹവും വലിയ പ്രാധാന്യത്തോടെയാണ് 16ാം ധനകാര്യ കമീഷനെ നോക്കിക്കാണുന്നത്. പ്രാബല്യത്തിലുള്ള 15ാം കമീഷന്റെ ശിപാർശകൾ കേരളത്തിന് ഒട്ടും ആശാവഹമായിരുന്നില്ല. മാനദണ്ഡങ്ങളിൽ...
കേന്ദ്രം പിരിച്ചെടുക്കുന്ന ജി.എസ്.ടി, ഇൻകം ടാക്സ്, കോർപറേറ്റ് ടാക്സ് തുടങ്ങിയ നികുതികൾ ഏതളവിൽ സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്ന് കേന്ദ്ര സർക്കാറിന് നിർദേശം നൽകുന്നത് ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷനാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളും വ്യാപാരി-വ്യവസായി സമൂഹവും വലിയ പ്രാധാന്യത്തോടെയാണ് 16ാം ധനകാര്യ കമീഷനെ നോക്കിക്കാണുന്നത്.
പ്രാബല്യത്തിലുള്ള 15ാം കമീഷന്റെ ശിപാർശകൾ കേരളത്തിന് ഒട്ടും ആശാവഹമായിരുന്നില്ല. മാനദണ്ഡങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതു കാരണം സംസ്ഥാന വിഹിതത്തിൽ വൻകുറവുണ്ടായി. ഇതു സാമ്പത്തിക ഞെരുക്കത്തിലേക്കു നയിക്കുകയും വികസന-ക്ഷേമ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്തു. അതിന്റെ ആഘാതം വ്യാപാര-വ്യവസായ മേഖലകളിലും ദൃശ്യമായിരുന്നു.
2026 മുതൽ അടുത്ത അഞ്ചുവർഷം കേരള സർക്കാറിന്റെ മുന്നോട്ടുപോക്കും അതോടൊപ്പം സമ്പദ് വ്യവസ്ഥയുടെ വേഗവും നിർണയിക്കുന്നതും കേന്ദ്ര നികുതി വിഹിതം, ഗ്രാന്റുകൾ, ദുരിതാശ്വാസ നിധി, വായ്പ നയം മുതലായവ നിശ്ചയിക്കപ്പെടുന്നതും 16ാം ധനകാര്യ കമീഷൻ മുന്നോട്ടുവെക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും.
ഇവയെല്ലാം കേവലം സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് ആക്കം കൂട്ടുക മാത്രമല്ല മറിച്ചു സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെതന്നെ ഉത്തേജിപ്പിക്കുന്ന അവിഭാജ്യ ഘടകങ്ങളാണ്. നിർഭാഗ്യമെന്നു പറയട്ടെ ഈ ദിശയിലുള്ള ഇടപെടലുകൾ ഇപ്പോൾ പ്രാബല്യത്തിലുള്ള 15ാം ധനകാര്യ കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
കേരളത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തിൽ ഒതുക്കിയത് സർക്കാറിന് മാത്രമല്ല വ്യാപാരി വ്യവസായി സമൂഹത്തിനും വലിയ ആഘാതമുണ്ടാക്കി. സാമൂഹികസുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ താളംതെറ്റി.
അതുകൊണ്ടുതന്നെ സാധാരണക്കാരുടെ കൈയിൽ പണലഭ്യത ഗണ്യമായി കുറഞ്ഞു. ഇത് അവരുടെ വാങ്ങൽ ശേഷിയെ കാര്യമായി ബാധിക്കുകയും വ്യാപാര മേഖലയിൽ വലിയ മാന്ദ്യത്തിനു വഴിവെക്കുകയും ചെയ്തു.
ജി.എസ്.ടിയെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാന സർക്കാറും വ്യാപാരി-വ്യവസായികളും സ്വാഗതം ചെയ്തത്. എന്നാൽ, കഴിഞ്ഞ ഏഴു വർഷത്തെ അനുഭവം വിലയിരുത്തുമ്പോൾ നിരാശയാണ് ഫലം. സംസ്ഥാനങ്ങളുടെ നികുതി നിർണയ അധികാരം ഇല്ലാതായെന്നു മാത്രമല്ല ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായ രീതിയിൽ വിഭവ സമാഹരണത്തിൽനിന്ന് ഒരുപരിധിവരെ സംസ്ഥാനങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു.
എന്നാൽ, കേന്ദ്ര സർക്കാറിന് വലിയ നേട്ടങ്ങളുണ്ടായി. പ്രത്യക്ഷ നികുതിയിലേതുപോലെ പരോക്ഷ നികുതിയിലും അവർക്ക് ആധിപത്യം നേടാനായി. സംസ്ഥാനങ്ങളെ രാഷ്ട്രീയമായിപോലും ചൊൽപ്പടിക്ക് നിർത്തുന്നതിനുള്ള ഉപകരണമായി ജി.എസ്.ടിയെ പ്രയോജനപ്പെടുത്താനായി.
ചെറുകിട വ്യാപാര മേഖലയിലും ജി.എസ് .ടി പ്രതിസന്ധി സൃഷ്ടിച്ചു. നിയമത്തിലെ അവ്യക്തതകൾ നീക്കുന്നതിനോ, റിട്ടേൺ ഫയലിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനോ പൂർണമായും സാധിച്ചിട്ടില്ല. സുതാര്യമായ തർക്ക പരിഹാര സംവിധാനം ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല.
നിരക്ക് ഏകീകരണത്തിന്റെ പേരിൽ എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ജി.എസ്.ടി ചുമത്തുവാനുള്ള നീക്കം അണിയറയിൽ നടക്കുന്നു എന്നാണ് അറിവ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അടുത്തിടെ കെട്ടിട വാടകക്കുമേൽ 18 ശതമാനം ജി.എസ്.ടി നൽകേണ്ട ബാധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ചതിനും യാതൊരു ന്യായീകരണവുമില്ല.
ആഭ്യന്തര കുത്തകകളും ഫ്ലിപ്കാർട്, ആമസോൺപോലുള്ള ഓൺലൈൻ ഭീമന്മാരും ചെറുകിട വ്യാപാരികൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. സംരക്ഷണം ഉറപ്പാക്കേണ്ട സർക്കാറാകട്ടെ മേൽപറഞ്ഞവർക്ക് അനുകൂലമായ നയങ്ങളാണ് കുറച്ചുവർഷങ്ങളായി സ്വീകരിച്ചുപോരുന്നത്.
കോർപറേറ്റുകൾക്കു വാരിക്കോരി നികുതി ഇളവുകൾ നൽകിയപ്പോൾ രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് യാതൊരു പരിഗണനയും നൽകിയില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി നിലവിലെ 40 ശതമാനത്തിൽനിന്ന് 35 ശതമാനമായി കുറച്ചു.
സ്റ്റാർട്ടപ് കമ്പനികൾ സ്വീകരിച്ചിരുന്ന വിദേശ നിക്ഷേപത്തിന്മേൽ ചുമത്തിയിരുന്ന എയ്ഞ്ചൽ നികുതി പൂർണമായും നിർത്തലാക്കി, ഫ്ലിപ്കാർട് , ആമസോൺ പോലുള്ള ഇ-കോമേഴ്സ് ഓപറേറ്റർമാരുടെ ടി.ഡി.എസ് നിരക്ക് ഒരു ശതമാനത്തിൽനിന്ന് 0.1ശതമാനമായി കുറച്ചു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കോർപറേറ്റ് നികുതിയിൽ മാത്രം രണ്ടു ലക്ഷം കോടി രൂപയുടെ ഇളവുകളാണ് കുത്തകകൾക്കു നൽകിയത്.
കേന്ദ്രത്തിന്റെ ഇത്തരം കോർപറേറ്റ് പ്രീണനത്തിനു നിയന്ത്രണമേർപ്പെടുത്താനുതകുന്ന ശിപാർശകൾ 16ാം ധനകാര്യ കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ജി.എസ്.ടിക്കു പുറമെ, സെസും സർചാർജുകളും വലിയ തോതിൽ വർധിപ്പിക്കുന്ന നടപടിയും അവസാനിപ്പിക്കണം. ഇവ രണ്ടും കേന്ദ്രത്തിനു മാത്രം ലഭിക്കുന്നതിനാൽ ഡിവിസിബിൾ പൂളിൽ വലിയ ചോർച്ചയുണ്ടാക്കും.
2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര സർക്കാറിന്റെ നികുതി ഇതര വരുമാനം നാലു ലക്ഷം കോടി രൂപക്ക് മുകളിലെത്തുമെന്നാണ് കണക്ക്. ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ വരുമാനത്തില്‍ വന്ന ഗണ്യമായ വർധനയാണ് ഈ മുന്നേറ്റത്തിന് കാരണം. 2022-23 ല്‍ 41,342 കോടി രൂപയാണ് ടോള്‍ ഇനത്തില്‍ ലഭിച്ചത്. ഇത് 2030 ആകുമ്പോഴേക്കും 1.30 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഇരകളാണ് വ്യാപാരികൾ. ദേശീയപാതകൾ ടൗണുകളെ രണ്ടായി കീറിമുറിച്ചു. വ്യാപാരം പ്രാദേശികമായി പരിമിതപ്പെടുത്താൻ ഇതു കാരണമായി. പക്ഷേ, ഇതിലും നേട്ടമുണ്ടാക്കാൻ പോകുന്നത് കേന്ദ്ര സർക്കാറാണ്. വലിയ വരുമാനമാണ് ടോൾ പിരിവിലൂടെ അവർക്കു ലഭിക്കാൻ പോകുന്നത്. കോടിക്കണക്കിന് രൂപ മുടക്കി ഭൂമി ഏറ്റെടുത്ത് നല്കിയ സംസ്ഥാനത്തിന് ഇതിന്റെ വിഹിതം ലഭിക്കേണ്ടത് ന്യായമായ ആവശ്യമാണ്.
മറ്റൊരു പ്രധാന പ്രശ്നം ദുരന്തനിവാരണ സഹായ നിധിയുമായി ബന്ധപ്പെട്ടതാണ്. കേരളംപോലുള്ള ഇക്കോ സെന്‍സിറ്റിവായ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ സര്‍വസാധാരണമായിരിക്കുകയാണ്.
വയനാട്ടിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന്റെ ആഴത്തിന് ആനുപാതികമായ നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ കേരളത്തിന് ലഭിച്ചില്ല. നിലനിക്കുന്ന ഈ രാഷ്ട്രീയ വേർതിരിവ് അവസാനിപ്പിക്കണമെങ്കിൽ നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നേ മതിയാകൂ. ഇതിനുവേണ്ടതായ നിർദേശങ്ങൾ 16ാം ധനകാര്യ കമീഷൻ സമർപ്പിക്കണം.
(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.