അരനൂറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബവാഴ്ചക്ക് അറുതിവരുത്തി സിറിയൻ പ്രതിപക്ഷസേന ഡമസ്കസ് കീഴടക്കുമ്പോൾ അനിശ്ചിതത്വത്തിന്റെ പുതിയൊരു അധ്യായം കൂടിയാണ് പശ്ചിമേഷ്യയിൽ തുറക്കുന്നത്. അറേബ്യയിലെങ്ങും അനുരണനങ്ങൾ സൃഷ്ടിച്ച കഴിഞ്ഞ ദശകത്തിലെ അറബ് വസന്തത്തിന്റെ ഭാഗമായി പ്രക്ഷോഭമുണ്ടായെങ്കിലും മറ്റു രാജ്യങ്ങളിലെപ്പോലെ സിറിയയിൽ അത് ഭരണമാറ്റത്തിലേക്ക് എത്തിയിരുന്നില്ല.
അക്കാലത്ത് വിമതസേന ഒരു ഘട്ടത്തിൽ ഡമസ്കസിന്റെ കവാടം എത്തിയെങ്കിലും ഇറാന്റെ നിഴൽ സംഘമായ ഹിസ്ബുല്ലയുടെയും പിന്നീട് ഇറാന്റെതന്നെയും ഇടപെടലും റഷ്യയുടെ സഹായവും കൊണ്ട് ബശ്ശാറുൽ അസദ് പിടിച്ചുനിന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ മറപറ്റി തഴച്ച ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യുന്നതിലേക്ക് പാശ്ചാത്യരാജ്യങ്ങൾ ശ്രദ്ധയൂന്നിയതോടെ ശ്വാസം വിടാൻ പഴുത് കിട്ടിയത് ബശ്ശാറിനായിരുന്നു.
സിറിയയുടെയും ഇറാഖിന്റെയും അതിർത്തികൾ മായ്ച്ച് ഇസ്ലാമിക് സ്റ്റേറ്റ് പടുത്തുയർത്തിയ ഖിലാഫത്ത് ഭരണകൂടം വിദേശസേനകളോട് ഏറ്റുമുട്ടി നാമാവശേഷമാകുമ്പോൾ ബുദ്ധിപരമായി പിൻവാങ്ങുകയായിരുന്നു ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമായ അബൂ മുഹമ്മദ് അൽ ജൗലാനി.
ഐ.എസിന്റെയും അൽഖാഇദയുടെയും ആഗോള ജിഹാദ് പദ്ധതികളിൽനിന്ന് വേറിട്ട് സിറിയ മാത്രമാണ് തന്റെ ഉന്നമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവിടെനിന്നാണ് ഹയാത് തഹ്രീർ അശ്ശാം അഥവാ എച്ച്.ടി.എസിന്റെ ഉദയം.
യു.എസിന്റെ ഭീകര പട്ടികയിലുണ്ടെങ്കിലും ജൗലാനിയുടെ പുതിയ നീക്കത്തെ സംയമനത്തോടെയാണ് അമേരിക്കൻ ഭരണകൂടം നോക്കിക്കാണുന്നത്. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങളിൽ അത് വ്യക്തമാണ്.
യഥാർഥത്തിൽ, 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ സംഭവവികാസങ്ങളുടെ ഉപോൽപന്നം കൂടിയാണ് ബശ്ശാറുൽ അസദിന്റെ സ്ഥാനനഷ്ടം. ഹമാസിന് പിന്നാലെ ഇസ്രായേലിന്റെ നിരന്തര ആക്രമണത്തിൽ ലബനാനിലെ ഹിസ്ബുല്ലക്കും സിറിയയിലുള്ള ഇറാന്റെ സന്നാഹങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു.
ഹിസ്ബുല്ലയെ കരുത്തുറ്റ പോരാട്ട സംഘമായി വളർത്തിയെടുത്ത ഹസൻ നസ്റുല്ലയെപോലുള്ള നേതാക്കളെ മാത്രമല്ല, നിരവധി റെവല്യൂഷണറി ഗാർഡ് കമാൻഡർമാരെയും ഇറാന് നഷ്ടപ്പെട്ടു. ഈ പരിതസ്ഥിതിയിൽ അതിസാഹസികമായി ഇടപെട്ട് ഒരിക്കൽകൂടി ബശ്ശാറിനെ രക്ഷിച്ചെടുക്കാനുള്ള കെൽപ് ഇറാന് ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ.
എങ്കിലും കഴിഞ്ഞ 10-15 വർഷമായി ബശ്ശാറുൽ അസദിനെ താങ്ങിനിർത്തുന്ന ഇറാന്റെ പൊടുന്നനെയുള്ള പിന്മാറ്റം അദ്ഭുതപ്പെടുത്തുന്നതായി. എച്ച്.ടി.എസിന്റെ മുന്നേറ്റം തുടങ്ങിയതിന് പിന്നാലെ ബശ്ശാറിന് ഉറച്ച പിന്തുണയുമായി ഡമസ്കസിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ക്രമേണ സ്വരം മാറ്റിയത് ശ്രദ്ധേയമായിരുന്നു. ബശ്ശാറിന്റെ വിധി ദൈവേച്ഛക്ക് വിടുന്നു എന്നാണ് ഒടുവിൽ അദ്ദേഹം പറഞ്ഞത്.
പാശ്ചാത്യ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ആഭ്യന്തര കുറിപ്പിൽ എച്ച്.ടി.എസിന്റെ മിന്നലാക്രമണത്തിലെ അന്ധാളിപ്പ് പ്രകടമായിരുന്നു. സിറിയയിലെ സംഭവവികാസങ്ങൾ അവിശ്വസനീയവും വിചിത്രവുമെന്ന് വിശേഷിപ്പിച്ച ആ കുറിപ്പിൽ ബശ്ശാറിന്റെ പതനം ഇറാൻ അംഗീകരിക്കുകയാണെന്നും പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടുവെന്നും സൂചനയുണ്ട്.
ഇറാൻ ദേശീയ ചാനൽ വിമതരെ ആദ്യം വിശേഷിപ്പിച്ചിരുന്നത് ‘അവിശ്വാസികളായ തീവ്രവാദികൾ’ എന്നായിരുന്നു. അത് ക്രമേണ ‘സായുധസംഘങ്ങൾ’ എന്നായി മാറി.
ഇറാന് കേവലം സഖ്യകക്ഷി മാത്രമായിരുന്നില്ല ബശ്ശാറും സിറിയയും. ഇറാഖും സിറിയയും ലബനാനും യമനുമൊക്കെ അടങ്ങിയ തങ്ങൾ നട്ടുവളർത്തിക്കൊണ്ടുവന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ന്റെ ഹൃദയം കൂടിയായിരുന്നു ബശ്ശാർ.
ആ അച്ചുതണ്ടിന്റെ തണ്ടൊടിയുമ്പോൾ ഇറാന് നഷ്ടപ്പെടുന്നത് ലബനാനിലെ ഹിസ്ബുല്ലയിലേക്കുള്ള പാലമാണ്, അറബ് ഭൂമിയിൽ കാലുറപ്പിക്കാനുള്ള മണ്ണാണ്. കഴിഞ്ഞ കാലങ്ങളിൽ വലിയ അധ്വാനം കൊണ്ട് സിറിയയിൽ ഉണ്ടാക്കിയെടുത്ത സംവിധാനങ്ങളെല്ലാം നഷ്ടപ്പെടുന്നത് പാശ്ചാത്യ ലോകവുമായുള്ള ആണവ, ആണവേതര ചർച്ചകളിൽ ഇറാന്റെ നില ദുർബലപ്പെടുത്തും.
ഇസ്രായേലുമായുള്ള ബന്ധമാണ് പുതിയ ഭരണകൂടം നേരിടാനിരിക്കുന്ന ആദ്യ വെല്ലുവിളികളിലൊന്ന്. ’67ൽ ബശ്ശാറിന്റെ പിതാവ് ഹാഫിസുൽ അസദ് പ്രതിരോധ മന്ത്രി ആയിരിക്കുമ്പോഴാണ് ഇസ്രായേലുമായി യുദ്ധം തോറ്റ് തന്ത്രപ്രധാനമായ ഗോലാൻ കുന്നുകൾ കൈമോശം വരുന്നത്. ’73ൽ ഈജിപ്തിനൊപ്പം ചേർന്ന യോം കിപ്പുർ യുദ്ധത്തിൽ ഗോലാൻ കുന്നുകൾ മോചിപ്പിക്കാൻ വിഫലശ്രമം നടത്തുമ്പോൾ ഹാഫസ് പ്രസിഡന്റായിരുന്നു.
ഗോലാൻ പ്രദേശം വിട്ടുനൽകണമെന്ന സിറിയയുടെ ആവശ്യം ഒരിക്കലും ഇസ്രായേൽ അംഗീകരിച്ചില്ല. സിറിയയും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന്റെ ആണിക്കല്ല് തന്നെ ഗോലാനാണ്. കഴിഞ്ഞ ദശകങ്ങളിൽ പലതവണ ഇസ്രായേൽ പ്രകോപനപരമായി സിറിയക്കുള്ളിൽ ആക്രമണങ്ങൾ നടത്തി.
ഒന്നിനും ശക്തമായ തിരിച്ചടി നൽകാൻ കാലഹരണപ്പെട്ട യുദ്ധോപകരണങ്ങളുമായി കഴിയുന്ന സിറിയൻ സൈന്യത്തിന് കഴിഞ്ഞില്ല. പിന്നീട് ആഭ്യന്തര യുദ്ധത്തിലും ഐ.എസിന്റെ തേർവാഴ്ചയിലും പ്രകടമായതും സിറിയൻ സൈന്യത്തിന്റെ ഈ ദൗർബല്യമായിരുന്നു.
ഇസ്രായേൽ ബന്ധത്തിൽ പുതിയ ഭരണസംവിധാനത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാകാത്തതിനാൽതന്നെ, മുൻകരുതലെടുക്കുകയാണെന്ന മട്ടിൽ ഗോലാനിൽ ഇസ്രായേൽ സൈനിക നീക്കം നടത്തുന്നുവെന്ന വിവരങ്ങളും വരുന്നുണ്ട്.
നേരത്തേ അന്താരാഷ്ട്ര ധാരണകളുടെ പുറത്ത് നിരായുധീകരിക്കപ്പെട്ട പ്രദേശങ്ങളിലാണ് പ്രകോപനകരമായ ഈ നടപടി. സിറിയയിലെ അനിശ്ചിതാവസ്ഥയിൽനിന്ന് മുതലെടുപ്പ് നടത്താനുള്ള നീക്കമാണിതെന്ന് വ്യക്തം. ഇതിനെ പുതിയ ഭരണകൂടം എങ്ങനെ നേരിടുന്നു എന്നത് സിറിയയുടെ ഭാവിയെതന്നെ നിർണയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.