മനുഷ്യരുടെ മനസ്സിൽ ഉത്കണ്ഠയും സംഘർഷവും വൻതോതിൽ വർധിച്ച നാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കാലത്തു മാത്രമാകണം അന്താരാഷ്ട്രതലത്തിൽ ഈ വിധത്തിലെ ആശങ്ക രൂപപ്പെട്ടിട്ടുണ്ടാവുക. അത്തരം പ്രതിസന്ധികൾക്ക് ഭൂമിശാസ്ത്രമായ പരിധിയും പ്രതിരോധവുമുണ്ടായിരുന്നു.
കോവിഡ് സകല വേലികളെയും സുരക്ഷാബോധങ്ങളെയും തകർത്തു. 2021ൽ സംഭവിച്ച രണ്ടാം തരംഗം രോഗബാധിതരെ മാത്രമല്ല തളർത്തിയത്. രാജ്യത്തെ ജനതയുടെ വലിയൊരു ഭാഗം ആശുപത്രിക്കിടക്ക കിട്ടാതെയും ജീവവായു ലഭിക്കാതെയും പിടഞ്ഞുവീണുവെങ്കിൽ നൂറുകണക്കിന് കിലോമീറ്ററുകളകെലയിരുന്ന് നിരന്തരം അതേക്കുറിച്ച് വായിക്കുകയും ദൃശ്യങ്ങൾ കാണുകയും ചെയ്ത ആളുകൾക്കിടയിലും കടുത്ത മാനസികാഘാതങ്ങൾ സൃഷ്ടിച്ചു.
സ്ത്രീകൾ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയ സമൂഹങ്ങൾ അനുഭവിച്ചത് ഇരട്ട പ്രഹരമായിരുന്നു. പരിമിതമായ സാമൂഹിക പിന്തുണപോലും നഷ്ടമായി. ഇഷ്ടമുള്ളവരുമായി കാണാനോ സമയം ചെലവിടാനോ കഴിയാതെ വന്നു. കോവിഡിനുംമുമ്പേ സമൂഹം അകലത്തിൽ നിർത്തിയ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ കാര്യം ഓർത്തുനോക്കൂ- സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടതോടെ ചുരുക്കം ചിലരിൽനിന്ന് ലഭിച്ചിരുന്ന സ്നേഹപൂർണമായ സ്പർശംപോലും അവർക്ക് നിഷേധിക്കപ്പെട്ടു.
ആയിരക്കണക്കിനാളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്ന പ്രവാസികളുടെ അവസ്ഥ സങ്കൽപിക്കുന്നതിലുമപ്പുറമാണ്. നാളികേരത്തിെൻറ നാട്ടിലെ നാഴി ഇടങ്ങഴി മണ്ണിനെക്കുറിച്ചും ഈ മനോഹരതീരത്ത് കിട്ടുന്ന അടുത്ത ജന്മത്തെക്കുറിച്ചുമെല്ലാം പ്രവാസഭൂമിയിലെ ജോലിക്കിടെ പാടുന്ന സുഖവും മനോഹാരിതയുമൊന്നും അഭയാർഥിയെപ്പോലെ നാടണയുേമ്പാൾ, മനോഹരതീരത്തെ യാഥാർഥ്യങ്ങൾ തുറിച്ചുനോക്കുേമ്പാൾ അനുഭവപ്പെടില്ല. എല്ലാം നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന അങ്കലാപ്പ് മാത്രം. പണം നിർണായക ഘടകമായ സമൂഹത്തിൽ സാമ്പത്തിക പ്രയാസങ്ങൾകൂടി ചേരുേമ്പാൾ വേദനകൾ ഇരട്ടിയായി തോന്നും. ഉറക്കമില്ലായ്മ, ശാരീരിക വൈഷമ്യങ്ങൾ തുടങ്ങി പല പല പ്രശ്നങ്ങളും ബാധിക്കും.
അപ്രതീക്ഷിത പ്രതിസന്ധിക്കു നടുവിലും അതിൽ കീഴ്പ്പെടാതെ മറികടക്കാൻ നമ്മൾ മാർഗങ്ങൾ ആരാഞ്ഞു. അത് മനുഷ്യമനസ്സിെൻറ ഒരു മിടുക്കുതന്നെയാണ്. വലിച്ചുപിടിക്കുേമ്പാൾ ഇപ്പോൾ പൊട്ടിയേക്കുമെന്ന് തോന്നുന്ന ഒരു റബർ ബാൻഡ് പിടിവിടുേമ്പാൾ പൂർവസ്ഥിതിയിലാവുന്നതുപോലെ ഒരു ചെറുത്തുനിൽപുശേഷി എത്ര അശക്തർ എന്നു കരുതുന്ന മനുഷ്യരുടെയും മനസ്സിനുണ്ട്. ഒപ്പം ഇത് എെൻറ മാത്രം അവസ്ഥയല്ല എന്ന തിരിച്ചറിവും ഒരു പരിധിവരെ സാന്ത്വനം പകർന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ കുറെയേറെപ്പേർക്ക് രക്ഷാനൗകയായി പ്രവർത്തിച്ചു. പലരും പുതിയ സ്കില്ലുകൾ സ്വായത്തമാക്കി, പുതിയ എഴുത്തുകാരും ഗായകരും ചിത്രകാരന്മാരുമുണ്ടായി. അന്നേവരെ സ്വന്തം നഗരം വിട്ട് പുറത്തുപോവാത്ത സ്ത്രീകൾപോലും സംരംഭകരും വിദേശ രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ അയക്കുന്നവരും മറ്റുമായി മാറി. ഒരാൾക്കെങ്കിലും യൂട്യൂബ് ചാനൽ ഇല്ലാത്ത മലയാളി കുടുംബങ്ങൾ ഇല്ലെന്നുതന്നെ പറയാം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വീടിനകത്തും പുറത്തും അതിക്രമങ്ങൾ വർധിച്ചുവെന്നതാണ് കോവിഡിനേക്കാൾ ശ്വാസംമുട്ടിക്കുന്ന അവസ്ഥ. പ്രണയം നിരസിച്ചതിെൻറ പേരിൽ നടന്ന കൊലകളും ആക്രമണങ്ങളും അതിനെ സാമാന്യവത്കരിച്ച് പൊതുസമൂഹം നടത്തുന്ന ന്യായീകരണങ്ങളുമെല്ലാം ഏതൊരു വൈറസിനേക്കാളും അപകടകാരിയാണ്. മാനസികാരോഗ്യം കുറവാണെന്നതു മാത്രമല്ല, ആൺമേൽക്കോയ്മാബോധം വർധിച്ചതും ഇതിെൻറ കാരണമാണ്.
സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവളാകണമെന്ന് നഴ്സറിക്കാലം തൊട്ട് പറഞ്ഞുപഠിപ്പിക്കുന്ന സമൂഹം ആണൊരുത്തൻ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും കുറെ മുൻധാരണകൾ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. പഠനഗവേഷണത്തിെൻറ ഭാഗമായി 14 വയസ്സുള്ള ആൺകുട്ടികളുമായി ഒരിക്കൽ സംസാരിച്ചത് ഓർക്കുന്നു. എന്താണ് മാനസികാരോഗ്യം എന്നു ചോദിച്ചപ്പോൾ അവരിൽ 98 ശതമാനം പേരുടെയും ഉത്തരം എന്തു സംഭവിച്ചാലും കരയാതെ നിൽക്കാനും ആരെയും കൂസാതെ, കൂട്ടാക്കാതെ മുന്നോട്ടുപോകാനുമുള്ള ശക്തിയാണെന്നാണ്. വികാരങ്ങളെ അടിച്ചമർത്തിവെക്കലാണ് മനസ്സിെൻറ കരുത്ത് എന്ന് അവർ മനസ്സിലാക്കിവെച്ചിരിക്കുന്നു.
പരാജയവും തിരിച്ചടിയും നേരിടേണ്ടിവരുന്നവൻ പുരുഷനല്ല എന്ന ചിന്തയിലാണ് കൗമാരത്തിൽനിന്ന് യൗവനത്തിലേക്കവർ വളരുന്നത്. ഒരു നിരാസം അംഗീകരിക്കുന്നതുപോലും തെൻറ അഭിമാനത്തിനേൽക്കുന്ന ക്ഷതമായി അവർ കണക്കാക്കുന്നു. പ്രഖ്യാപിത സാഹിത്യ കുലപതികളുടെ കൃതികളും ആഘോഷിക്കപ്പെടുന്ന ചലച്ചിത്ര ജീനിയസുകളുടെ സിനിമകളുമെല്ലാം തോൽക്കാത്ത, ശരീരത്തിെൻറയും മനസ്സിെൻറയും ശക്തിയും സാമർഥ്യവുംകൊണ്ട് സ്ത്രീയെ കീഴ്പ്പെടുത്തുന്ന പുരുഷബിംബങ്ങളെയാണ് മഹത്ത്വവത്കരിച്ച് അവതരിപ്പിച്ചിട്ടുള്ളത്. വയലൻസിനെ കാൽപനികവത്കരിക്കുന്നതിൽ എല്ലാവിധ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.
ന്യൂ ജനറേഷൻ സിനിമകളും രചനകളുമെല്ലാം മാറ്റം കൊണ്ടുവരുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ 'മിന്നൽ മുരളി' എന്ന സിനിമയിൽപോലും പ്രണയം തകർന്നവെൻറ പ്രതികാരത്തെ കൊണ്ടാടുന്നത് കണ്ടു. ജെൻഡർ സെൻസിറ്റൈസേഷൻ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാത്രമേ ഇതിന് എന്തെങ്കിലുമൊരു പരിഹാരത്തിന് തുടക്കമിടാനാവൂ. പരസ്പരം ബഹുമാനിക്കലും പരാജയം സംഭവിച്ചാൽ സമ്മതിക്കലും പരിധികളെ മാനിക്കലുമാണ് മാനുഷികം എന്ന് പഠിച്ചേ തീരൂ. സർക്കാറും പൊതുസമൂഹവും അതിന് മുന്നിട്ടിറങ്ങണം. മാതാപിതാക്കൾ മക്കളോട്, അധ്യാപകർ വിദ്യാർഥികളോട് അത് പറഞ്ഞുകൊടുക്കണം.
വരുംവർഷങ്ങളും ആരോഗ്യപ്രതിസന്ധിയുടേതായിരിക്കും എന്നതിൽ സംശയമില്ല. സ്വാഭാവികമായും മാനസികാരോഗ്യത്തെയും അത് സ്വാധീനിക്കും. മാനസികാരോഗ്യപ്രശ്നങ്ങൾ സമ്മതിക്കാനും തുറന്നുപറയാനും തയാറാവുകയാണ് അവയെ നേരിടാനുള്ള ആദ്യപടി. എത്ര ശക്തരാണെന്ന് കരുതുന്നവർക്കും തനിച്ച് ഡീൽ ചെയ്യാൻ പറ്റുന്ന വിഷയമല്ലത്, അതിന് മുതിരുകയും ചെയ്യരുത്. തുറന്നുപറയുന്നതുപോലെ അത് തുറന്ന മനസ്സോടെ കേൾക്കാനും കൂടെ നിൽക്കാനും ഒരുങ്ങുക എന്നതാണ് മാനസികാരോഗ്യമുള്ള സമൂഹനിർമിതിക്കായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട കർത്തവ്യം.
പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാനും എട്ടുമണിക്കൂറെങ്കിലും ഉറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ജോലിത്തിരക്കുകളിൽനിന്നൊഴിഞ്ഞ് അൽപനേരമെങ്കിലും വെറുതെയിരിക്കാനും ശ്രദ്ധിക്കണമെന്നും അത് മാനസികാരോഗ്യത്തിന് പരമപ്രധാനമാണെന്നും കൗൺസലിങ് വേളയിൽ ഞങ്ങൾ പറയാറുണ്ട്. സമൂഹത്തിെൻറ പകുതിയോളം പേർക്കുപോലും പ്രാപ്യമല്ലാത്ത ആ സൗഭാഗ്യങ്ങൾ ഈ വർഷമല്ലെങ്കിൽ വരുന്ന വർഷങ്ങളിലെങ്കിലും സാധ്യമാവട്ടെയെന്ന് ഹൃദയം തുറന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ സംരംഭമായ ആൾട്ടർനേറ്റിവ് സ്റ്റോറിയിൽ അക്കാദമിക് വിഭാഗം മേധാവിയാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.