ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിെൻറ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയിരുന്ന ഡോ. സഫർ മഹ്മൂദ് ആ ചുമതലക്കു ശേഷം റിപ്പോർട്ടിെൻറ ചൈതന്യം ഉൾക്കൊണ്ട് രാജ്യതലസ്ഥാനത്ത് സ്വന്തം നിലക്ക് ഒരു സംരംഭവുമായി മുന്നോട്ടുപോകുന്നുണ്ട്. തെൻറ സാരഥ്യത്തിലുള്ള സർക്കാറേതര സന്നദ്ധ സംഘടനയായ 'സകാത് ഫൗേണ്ടഷൻ' വഴി ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാരെ തീവ്ര പരിശീലനത്തിലൂടെ സിവിൽ സർവിസിൽ എത്തിക്കാനുള്ള സംരംഭമാണത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ഡൽഹിയിൽ കൊണ്ടു വന്ന് പൂർണമായും സൗജന്യമായി പരിശീലനം നൽകിവരുന്നു. അതിപ്രഗല്ഭമായ സ്വകാര്യ സിവിൽ സർവിസ് പരീക്ഷ പരിശീലന കേന്ദ്രങ്ങളുമായാണ് ഫൗണ്ടേഷൻ ഇതിനായി ധാരണയുണ്ടാക്കിയിരിക്കുന്നത്.
സർക്കാർ ഫണ്ടില്ലാതെ തുടങ്ങിയ ഈ സ്ഥാപനത്തിൽ മുസ്ലിം വിദ്യാർഥികൾക്കൊപ്പം ഇതര ന്യൂനപക്ഷ വിദ്യാർഥികൾക്കും അവസരം നൽകിവരുന്നു. ഓരോ വർഷവും ഒന്നും രണ്ടും ഡസൻ ന്യൂനപക്ഷ വിദ്യാർഥികളെ ഇവർ മികച്ചപരിശീലനത്തിലൂടെ സിവിൽ സർവിസിലെത്തിച്ചു. മുസ്ലിം വിദ്വേഷം പരകോടിയിലെത്തിയ ഹിന്ദുത്വ ഇന്ത്യയിൽ ഏറെ സാഹസപ്പെട്ട് മുന്നോട്ടുകൊണ്ടുപോകുന്ന ആ സംരംഭത്തിലൂടെ ന്യൂനപക്ഷക്കാരായ നിരവധി ചെറുപ്പക്കാരുടെ സിവിൽ സർവിസ് മോഹം സഫലമാക്കിയ സഫർ മഹ്മൂദ് ആ സൗഭാഗ്യം മുസ്ലിം വിദ്യാർഥികളിൽ പരിമിതപ്പെടുത്താതെ ക്രൈസ്തവ വിദ്യാർഥികൾക്കു കൂടി പകുത്തു നൽകി. സകാത് ഫൗണ്ടേഷനിലൂടെ ഓരോ വർഷവും കേരളത്തിൽ നിന്നുൾപ്പെടെ സഫർ മഹ്മൂദ് സിവിൽ സർവിസിലെത്തിച്ച വിദ്യാർഥികളുടെ പട്ടിക അവരുടെ വെബ്സൈറ്റ് പരിശോധിച്ചാൽ കാണാനാകും.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയർത്താൻ സകാത് ഫൗണ്ടേഷൻ ഒരുക്കിയ സംരംഭത്തെയാണ് ആർ.എസ്.എസിെൻറ സുദർശൻ ചാനൽ 'യു.പി.എസ്.സി ജിഹാദ്' ആക്കി വിദ്വേഷ പ്രചാരണം നടത്തിയത്. സിവിൽ സർവിസ് വിജയികൾക്ക് ഓരോ വർഷവും ഡൽഹിയിലൊരുക്കുന്ന സ്വീകരണത്തിനു മുടങ്ങാതെ വിളിക്കാറുള്ള ഡോ. സഫർ മഹ്മൂദ് കേരളത്തിൽനിന്നുള്ള മിടുക്കരെ സന്തോഷത്തോടെ പരിചയപ്പെടുത്തി തരുേമ്പാഴും അതിൽ മുസ്ലിം -ക്രൈസ്തവ വിവേചനം കാണിക്കുമായിരുന്നില്ല. സകാത് ഫൗണ്ടേഷെൻറയും സഫർ മഹ്മൂദിെൻറയും എല്ലാ സംരംഭങ്ങളിലുമുള്ള ക്രൈസ്തവ നേതാക്കളുടെ സാന്നിധ്യവും ഈ പാരസ്പര്യത്തിെൻറ നേർചിത്രങ്ങളായിരുന്നു.
ദേശീയ തലത്തിൽ ന്യൂനപക്ഷ ഉന്നമനം ലക്ഷ്യമിടുന്ന സ്വകാര്യ സംരംഭങ്ങളിൽ പോലും ഈ തരത്തിൽ മുസ്ലിം ക്രൈസ്തവ സമുദായങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസവും സഹകരണവും തകർത്ത് വിദ്വേഷത്തിെൻറ മതിൽ കെട്ടിയുയർത്തുന്നത് ആരായാലും കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യലായിരിക്കും ഫലം.
രാജ്യത്തെവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം നടന്നാലും മുസ്ലിം -ക്രൈസ്തവ സംഘടനകൾ തോളോടുതോൾ ചേർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന ഡൽഹിയിൽ വന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ കേരളത്തിലെ ന്യൂനപക്ഷ പദ്ധതികളിൽ മുസ്ലിം -ക്രൈസ്തവ വിവേചനമുണ്ടെന്ന വസ്തുതാവിരുദ്ധമായ ആരോപണമുന്നയിച്ചത്. കേരളത്തിലെ മുസ്ലിം ക്ഷേമ പദ്ധതിയിൽനിന്നെടുത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾ ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകിയ 20 ശതമാനം വിഹിതത്തിലാണ് വീണ്ടും വർധന ആവശ്യപ്പെടുന്നതെന്ന കാര്യം വാർത്തസമ്മേളനത്തിലും സഭാ പിതാക്കൾ അന്ന് മറച്ചുവെച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് മേൽ സമ്മർദ തന്ത്രം പ്രയോഗിക്കുകയായിരുന്നു േനതാക്കൾ. സംഘ്പരിവാർ ഭരണകൂടം തടസ്സപ്പെടുത്തിയ പോപ്പിെൻറ ഇന്ത്യ സന്ദർശനവും ക്രൈസ്തവ സംഘടനകൾക്കുള്ള വിദേശസഹായവും സംബന്ധിച്ച് ഒരുറപ്പും നൽകാത്ത പ്രധാനമന്ത്രിയാണ് കേരളത്തിലെ ന്യൂനപക്ഷ പദ്ധതികളിൽ തങ്ങൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന അടിസ്ഥാനമില്ലാത്ത ആരോപണം പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതെന്ന് ഓർക്കണം. ഈ ആരോപണം സ്വീകരിച്ച് പിന്നാക്കവിഭാഗങ്ങളെന്ന നിലയിൽ മുസ്ലിംകൾക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികൾ നിശ്ചലമാക്കുന്ന ഹൈകോടതി വിധി വന്ന ശേഷം പുതിയ ന്യൂനപക്ഷ മന്ത്രി കൂടിയായ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പഴുതടച്ച ഒരു ഉത്തരവിറക്കി ആ തടസ്സം നീക്കുന്നതിനു പകരം നിശ്ചലാവസ്ഥ നീട്ടിക്കൊണ്ടുപോകുന്നതും സഭയുടെ സമ്മർദത്തിെൻറ ഫലമാണ്. ഈ നിശ്ചലാവസ്ഥ നീളുേന്താറും നുണകൾ ആവർത്തിച്ച് കേരളത്തിെൻറ സൗഹാർദാന്തരീക്ഷം തകർത്ത് ആത്യന്തികമായി അതിൽനിന്ന് മുതലെടുക്കുന്നത് സംഘ് പരിവാറും അവർക്കൊപ്പം തുള്ളുന്ന വർഗീവാദികളുമാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കാണുന്നുണ്ടല്ലോ.
സംഘ്പരിവാറിെൻറ ആസൂത്രണത്തോടുകൂടി നടന്ന വിവേചന ആരോപണത്തിന് അടിസ്ഥാനമായ സ്കോളർഷിപ്പിലൂടെ മുസ്ലിംകളുടെ 80 ശതമാനവും ക്രൈസ്തവരുടെ 20 ശതമാനവും അടക്കം ആകക്കൂടി കേരള സർക്കാർ ഖജനാവിൽനിന്ന് നൽകുന്നത് കേവലം13.5 കോടി രൂപയാണെന്ന് ഓർക്കണം. 13.5 കോടിയുടെ 50 ശതമാനം ചോദിക്കുന്ന ക്രൈസ്തവ സമുദായ സംഘടന നേതാക്കൾ തങ്ങൾക്ക് കൂടി അർഹതപ്പെട്ട ആയിരം കോടിയിലേറെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പാഴാക്കിയത് കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് അനുവദിച്ച ആയിരം കോടിയിലേറെ രൂപ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പാഴാക്കിയെന്ന് വെളിപ്പെടുത്തുന്ന പാർലമെൻററി സ്ഥിരംസമിതി റിപ്പോർട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചത് ഏതാനും മാസം മുമ്പാണ്. ഭാവിയിൽ കോടികൾ ഇതുപോലെ പാഴാക്കാതിരിക്കാനും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനും ഓരോ ലോക്സഭ മണ്ഡലത്തിലും എം.പിമാരും എം.എൽ.എമാരും അടങ്ങുന്ന സമിതി ഉണ്ടാക്കണമെന്ന ശിപാർശയും സാമൂഹികനീതിക്കും ശാക്തീകരണത്തിനുമുള്ള പാർലമെൻററി സമിതിയുടെ റിപ്പോർട്ടിലുണ്ട്. ബി.ജെ.പി നേതാവായ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ പിടിപ്പു കേടിെൻറ സത്യവാങ്മൂലമാണ് റിപ്പോർട്ട്.
അയൽരാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കൾക്കൊപ്പം ക്രൈസ്തവ, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതസ്ഥർക്ക് പൗരത്വം നൽകി അവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് അവകാശപ്പെട്ട് വിവാദ പൗരത്വ േഭദഗതി നിയമം പാസാക്കി അതു നടപ്പാക്കുന്ന രാജ്യത്താണ് ഈ മതവിഭാഗങ്ങൾക്കുകൂടി അർഹതപ്പെട്ട ആയിരം കോടി പാഴാക്കിയത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് നീതി ചെയ്യാതെയാണ് ഇതരരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് കേന്ദ്രസർക്കാർ വാചാലമാവുന്നതെന്നതിന് പാർലമെൻററി സമിതി റിപ്പോർട്ട് സാക്ഷ്യം പറയുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളെന്ന നിലയിൽ രാജ്യത്തെ മുസ്ലിം, ക്രൈസ്തവ, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതസ്ഥർക്ക് അവകാശപ്പെട്ട കോടികൾ പാഴാക്കിയ മന്ത്രിക്കെതിരെ മുസ്ലിം സമുദായത്തിൽ നിന്നുണ്ടായ ഒറ്റപ്പെട്ട ചില പ്രതികരണങ്ങളല്ലാതെ കാര്യമായ പ്രതിഷേധമൊന്നുമുയർന്നു കണ്ടില്ല. കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം നിർണയിച്ചതിൽ വിവേചനം ആരോപിച്ച് ഡൽഹിയിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് പരാതി പറഞ്ഞ ക്രൈസ്തവ സഭ നേതാക്കളും തങ്ങൾക്കുകൂടി അർഹതപ്പെട്ട ആയിരം കോടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പാഴാക്കിയതിൽ പ്രതികരിച്ചു കണ്ടില്ല.
മോദി കാലത്തും പദ്ധതികൾ അനുവദിച്ചുകിട്ടാൻ ഏറ്റവും കൂടുതൽ കമീഷൻ ചോദിക്കുന്നത് കേന്ദ്ര സർക്കാറിെൻറ ന്യൂനപക്ഷ പദ്ധതികൾക്കാണെന്നത് ഡൽഹിയിൽ എല്ലാവരും തുറന്ന് സമ്മതിക്കുന്ന വസ്തുതയാണ്. മൊത്തം പദ്ധതി വിഹിതത്തിെൻറ 30 മുതൽ 40 ശതമാനം വരെ കമീഷനായി ചോദിച്ചാൽ ബാക്കി പണംകൊണ്ട് പിന്നെ എന്തു നടപ്പാക്കാനാണെന്ന് ചോദിച്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ തന്നെയുപേക്ഷിച്ച നിരവധി സർക്കാറേതര സന്നദ്ധ സംഘടനകളുണ്ട്.
കമീഷനായി വാങ്ങുന്ന ഈ കോടികളത്രയും എവിടേക്കാണ് പോകുന്നതെന്ന് ആർക്കുമറിയില്ലെങ്കിലും അതു കൊടുക്കാതെ മന്ത്രാലയത്തിൽനിന്ന് ഒരു പദ്ധതി പോലും അനുവദിച്ചുകിട്ടില്ല എന്ന് എല്ലാവർക്കുമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.