ബിൽക്കീസ് ​ബാനു കേസും ചിലർക്ക് മാത്രം ലഭിക്കുന്ന ശിക്ഷയിളവും

ബിൽക്കീസ്​ ബാനുവിന് 50 ലക്ഷം രൂപ നഷ്​ടപരിഹാരം, സർക്കാർ ജോലി, വീട് എന്നിവ നൽകാൻ സുപ്രീംകോടതി സംസ്​ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു. നഷ്​ടപരിഹാരത്തുക മാത്രമാണ് ഇതിനകം നൽകിയിട്ടുള്ളത്. താമസിക്കുന്നിടത്തുതന്നെ ഒട്ടും സുരക്ഷിതയല്ലാത്ത രീതിയിൽ കഴിയേണ്ടിവന്ന അവരും കുടുംബവും പ്രതികൾ പുറത്തിറങ്ങുകകൂടി ചെയ്തതോടെ കടുത്ത അരക്ഷിതാവസ്ഥയിലായി

ബലാത്സംഗ-കൊലപാതക കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തി കോടതികൾ ശിക്ഷവിധിച്ച പ്രതികളെ വിട്ടയക്കുക എന്നത് നീതിക്കുനേരെ നടത്തുന്ന ഹത്യയാണ്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ പ്രതികൾ വേണ്ടപ്പെട്ടവരാണെങ്കിൽ നീതിയും നിയമവുമെല്ലാം വിസ്​മരിച്ചുകൊണ്ട് അവരെ തുറന്നുവിടാൻ വൈമുഖ്യം കാണിക്കാറില്ല.

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ബിൽക്കീസ്​ ബാനു കേസിലെ പ്രതികളായ 11പേരെ ‘സംസ്കാരികൾ’ എന്ന സ്വഭാവ സർട്ടിഫിക്കറ്റ് നൽകി ജയിലിൽനിന്ന് നിരുപാധികം വിട്ടയക്കുകയും മാലയിട്ട് സ്വീകരണമൊരുക്കുകയും ചെയ്തത് രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലായിരുന്നു.

ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ശിക്ഷയിളവ് നൽകുമ്പോഴും ബലാത്സംഗ കുറ്റവാളികളെ ഇതിൽ ഉൾപ്പെടുത്തില്ലെന്ന് കഴിഞ്ഞ ജൂണിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. അതിനെ തകിടം മറിച്ചാണ് ബിൽക്കീസ് ബാനുവിനെ ലൈംഗിക അതിക്രമങ്ങൾക്കിരയാക്കിയ, അവരുടെ കുഞ്ഞ് ഉൾപ്പെടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കൊടും കുറ്റവാളികൾക്ക് മോചനമരുളിയത്.

ഭരണകൂടം തെറ്റായ പാതയിലേക്ക് നീങ്ങിയാൽ അതിന് തടയേണ്ട ഭരണഘടനപരമായ ബാധ്യത ജുഡീഷ്യറിക്കുണ്ട്. എന്നാൽ പലപ്പോഴും അതിന് കഴിയുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. ബിൽക്കീസ്​ ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് ഗുജറാത്ത് സർക്കാറാണ്.

ഗുജറാത്ത് വംശഹത്യയിൽ ആരോപണവിധേയനായ അന്നത്തെ മുഖ്യമ​ന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന യൂനിയൻ സർക്കാർ ഗുജറാത്തിന്റെ തീരുമാനത്തിനൊപ്പമാണ്.

2002ൽ നടന്ന സംഭവത്തിൽ 2004 ലാണ് പ്രതികളെ പൊലീസ്​ അറസ്റ്റ് ചെയ്തത് പോലും. അഹ്മദാബാദിൽ വിചാരണ ആരംഭിച്ചെങ്കിലും സാക്ഷികളെ ഉപദ്രവിക്കാൻ ഇടയുണ്ടെന്നും സി.ബി.ഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കീസ്​ ബാനു ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് 2004 ആഗസ്റ്റിൽ കേസ്​ മുംബൈയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു.

2008 ജനുവരി 21ന് പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്​ത്രീയെ ബലാത്സംഗം ചെയ്യൽ, ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായ സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്. ബിൽക്കീസ്​ ബാനുവിന് 50 ലക്ഷം രൂപ നഷ്​ടപരിഹാരം, സർക്കാർ ജോലി, വീട് എന്നിവ നൽകാൻ സുപ്രീംകോടതി സംസ്​ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു.

നഷ്​ടപരിഹാരത്തുക മാത്രമാണ് ഇതിനകം നൽകിയിട്ടുള്ളത്. താമസിക്കുന്നിടത്തുതന്നെ ഒട്ടും സുരക്ഷിതയല്ലാത്ത രീതിയിൽ കഴിയേണ്ടിവന്ന അവരും കുടുംബവും പ്രതികൾ പുറത്തിറങ്ങുകകൂടി ചെയ്തതോടെ കടുത്ത അരക്ഷിതാവസ്ഥയിലായി.

പ്രതികളെ നിരുപാധികം വിട്ടയച്ചതിന് എതിരായി ബിൽക്കീസ്​ ബാനു സമർപ്പിച്ച പെറ്റീഷനിൽ സുപ്രീംകോടതി വാദം കേട്ടുവരുകയാണ്. ഇപ്പോൾ ഐതിഹാസികമായ നിരീക്ഷണങ്ങൾ പരമോന്നതകോടതി നടത്തിയിരിക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, മഹുവ മൊയ്ത്ര എം.പി തുടങ്ങിയവർ നൽകിയ പൊതുതാൽപര്യ ഹരജികളും സുപ്രീംകോടതിയിലുണ്ട്.

കേസിൽ കുറ്റവാളികളായ പ്രതികൾ എങ്ങനെ ജയിൽമോചിതരായി എന്നതിൽ പരമോന്നതകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പ്രതികൾക്ക് എങ്ങനെയാണ് നിയമത്തിന്റെ ആനുകൂല്യം ലഭിച്ചതെന്നും ജസ്റ്റിസ്​ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭൂയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. പ്രതികളിലൊരാൾ ഇപ്പോൾ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുന്നതിലും കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം ജീവപര്യന്തമായി ശിക്ഷയിളവ് നേടിയവരാണ് വിട്ടയക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഇളവുകൾ മറ്റ് തടവുകാർക്ക് എന്തുകൊണ്ട് ലഭിച്ചില്ലെന്ന് കോടതി ആരാഞ്ഞു. കേസ് വിചാരണ നടത്തിയ കോടതിക്കുപകരം ഗോധ്ര കോടതിയുടെ അഭിപ്രായം തേടിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യമുയർത്തി.

എന്തുകൊണ്ടാണ് ചിലർക്കുമാത്രം പ്രത്യേക പരിഗണന? 14 വർഷം കഴിഞ്ഞും ജയിലിൽ കഴിയുന്ന മറ്റാരും ഗുജറാത്തിൽ ഇല്ലേ? നല്ലനടപ്പുകാരെയെല്ലാം വിട്ടയക്കാമെങ്കിൽ ജയിലുകൾ നിറഞ്ഞുകവിയുന്നതെന്തുകൊണ്ട്? - ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജ്വൽ ഭൂയനും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു.

ബിൽക്കീസ്​ ബാനു കേസിൽ വിചാരണ നടന്ന മഹാരാഷ്ട്ര കോടതി ജഡ്ജി ജയിൽമോചനത്തെ എതിർത്തിരുന്നു. ഇതിനെ മറികടന്ന് ഗുജറാത്തിലെ ഗോധ്രയിലെ ജഡ്ജി നിലപാട് എടുത്തതെന്തിനെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്രയിലെ വിചാരണ നടപടികൾ കൈകാര്യം ചെയ്ത ജഡ്ജിയല്ല ജയിൽമോചനത്തെ എതിർത്തതെന്നും അതിനുശേഷം വന്ന ജഡ്ജിയാണെന്നും സർക്കാർ വാദിച്ചു. ഗോധ്ര ജഡ്ജിക്ക് പ്രാദേശിക സാഹചര്യങ്ങൾ നല്ലവണ്ണം അറിയാമെന്നും സംസ്​ഥാന സർക്കാർ അഭിഭാഷകൻ വാദിച്ചു.

സി.ബി.ഐ ശിക്ഷയിളവിനെ എതിർക്കുകയല്ലേ ചെയ്തതെന്നും സംസ്​ഥാന പൊലീസിന്റെ റിപ്പോർട്ടിന്റെ മാത്രം അടിസ്​ഥാനത്തിൽ പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ എന്തു ന്യായമാണുള്ളതെന്നും സുപ്രീംകോടതി ചോദിക്കുകയും ചെയ്തു.

നിയമം അനുസരിച്ചാണ് പ്രതികളെ മോചിപ്പിച്ചതെന്നും 2008ൽ കുറ്റവാളികളായി കണ്ടെത്തിയ ഇവരെ 1992ലെ നിയമമനുസരിച്ചാണ് വിട്ടയച്ചതെന്നും ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി. രാജു പറഞ്ഞു. എന്നാൽ, കേസിലെ പ്രതികളെ വിട്ടയച്ച നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് ബിൽക്കീസ്​ ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.

കേസ് നീതിപൂർവകമായി പര്യവസാനിക്കുമെന്നും ബിൽക്കീസ് ബാനുവിനും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്കുമേറ്റ ആഘാതത്തിന് പരിഹാരമുണ്ടാകുമെന്നും പ്രത്യാശിക്കാം. വർഗീയ വിദ്വേഷ കുറ്റവാളികളെ പടച്ചുവിടുകയും പോറ്റിവളർത്തുകയും നിയമത്തിനതീതരായി സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്ന ഭരണകൂട മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാൻ അതിനു സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം.

Tags:    
News Summary - Bilkis bano case and the remission of punishment that only some get

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.