‘കപടലോകത്തിലാത്മാർഥമായൊരു/ ഹൃദയമുണ്ടായതാണെൻ പരാജയം’ എന്ന കവിവാക്യത്തിന് അധികാരരാഷ്ട്രീയക്കാരുമായി ചേർച്ച കാണാത്തവരാണധികവും. എന്നാൽ, എല്ലാ രാഷ്ട്രീയക്കാരും അരുൺ ജെയ്റ്റ്ലിയെപോലെ കാറ്ററിഞ്ഞു പാറ്റുന്നവരല്ലെന്നും രാജ്യത്തെയും രാജ്യതാൽപര്യങ്ങളെയും മുന്നിൽ കാണുമെന്നും പറയുന്നു ബി.െജ.പിയുടെ ഇൗ പഴയ പടക്കുതിര. ആ രാജ്യക്കൂറിൽ ആർക്കും സംശയം വേണ്ടെന്നുറപ്പിക്കാനാണ് സ്വദേശി എന്നു തലയിലെഴുതിയൊട്ടിച്ചത്. ആദ്യം ബ്ലോഗിനും പിന്നീട് പുസ്തകത്തിനും പേരിട്ടപ്പോഴൊക്കെ ‘ഒരു സ്വദേശിയുടെ’ എന്ന മേൽവിലാസം കാത്തുസൂക്ഷിച്ചു. ഇത്രയും ദേശഭക്തി പുലർത്തുന്ന ഒരാൾക്ക് രാജ്യത്തെ കുറെയാളുകൾ ചേർന്ന് കുട്ടിച്ചോറാക്കുേമ്പാൾ, നാടിനെയും നാട്ടാരെയും കുത്തുപാളയെടുപ്പിക്കുേമ്പാൾ കമാന്ന് മിണ്ടാതിരിക്കാനാവുമോ? അതുകൊണ്ടാണ് നോട്ടുനിരോധം മുതൽ ജി.എസ്.ടി വരെയുള്ള പരിഷ്കാരങ്ങളുമായി സാമ്പത്തിക വളർച്ചയെ കുത്തനെ താഴോട്ടു തുഴഞ്ഞുകൊണ്ടിരിക്കുന്ന തെൻറ പിൻഗാമി ജെയ്റ്റ്ലിയെയും അതിനു മൂകസാക്ഷിയായിരിക്കുന്ന പ്രധാനമന്ത്രി മോദിയെയും പറ്റി രണ്ടു വർത്തമാനം പറയാൻ ഇറങ്ങിത്തിരിച്ചത്. പ്രസ്താവനയിലോ പ്രസംഗത്തിലോ നാക്കുപിഴ വന്നുപോയതൊന്നുമല്ല. നന്നായി ചിന്തിച്ച് ലേഖനമെഴുതി പത്രത്തിനു മഷി പുരട്ടാൻ കൊടുത്തതാണ്. മറുകുറി ഇടുന്നവരുടെ വായ് മൂടിക്കെട്ടാനുള്ളതൊക്കെ ആവനാഴിയിൽ കരുതിവെച്ചായിരുന്നു ഇൗ ശരവർഷം. അതിനാൽ, ചെറുക്കാനിറങ്ങിയ ജെയ്റ്റ്ലിക്കും സർക്കാറിനു വേണ്ടി പണിക്കിറങ്ങിയ സ്വന്തം മകനും ഉരുളക്കുപ്പേരിതന്നെ കൊടുത്തു. എൺപതാം വയസ്സിൽ മന്ത്രിപ്പട്ടം കിട്ടാത്ത കെറുവാണെന്ന് മുരണ്ട ജെയ്റ്റ്ലിയോട് തന്നെപ്പോലുള്ളവർ തിരസ്കരിച്ചതുകൊണ്ടാണ് ധനമന്ത്രാലയത്തിൽ അരക്കൈയന് അധികാരം ലഭിച്ചതെന്ന് മറുപടി. കേന്ദ്ര മന്ത്രിസഭയിലുള്ള മകൻ ജയന്തിനെക്കൊണ്ട് പാർട്ടി മറുകുറിയെഴുതിച്ചപ്പോൾ പയ്യനെ അച്ഛൻ കളിയാക്കി: ഇത്ര വലിയ ധനകാര്യ വിദഗ്ധനായിെട്ടന്തേ ആ വകുപ്പിൽനിന്നു മാറ്റി പാർട്ടി അപ്രധാന വകുപ്പ് നൽകിയത് എന്നായി ചോദ്യം. അതോടെ മറുത്തു പറഞ്ഞവർ മതിയാക്കി. അതാണ് യശ്വന്ത് സിൻഹ. ബിഹാർ രാഷ്ട്രീയത്തിൽനിന്ന് ഡൽഹിയിലെ അധികാര ദല്ലാളായി ഉയർന്ന തലയെടുപ്പുള്ള നേതാവ്.
കണക്കപ്പിള്ളയിൽ തുടങ്ങി അധികാരി വരെ ഭരിക്കാനായി പിറന്ന ബിഹാറിലെ കായസ്ഥരുടെ താവഴിയിൽ 1937 ജൂൺ 11ന് പട്നയിലാണ് ജനനം. പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം പട്ന സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് സിവിൽ സർവിസിലേക്ക് തിരിഞ്ഞു. 1960ൽ കോഴ്സ് പൂർത്തിയാക്കി സന്താൽ പർഗാനയിൽ ഡെപ്യൂട്ടി കമീഷണറായി തുടങ്ങിയ ഒൗദ്യോഗികവൃത്തി ജർമനിയിലെ സ്ഥാനപതി ഉദ്യോഗവും കടന്ന് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറി സ്ഥാനങ്ങൾ വരെ തുടർന്നു. ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിെൻറ ഇടനാഴികകൾ പരിചയിച്ചതോടെ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ചു നോക്കാമെന്നായി. അങ്ങനെ 1984ൽ സിവിൽ സർവിസിൽനിന്ന് വോളൻററി റിട്ടയർമെൻറ് വാങ്ങി. വലതുകാൽ വെച്ച് ഇറങ്ങിയത് ജനത പാർട്ടിയിലേക്ക്. ഉന്നതസ്ഥാനീയനായ അതിഥിയെ രണ്ടു കൊല്ലംകൊണ്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ രാജ്യസഭയിലേക്ക് സീറ്റും കിട്ടി. ജനത പാർട്ടിയിൽനിന്ന് ജനതാദൾ ഉണ്ടായപ്പോൾ അവിടെ ജന. സെക്രട്ടറിയായി. അങ്ങനെ വി.പി. സിങ് ഗവൺമെൻറിനെ മറിച്ചിട്ട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ധനമന്ത്രി സ്ഥാനം തേടിവന്നത് യശ്വന്ത് സിൻഹയെ. പിന്നീടൊരു മലക്കംമറിച്ചിലിൽ ബി.ജെ.പിയിൽ. 1998ൽ വാജ്പേയി മന്ത്രിസഭയിൽ വീണ്ടും മന്ത്രി. വകുപ്പ് ധനം തന്നെ ചോദിച്ചപ്പോൾ വാജ്പേയി പൂർണവിശ്വാസത്തോടെ ഏൽപിച്ചെന്ന് കഥാപുരുഷൻ. 2002ൽ വിദേശമന്ത്രി. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമെന്നു കരുതിപ്പോന്ന ഹസാരിബാഗിൽ പരാജയം നുണഞ്ഞു. തൊട്ടടുത്ത വർഷം പാർട്ടി രാജ്യസഭയിലെത്തിച്ചു. അതു കഴിയുേമ്പാൾ പാർട്ടി ഉപാധ്യക്ഷസ്ഥാനം. പാർട്ടിയിലും ഭരണത്തിലും ഒരുപോലെ പയറ്റിത്തെളിഞ്ഞ ഇൗ പരിചയം വെച്ചാണ് യശ്വന്ത് ഇപ്പോൾ അസ്വസ്ഥനാകുന്നത്. െഎ.എ.എസ് പട്ടം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയതുതന്നെ തെൻറ നല്ല നടപ്പിനൊപ്പം രാഷ്ട്രീയക്കാരെ നല്ല വഴിക്ക് നടത്താൻകൂടിയാണെന്നാണ് യശ്വന്ത് സിൻഹ പറയുന്നത്. പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിനോടും അദ്ദേഹത്തിെൻറ സൂപ്പർ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുമൊക്കെ നല്ല വഴി പറഞ്ഞുകൊടുത്തതാണ്. സാമ്പത്തിക പരിഷ്കാരത്തിനു കിട്ടിയ അവസരങ്ങളൊക്കെ മുൻ പ്രധാനമന്ത്രിക്കാലത്ത് കളഞ്ഞുകുളിച്ചതിന് രാജീവിനെ ക്രിമിനൽ എന്നുതന്നെ ചീത്ത വിളിച്ചയാളാണ്. െഎ.എം.എഫുമായി വായ്പ ധാരണക്ക് രാഷ്ട്രീയ എതിർപ്പ് ഭയന്ന് അറച്ചുനിന്നതിനായിരുന്നു അത്. എന്നിട്ടും സ്വദേശി പട്ടം സ്വയം എഴുതിവെക്കുന്നതിലെ വൈരുധ്യം റിസർവ് ബാങ്ക് ഗവർണറായിരുന്ന വെങ്കിട്ടരമണൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാറ്റ് എന്ന അധികനികുതി പരിഷ്കാരമാണ് ആത്മകഥയിൽ കാര്യമായി പറയുന്നത്. അവിടെ പരിഷ്കാരങ്ങളോട് പുറന്തിരിഞ്ഞു നിൽക്കുന്ന സംസ്ഥാനങ്ങളെ കാര്യം നേരിേട്ടൽപിക്കുകയായിരുന്നു. ഇങ്ങനെ ഭരണ വൈദഗ്ധ്യം തെളിയിച്ചയാളോടാണ് പാർട്ടിക്കാർ കളിക്കുന്നത് എന്നത് യശ്വന്തിനെ ചിരിപ്പിക്കുന്ന തമാശ.
വായനയും എഴുത്തും പൂന്തോട്ട പരിപാലനവും കഴിഞ്ഞാൽ പിന്നെ യാത്രയാണ് ഹോബി. വിവിധ പ്രതിനിധിസംഘങ്ങളുടെ നേതാവായി ഇന്ത്യക്കു വേണ്ടി നിരവധി ദൗത്യങ്ങൾ നയിച്ചിട്ടുണ്ട്. മന്ത്രിപദവിയിലിരിക്കെ നടത്തിയ അന്താരാഷ്ട്ര ദൗത്യത്തിെൻറ പേരിൽ ഫ്രഞ്ച് ഗവൺമെൻറ് അന്നാട്ടിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു. ഭാര്യയും മക്കളുമൊക്കെ സ്വന്തം മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവർ. ഭാര്യ നീലിമ ഇന്ത്യയിലെ എണ്ണംപറഞ്ഞ ബാലസാഹിത്യകാരിൽ ഒരാൾ. മകൾ ശർമിളയും എഴുത്തുകാരി. ഡൽഹി െഎ.െഎ.ടിയിൽ പഠിച്ച രണ്ടു മക്കളിൽ മൂത്തയാൾ ജയന്തിനെ അച്ഛൻ രാഷ്ട്രീയത്തിലേക്ക് ൈക പിടിച്ചു. എന്നാൽ, വളർന്നപ്പോൾ പാർട്ടിക്ക് അച്ഛനെ വേണ്ട, മകൻ മതിയെന്നായി. ഇപ്പോൾ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി. രണ്ടാമൻ സുമന്ത് അക്കാദമിക്, ബിസിനസ് വഴികളിലാണ്. കായസ്ഥക്കാരുടെ ഗോത്ര കായബലം തലമുറകളിലേക്കു പകരുന്നുണ്ടെന്നു ചുരുക്കം.
ഇൗ തഴക്കവും പഴക്കവുമൊക്കെ വെച്ചാണ് ബി.ജെ.പിയെ പ്രഹരിച്ചിരിക്കുന്നത്. പെട്ടുപോയ പ്രതിസന്ധിയിൽനിന്നു കയറാൻ വെപ്രാളപ്പെടുന്നതിനിടയിലാണ് കരക്കിരിക്കുന്ന യശ്വന്തിെൻറ ഏറ്. അത് ബി.ജെ.പിയെ ഒെട്ടാന്നുമല്ല വെള്ളം കുടിപ്പിക്കുന്നത്. 2009ൽ പാർട്ടി സ്ഥാനം രാജിവെച്ചതിൽ പിന്നെ വിമർശനമാണ് തൊഴിലെന്ന് അവർ ആരോപിക്കുന്നു. കോൺഗ്രസിനും അതിലൊരു കൈയുണ്ടത്രെ. വരുന്ന അഞ്ചിന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ഗ്രന്ഥത്തിെൻറ പ്രകാശനത്തിന് അതിഥി സിൻഹയാണ്.
പണ്ട് പാർട്ടി വളർത്താൻ ഏറെ പാടുപെട്ടതാണ്. പപ്പു യാദവിനെ പോലും ലക്ഷങ്ങളെറിഞ്ഞു പിടിക്കാൻ നോക്കിയ കഥയുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ പാർട്ടിയിൽ തഴച്ചിലായി. പഴയ പടക്കുതിരയായി. എന്നാൽ, അങ്ങനെയങ്ങ് അടങ്ങാനില്ലെന്ന ഒരുക്കത്തിലാണ് യശ്വന്ത് ഇറങ്ങിയിരിക്കുന്നതെന്നു തോന്നുന്നു. വിവരദോഷികളുടെ കാലത്ത് കറുത്ത കുതിരയാകാനും തനിക്കു കഴിയുമെന്ന് കാണിക്കാനുള്ള നിശ്ചയത്തിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.