??.?? ????????

അംബേദ്കറുടെ മാനസാന്തരവും അശോക വിജയ ദശമിയും

ദൈവത്തെ പിശാചായും പിശാചെ ദൈവമായും
വര്‍ണിക്കും ബ്രാഹ്മണന്‍െറ വൈഭവം ഭയങ്കരം
- സഹോദരന്‍

ഓണത്തെ നീതിമാനായ മഹാബലിയുടെ ഓര്‍മയില്‍നിന്ന് വെട്ടിമാറ്റി ചതിയനായ വാമനന്‍െറ ജന്മദിനമായി മാറ്റാനുള്ള വമ്പിച്ച ഹിന്ദു ദേശീയവാദ ഗൂഢാലോചന പൊളിഞ്ഞത് ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു. ഹിന്ദു ദേശീയവാദകക്ഷിയുടെ മുന്‍നിര നായകനായ അമിത് ഷായാണ് വാമനജയന്തി കേരളമക്കള്‍ക്കാശംസിച്ച് സ്വയം അപഹാസ്യനായത്.  മധ്യകാലത്തെ ഹിംസാത്മകമായ ഹിന്ദുവത്കരണത്തിലെന്ന പോലെ ജൈനനായ അമിത് ഷായെ ഉപയോഗിച്ചാണ് അഭിനവഹിന്ദുത്വവും ജനപ്രിയ പ്രചാരണപരിപാടികള്‍ അഴിച്ചുവിടുന്നതെന്നത് ശ്രദ്ധേയമാണ്. വൈദികവും ബ്രാഹ്മണികവുമായ വര്‍ണാശ്രമത്തെ ചെറുത്തുനിന്ന കേരളത്തിലെ ബൗദ്ധജനനേതാവിനെയാണ് ഹൈന്ദവപുരാണാഖ്യാനങ്ങള്‍ രാക്ഷസീകരിച്ചത്. വ്യവഹാരഹിംസയിലൂടെ രാക്ഷസീകരിച്ചാല്‍ ഭൗതിക ഹിംസയിലൂടെ വധിക്കാനെളുപ്പമാണ്. സമാനരീതിയില്‍ രാക്ഷസീകരിക്കപ്പെട്ട ലങ്കയിലെയും കിഴക്കനിന്ത്യയിലെയും ബഹുജനനേതാക്കളാണ് ഹിന്ദുസാമ്രാജ്യത്വത്തെ ചെറുത്ത ലങ്കാപതി രാവണനും വംഗദേശത്തെ മഹിഷാസുരനും.  ഹിന്ദുമതപാരമ്പര്യ പ്രകാരം രാമന്‍ എന്ന വര്‍ണാശ്രമസംരക്ഷകന്‍, രാവണനെയും മര്‍ദിനിയായ ഭഗവതി , മഹിഷാസുരനെയും വധിച്ച ദിനമാണ് വിജയദശമി.

ആവര്‍ത്തനത്തിലൂടെ കള്ളപ്രചാരണങ്ങളെ സത്യമാക്കി സ്ഥാപിക്കുകയാണ് ഫാഷിസത്തിന്‍െറ പ്രവര്‍ത്തനപദ്ധതി.  കേരളത്തില്‍തന്നെ ഇതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്.  ബൗദ്ധമായ വര്‍ഷാചരണമെന്ന വസ്സ അഥവാ ബര്‍സയെയാണ് കര്‍ക്കടകമാസ രാമായണമാസാചരണമായി സനാതനികള്‍ മൂന്നുനാലു ദശകങ്ങള്‍ നീണ്ട ആവര്‍ത്തന കാര്യപരിപാടികളിലൂടെ ആവര്‍ത്തിച്ചുറപ്പിച്ചെടുത്തത്. ആകാശവാണിയും ദൂരദര്‍ശനും സ്വകാര്യ മാധ്യമങ്ങളും രാമായണാചരണത്തില്‍ മത്സരത്തിലാണ്. ബുദ്ധന്‍െറ സാരാനാഥിലെ മാന്‍തോപ്പില്‍ നടന്ന ആദ്യ ധര്‍മഭാഷണത്തിന്‍െറ വാര്‍ഷികാചരണവും വര്‍ഷകാലത്തുള്ള ഭിക്ഷുക്കളുടെ സ്ഥിരവാസവും പഠനപാരായണപരിപാടികളുമായിരുന്നു ബൗദ്ധമായ വസ്സ അഥവാ ബര്‍സ എന്ന വര്‍ഷാചരണം. 16ാം നൂറ്റാണ്ടില്‍ ബൗദ്ധമായ എഴുത്തുപാരമ്പര്യമുള്ള എഴുത്തച്ചനെ (സംസ്കൃത ശബ്ദാനുകരണത്തില്‍ അച്ഛനാക്കി) കൊണ്ടെഴുതിച്ച അധ്യാത്മരാമായണത്തിലൂടെയാണ് കേരളത്തില്‍ രാമനെ സ്ഥാപിക്കുകയും തുടര്‍ന്നിങ്ങോട്ട് രാമകഥയുടെ ആര്യാഖ്യാനങ്ങള്‍ വിനിമയം ചെയ്യുകയും ചെയ്തത്.

സമാനരീതിയിലാണ് ഉത്തരേന്ത്യന്‍ ശൂദ്രരും നവക്ഷത്രിയ യശപ്രാര്‍ഥികളുമായ (മറവ പടയാളി ഗോത്രങ്ങളായിരുന്ന തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്‍െറ മുറജപ, തുലദാന, ഹിരണ്യഗര്‍ഭ വ്യാമോഹങ്ങള്‍ പോലെതന്നെ) രാജ്പുത്തുകളുടെ ഇടയില്‍ നിലനിന്ന തികച്ചും അപരഭയവും പ്രത്യേകിച്ചും മുസ്ലിം രാക്ഷസീകരണവും അടിച്ചുറപ്പിക്കുന്ന രക്ഷാബന്ധനത്തെ ഒരു നവഹിന്ദു സംബന്ധസഹവാസ വിശുദ്ധചിഹ്നമായി കേരളത്തിലെ കലാലയങ്ങളിലടക്കം കുമാരീകുമാരന്മാരുടെ ഇടയില്‍ ഇറക്കുമതിചെയ്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജന്മാഷ്ടമിയിലെ ശോഭായാത്രകളും നവ ഗണേശചതുര്‍ഥിയിലെ പരിസ്ഥിതിയെയും സംസ്കാരത്തെയും ജീവജലത്തെയും വരെ മലിനമാക്കുന്ന വമ്പന്‍ ഗണേശകുമാര വിഗ്രഹങ്ങളും എല്ലാം ഇത്തരം ആക്രാമകമായ ഹൈന്ദവീകരണ കര്‍മപരിപാടികളുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. ഹൈന്ദവ സംസ്കാര ദേശീയവാദത്തിന്‍െറ അടയാളങ്ങളും മുഖപ്പാളകളുമാണീ പൊറാട്ടുനാടകങ്ങള്‍.

ലോകചരിത്രത്തില്‍തന്നെ ആദ്യമായി നീതിയെക്കുറിച്ചും ധര്‍മത്തെക്കുറിച്ചും യുക്തിയുക്തമായി സംസാരിക്കുകയും തന്‍െറ ജനക്ഷേമത്തിലേക്കുള്ള ഭരണത്തെ ബുദ്ധധര്‍മത്തിന്‍െറ വഴിയും വെളിച്ചവുമായി തിരിച്ചറിഞ്ഞു രേഖപ്പെടുത്തുകയും ചെയ്ത മഹാനായ മൗര്യ ചക്രവര്‍ത്തി അശോകന്‍െറ മാനസാന്തരദിനമായ അശോക വിജയദശമിയെ, കൊലയെ ആഘോഷിക്കുന്ന ഹൈന്ദവമായ വിജയദശമിയും മഹാനവമിയുമെല്ലാമാക്കുന്നതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഈ അധീശമായ സമഗ്രാധിപത്യ കര്‍മപരിപാടിയും ഫാഷിസ്റ്റ് പദ്ധതിയുമാണ്. കലിംഗയുദ്ധത്തിലെ മഹാദാരുണാന്ത്യം കണ്ട് ഹിംസയും ആയുധവും ഉപേക്ഷിച്ച് ധര്‍മശോകനായി മാറിയ മുമ്പു ഹിന്ദുവായിരുന്ന ചണ്ടശോകനെന്ന മൗര്യമൂപ്പന്‍െറ കരുണാര്‍ദ്രമായ മനപരിവര്‍ത്തന ദിനമാണത്.  അശോകന്‍ ആയുധം ധര്‍മഭിക്ഷുക്കളുടെ മുന്നില്‍ അടിയറവെച്ച് ധര്‍മമാര്‍ഗത്തിലേക്കും പഞ്ചശീലത്തിലേക്കും കടന്ന പ്രബുദ്ധമായ പരിവര്‍ത്തന ദിനമാണത്. ഇന്ത്യയും ലോകവും കണ്ട ഏറ്റവും മഹാനായ ചക്രവര്‍ത്തി ആയുധം ഉപേക്ഷിച്ച ദിനത്തെ രാഷ്ട്രീയ സ്വയം സേവകസംഘവും പരിവാരവും ജാതിഹിന്ദു പരിഷത്തുകളുംകൂടി ആയുധപൂജയുടെയും സായുധ സൈനികദേശീയതയുടെയും സായുധ പഥസഞ്ചലനങ്ങളുടെയും ദിനമാക്കി കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടിലെ നിരന്തര ആവര്‍ത്തന കര്‍മപരിപാടികളിലൂടെ മാറ്റിത്തീര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ഫാഷിസമായ ജാതിഹിന്ദു ബ്രാഹ്മണ ആണ്‍ക്കോയ്മയുടെ മന$ശാസ്ത്രത്തെയും പ്രവര്‍ത്തന പദ്ധതിയെയും തുറന്നുകാട്ടുന്ന സന്ദര്‍ഭമാണിത്.

എന്നാല്‍, ഫാഷിസത്തിന്‍െറ ഇരകളായ ദലിത് ബഹുജനങ്ങള്‍ ഇന്ന് സ്വന്തം ചരിത്രം തിരിച്ചറിയുകയും അംബേദ്കറുടെ ഐതിഹാസികമായ ഇടപെടലുകള്‍ക്കും ചരിത്രപരമായ ദേശീയതാവിമര്‍ശം ഉള്‍ക്കൊള്ളുന്ന 1956ലെ മാനസാന്തരത്തിനും ശേഷം അശോക വിജയദശമിയെ വിമോചനാത്മകമായി വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും അശോക വിജയദശമി ആചരിക്കപ്പെടുകയാണ്.  യൂറോപ്പിലെ തൊട്ടുകൂടാത്തവരായ റോമകളും ജിപ്സികളും ഇന്ന് ബുദ്ധനെയും അംബേദ്കറെയും അശോകനെയും തങ്ങളുടെ വിമോചന മാതൃകയും പ്രതീക്ഷയുമായി തിരിച്ചറിയുകയാണ്.  അംബേദ്കര്‍ സ്കൂളുകള്‍ ജര്‍മനിയിലും ഹംഗറിയിലും നവനാസികളെയും സ്കിന്‍ഹെഡ് ഫാഷിസ്റ്റുകളെയും  ചെറുത്ത് ഉദിച്ചുയരുകയാണ്. ഉന സംഭവത്തിനുശേഷവും ഹിന്ദുത്വം വിട്ട് ബുദ്ധരുടെ ധര്‍മമാര്‍ഗത്തിലേക്കു കടന്നുവരുന്ന ആയിരക്കണക്കായ ദലിതരും പിന്നാക്കക്കാരും അശോക വിജയദശമിയിലാണ് നാഗ്പുരിലും മറ്റു നഗരികളിലും മാനസാന്തരം നടത്തുന്നത്.

കേരളത്തിലാണെങ്കില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കുന്നംകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലുള്ള അംബേദ്കറൈറ്റ് ബൗദ്ധസംഘങ്ങള്‍ അശോക വിജയദശമി ആഘോഷിക്കുകയാണ്.  രാവണനെയും മഹിഷാസുരനെയും രാമനും ഭഗവതിയും മാറിമാറി കൊന്ന ദിനമായല്ല, മറിച്ച് അശോകന്‍, ബുദ്ധന്‍െറ ധര്‍മപാത തെരഞ്ഞെടുത്ത ദിനമായാണ് ഹിന്ദുമതത്തില്‍നിന്ന് വ്യതിരിക്തമായി ദലിത് ബഹുജനങ്ങളായ അവര്‍ണര്‍ അശോകവിജയദശമി കൊണ്ടാടുന്നത്.  പാലക്കാട്ടാണെങ്കില്‍ കേരള മഹാബോധി മിഷന്‍ ധര്‍മഭാഷണങ്ങളും പാലിപഠനവും വിദ്യാരംഭവും എല്ലാമായി വിപുലമായ പരിപാടികളാണ് 2016 ഒക്ടോബര്‍ 11 എന്ന അശോക വിജയദശമിയില്‍ നടക്കുന്നത്.  തികച്ചും ബൗദ്ധമായ പ്രാചീനതയുള്ള ഏഷ്യയിലെമ്പാടും പരന്ന പാവക്കൂത്ത് രൂപങ്ങളില്‍ കേരളീയമായ തോല്‍പ്പാവക്കൂത്തിന്‍െറ ബൗദ്ധമായ പ്രാചീന സംസ്കാരത്തെ വീണ്ടെടുക്കുന്ന ചരിത്രപരമായ സന്ദര്‍ഭവുംകൂടിയാണ് പാലക്കാട് അരങ്ങേറുന്നത്. കേരളത്തിന്‍െറയും ഇന്ത്യയുടെയും സവിശേഷമായ ബുദ്ധ ബഹുജന സംസ്കാരങ്ങളുടെ വീണ്ടെടുപ്പ് കൂടിയാണിത്.

എഴുത്ത്, ചിത്രം, ശില്‍പം, വാസ്തുശില്‍പം, സംഗീതം, ആട്ടം, കൊട്ട്, നാടകം, ചിന്ത, വൈദ്യം, കളരി എന്നീ സംസ്കാരധാരകളിലോരോന്നിലും പുത്തരുടെ കാലടികള്‍ പതിഞ്ഞിരിക്കുകയാണ്, സ്ഥലനാമങ്ങളിലും വീട്ടുപേരുകളിലും നാമരൂപങ്ങളിലുമെന്ന പോലെ.  പുലവരുടെ തോല്‍പ്പാവക്കൂത്തിലൂടെ ഉയിര്‍ക്കുന്നത് 1000 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുത്വത്തെ അതിജീവിക്കുന്ന അടിത്തട്ടിലുള്ള ജനതയുടെ തികഞ്ഞ പ്രബുദ്ധ സംസ്കാരം തന്നെയാണ്. ഹൈന്ദവ ദേശീയവാദത്തിന്‍െറയും സംസ്കാര ദേശീയതയുടെയും ഹിന്ദുത്വ ഫാഷിസത്തിന്‍െറയും അപരവത്കരണ രാക്ഷസീകരണ കാലത്ത് ബഹുജനങ്ങളുടെ പ്രതിരോധം സംസ്കാരം, കല, ആത്മീയത എന്നിങ്ങനെയുള്ള തലങ്ങളിലേക്ക് പടരുകയാണ്. വംശഹത്യാപരമായ ഫാഷിസത്തിന്‍െറ കിരാതരൂപങ്ങളെ നൈതികമായ സംസ്കാരധീരതയും സര്‍ഗാത്മകതയും ചെറുക്കുകയാണ്. കൊലപാതകത്തോടും ഹിംസയോടും അരുതെന്നു പറയുകയാണ് കലയും സംസ്കാരവും. സംസ്കാരത്തിന്‍െറ രാഷ്ട്രീയം പ്രാഥമികമാവുന്ന പ്രകരണമാണിത്.

Tags:    
News Summary - br ambedkar vijayadashami celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.