ഒരുപാട് ഇന്ത്യൻ സെലിബ്രിറ്റികൾ യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർമാരാണ്. അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽകർ, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ടെന്ന് അവരുടെ സൈറ്റിൽ കാണിക്കുന്നു.
കുട്ടികളുടെ നേർക്ക് നടന്ന നമ്മുടെ ഓർമയിലെ ഏറ്റവും മാരകമായ കൊലപാതകങ്ങളെക്കുറിച്ച് അവരിൽ ആരെങ്കിലും മിണ്ടുന്നുണ്ടോ?
ലോകപ്രശസ്ത ബോക്സിങ് ചാമ്പ്യൻ മുഹമ്മദലിയെ ഓർമവരുന്നു.
‘‘ആ മനുഷ്യരെക്കൊല്ലാൻ എനിക്ക് കാരണങ്ങളേതുമില്ല’’ എന്ന് പറഞ്ഞ് വിയറ്റ്നാം യുദ്ധത്തിൽ ചേരാൻ പ്രകടിപ്പിച്ച വിസമ്മതത്തിന് മുഹമ്മദ് അലി ഒടുക്കേണ്ടിവന്ന വിലയെന്തായിരുന്നു എന്നറിയുമോ?
അദ്ദേഹത്തിന്റെ ബോക്സിങ് ടൈറ്റിലുകൾ നീക്കം ചെയ്തു, കരിയറിലെ സുപ്രധാനമായ അഞ്ചു വർഷങ്ങൾ നഷ്ടപ്പെട്ടു (അതും തന്റെ 20കളിൽ) അറസ്റ്റ് ചെയ്യപ്പെട്ടു, വർഷങ്ങളോളം ക്രിമിനൽ കുറ്റങ്ങൾ നേരിട്ടു.
അദ്ദേഹമന്ന് അടുത്തൂൺ പറ്റിയിരുന്നില്ല, എടുക്കപ്പേറെ സമ്പന്നനുമായിരുന്നില്ല. എന്നിട്ടും ജീവിതവും കരിയറും ആദർശങ്ങൾക്ക് അനുസൃതമാക്കാൻ അദ്ദേഹം തീരുമാനിച്ചു. അതും സ്വന്തം രാജ്യത്തെ ഭരണകൂടത്തിനെതിരെ നിലപാടെടുത്തുകൊണ്ട്. അതാണ് അദ്ദേഹത്തിന്റെ സർവകാല മഹത്വം, നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം തിരിച്ചുവരവ് നടത്തിയെന്ന് പറയേണ്ടതില്ലല്ലോ.
ഇവിടെ, മറ്റൊരു രാജ്യം വംശഹത്യ നടത്തുമ്പോൾ ഒരു അപശബ്ദം പോലുമുയരുന്നില്ല -സ്കൂളുകളിലും ആശുപത്രികളിലും അഭയാർഥി ക്യാമ്പുകളിലും വരെ ബോംബിട്ട് -നവജാത ശിശുക്കളെപ്പോലും ഇൻകുബേറ്ററുകളിൽ കൊല്ലാൻ വിടുന്നു. ഏകദേശം 10,000 കുട്ടികൾ ഇതിനകം കൊല്ലപ്പെട്ടു.
ലോകമൊട്ടുക്കുമുള്ള കുഞ്ഞുങ്ങളോടുള്ള ‘കരുതൽ’ പ്രകടിപ്പിക്കാൻ പാവപ്പെട്ട മക്കളോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻമാത്രം താല്പര്യമുള്ളവർ ഒരു വഴിപാട് പ്രസ്താവന നടത്താൻപോലും തയാറാവുന്നില്ല.
ഉള്ളതു പറഞ്ഞാൽ, ഈ കഥാപാത്രങ്ങളോട് വല്ലാത്ത അവജ്ഞ തോന്നുന്നു.
(firstglobalsec.com സ്ഥാപകയും ചീഫ് മാനേജിങ് ഡയറക്ടറുമായ ദേവിന മെഹ്റ എഴുതിയ സമൂഹ മാധ്യമ കുറിപ്പിന്റെ മൊഴിമാറ്റം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.