സൗദി-ഇറാൻ കരാർ പശ്ചിമേഷ്യയിൽ ചൈനയുടെ പദവി ഉയർത്തിയെന്ന് നിസ്സംശയം പറയാം. കേവലമായ സാമ്പത്തികശക്തി എന്ന പരിഗണനയിൽനിന്നു മാറി രാഷ്ട്രീയ-നയതന്ത്രതലത്തിൽ അവഗണിക്കാൻപറ്റാത്ത ശക്തിയായി ബെയ്ജിങ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2023ൽ ഇറാന്റെയും ജി.സി.സി രാഷ്ട്രങ്ങളുടെയും ഉച്ചകോടി ചൈനയിൽ ചേരുന്നതോടെ ഇത് ഒന്നുകൂടി വ്യക്തമാകുന്നതാണ്. ഇതുവരെയും, പശ്ചിമേഷ്യയിൽ സ്വാധീനമുറപ്പിച്ചത് അമേരിക്ക മാത്രമായിരുന്നു. നയതന്ത്രരംഗങ്ങളിൽ റഷ്യയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിനു മാറ്റം വന്നിരിക്കുന്നു
വിഹ്വലമായ അന്തരീക്ഷത്തിലാണ് ഏപ്രിൽ മാസം കടന്നുപോയത്. ഏപ്രിൽ അഞ്ചിന് പ്രകോപനം ഒന്നുമില്ലാതെയാണ് ബൈത്തുൽ മുഖദ്ദസിൽ കയറി ഇസ്രായേൽ ആക്രമണം നടത്തിയത്. ഒട്ടനവധി യുവജനങ്ങൾക്ക് പരിക്കുപറ്റി. നാനൂറിലേറെ പേർ തടവിലായി. ഫലസ്തീനിനും ഇസ്രായേലിനുമിടയിൽ ഒരു യുദ്ധസാധ്യതതന്നെ ഉടലെടുത്തു. വെസ്റ്റ് ബാങ്കിൽ രണ്ട് ഇസ്രായേലി വനിതകളും ഒരു ഇറ്റാലിയൻ ടൂറിസ്റ്റും തോക്കിനിരയായി. ഒരു ഇസ്രായേലി മാതാവിനും ഏതാനും ടൂറിസ്റ്റുകൾക്കും പരിക്കുപറ്റി. അക്രമങ്ങൾ ഏറെ നീണ്ടുനിന്നില്ലെന്നത് ഭാഗ്യം. ഏപ്രിൽ ഏഴിന് ആക്രമണത്തിന് അയവുവന്നു. യഥാർഥത്തിൽ, ഒരു സംഘട്ടനത്തിന് ഒരുവിധ സാധ്യതയും ഇല്ലാതിരിക്കെയാണ് ബൈത്തുൽ മുഖദ്ദസിൽ റമദാനിലെ രാത്രിനമസ്കാരം (തറാവീഹ്) നിർവഹിക്കുകയായിരുന്ന ഫലസ്തീനികളെ തടസ്സപ്പെടുത്തിയും പിടിച്ചുമാറ്റിയും ഇസ്രായേലി സൈന്യം പൊടുന്നനെ രംഗപ്രവേശം ചെയ്തത്. പല റമദാനുകളിലും അവർ അനുവർത്തിക്കുന്ന രീതിതന്നെയാണിത്. എങ്കിലും, ഇക്കുറി ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടന്നില്ല. രാഷ്ട്രീയനിരീക്ഷകനായ ഒറൈബ് അൽ-റെന്താവി കുറിച്ചത് ഇങ്ങനെയാണ്: ‘‘അവർ മലയെ കീഴ്പ്പെടുത്താനാണ് ചെന്നത്. എന്നാൽ, കിട്ടിയത് എലിയെയാണ്!’’
ഇസ്രായേൽ സംഘർഷഭരിതമാണ്. ആഭ്യന്തര സംഘർഷങ്ങൾ ഒരുവശത്ത്. ചുറ്റുപാടും ശത്രുനിര. ലബനാനിലും ഗസ്സയിലും മാത്രമല്ല, യമനിലും ഇറാഖിലും ഉൾപ്പെടെ- അതിർത്തികളിൽ -നെതന്യാഹുവിന്റെ സയണിസ്റ്റ് ഭീകരാക്രമണത്തിനെതിരെ പടയൊരുക്കം നടക്കുന്നു.
ഇതെങ്ങനെ തൽക്കാലം അതിജീവിക്കുമെന്നതായിരുന്നു ഇസ്രായേലിന്റെ പ്രശ്നം! ഉടനെ അദ്ദേഹം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. നാഷനൽ സെക്യൂരിറ്റി മിനിസ്റ്റർ ബെൻ ഗവീറും യോഗത്തിൽ സന്നിഹിതനായിരുന്നു. എല്ലാവരോടുമായി നെതന്യാഹു തുറന്നുപറഞ്ഞു: ‘‘നാലുപാടുകളിൽനിന്നുമുള്ള ബഹുമുഖമായ ഒരാക്രമണത്തിലേക്ക് ഇസ്രായേൽ വലിച്ചിഴക്കപ്പെടുന്നത് അപകടകരമാണ്. അത് നമ്മുടെ അതിർത്തികളെ ഭേദിക്കും. അതിനാൽ, തൽക്കാലം യുദ്ധം നിർത്തിവെക്കുന്നതാകും കരണീയം!’’ നെതന്യാഹുവിന്റെ വാക്കുകൾ ലോകം തെല്ല് അത്ഭുതത്തോടെയാണ് കേട്ടത്!
ഈ കഴിഞ്ഞ കാലമിത്രയും ഇസ്രായേൽ, സുരക്ഷയും സമൃദ്ധിയും ആസ്വദിച്ചത് അമേരിക്കയുടെ രക്ഷാകർതൃത്വത്തിലായിരുന്നു. 2020ൽ ‘അബ്രഹാം’ കരാർ ഒപ്പിട്ടതോടെ അറബ് രാഷ്ട്രങ്ങളെ വരുതിയിൽ നിർത്താനാകുമെന്നും അവർ നിനച്ചു. അങ്ങനെയിരിക്കെയാണ് ഇസ്രായേൽ ആഭ്യന്തരസംഘർഷങ്ങളിലേക്ക് വഴുതിവീഴുന്നത്. അധികാരം നിലനിർത്തൽ നെതന്യാഹുവിന് അത്യാവശ്യമായി. അഴിമതി ആരോപണവിധേയനായ അദ്ദേഹം അധികാരത്തിൽ തുടരാൻ കണ്ട മാർഗം കോടതികളെത്തന്നെ ഭരണകൂടനിയന്ത്രണത്തിലാക്കുകയെന്നതാണ്. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ച് തെരുവിലിറങ്ങിയതോടെ ഭരണകൂടത്തിന് ഗതിമുട്ടി. അവരുടെ തൊഴിൽ മേഖലകൾ നിശ്ചലമായി. വിമാനത്താവളവും ഹാർബറുകളും അടച്ചിട്ടു. പ്രക്ഷോഭകർ പാർലമെൻറ് (നെസറ്റ്) വളഞ്ഞു. വൻകിട വ്യവസായികൾ നാടുവിടാൻ തുടങ്ങി. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും മുന്നിൽകണ്ട യുവാക്കളുടെ അപേക്ഷകൾ വിദേശ എംബസികളിൽ കുന്നുകൂടുന്നതായി റിപ്പോർട്ടുകൾ വന്നു. ഇതെല്ലാം ഇസ്രായേലിന്റെ തകർച്ച വിളിച്ചോതുന്ന കാര്യങ്ങളാണ്. ഈയൊരു വേളയിലാണ് ചൈനയുടെ സാന്നിധ്യത്തിൽ സൗദിയും ഇറാനും സമാധാന കരാർ ഒപ്പുവെക്കുന്നത്. എങ്ങുമെത്താത്ത യുദ്ധക്കെടുതികളും ഉപരോധവും കാരണം വീർപ്പുമുട്ടുന്ന അന്തരീക്ഷത്തിൽ ഇരുരാഷ്ട്രങ്ങൾക്കും അത് പ്രാണവായു കണക്കെ കനിവായനുഭവപ്പെട്ടു.
ചൈനയുടെ സാന്നിധ്യത്തിൽ സമകാലിക രാഷ്ട്രീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഭാവിയിലേക്ക് ഉറച്ച കാൽവെപ്പുകൾ നടത്താനും പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ സന്നദ്ധമായത് ഇസ്രായേലോ അമേരിക്കയോ പ്രതീക്ഷിച്ചിരുന്നില്ല. വാസ്തവത്തിൽ, ചൈന ഇതിനുള്ള കരുനീക്കങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. എന്നാൽ, 2022ന്റെ അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യ സന്ദർശിച്ചതോടെ സംഗതികൾ കൂടുതൽ വ്യക്തമായി.
കഴിഞ്ഞ ഒരു ദശാബ്ദമായി മേഖലയിലെ രാഷ്ട്രങ്ങളുമായെല്ലാം ചൈന സാമ്പത്തികബന്ധം മെച്ചപ്പെടുത്തിവരുകയായിരുന്നു. ഇതും കാര്യങ്ങൾ എളുപ്പമാക്കി. ഷി ജിൻപിങ്ങിന്റെ സന്ദർശനവേളയിൽതന്നെ സൗദി നിരവധി ഉച്ചകോടികളും സംഘടിപ്പിച്ചു. ഇവ അറബ് രാഷ്ട്രങ്ങൾക്കെന്നപോലെ ചൈനക്കും തലയുയർത്തിനിൽക്കാനുള്ള അവസരം നൽകി. ഏറെക്കാലമായി സ്വരച്ചേർച്ചയില്ലാതെ, പരസ്പരം പഴിചാരിനടന്ന സൗദി അറേബ്യയെയും ഇറാനെയും സ്വരുമയിലെത്തിച്ച കരാറിലൂടെ ഇരുരാഷ്ട്രങ്ങളും, അതിലേറെ ചൈനതന്നെയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗദിയിലേക്ക് ഇടക്കിടെ ഹൂതികൾ നടത്തിയ വ്യോമാക്രമണങ്ങൾക്ക് അതോടെ പരിഹാരമായി. ഇത് സൗദി അറേബ്യക്ക് ഒട്ടൊന്നുമല്ല ആശ്വാസം നൽകുന്നത്. അതേസമയം, ദീർഘകാലം അമേരിക്ക ഉപരോധത്തിനിടയാക്കിയതിനാൽ, സാമ്പത്തിക പ്രതിസന്ധിയിലായ ഇറാന് അയൽപക്കബന്ധങ്ങൾ തിരിച്ചുകിട്ടിയത് അതിലേറെ ഗുണകരമായി. അത് ഇറാന്റെ വ്യാപാരസാധ്യതകൾ വർധിപ്പിക്കും.
കരാർ മിഡിലീസ്റ്റിൽ ചൈനയുടെ പദവി ഉയർത്തിയെന്ന് നിസ്സംശയം പറയാം. കേവലമായ സാമ്പത്തികശക്തി എന്ന പരിഗണനയിൽനിന്നു മാറി രാഷ്ട്രീയ-നയതന്ത്രതലത്തിൽ അവഗണിക്കാൻപറ്റാത്ത ശക്തിയായി ബെയ്ജിങ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2023ൽ ഇറാന്റെയും ജി.സി.സി രാഷ്ട്രങ്ങളുടെയും ഉച്ചകോടി ചൈനയിൽ ചേരുന്നതോടെ ഇത് ഒന്നുകൂടി വ്യക്തമാകുന്നതാണ്. ഇതുവരെയും, പശ്ചിമേഷ്യയിൽ സ്വാധീനമുറപ്പിച്ചത് അമേരിക്ക മാത്രമായിരുന്നു. നയതന്ത്രരംഗങ്ങളിൽ റഷ്യയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിനു മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ, മിഡിലീസ്റ്റിൽ സാമ്പത്തികരംഗത്തും രാഷ്ട്രീയ-നയതന്ത്ര രംഗങ്ങളിലും ഒരേസമയം സ്വാധീനമുള്ള ശക്തി ചൈന മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഷി ജിൻപിങ്, ഭരണത്തിൽ തന്റെ മൂന്നാമൂഴം തരപ്പെടുത്തിയതിന് തൊട്ടുശേഷമുണ്ടാക്കിയ ശ്രദ്ധേയമായ ഒരു നയതന്ത്ര നീക്കമെന്ന നിലക്ക് ഇത് പ്രത്യേകം പരാമർശമർഹിക്കുന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ പാർശ്വഫലങ്ങളിലൊന്ന് അത് പശ്ചിമേഷ്യയെ അമേരിക്കയുടെ വലയത്തിൽനിന്ന് മുക്തമാക്കിയെന്നതാണ്. അറബ് രാഷ്ട്രങ്ങൾ വാഷിങ്ടണിനെ നോക്കുകുത്തിയാക്കി പുതിയ നയതന്ത്രബന്ധങ്ങൾക്ക് തുടക്കമിട്ടു. ഇസ്രായേലും അമേരിക്കയും അകറ്റിനിർത്തിയ ബശ്ശാർ അൽഅസദിന് യു.എ.ഇ നൽകിയ വരവേൽപ് ഓർക്കാവുന്നതാണ്. അതേപ്രകാരം, മുഹമ്മദ് ബിൻ സൽമാൻ ഷി ജിൻപിങ്ങിനെ സൗദി അറേബ്യയിലേക്ക് സ്വാഗതംചെയ്തു. ഇതിലേറെ വാഷിങ്ടണിനെ അസ്വസ്ഥമാക്കുന്നത് എണ്ണവിപണിയിൽ ഡോളറിനു പകരം ചൈനയുടെ ‘യുവാൻ’ (yuan) കറൻസി ഉപയോഗിക്കാൻ തീരുമാനിച്ചതാണ്.
യുക്രെയ്നിനെ അനുകൂലിക്കുന്നവർക്കായി യു.എസ് യോഗം വിളിച്ചുകൂട്ടിയപ്പോൾ അതിൽ വെറും നാല് അറബ് രാഷ്ട്രങ്ങളേ പങ്കുകൊണ്ടുള്ളൂ. ഭൂരിപക്ഷം രാഷ്ട്രങ്ങളും റഷ്യയെ അനുകൂലിക്കുകയോ അല്ലെങ്കിൽ മിണ്ടാതിരിക്കുകയോ ചെയ്തു. അറബ് രാഷ്ട്രങ്ങളിൽ ഒരു പുത്തനുണർവ് നാമ്പെടുക്കുന്നതായി തോന്നുന്നു. സഹകരണത്തിലൂടെ മാത്രമേ ശക്തരാകാൻ സാധ്യമാകൂ എന്ന വസ്തുത അവർ ഉൾക്കൊള്ളുകയാണ്. ഉർദുഗാൻ ഡമസ്കസിനെ അനുനയിപ്പിക്കുന്നു. അത് തുർക്കിയയും സിറിയയും തമ്മിൽ സൗഹൃദത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമാവും. മറ്റ് അറബ് രാഷ്ട്രങ്ങളും ഇതേ പാത പിന്തുടരണമെന്നാണ് ബശ്ശാർ അൽഅസദ് ആവശ്യപ്പെടുന്നത്. അത് നടക്കുമെന്നും സിറിയ വീണ്ടും അറബ് ലീഗിന്റെ മുൻനിരയിൽ സ്ഥാനംപിടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് കുറിക്കുമ്പോൾ ഏതാനും ജി.സി.സി രാഷ്ട്രങ്ങൾ സിറിയയിൽ എംബസികൾ തുറക്കുന്ന തയാറെടുപ്പിലാണ്. സിറിയയുടെ തിരിച്ചുവരവിന് സൗദി അറേബ്യയും യു.എ.ഇയും തങ്ങളുടേതായ പങ്കുവഹിക്കുമെന്നാണ് മനസ്സിലാകുന്നത്. സൗദി-ഇറാൻ സൗഹൃദ കരാറിലൂടെ ചൈന രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ട്. ഒന്നാമതായി ചൈനയുടെ വൻശക്തി എന്ന നിലക്കുള്ള അപ്രമാദിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദപ്പെട്ട ഒരു ശക്തിയായി ചൈന വളർന്നിരിക്കുന്നുവെന്ന പ്രഖ്യാപനമാണിത്. രണ്ടാമതായി, ചൈനയുടെ പുരോഗതിക്ക് തടയിടാൻ അമേരിക്കക്ക് സാധ്യമല്ലെന്നും ഇത് തെളിയിക്കുന്നു.
മേഖലയിലെ എല്ലാ രാഷ്ട്രങ്ങളുമായും ചൈന സൗഹൃദത്തിലാണ്. ഇറാനുമായി സന്ധിചെയ്യാൻ സാധിച്ചതുതന്നെ അതുകൊണ്ടാണ്. ഇത് ചൈനയെ കൂടുതൽ വലിയ നയതന്ത്ര ഉത്തരവാദിത്തങ്ങളിലേക്കു നയിക്കുന്നുണ്ട്. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം പരിഹരിക്കുന്നതിനായി ബെയ്ജിങ് ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഷി ജിൻപിങ് ഈ വിഷയത്തിൽ നാലു പരിഹാരമാർഗങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു നിർദേശം കുറച്ച് മുമ്പ് സമർപ്പിച്ചിരുന്നുവത്രെ. തുടർന്ന്, ഇരുരാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നേതാക്കളും പണ്ഡിതരും പങ്കെടുക്കുന്ന സമ്മേളനങ്ങളും ബെയ്ജിങ്ങിൽ നടക്കുകയുണ്ടായി. അതും ഫലപ്രാപ്തിയിലെത്തട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.