2003ൽ പൗരത്വ നിയമ ഭേദഗതി വഴിയാണ് ഇന്ത്യയിലെ ഓരോ പൗരനെയും രജിസ്റ്റർ ചെയ്യണമെന്നും അത്തരം പൗരന്മാർക്ക് ദേശീയ തിരിച്ചറിയൽ കാർഡ് നൽകണമെന്നും നിയമമാക്കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നത് രാജ്യത്തെ സാധാരണ താമസക്കാരുടെ ഒരു രജിസ്റ്ററാണ്. ഇത് പ്രാദേശികമായി തയാറാക്കപ്പെടുന്നു. 2003ലെ ഭേദഗതി പ്രകാരം ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കാനും പരിപാലിക്കാനും രജിസ്റ്റർ ചെയ്ത എല്ലാ പൗരന്മാർക്കും ദേശീയ തിരിച്ചറിയൽ കാർഡ് നൽകാനും കേന്ദ്ര സർക്കാറിനെ അധികാരപ്പെടുത്തി.
ലളിതമായി പറഞ്ഞാൽ, ഇന്ത്യയിൽ ഇന്ന് പതിവ് താമസക്കാരുടെ ഒരു രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. ഇന്ത്യയിൽ പതിവായി താമസമുള്ള വിദേശീയരടക്കമുള്ള എല്ലാവർക്കും ഈ രജിസ്ട്രേഷൻ നിർബന്ധമാക്കാം. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പിന്നീട് സൂക്ഷ്മ പരിശോധന നടത്തിയാണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) ഉണ്ടാക്കുന്നത്. എൻ.ആർ.സിയിൽ രജിസ്റ്റർ ചെയ്യണമെന്നും ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങൾ നൽകണമെന്നും മൈനർമാരുടെ വിവരങ്ങൾ കുടുംബനാഥൻ നൽകണമെന്നും ചട്ടം നിഷ്കർഷിക്കുന്നു.
പൗരത്വ പട്ടിക തയാറാക്കുമ്പോൾ അതിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യും. അപ്പോൾ രേഖകൾ ഇല്ലാതെ വരുന്ന, പൗരത്വം തെളിയിക്കാൻ കഴിയാതെ വരുന്ന, പൗരത്വം സംശയിക്കപ്പെടുന്ന വ്യക്തികളും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടും. പൗരത്വം തെളിയിക്കുന്നതിന് ഏതൊക്കെ രേഖകൾ വേണമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മേൽപറഞ്ഞ “Entry of Birth at Consulate General / Embassy of India“ നിർബന്ധമായും ആവശ്യപ്പെടാനാണ് സാധ്യത.
പൊതുവേ ഒരാളുടെ പൗരത്വം തെളിയിക്കാൻ അയാളുടെ ജനന തീയതി, ജനനസ്ഥലം, രക്ഷിതാക്കളുടെ പേര്, അവരുടെ ജനന സ്ഥലം, പൗരത്വം എന്നിവയുടെ തെളിവ് നൽകാൻ ആവശ്യപ്പെടാം. ആ ഘട്ടത്തിൽ വിദേശത്തു ജനിച്ചവരുടെ ജാതിമത ഭേദമന്യേ “Entry of Birth at Consulate General / Embassy of India” എന്ന രേഖ ഹാജരാക്കാൻ ആവശ്യപ്പെടാം. 2016ലെ ആധാർ ആക്ട് പ്രകാരം ആധാർ നമ്പറോ, കാർഡോ അത് കൈവശമുള്ള വ്യക്തി ഇന്ത്യൻ പൗരൻ ആണെന്നോ, ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണെന്നോ തെളിയിക്കുന്ന രേഖയല്ല. രേഖകളിലെ ചെറിയ തെറ്റുകൾ കാരണം പൗരന്മാർ എൻ.ആർ.സി പട്ടികയിൽനിന്ന് പുറത്താക്കപ്പെടാം.
എൻ.ആർ.സി പട്ടിക ഉണ്ടാക്കുമ്പോൾ അത് പ്രായോഗിക തലത്തിൽ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ “Entry of Birth at Consulate General / Embassy of India” പോലുള്ള രേഖകൾ കൈവശമുണ്ടെന്നു വിദേശ ഇന്ത്യക്കാർ പ്രത്യേകം ഉറപ്പു വരുത്തണം. കാരണം എൻ.ആർ.സിയുടെ കരട് പട്ടികയിൽ ഉൾപ്പെടുത്തുന്ന പേരുകൾക്കെതിരെ ഏതൊരു വ്യക്തിക്കും ആക്ഷേപം നൽകാം. അങ്ങനെ വരുമ്പോൾ താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിക്ക് വരും.
പിതാവ് /മാതാവ് ഉപേക്ഷിച്ചു പോയ, പിതാവ് /മാതാവ് അറിയപ്പെടാത്ത /സിംഗിൾ മദർ എന്നിവരുടെയൊക്കെ കുട്ടികളുടെ പൗരത്വം എങ്ങനെ തെളിയിക്കും എന്നിങ്ങനെയുള്ള പല സംശയങ്ങൾ നിലനിൽക്കുന്നു. പാസ്പോർട്ട്, ആധാർ, വോട്ടർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, ഭൂമിയോ വീടോ സംബന്ധിച്ച രേഖകൾ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന മറ്റ് സമാന രേഖകൾ എന്നിവ പൗരത്വം തെളിയിക്കാനുള്ള മതിയായ തെളിവായി ഉൾപ്പെടുത്തുന്നതിനുള്ള കൃത്യമായ നിയമ നിർമാണം നടത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടാൽ ജാതിമത ഭേദമന്യേ, ആർക്കും ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത തരത്തിലുള്ള യാതനകളും ദുരന്തങ്ങളും ജനങ്ങൾ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് കാലത്ത് അതിനെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ 1950 ജനുവരി 26നോ അതിനു ശേഷമോ, എന്നാൽ 1987 ജൂലൈ ഒന്നിന്ന് മുമ്പോ ഇന്ത്യയിൽ ജനിച്ച ഓരോ വ്യക്തിയും ജനനംകൊണ്ട് ഇന്ത്യൻ പൗരനായിരിക്കും. അതുപോലെ 1987 ജൂലൈ ഒന്നാം തീയതിയോ അതിനു ശേഷമോ, എന്നാൽ 03.12.2004ന് മുമ്പോ, ഇന്ത്യയിൽ ജനിച്ച ഓരോ വ്യക്തിയുടെയും മാതാപിതാക്കളിലാരെങ്കിലും ആ വ്യക്തിയുടെ ജനന സമയത്ത് ഇന്ത്യൻ പൗരനാണെങ്കിൽ ആ വ്യക്തിയും ജനനംകൊണ്ട് ഇന്ത്യൻ പൗരനായിരിക്കും. 03.12.2004 നുശേഷമാണ് ജനിച്ചതെങ്കിൽ രണ്ട് മാതാപിതാക്കളും ഇന്ത്യൻ പൗരന്മാരായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.