ഒരാൾ മതംമാറുന്നത് സ്വയം ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണെന്ന് അവൻ/അവൾ ആണയിട്ടു പറഞ്ഞാലും അതിെൻറ പിന്നിൽ ഏതെങ്കിലും നിഗൂഢശക്തികൾ ഒളിഞ്ഞിരിപ്പുണ്ടാവും എന്നു സംശയിക്കണമെന്നാണ് ഭരണകൂടവും നീതിപീഠവും നമ്മോടു പറയുന്നത്. ഇനിയുള്ള കാലത്ത് ഒരാൾ മതപരിവർത്തനം നടത്തുന്നത് സ്വയം തീരുമാനിച്ചിട്ടാണോ എന്ന് തീരുമാനിക്കുന്നത് അയാൾ അല്ല; ഭരണകൂടവും അന്വേഷണ ഏജൻസികളും ആയിരിക്കും. മതം മാറിയ/ മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ വിദ്യാഭ്യാസം, ബൗദ്ധിക നിലവാരം, സാമ്പത്തിക -സാമൂഹിക സാഹചര്യങ്ങൾ, അയാൾ/ അവൾ വായിച്ച പുസ്തകങ്ങൾ, ഇടപഴകിയ വ്യക്തികൾ, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ തുടങ്ങി പലതും അന്വേഷണവിധേയമായേക്കും. ദൈവം, പരലോകം തുടങ്ങി ഏതെങ്കിലും അതിഭൗതിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ഭയമോ അതിലുള്ള വിശ്വാസമോ ആണ് മതപരിവർത്തനത്തിനു പ്രേരണയെങ്കിൽ അത്തരം ഭയവും വിശ്വാസവും ഉൽപാദിപ്പിക്കുന്ന സാഹചര്യത്തെയും മനോഘടനയെയും കുറിച്ചുള്ള വിശ്വാസങ്ങളും ആവശ്യമായി വന്നേക്കും.
ഇപ്പറഞ്ഞത് ഒരൽപം അത്യുക്തിയായി തോന്നാമെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഇന്ത്യൻ പൗരനു നൽകുന്ന മൗലികാവകാശം നിരുപാധികമോ വ്യക്തി നിരപേക്ഷമോ അല്ലെന്നും അധികാരം, പൊതുബോധം, ന്യൂനപക്ഷം, ഭൂരിപക്ഷം തുടങ്ങി നിരവധി ഘടകങ്ങെള ആശ്രയിച്ചുനിൽക്കുന്നുവെന്നും അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. മതം പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന നൽകുന്ന അവകാശം ഭരണഘടന എഴുതിയ കാലം തൊേട്ട വിവാദമായിരുന്നു. ഇപ്പോൾ അത് തെരുവിലേക്കെത്തിയിരിക്കുന്നു. താടിനീട്ടി വളർത്തിയ കുറച്ചാളുകൾ വീടുകൾ കയറിയിറങ്ങി മതപരമായ ഉള്ളടക്കമുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നതു കണ്ടാൽ, അവരെ ൈകയോടെ പിടിച്ച് ചവിട്ടിയും കുത്തിയും പൊലീസിൽ ഏൽപിക്കാൻ ആൾക്കൂട്ടത്തിന് അധികാരമുണ്ട് എന്നതാണ് ഉദ്ബുദ്ധ കേരളത്തിെൻറ പുതിയ പുരോഗമനപാഠം. ഇവിടെ ജനം കുറ്റക്കാരാവുന്നില്ലെന്നു മാത്രമല്ല, ലഘുലേഖ വിതരണം ചെയ്തവർ, അതിെൻറ ഉള്ളടക്കം എന്തുതന്നെയായാലും അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണ് എന്ന് ഇടതുപക്ഷ ഭരണകൂടത്തിെൻറ പൊലീസ് തീരുമാനിക്കുന്നു. മതപ്രബോധനത്തിെൻറ ശരിയായ രീതി ഇതല്ല എന്നു സമ്മതിച്ചാൽതന്നെയും, ഇത്തരം ആശയപ്രചാരണ രീതികൾ കേരളത്തിലെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും അപരിചിതമല്ല എന്ന് അംഗീകരിക്കേണ്ടിവരും. ഒരു സമൂഹത്തെക്കുറിച്ച് വളർത്തപ്പെടുന്ന ഭയാശങ്കകളും അതിൽനിന്ന് രൂപംകൊള്ളുന്ന ആൾക്കൂട്ട ഭ്രാന്തുമാണ് ഇവിടെ പുതുതായി ഉള്ളത്.
മതപരിവർത്തനമാണ് പ്രശ്നം
മതപരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ഇന്ത്യയിൽ ഇപ്പോൾ തുടങ്ങിയതല്ല. മതവും ജാതിയും ഇന്ത്യൻ സാമൂഹികഘടനയുടെ ആണിക്കല്ലായതുകൊണ്ട് മതംമാറുക പാർട്ടി മാറുന്നതുപോലെ എളുപ്പമല്ല. വിവാദങ്ങൾക്കിടയിലും മതപരിവർത്തനം ഒറ്റക്കും കൂട്ടായും അനുസ്യൂതം തുടരുന്നു. ഇസ്ലാമിലേക്കും ഹിന്ദുമതത്തിലേക്കും ക്രിസ്ത്യാനിസത്തിലേക്കും ബുദ്ധമതത്തിലേക്കുമൊക്കെ ആളുകൾ ഇപ്പോഴും പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിലും ഏറ്റവുമധികം വിവാദമാക്കപ്പെടുന്നതും പ്രശ്നവത്കരിക്കപ്പെടുന്നതും ഇസ്ലാമിലേക്കുള്ള മതം മാറ്റങ്ങളാണ്. മതപരിവർത്തനം നിയമംമൂലം നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന സംഘ്പരിവാർതന്നെയാണ് ‘ഘർവാപസി’ എന്ന പ്രസ്ഥാനത്തിലൂടെ ന്യൂനപക്ഷങ്ങളെ കൂട്ടമായി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ പരസ്യ കാമ്പയിൻ നടത്തുന്നത്. പക്ഷേ, അഖില എന്ന ഹിന്ദു പെൺകുട്ടി ഹാദിയ ആയി മാറുേമ്പാൾ മീഡിയയും ഭരണകൂടവും സമൂഹത്തിെൻറ പൊതുബോധവും ചേർന്നു സൃഷ്ടിക്കുന്ന വികാരവിക്ഷുബ്ധതയുടെ ഒരംശം പോലും ഘർവാപസി എന്ന സംഘടിത മതംമാറ്റ പ്രസ്ഥാനം ഇന്ത്യയിൽ സൃഷ്ടിക്കുന്നില്ല.
ഹിന്ദുമതത്തിൽനിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ ഫലത്തിൽ അസാധ്യമാക്കുന്ന നിയമങ്ങൾ സംഘ്പരിവാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോൾ നിലവിലുണ്ട്. ഉദാഹരണത്തിന്, ഗുജറാത്തിൽ ഒരാൾക്ക് മതംമാറണമെങ്കിൽ കാരണങ്ങൾ കാണിച്ച് ഗവൺമെൻറിന് അപേക്ഷ സമർപ്പിക്കുകയും അനുമതി നേടുകയും വേണം. ഇങ്ങനെ ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവർത്തനം ചെയ്യാൻ എത്ര പേർക്ക് ബി.ജെ.പി ഗവൺമെൻറ് അനുവാദം നൽകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
മതപരിവർത്തന വിവാദങ്ങളുടെ കുന്തമുന എപ്പോഴും മുസ്ലിംകളുടെ നേരെ തിരിയുന്നതിെൻറ കാരണം അവർ നേരിടുന്ന അപരവത്കരണവും ആഗോള ഇസ്ലാം ഭീതിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ വളർന്നുവരുന്ന ഇസ്ലാം വിരുദ്ധതയും ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വെറുപ്പും ഭീതിയും സമൂഹത്തിെൻറ പൊതുബോധത്തിൽ ഉൗട്ടിയുറപ്പിക്കാൻ കാലങ്ങളായി നടന്നുവരുന്ന ആസൂത്രിത ശ്രമങ്ങളുടെ തുടർച്ചയായി ഇത് മനസ്സിലാക്കപ്പെടുന്നു.
സവർണ ഫാഷിസ്റ്റുകൾ എന്ന ശകാരം ഇപ്പോൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സംഘ്പരിവാർ ഇൗ കാമ്പയിന് നേതൃത്വം നൽകുന്നതിനു പിന്നിൽ ചരിത്രപരമായ ചില കാരണങ്ങൾകൂടിയുണ്ട്. ഇന്ത്യയിലേക്ക് കടന്നുവന്ന ഇതര മതങ്ങളിൽനിന്ന് വ്യത്യസ്തമായി ഇസ്ലാം സവർണ മേൽക്കോയ്മ വാശിയോടെ നിലനിർത്തിപ്പോന്ന ജാതിഘടനയെ വെല്ലുവിളിക്കുകയും ചിലപ്പോഴൊക്കെ തകർക്കുകയുമുണ്ടായി ഇന്ത്യയിലെ കീഴാളസമൂഹങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നുവന്നത്, അതിെൻറ വിമോചനപരതയിൽ ആകൃഷ്ടരായതിനാലും ജാതിവ്യവസ്ഥയിൽനിന്നുള്ള ശാശ്വതമായ മോചനത്തിനു വേണ്ടിയും ആയിരുന്നു എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ക്രിസ്തുമതത്തിലേക്കും ബുദ്ധമതത്തിലേക്കും ഇതേ രീതിയിൽ ധാരാളം ആളുകൾ പരിവർത്തനം ചെയ്തു എന്നത് നേരാണ്. അംബേദ്കറുടെ നേതൃത്വത്തിൽ ബുദ്ധമതത്തിലേക്കു നടന്ന കൂട്ട മതംമാറ്റം ചരിത്രപ്രസിദ്ധമാണല്ലോ. പക്ഷേ, സ്റ്റാറ്റസ്കോെയ വെല്ലുവിളിക്കാത്ത രീതിയിൽ ബുദ്ധ, ക്രൈസ്തവ മതങ്ങളെ മെരുക്കിയെടുക്കുന്നതിൽ സവർണത വിജയിച്ചു. ഇസ്ലാമിലേക്കുള്ള മതംമാറ്റത്തിെൻറ സാമൂഹികാഹ്വാനം താരതമ്യേന കൂടുതലായിരുന്നു. അംബേദ്കർ ഇസ്ലാമിലേക്കാണ് പരിവർത്തനം ചെയ്തിരുന്നതെങ്കിൽ ഇന്ത്യയിൽ അദ്ദേഹത്തിെൻറ സ്ഥാനം എന്താകുമായിരുന്നു എന്നാലോചിച്ചാൽ ഇൗ വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. ഇന്ത്യയിലെ ചില മുസ്ലിം വിഭാഗങ്ങളിൽ ജാതിവ്യവസ്ഥയുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു എന്ന യാഥാർഥ്യം നിഷേധിച്ചുകൊണ്ടല്ല ഇതു പറയുന്നത്. ഇന്ത്യൻ സവർണതക്ക് ഇസ്ലാം മുഖ്യ ശത്രുവായതിെൻറ പശ്ചാത്തലം, അവർണരും സവർണരും തമ്മിലുള്ള മുഖാമുഖത്തിൽ ഇസ്ലാം വിമോചന സ്വഭാവമുള്ള ഒരു മതദർശനം എന്ന നിലയിൽ കീഴാളപക്ഷത്തിന് അഭയകേന്ദ്രമായി എന്നതാണ്. ജാതി വിവേചനത്തിനെതിരായ പ്രതിഷേധമായും സവർണ വിഭാഗങ്ങളിൽനിന്ന് അവകാശങ്ങൾ പിടിച്ചുവാങ്ങാനുള്ള വിലപേശൽ തന്ത്രമായും മതപരിവർത്തനത്തെ കീഴാള സമൂഹങ്ങൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്ലാംഭീതി പടർത്തി, അവർണരെ മുസ്ലിംകൾക്കെതിരെ തിരിച്ചുവിടാൻ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടാണ് സംഘ്പരിവാർ ഇൗ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്.
മതേതരന്മാരുടെ നിലപാട്
ഏക സിവിൽകോഡിെൻറ കാര്യത്തിൽ എന്നതുപോലെ മതപരിവർത്തനത്തിെൻറ കാര്യത്തിലും ഇടതുപക്ഷം ഉൾപ്പെടെയുള്ള മതേതരവാദികളും സംഘ്പരിവാറും ചില സമാനതകൾ പങ്കുവെക്കുന്നുണ്ട്. സംഘ്പരിവാർ മതപരിവർത്തനത്തെ എതിർക്കുകയും അതേസമയം ഘർവാപസിക്ക് ആഹ്വാനം നൽകുകയും ചെയ്യുേമ്പാൾ, മതേതരവാദികൾ പൊതുവെ മതപരിവർത്തനവും മതപ്രബോധനവും വർഗീയത വളർത്തുമെന്ന് വിശ്വസിക്കുന്നു. ജനാധിപത്യത്തിെൻറയും ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറയും വക്താക്കളായി മുഖ്യധാരയിൽ നിറഞ്ഞുനിൽക്കുന്ന ആരുംതന്നെ ഹാദിയക്കു വേണ്ടിയോ പറവൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട മതപ്രബോധകർക്കു വേണ്ടിയോ വാദിക്കുന്നത് കാണാനാവില്ല. മതം ജന്മസിദ്ധവും വ്യക്തിജീവിതത്തിൽ പരിമിതവുമായ ഒരു ഏർപ്പാടാണെന്നും അതുകൊണ്ടുതന്നെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നത് അനാവശ്യവും സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻമാത്രം സഹായകവും ആണെന്ന പരമ്പരാഗത ധാരണയാണ് മതേതരവാദികളായി അറിയപ്പെടുന്ന പലരും ഇപ്പോഴും കൊണ്ടുനടക്കുന്നത്. മതത്തിെൻറ രാഷ്ട്രീയമായ പ്രസക്തിയും വിമോചനപരതയും വിപ്ലവാത്മകതയും അവരുടെ വിശകലനങ്ങളിൽ അപൂർവമായി മാത്രമേ കടന്നുവരാറുള്ളൂ.
മതപരിവർത്തനത്തെയും മതപ്രബോധനത്തെയും എതിർക്കുന്നവർ മതത്തിെൻറ സംവാദക്ഷമതയെ നിഷേധിക്കുകയും ബുദ്ധിപരമായ ഉള്ളടക്കമില്ലാത്ത കുറെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സമുച്ചയമായി അതിനെ ചുരുക്കുകയുമാണ് ചെയ്യുന്നത്. മതേതരന്മാരായാലും മതവാദികൾ ആയാലും മതങ്ങൾക്കിടയിലുള്ള സംവാദങ്ങെളയും ആദാനപ്രദാനങ്ങളെയും ഇൗ നിലപാട് അസാധ്യമാക്കുന്നു. പഠനത്തിെൻറയും സംവാദത്തിെൻറയും അനിവാര്യമായ താൽപര്യമാണ് അതിലൂടെ രൂപപ്പെടുന്ന ബോധ്യങ്ങളെയും ശരികളെയും സ്വീകരിക്കാനും അനുധാവനം ചെയ്യാനുമുള്ള അവകാശം. മനുഷ്യെൻറ മനസ്സിനെയും ബുദ്ധിയെയും സ്വാധീനിക്കാനുള്ള മതത്തിെൻറ പരിവർത്തനശേഷിയാണ് മതപരിവർത്തനത്തെ അനിവാര്യമാക്കുന്നത്.
സമൂഹത്തിൽ ഭീതിപടർത്തിയും മുസ്ലിം ഭീകരതയെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വർധനവിനെക്കുറിച്ചുമുള്ള കെട്ടുകഥകൾക്ക് വ്യാപകമായ പ്രചാരണം നൽകിയും മതപരിവർത്തനത്തെ തടഞ്ഞുനിർത്തുക എന്നതാണ് സംഘ്പരിവാർ സ്വീകരിച്ചിരിക്കുന്ന സ്ട്രാറ്റജി. മതം മാറുന്നവർ നിയമക്കുരുക്കിൽപെടുന്നതു മുതൽ ശാരീരികമായി ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ ഇൗ സ്ട്രാറ്റജിയുടെ ഭാഗമാണ്. ഇന്ത്യൻ ചരിത്രത്തിൽ നടന്നുവെന്നു പറയപ്പെടുന്ന നിർബന്ധിത മതം മാറ്റങ്ങളെക്കുറിച്ചുള്ള വ്യാജവും നിറംപിടിപ്പിച്ചതുമായ കഥകളിലൂടെയാണ് അവരുടെ വിദ്വേഷ കാമ്പയിൻ അരങ്ങേറുന്നത്. ഇതിനെ ചരിത്രപരമായും വസ്തുതാപരമായും അഭിമുഖീകരിക്കേണ്ടതുണ്ട്.
മതപരിവർത്തനത്തിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടെങ്കിലും ആത്യന്തികമായി അത് വ്യക്തിയുടെ ബുദ്ധിയും ബോധ്യവും തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ടു നിൽക്കുന്നു. മനുഷ്യെൻറ സ്വാതന്ത്ര്യവുമായിട്ടാണ് അതിെൻറ പൊക്കിൾകൊടി ബന്ധം. ഇൗ സ്വാതന്ത്ര്യം മാനിക്കപ്പെടണം. ശരിയെന്ന് തോന്നി വാരിപ്പുണരാനുള്ള മനുഷ്യെൻറ ഇച്ഛാശക്തി പലപ്പോഴും ഭയപ്പെടുത്തലുകളെയും പൊതുബോധം സൃഷ്ടിക്കുന്ന മുൻവിധികളെയും അതിജയിക്കുന്നതു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.