ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടം മൂലം സർക്കാറും സേന വിഭാഗങ്ങളും നേരിടുന്നത് തികച്ചും അസാധാരണ സാഹചര്യം.
കര, നാവിക, വ്യോമ വിഭാഗങ്ങളുടെ ഏകോപന ചുമതല വഹിക്കുന്ന ഏറ്റവും തലമുതിർന്ന സേനാ മേധാവിയെയാണ് അപകടത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യസുരക്ഷ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകരായി പ്രവർത്തിച്ചു വരുന്ന രണ്ടുപേർ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ബിപിൻ റാവത്തുമാണ്.
മൂന്നു സേനാ വിഭാഗങ്ങൾക്കും മുകളിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) എന്ന പദവി സൃഷ്ടിച്ചു കൊണ്ടാണ് കരസേനാ മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ ബിപിൻ റാവത്തിനെ 2019 ജനുവരിയിൽ മോദിസർക്കാർ നിയമിച്ചത്. എതിർപ്പുകൾ അവഗണിച്ചുള്ള നിയമനം പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു. രാഷ്ട്രീയ നിയമനമാണ് നടന്നതെന്ന വിമർശനം ഉണ്ടായിരുന്നു.
സൈനികമായ നീക്കങ്ങളുടെ ചുമതലയില്ലെങ്കിലും സേനയുടെ ഭരണപരമായ മേൽനോട്ടവും നവീകരണ പദ്ധതികളും ബിപിൻ റാവത്തിെൻറ ചുമതലയിലാണ് ഇപ്പോൾ നടന്നു വരുന്നത്. സുരക്ഷകാര്യ മന്ത്രിസഭ സമിതിയിലും പ്രധാനമന്ത്രിയോടു നേരിട്ടും സേനാപരമായ കാര്യങ്ങളിൽ റിപ്പോർട്ട് നൽകുന്നത് സി.ഡി.എസാണ്. ഈ ദൗത്യത്തിന് പകരക്കാരനെ നിശ്ചയിക്കുന്നതടക്കം സുപ്രധാന കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.