സാർവദേശീയ മനുഷ്യാവകാശദിനമാണ് ഇന്ന്. ഇന്നലെ ലോക അഴിമതിവിരുദ്ധ ദിനവും. പൊലീസ് ലോക്കപ്പിൽ നടക്കു ന്ന പീഡനത്തിൽ ഒട്ടും കുറയാത്ത മനുഷ്യാവകാശ ധ്വംസനം തന്നെയാണ് അഴിമതിയിലൂടെ നടക ്കുന്നത്. അഴിമതിമുക്ത ഭരണത്തിലൂടെ മനുഷ്യാവകാശ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത് താൻ കഴിയും എന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ 2006ൽ വിശകലനം ചെയ്തിട്ടുണ്ട്. ജീവൻ, സ്വാ തന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ടാണ് മനുഷ്യാവകാശത്തെ വിലയിരു ത്തുന്നത്. ഭരണഘടനയിലെ മൗലികാവകാശങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും ഇന്ത്യയിലെ കോടതികൾ നടപ്പാക്കിയ അവകാശങ്ങളും ചേർന്നാണ് മനുഷ്യാവകാശത്തെ നിർവചിക്കുന്നത്. അഴ ിമതിരഹിതമായ ഭരണസംവിധാനത്തിൽ മാത്രമേ മനുഷ്യാവകാശ സംരക്ഷണം അർഥപൂർണമാകൂ.
< p>അഴിമതി എന്നാൽകൈക്കൂലി ആവശ്യപ്പെടുന്നതും വാങ്ങുന്നതും കൊ ടുക്കുന്നതും മാത്രമല്ല അഴിമതി. ഒാഫിസിൽ സമയത്ത് ഹാജരാകാതിരിക്കുന്നതും പൊതുജനങ്ങ ൾക്ക് നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ നിശ്ചിത സമയത്തിനകം നൽകാതിരിക്കുന്നതും പൊതുധനം ദുർവ്യയം ചെയ്യുന്നതും അഴിമതിയാണ്. പൊതുസേവകർ പക്ഷപാതപരമായി പെരുമാറുന്നതും അനർഹരായവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതും അർഹരായവർക്ക് നൽകാതിരിക്കുന്നതും അഴിമതിതന്നെ.
അഴിമതിയും സാമ്പത്തിക വളർച്ചയും
സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതിൽ അഴിമതിക്ക് നിർണായക പങ്കാണുള്ളത്. ഉൽപാദനപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും സാമ്പത്തിക അസമത്വങ്ങൾ സമൂഹത്തിൽ വർധിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമായവർക്കിടയിൽ അസംതൃപ്തിയും ഭരണസംവിധാനത്തിലുള്ള അവിശ്വാസവും രൂഢമൂലമാകുകയും ചെയ്യുന്നു. ഉൽപാദനവും മൂലധന നിക്ഷേപവും തൊഴിലവസരങ്ങളും ഗണ്യമായി കുറയുന്നു. സ്വാഭാവികമായി തൊഴിലില്ലായ്മയും പട്ടിണിയും വർധിക്കുകയും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾപോലും നിറവേറ്റപ്പെടാത്ത സാഹചര്യം മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു.
ജനാധിപത്യരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ പങ്കാളിത്ത ജനാധിപത്യത്തിെൻറ സുപ്രധാന ചുവടുവെപ്പാണ്. എന്നാൽ, സ്വതന്ത്രവും നിഷ്പക്ഷവുമായി നടക്കേണ്ട തെരഞ്ഞെടുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറുേമ്പാൾ യഥാർഥ ജനകീയ പ്രാതിനിധ്യം ഭരണതലത്തിൽ പ്രതിഫലിക്കാത്ത സാഹചര്യം രാഷ്ട്രീയ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ജനകീയ പ്രതിഷേധം, കലാപങ്ങൾ, മനുഷ്യാവകാശധ്വംസനങ്ങൾ എല്ലാം അതിെൻറ ഫലങ്ങളാണ്. അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവർമാർ ആക്രമിക്കപ്പെടുകയും കൊലക്കിരയാകുകയും ചെയ്യുന്നു. മനുഷ്യാവകാശലംഘനത്തിെൻറ മറ്റൊരു മുഖമാണിത്.
ഭക്ഷണം, കുടിവെള്ളം, വീട്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനാവകാശങ്ങൾ ദരിദ്രർക്ക് നിഷേധിക്കപ്പെടുന്നത് ഭരണസംവിധാനത്തിലെ അഴിമതിമൂലമാണ്. നീതിപൂർവകമായി വിചാരണ ചെയ്യപ്പെടാനുള്ള പൗരെൻറ അവകാശം നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിലും പൊലീസിലും നീതിന്യായ സംവിധാനത്തിലുമുള്ള അഴിമതിയിലൂടെയാണ്.
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പൊതുജനസേവകരുടെയും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഇടയിലുള്ള അഴിമതിക്കും ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന ഏജൻസിയാണ് സംസ്ഥാന വിജിലൻസ് ബ്യൂറോ. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് പൊതുസമൂഹത്തെ അഴിമതിമുക്തമാക്കുകയാണ് ലക്ഷ്യം. അഴിമതി ഫലപ്രദമായി തടയുന്നതിനുവേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാനായി നിയമിക്കപ്പെട്ട സന്താനം കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ എന്ന അന്വേഷണ ഏജൻസി രൂപവത്കൃതമായതും സംസ്ഥാനങ്ങളിലെ വിജിലൻസ് സംവിധാനം നിലവിൽവന്നതും.
1964 ഡിസംബർ 21നാണ് കേരളത്തിൽ വിജിലൻസ് ഡിവിഷൻ എന്ന പ്രത്യേക സംവിധാനം രൂപവത്കൃതമായത്. ഇതിനുമുമ്പ് X ബ്രാഞ്ച് എന്ന പേരുള്ള പൊലീസ് യൂനിറ്റായിരുന്നു. 1975ൽ വിജിലൻസ് ഡിപ്പാർട്മെൻറ് എന്നായി. 1997 മാർച്ച് 26ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നിലവിൽവന്നത്.
അഴിമതിക്കുള്ള കാരണങ്ങൾ
അഴിമതിക്ക് കാരണമായ ചുവപ്പുനാട, കാലവിളംബം, ദുരുപയോഗം ചെയ്യാവുന്ന ഉദ്യോഗസ്ഥരുടെ വിവേചനാധികാരം, സുതാര്യതയില്ലായ്മ എന്നിവ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ കമ്മിറ്റിയെ നിയമിച്ചു. ഇന്ത്യയിലെ അഴിമതിക്ക് രണ്ടു മാനങ്ങളുണ്ട്. ഒന്ന്, ദരിദ്രരും നിരക്ഷരരുമായ ആളെ പറ്റിച്ച് പണം പിടുങ്ങുന്ന ഉദ്യോഗസ്ഥർ. രണ്ട്, നിയമവിരുദ്ധമായ നേട്ടങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നവർ. രണ്ടു രീതികളും നിയമവാഴ്ചയെ തകർക്കുകയും തുല്യതക്കുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നു. വിവേചനപരമായി ഒരാളോട് ഭരണകൂടം പെരുമാറുന്നത് മനുഷ്യാവകാശലംഘനമാണ്. ഭരണഘടനയിലെ തുല്യതക്കുള്ള അവകാശത്തിെൻറ ലംഘനവും.
പൗരന് അടിസ്ഥാന അവകാശങ്ങൾ ലഭ്യമാക്കുക രാഷ്ട്രത്തിെൻറ കർത്തവ്യമാണ്. ജീവിക്കാനുള്ള പൗരെൻറ അവകാശം ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്നു. ഇത് വെറുതെ മൃഗതുല്യമായി ജീവിക്കാനുള്ള അവകാശമല്ല, അന്തസ്സോടെ, ആഭിജാത്യത്തോടെ ജീവിക്കാനുള്ള പൗരെൻറ അവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇൗ അവകാശം സംരക്ഷിക്കാൻ രാഷ്ട്രത്തിന് ബാധ്യതയുണ്ട്. നിറവേറ്റപ്പെടാത്ത ഇൗ ബാധ്യത മനുഷ്യാവകാശധ്വംസനത്തിന് കാരണമാകുന്നു.
സൂനാമിയെന്ന രാക്ഷസ തിരമാല ചവച്ചുതുപ്പിയ നിരാശ്രയരും നിരാലംബരും ദരിദ്രരുമായ കടലോരവാസികൾക്ക് മനുഷ്യസ്നേഹികളും സർക്കാറുകളും സ്വരൂപിച്ച ഫണ്ട് എങ്ങനെ നമ്മുടെ നാട്ടിൽ കൊള്ളയടിക്കപ്പെട്ടുവെന്നും അത് അവരുടെ മൗലികമായ അവകാശത്തെ എങ്ങനെ നിഷേധിച്ചുവെന്നുമുള്ള വസ്തുത അഴിമതിയും മനുഷ്യാവകാശലംഘനവും തമ്മിലുള്ള ബന്ധത്തിെൻറ ജീവിക്കുന്ന സാക്ഷ്യമാണ്. ദുർവഹമായ കോടതിച്ചെലവും വൈകിയെത്തുന്ന നീതിയും അഴിമതിക്ക് കാരണമാകാം. ഇതിലൂെട മനുഷ്യാവകാശധ്വംസനവും ഉണ്ടാകുന്നു.
സുതാര്യതയോടുള്ള എതിർപ്പ്
സുതാര്യതയെ എതിർക്കുന്നവർ അഴിമതിയെ താലോലിക്കുന്നവരായിരിക്കും. സുതാര്യത ആദ്യം വേണ്ടത് പൊതുഖജനാവിലെ പണം ചെലവഴിക്കുന്ന കാര്യത്തിലാണ്. ജനങ്ങളുടെ പണം രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും ഇഷ്ടംപോലെ ചെലവഴിക്കാനുള്ളതല്ല. കൂലിയായോ ശമ്പളമായോ പൊതുഖജനാവിൽനിന്ന് പണം നൽകുേമ്പാൾ പൊതുവും സുതാര്യവുമായ നിയമനപ്രക്രിയയിലൂടെയായിരിക്കണം.
സുതാര്യതയില്ലാതെയും പൊതു റിക്രൂട്ട്മെൻറ് തത്ത്വങ്ങൾ പാലിക്കാതെയുമുള്ള എല്ലാ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളാണ്. ബന്ധുനിയമനങ്ങളും സ്വകക്ഷി നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളായതിനാൽ ഖജനാവ് കൊള്ളതന്നെ. എല്ലാം രാഷ്ട്രീയ കക്ഷികളും അധികാരത്തിലെത്തിയാൽ ഇത് അവകാശമാക്കി മാറ്റുന്നു. പരസ്പരം പഴിചാരി രക്ഷപ്പെടുന്നു. യോഗ്യരായ ഉദ്യോഗാർഥികളോടും തൊഴിലന്വേഷകരോടും കാട്ടുന്ന കൊടിയ വഞ്ചനയാണിത്. പിൻവാതിൽ നിയമനങ്ങളെ താൽക്കാലിക നിയമനം, എംപാനൽ നിയമനം, അധികചുമതല എന്നിങ്ങനെ പല പേരുകൾ നൽകി വെള്ളപൂശുന്നതും സർവ സാധാരണമാണ്.
അഴിമതിവിരുദ്ധ നിയമങ്ങൾ
അഴിമതിയെ നേരിടുന്നതിനുള്ള നിയമങ്ങളിൽ പ്രധാനമാണ് 1988ലെ അഴിമതി നിരോധന നിയമം. കൂടാതെ കേന്ദ്ര വിജിലൻസ് നിയമം, 2013ലെ ലോക്പാൽ നിയമം, 2013ൽ പാർലമെൻറ് പാസാക്കിയെങ്കിലും ഇപ്പോഴും നിലവിൽവരാത്ത വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം, വിവരാവകാശ നിയമം, കേരള സേവന അവകാശ നിയമം തുടങ്ങിയവ.
1988ൽ നിലവിൽവന്ന അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത കേന്ദ്ര സർക്കാറിെൻറ നടപടിയെ പ്രതിപക്ഷമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ എതിർത്തതായി അറിവില്ല. ഭേദഗതിമൂലം ഇനി സർക്കാറിെൻറ അനുമതിയില്ലാത്ത പൊതുസേവകർക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും സാധ്യമല്ലാതായി. അധികാര ദുർവിനിയോഗം അഴിമതിയാണെന്ന് വ്യക്തമായി പറയുന്ന വ്യവസ്ഥ ഭേദഗതിയിലൂടെ ഒഴിവാക്കി. വെള്ളക്കോളർ ക്രിമിനൽ കേസുകൾ ഇനി സി.ബി.െഎക്ക് ഫലപ്രദമായി അന്വേഷിക്കാൻ കഴിയില്ല. തങ്ങൾതന്നെ പ്രതികളാകാൻ ഇടയുള്ള കേസുകളിൽ അന്വേഷണത്തിന് അനുമതി നൽകേണ്ട അധികാരം സർക്കാറിനു നൽകിയതോടെ ഫലത്തിൽ കള്ളനെ താക്കോൽ ഏൽപിച്ചതുപോലെയായി.
വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള രണ്ടു നിർദേശങ്ങൾ നിലവിൽ കേന്ദ്രസർക്കാറിെൻറ പരിഗണനയിലാണ്. 2012ൽ നിലവിൽവന്ന കേരള സേവനാവകാശ നിയമം ലംഘിച്ചതിെൻറ പേരിൽ ഇതുവരെയും ഒരു ഉദ്യോഗസ്ഥൻപോലും ശിക്ഷിക്കപ്പെട്ടില്ല എന്നറിയുേമ്പാഴാണ് എത്ര ‘ഫലപ്രദമായാണ്’ സർക്കാർ നിയമം നടപ്പാക്കുന്നത് എന്ന് ബോധ്യമാകുന്നത്
ഉദ്ബുദ്ധമായ പൊതുസമൂഹമാണ് ജനാധിപത്യത്തിെൻറ കാതൽ. സമൂഹത്തിന് അഴിമതി സ്വീകാര്യമാണെങ്കിൽ നിയമം എത്ര ശക്തമെങ്കിലും ഒന്നും സംഭവിക്കില്ല. അഴിമതി ആരംഭിക്കുന്നിടത്ത് പൗരെൻറ അടിസ്ഥാനാവകാശം അവസാനിക്കുന്നു. അഴിമതി മനുഷ്യാവകാശത്തെ ധ്വംസിക്കുന്നു. അഴിമതിരഹിതമായ സമൂഹം സൃഷ്ടിക്കുക മാത്രമാണ് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള മുന്നുപാധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.