പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യസെന്‍. കേരള ഡയലോഗിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവെപ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ എല്ലാ വകയുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗണ്‍ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. പകരം ഏകപക്ഷീയമായി ലോക്ഡൗണ്‍ അടിച്ചേൽപിച്ചു. ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവര്‍ക്ക് ജീവിക്കാന്‍ വരുമാനമൊന്നും ഉണ്ടായില്ല. അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇതൊരു ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്: കേരളം പ്രതികരിച്ച രീതി അദ്ഭുതപ്പെടുത്തി –നോം ചോംസ്കി
കോവിഡിനോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അദ്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹിക വിമര്‍ശകനുമായ നോം ചോംസ്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'കേരള ഡയലോഗ്' തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചോംസ്കി. കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു.എസിെൻറ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമില്‍ ഒരു മരണം പോലും ഉണ്ടായില്ല. ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം.
സൗത്ത് കൊറിയയും സമർഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ഡൗണ്‍ പോലും വേണ്ടിവന്നില്ല. തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും അത് കണ്ടു. ന്യൂസിലാൻഡ് രോഗത്തെ തുടച്ചുനീക്കി. എന്നാല്‍, അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര് മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. യൂറോപ്യന്‍ യൂനിയനെയെടുത്താല് ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായത്. അമേരിക്കയില്‍ ആശുപത്രികളെന്നാല്‍ വെറും കച്ചവടമാണ്.
ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയില്‍ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നുകാട്ടപ്പെട്ടു. കോവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന്, നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ചോംസ്കി പറഞ്ഞു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാല്‍ വലിയൊരു ശക്തിയാകും. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്: പുനർവിചിന്തനത്തിന് വഴി തെളിക്കുന്നു –മുഖ്യമന്ത്രി
കോവിഡ് ജീവിതത്തിെൻറ എല്ലാ വശങ്ങളെക്കുറിച്ച പുനര്‍വിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഡയലോഗിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്. പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. മുന്‍ഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം. പൊതുവായ ചില അറിവുകള്‍ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ അറിവുകള്‍ വേണ്ടിവന്നേക്കാം. ഇത് സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമുക്ക് മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാന്‍ കേരളം സന്നദ്ധമാകുന്നതിെൻറ തുടക്കമാണ് 'കേരള ഡയലോഗ്'. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിെൻറ കരുത്ത്. അധികാരവികേന്ദ്രീകരണത്തില്‍ നാം ഏറെ മുന്നേറി. അതിെൻറയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ഗണ്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സ്വാമിനാഥനും സംവാദത്തില്‍ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവര്ത്തകന് എന്‍. റാം, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.