അനധികൃത പശുക്കശാപ്പ് നടത്തി എന്നപേരിൽ കേസ് നേരിടുന്ന ഒരു ഇറച്ചിവെട്ടുകാരന്റെ അനുഭവം ഇങ്ങനെ. സുഹൃത്തിന്റെ മകളെ ഭർത്താവ് നിരന്തരം തല്ലുകയും ദ്രോഹിക്കുകയും ചെയ്യുന്നതറിഞ്ഞ് വിഷയത്തിൽ ഇടപെട്ടതാണ് തുടക്കം. മർദനത്തെ ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിന് അനധികൃതമായി മൃഗങ്ങളെ അറുത്തുവെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി, കേസായി
2017 മാർച്ചിൽ, അധികാരമേറ്റ് മൂന്നുനാൾ പിന്നിട്ടതും ആദിത്യനാഥിന്റെ സർക്കാർ ഇറച്ചിവ്യാപാരത്തിന് മാർഗനിർദേശങ്ങളുടെ ഒരുപരമ്പര പുറത്തിറക്കി.
ആരാധനാലയത്തിന്റെ 50 മീറ്ററിനുള്ളിലും മതസ്ഥാപനങ്ങളുടെ പ്രധാന കവാടത്തിൽനിന്ന് 100 മീറ്ററിനുള്ളിലും ഇറച്ചിക്കട പാടില്ല, കടയുടെ ഉള്ളിലിട്ട് മൃഗങ്ങളെ അറുത്തുകൂടാ, പച്ചക്കറി വിൽക്കുന്ന ഭാഗങ്ങളിൽ ഇറച്ചിക്കച്ചവടത്തിന് നിരോധനം, ഇറച്ചി പുറത്തുനിന്ന് നോക്കിയാൽ കാണാനാവാത്തവിധം കർട്ടനോ ഇരുണ്ട ഗ്ലാസുകൊണ്ടോ ഇറച്ചിക്കടകൾ മറച്ചിരിക്കണം, കടയിൽ ജോലിചെയ്യുന്ന എല്ലാവർക്കും സർക്കാർ ഡോക്ടറിൽനിന്ന് ആരോഗ്യപരിശോധന സർട്ടിഫിക്കറ്റ് നേടണം.
ഭക്ഷ്യ-ഔഷധ സുരക്ഷാ അതോറിറ്റിയിൽനിന്നും നഗരമേഖലകളിൽ പൊലീസിൽനിന്നും നഗരസഭയിൽനിന്നും ഗ്രാമപ്രദേശങ്ങളിൽ പൊലീസിൽനിന്നും പഞ്ചായത്ത് കൗൺസിലിൽനിന്നും നിരാക്ഷേപപത്രങ്ങൾ (NOC) വാങ്ങണം, ആറു മാസത്തിലൊരിക്കൽ കടകൾ വെള്ളപൂശണം.
കടകളിൽ ഇൻസുലേഷനുള്ള ഫ്രീസറുകളും ഗീസറുകളും ഘടിപ്പിക്കണം, മൃഗങ്ങളെ കൊണ്ടുപോകുന്നതിനും നിയമാനുസൃത അറവുകേന്ദ്രങ്ങളിൽ അവയെ അറുക്കുന്നതിനും ആവശ്യമായ ഗേറ്റ് പാസുകൾ ഉണ്ടായിരിക്കണം, ഇത്തരം കേന്ദ്രങ്ങളിലാണ് അറുത്തത് എന്നതിന് രേഖകൾ വേണം... എന്നിങ്ങനെ പോകുന്നു നിബന്ധനകൾ.
സർക്കാർ നടത്തിവന്ന ചെറുകിട അറവുശാലകൾ അടച്ചുപൂട്ടുകയും മാലിന്യപ്രശ്നം പറഞ്ഞ് കർശന നിബന്ധനകൾ പുറത്തിറക്കുകയും ചെയ്തതോടെ കടുത്ത ദുരിതത്തിലായത് ചെറുകിട ഇറച്ചിവ്യാപാരികളായ കീഴാള മുസ്ലിം സമൂഹമാണ്. രാജ്യമെമ്പാടും മൃഗങ്ങളെ അറുക്കുന്നത് ചെറുകിട മാംസവ്യാപാരികളാണ്. പലപ്പോഴും വീട്ടുവളപ്പിലിട്ടാണിത് ചെയ്യാറ്. സർക്കാർ അനുമതിയുള്ള കശാപ്പുശാലകൾ എണ്ണത്തിൽ കുറവാണ്. വൻ നഗരങ്ങൾക്ക് പുറത്ത് അവ കണ്ടെത്തുന്നതും പ്രയാസകരമാണ്.
പുതുനിയമം വന്നതോടെ കശാപ്പുശാലകളിലൊഴികെ അറവ് നടത്തുന്നത് അനധികൃതമായി. സർക്കാർ ഉടമസ്ഥതയിലുള്ളവ തുറക്കാറായതോടെ സ്വകാര്യ അറവുശാലകൾ ഇറച്ചിവ്യാപാരത്തിലെ പുത്തൻ ഇടനിലക്കാരായി. അറുക്കുന്ന മൃഗങ്ങളുടെ തുകലും കുടലും ഇറച്ചിക്കച്ചവടക്കാർക്ക് ഒരു അധിക വരുമാനം നൽകിയിരുന്നു മുമ്പ്. ഇപ്പോൾ അവ സ്വകാര്യ അറവുശാലകൾക്ക് നൽകണം.
ഒരു ആടിനെ അറുത്താൽ 1000 രൂപ ലാഭം കിട്ടിയിരുന്ന സ്ഥാനത്ത് ഇടനിലക്കാർ വന്നതോടെ ഇരുനൂറും മുന്നൂറുമായി കുറഞ്ഞു. ഈ പഠനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ഇറച്ചി കച്ചവടക്കാരനെപ്പോലുള്ളവർ അല്ലനാസ്, അൽ തബാറക് പോലുള്ള സ്വകാര്യ കമ്പനികളുടെ കശാപ്പുശാലകളെയാണ് ആശ്രയിക്കുന്നത്. ആട്ടിൻതല, തോല്, കുളമ്പ് എന്നിവയെല്ലാം എടുത്ത് ഇറച്ചി, കരൾ, കാല് എന്നിവ ഇറച്ചിക്കാർക്ക് നൽകുന്നതാണ് അവരുടെ രീതി.
മുമ്പ് 51 അറവുശാലകളുണ്ടായിരുന്ന അലീഗഢിൽ ഇപ്പോൾ അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA)യുടെ അനുമതിയുള്ള ഒമ്പതെണ്ണം മാത്രമാണുള്ളത്. അറവിനുള്ള കൂലിയും തുകൽ, കുളമ്പ് കച്ചവടവുമാണ് അവയുടെ വരുമാനമാർഗം. നൂറുകണക്കിനാളുകൾ തൊഴിൽരഹിതരുമായി.
പുതിയ മാർഗനിർദേശങ്ങൾ ഈ മേഖല കൊണ്ട് ഉപജീവനം കഴിയുന്നവർക്ക് ഒരുപാട് പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നത് പ്രയാസകരമാണെന്ന് മാത്രമല്ല, എന്തോ വൃത്തികെട്ട ജോലിയാണ് ഞങ്ങൾ ചെയ്യുന്നത് എന്നമട്ടിലുള്ള ധാരണയും സൃഷ്ടിക്കപ്പെട്ടതായി ടൻടൻപാറയിലെ ഒരു ഇറച്ചിവ്യാപാരി പറയുന്നു.
എല്ലാ രേഖകളും പാസുകളും എന്നും ഒപ്പം കരുതണം. എന്തെങ്കിലും ഒന്ന് ഇല്ലെങ്കിൽപോലും മർദനമേൽക്കാനും ജയിലിലടക്കപ്പെടാനുമെല്ലാം സാധ്യതയുണ്ട്. അനധികൃത പശുക്കശാപ്പ് നടത്തി എന്നപേരിൽ കേസ് നേരിടുന്ന ഒരു ഇറച്ചിവെട്ടുകാരന്റെ അനുഭവം ഇങ്ങനെ.
സുഹൃത്തിന്റെ മകളെ ഭർത്താവ് നിരന്തരം തല്ലുകയും ദ്രോഹിക്കുകയും ചെയ്യുന്നതറിഞ്ഞ് വിഷയത്തിൽ ഇടപെട്ടതാണ് തുടക്കം. മർദനത്തെ ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിന് അനധികൃതമായി മൃഗങ്ങളെ അറുത്തുവെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി, കേസായി.
രേഖകൾ ശരിപ്പെടുത്തിയെടുക്കുന്നതിന് ചെറുകിട കച്ചവടക്കാർ ഏറെ പ്രയാസപ്പെടുന്നുണ്ട്. പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ അലീഗഢ് ജീവൻഗഢിലുള്ള ഒരു ഇറച്ചിവെട്ടുകാരൻ വിവരിച്ചത് കടയുടെ തറയിൽ ടൈലുകൾ വിരിക്കാനാവാത്തതിനാൽ പൊലീസിന് നൽകിയ കനത്ത കൈക്കൂലിയുടെ കണക്കുകളാണ്.
മുമ്പ് നഗരസഭയിൽനിന്ന് ഒരു ശുചീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇറച്ചിക്കടകൾ നടത്തിക്കൊണ്ടുപോകാമായിരുന്നു. പ്രതിവർഷം 1000 രൂപയേ ആ സർട്ടിഫിക്കറ്റിന് ഫീസ് ഒടുക്കേണ്ടതുള്ളൂ. നടപ്പാക്കാൻ എളുപ്പമായിരുന്നുതാനും. പുതിയ നിബന്ധനപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാവാൻ ഫീസുകളും കൈക്കൂലിയുമുൾപ്പെടെ കുറഞ്ഞത് 10,000 രൂപ ചെലവുവരും.
2014ൽ ബി.ജെ.പി-ശിവസേന സഖ്യസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെ 1995ൽ സഖ്യസർക്കാർ നിർദേശിച്ച മഹാരാഷ്ട്ര അനിമൽ പ്രിസർവേഷൻ ആക്ട് 1976ന്റെ ഭേദഗതികൾക്ക് ഇന്ത്യൻ രാഷ്ട്രപതി അനുമതി നൽകി. കേന്ദ്രത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ഭേദഗതികൾ പാസാക്കി 19 വർഷങ്ങൾ പിന്നിടുകയും ചെയ്തശേഷം ലഭിച്ച രാഷ്ട്രപതിയുടെ അംഗീകാരം ഈ ഭേദഗതികളുടെ വിജ്ഞാപനത്തിന് വഴിയൊരുക്കി, അവ ഇപ്പോൾ നിയമമാണ്.
പശുക്കളെ അറുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനത്തിന് പുറമെ കാളകളെയും മൂരിക്കുട്ടന്മാരെയും അറുക്കുന്നതും നിരോധിക്കപ്പെട്ടു. പോത്തുകളെയും എരുമകളേയും മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെ മാത്രം കശാപ്പുചെയ്യാമെന്നായി.
അറുക്കുമെന്ന അറിവോടെ, സാധ്യതയോടെ പശുക്കൾ, കാളകൾ എന്നിവ വിൽക്കുന്നതും വാങ്ങുന്നതും കടത്തുന്നതും നിരോധിക്കപ്പെട്ടു. നിരോധനത്തിനെതിരെ സഖ്യത്തിനുള്ളിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽനിന്നുള്ള പ്രതിനിധികളിൽനിന്ന് എതിർപ്പുണ്ടായിരുന്നു, സർക്കാർ അത് അവഗണിച്ചു.
ഓണററി മൃഗക്ഷേമ ഓഫിസർമാർ മുഖേനെയാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് 2015ലെ ബീഫ് നിരോധനം നടപ്പാക്കാൻശ്രമിച്ചത്. അവരിൽ പലരും പഴയ ഗോരക്ഷാ പ്രവർത്തകരായിരുന്നു. എന്നാൽ, ഈ വിവാദ റിക്രൂട്ട്മെന്റുകൾ ബോംബെ ഹൈകോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗീകരിച്ചില്ല.
2019 നവംബറിൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഗോസംരക്ഷകരുടെ അതിജാഗ്രതയിലും ഏകപക്ഷീയമായ പൊലീസ് നടപടികളിലും ഇല്ലാതായിരുന്നുവെന്നാണ് മുംബൈയിൽ ഞങ്ങൾ സംസാരിച്ച ഇറച്ചിവ്യാപാരികൾ പറഞ്ഞത്.
2012-2017 കാലഘട്ടത്തിൽ പശുജാഗ്രതാസംഘങ്ങളുമായി ബന്ധപ്പെട്ട് 75 അക്രമങ്ങളുണ്ടായതിൽ രണ്ടെണ്ണം മഹാരാഷ്ട്രയിലായിരുന്നു. എന്നിരുന്നാലും, 2022 ജൂണിൽ ബി.ജെ.പി-ശിവസേന സർക്കാർ വന്നശേഷം, ഇത്തരം അക്രമങ്ങളെ തുടർന്ന് കുറഞ്ഞത് മൂന്ന് മരണങ്ങൾക്കെങ്കിലും സംസ്ഥാനം സാക്ഷ്യംവഹിച്ചു.
അറവ്, വിൽപന, മാംസ ഉപഭോഗം എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മുംബൈയുടെ നഗരപ്രാന്തങ്ങളായ ഡിയോനാർ, ബാന്ദ്ര, മലാഡ് എന്നിവിടങ്ങളിലെ ഇറച്ചിവിൽപനക്കാരും വ്യാപാരികളും മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണമായാണ് വീക്ഷിക്കുന്നതെന്ന് ഞങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ വ്യക്തമാവുന്നു.
ലൈസൻസുകളും സാമ്പത്തികമായി മികച്ചനിലയിലുമുള്ള ഒരു പ്രമുഖ പ്രാദേശിക വ്യാപാരി പറഞ്ഞത്, താൻ ഈ കച്ചവടത്തിൽ തുടരുന്നത് തന്റെ സ്വത്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതുകൊണ്ടാണ് എന്നാണ്. അറവുകാരുടെയും ഇറച്ചിവിൽപനക്കാരുടെയും പുതിയ തലമുറ ബദൽ ജോലികൾ തേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവസരങ്ങൾ വിരളമാണ്.
മക്കളെ എൻജിനീയറിങ് കോളജുകളിൽ പഠിപ്പിച്ചിട്ടും അവർക്ക് ജോലി ലഭിച്ചില്ലെന്നാണ് ആരിഫ് ഖുറൈശി എന്ന ഇറച്ചിക്കച്ചവടക്കാരൻ പറഞ്ഞത്. ഒരുകാലത്ത് അഞ്ചോ ആറോ ജീവനക്കാരെ ജോലിക്കുവെച്ചിരുന്ന മുംബൈ മാഹിമിലെ ഒരു ബീഫ് ഷോപ് ഉടമ ഇപ്പോൾ എല്ലാം തനിച്ചാണ് ചെയ്യുന്നത്. പൊലീസിന് കൈക്കൂലി നൽകിയാണ് അതിജീവിക്കുന്നതെന്നും തന്റെ ഉപജീവനമാർഗം ‘നശിക്കപ്പെട്ടു’വെന്നും അദ്ദേഹം പരിതപിക്കുന്നു.
ഇത്തരം സംഭവങ്ങളും ദൈനംദിന പീഡനങ്ങളും ഇറച്ചിവ്യാപാര മേഖലയിൽ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. 2017ൽ ഡെലിവറി വാഹനം തടഞ്ഞതിനെ തുടർന്ന് ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇറച്ചി എത്തിക്കാനുള്ള വമ്പൻ കരാർ അവസാനിപ്പിക്കാൻ നിർബന്ധിതനായതിനെക്കുറിച്ച് മുംബൈയിലെ സമ്പന്നനായ ഒരു മുസ്ലിം വ്യാപാരി വിവരിച്ചു.
വാഹനത്തിൽ കൊണ്ടുപോയ ഇറച്ചി ബീഫാണോ അല്ലയോ എന്ന് തെളിയിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ അനുഭവിച്ച അപമാനത്തിന്റെ ഭാരം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമായിരുന്നു -അദ്ദേഹം പറയുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.