ഇന്ത്യയിൽ അഴിമതിക്കെതിരായ പ്രചാരണത്തിലൂടെയും പൊതുതാൽപര്യ ഹരജികളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും ലോകമാകെ ശ്രദ്ധേയനായ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ. നിയമവ്യവസ്ഥയെ ഭരണഘടനാപരമാംവിധം ജനാധിപത്യവത്കരിക്കാനും നടപ്പാക്കാനുമുള്ള അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ യഥാർഥത്തിൽ സുപ്രീംകോടതിയുടെതന്നെ യശസ്സിനെയാണ് ഉയർത്തിയിട്ടുള്ളത്.
എന്നാൽ, സുപ്രീംകോടതിക്ക് അഭിലഷണീയമല്ലെന്ന് ബോധ്യമുള്ള ചില കാര്യങ്ങളിലാണ് സുപ്രീംകോടതിെയയും ചില ജഡ്ജിമാരെയും ട്വീറ്റുകളിലൂടെ വിമർശിച്ചത് എന്നാണ് അദ്ദേഹത്തിെൻറ നിലപാട്. ഇന്ത്യയിൽ കഴിഞ്ഞ ആറു വർഷങ്ങളിലെ സുപ്രീംകോടതിയുടെ പങ്കിനെക്കുറിച്ചും നാല് മുൻ ജഡ്ജിമാരെയും വിമർശിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ബി.ജെ.പി നേതാവിെൻറ വിലകൂടിയ ബൈക്കിൽ ഇരിക്കുന്ന ചിത്രവും പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷൺ വിമർശനമുന്നയിച്ചത്.പ്രശാന്ത് ഭൂഷണിെൻറ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. മാപ്പു പറയാൻ വിസമ്മതിക്കുന്ന പ്രസ്താവനയിൽ പ്രശാന്ത് ഭൂഷൺ ഇങ്ങനെ പറഞ്ഞത് രാജ്യം ശ്രദ്ധിച്ചു:
ഉത്തമവിശ്വാസത്തോടെയാണ് ട്വീറ്റ് ചെയ്തത്. അതിൽ മാപ്പു പറയുന്നത് സത്യസന്ധതയില്ലായ്മയാകും. അതിനാൽ വിചാരണവേളയിൽ മഹാത്മാ ഗാന്ധി പറഞ്ഞതാണ് പറയാനുള്ളത്. ഞാൻ ദയ ചോദിക്കില്ല. എനിക്ക് ഔദാര്യം ആവശ്യമില്ല. കോടതിക്ക് കുറ്റമെന്നു തോന്നുന്നതിന് നിയമപരമായി നൽകുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. ഒരു പൗരെൻറ ഏറ്റവും വലിയ കർത്തവ്യമാണത്. തെൻറ പ്രസ്താവന പിൻവലിക്കുകയാണെങ്കിൽ അത് താൻ ഏറ്റവും അഭിമാനത്തോടെ കാണുന്ന ഒരു സ്ഥാപനെത്തയും തെൻറ അവബോധ മനസ്സിനെയും അവഹേളിക്കുന്ന അസത്യപൂർണമായ കാര്യമായിരിക്കും എന്നാണ് പ്രശാന്ത് ഭൂഷൺ പിന്നെയും വിശദീകരിച്ചത്.
ഈ നിലപാട് പുനഃപരിശോധിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ആഗസ്റ്റ് 24വരെ സമയം നൽകി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുന്നുണ്ടെന്നും അതിൽ തീർപ്പു വരുന്നതുവരെ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്നും പ്രശാന്ത് ഭൂഷണിെൻറ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജനാധിപത്യം തകർക്കപ്പെട്ടെന്ന് നേരത്തേ പരസ്യപ്രസ്താവന നടത്തിയ അഞ്ച് ജഡ്ജിമാരുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞതിലേക്ക് കോടതി കടന്നതുമില്ല.
ആഗസ്റ്റ് 25ന് പ്രശാന്ത് ഭൂഷണ് കോടതി എന്തു ശിക്ഷയാണ് നൽകാൻ പോകുന്നതെന്ന് രാജ്യം ഉറ്റുനോക്കിയിരിക്കുകയായിരുന്നു. പ്രസ്താവന പിൻവലിച്ചാൽ മാത്രം ദയാപൂർവം വിധി നൽകുമെന്നാണ് കേസിൽ വാദത്തിെൻറ അവസാന അരമണിക്കൂർ സമയത്തും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്.
വിമർശനം ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ സുപ്രീംകോടതി തകരുമെന്നാണ് പ്രശാന്ത് ഭൂഷണിനുവേണ്ടി അഭിഭാഷകനായ രാജീവ് ധവാൻ വാദിച്ചത്. സദുദ്ദേശ്യത്തോടുകൂടിയുള്ള വിമർശനം നടത്തിയതിന് കോടതി നടപടിയിൽനിന്ന് രക്ഷപ്പെടാൻ മാപ്പു പറയില്ലെന്നുള്ള പ്രശാന്ത് ഭൂഷണിെൻറ നിലപാട്, ഉത്തരവാദിത്തത്തോടെയുള്ള വിമർശനം ചുമതലയാണെന്നാണ് സ്ഥാപിക്കുന്നെതന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വാദം പൂർത്തിയായിരിക്കുന്നു. ഇനി സെപ്റ്റംബർ രണ്ടിന് വരാൻ പോകുന്ന അന്തിമവിധി കാത്തിരിക്കുകയാണ് നാം; ആകാംക്ഷയോടെ.
നിയമരംഗത്തും സാമൂഹിക രാഷ്ട്രീയ രംഗത്തുമുള്ള ആയിരക്കണക്കിന് പ്രമുഖർ കോടതിയലക്ഷ്യത്തിെൻറ പേരിൽ പ്രശാന്ത് ഭൂഷണിനെ സുപ്രീംകോടതി ശിക്ഷിക്കരുതെന്ന് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീംകോടതിയുടെ ആദ്യ വിധിന്യായത്തോട് നിരാശയും ദുഃഖവും പ്രകടിപ്പിച്ചും പ്രശാന്ത് ഭൂഷണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിശിഷ്ടരായ നിയമജ്ഞരടക്കമുള്ള വ്യക്തികൾ ഒപ്പിട്ട് പത്രമാധ്യമങ്ങളിൽ വന്ന പ്രസ്താവനയെ, പ്രതികരണങ്ങളെ വിധിയെഴുതുന്നതിനു മുമ്പ് സുപ്രീംകോടതികാണുമോ? പരിഗണിക്കുമോ?
ജനാധിപത്യത്തിലെ ഓരോ സ്ഥാപനവും പൊതുജനങ്ങളുടെ ആദരവും സമ്പൂർണമായ വിശ്വാസവും നേടേണ്ടതും നിലനിർത്തേണ്ടതുമുണ്ട്. മാത്രമല്ല, ജനങ്ങളുടെ പരമമായ ആശ്രയമായ ഒരു സ്ഥാപനത്തിെൻറ മുഖമുദ്ര പൊതുജന പരിശോധനക്കും വ്യാഖ്യാനത്തിനുമുള്ള ഇടം നൽകുന്നതുമായിരിക്കണം. ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ച് വിമർശനാത്മകമായ അഭിപ്രായങ്ങൾ ഉള്ളവരെ ഇത്തരം ഇടമില്ലായ്മയുടെ അസ്വാതന്ത്ര്യം വിഷമിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യും.
വിമർശനങ്ങളെ കുറ്റകൃത്യമായി കാണുന്നത് ജനാധിപത്യവ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന നീക്കമായിട്ടാണ് പ്രശാന്ത് ഭൂഷണിനെ പിന്തുണക്കുന്ന മുഴുവൻ ജനങ്ങളുടെയും–നിയമജ്ഞരുടെയടക്കം–അഭിപ്രായം. പ്രശാന്ത് ഭൂഷൺ ആരോപണം പിൻവലിച്ച് മാപ്പു പറഞ്ഞിരുന്നെങ്കിൽ ഇന്ത്യയിൽ ഭരണഘടനപരമായ ജനാധിപത്യ അവകാശങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും അതിൽ ദുഃഖിക്കുമായിരുന്നു എന്നുകൂടിയാണ് ഈ പ്രസ്താവന, പ്രതികരണങ്ങൾ നൽകുന്ന സൂചന.
കോടതിയലക്ഷ്യമെന്ന ഭയം ഇന്ത്യയിലെ പൗരരുടെ ജനാധിപത്യാവകാശങ്ങളെയും ഭരണഘടനപരമായ വിമർശന സാധ്യതകെളയും ഏതുവിധമാണ് തടയുന്നത് എന്ന് പ്രശാന്ത് ഭൂഷണിനെപ്പോലെയുള്ള നിയമജ്ഞർ സാധാരണക്കാരായ മനുഷ്യർക്ക് കൂടുതൽ വ്യക്തതയും അവബോധവുമുണ്ടാക്കിത്തരുന്ന സന്ദിഗ്ധമായ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയസന്ദർഭമാണിത്. കാരണം, തങ്ങൾക്ക് തീർത്തും നീതി നിഷേധിക്കപ്പെട്ടു എന്നവിധം വിഷമമുണ്ടാക്കുന്ന അന്തിമവിധികൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സന്ദർഭങ്ങളിൽ കോടതികളിൽ നിന്നുണ്ടായാൽ എങ്ങനെയാണതിനെ ജനങ്ങൾ സ്വീകരിക്കേണ്ടത് എന്നത് കടുത്ത മാനസിക, വൈകാരിക, ബൗദ്ധിക വെല്ലുവിളികൾ കൂടി നേരിടുന്നുണ്ട്.
ഇന്ത്യൻ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും പരിരക്ഷിക്കാനും പരിപാലിച്ച് വളർത്താനും ജനങ്ങൾക്കുകൂടി അതിെൻറ പൗരരെന്ന നിലയിൽ ഉത്തരവാദിത്തമില്ലേ? സുപ്രീംകോടതിയും ജഡ്ജിമാരും വിമർശനത്തിനതീതരാണോ? മുൻ ചീഫ് ജസ്റ്റിസ് ഗൊഗോയ് പൊടുന്നനെ ബി.ജെ.പി പിന്തുണയിൽ രാജ്യസഭാംഗമായി മാറിയതിനെ പരസ്യമായി വിശകലനം ചെയ്യാൻ ഇപ്പോഴെങ്കിലും സാധിക്കുമോ? വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കേണ്ടിടത്ത് വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് ഭരണഘടനാവകാശങ്ങളുടെ ധ്വംസനമല്ലേ? ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും വർഗ, ജാതി, ലിംഗ നീതിയും മനുഷ്യാവകാശങ്ങളും പുലർന്നുകാണണമെന്നാഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ വിധ ചിന്തകളിൽ പെട്ടുഴലുകയാണിന്ന്.
അതുകൊണ്ടാണ് നിയമജ്ഞനായ പ്രശാന്ത് ഭൂഷൺ ഉയർത്തിയ വിമർശനത്തെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ മനസ്സാ പിന്തുണക്കുന്നത്. പൂച്ചക്കാര് മണികെട്ടും എന്ന കുട്ടിക്കഥ കേട്ട് വളർന്നവർ നീതിബോധത്താൽ ആശ്വസിക്കുന്നു.കോടതിയെയും ജഡ്ജിമാരെയും വിമർശിച്ചതിന് പ്രശാന്ത് ഭൂഷൺ ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിെൻറ വിമർശനത്തെ പിന്തുണക്കുന്ന കോടിക്കണക്കിന് ജനങ്ങൾ കൂടിയാവും ഒപ്പം ശിക്ഷിക്കപ്പെടുന്നത്.
പ്രശാന്ത് ഭൂഷൺ എന്ന അഭിഭാഷകെൻറ സത്യസന്ധനായിരിക്കാനുള്ള മൗലികാവകാശത്തെ സുപ്രീംകോടതി സംരക്ഷിക്കുമെന്ന് പ്രത്യാശിക്കാം. കാരണം, അദ്ദേഹത്തെ ശിക്ഷിച്ചാലും ഇല്ലെങ്കിലും വിജയിക്കുന്നത് പൊതുതാൽപര്യാർഥം കൂടിയായിട്ടുള്ള അദ്ദേഹത്തിെൻറ നീതിബോധമാണ്, സ്ൈഥര്യമാണ്.
ഇത് ഭരണഘടനപരമായ വിഷയമാണ്, അതിനാൽ ഭരണഘടന ബെഞ്ചിന് വിടണമെന്ന പ്രശാന്ത് ഭൂഷണിെൻറ അഭിഭാഷകനായ രാജീവ് ധവാെൻറ വാദം ശക്തമാണ്. കോടതികൾ ആത്മവിശകലനം നടത്തണമെന്നുപറഞ്ഞാണ് അറ്റോണി ജനറലായ കെ.കെ. വേണുഗോപാൽ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് സുപ്രീംകോടതി ബെഞ്ചിനോട് പറഞ്ഞിരിക്കുന്നത്. കോടതിയെ അപകീർത്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് വിമർശനങ്ങൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കോടതിയോട് പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് പ്രശാന്ത് ഭൂഷണിെൻറ സത്യസന്ധതയെ പിന്തുണക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്കും ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കാനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.