അശാസ്ത്രീയമായ ഭൂവിനിയോഗത്തിെൻറയും പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിക്കാത്ത വികസന പ്രവർത്തനങ്ങളുടെയും ഫലമായി പ്രളയവും വന്‍ സാമ്പത്തിക നഷ്ടവും ജീവഹാനിയും ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാറിനുവേണ്ടി തയാറാക്കിയ കാര്‍ഷിക പാരിസ്ഥിതിക മേഖലാ നിർണയ റിപ്പോര്‍ട്ടും നിർദേശങ്ങളും ഫയലില്‍ ഉറങ്ങുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് വിശദമായ കാര്‍ഷിക പാരിസ്ഥിതിക മേഖലാ നിർണയ റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം ലാന്‍ഡ് യൂസ് കമീഷണറായിരിക്കെ ഇൗ ലേഖകെൻറ നേതൃത്വത്തിലാണ് പഠനം നടന്നത്. 1999ല്‍ ആരംഭിച്ച പഠനത്തിെൻറ ഫലമായി 2001 മേയില്‍ ആദ്യ കാര്‍ഷിക പാരിസ്ഥിതിക മേഖല നിർണയ റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഓരോ ജില്ലയിലും പഠനവും പ്രത്യേകം റിപ്പോര്‍ട്ടുകളും മാപ്പുകളും തയാറാക്കി.
കേരളം തീരദേശത്തെ സമുദ്രനിരപ്പു മുതൽ 2600 മീറ്ററിൽപരം ഉയരത്തിൽ (ആനമുടി-ഇടുക്കി ജില്ല) സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശമാണ്. ഭൂപ്രകൃതി, ഭൂമിയുടെ കിടപ്പ്, മണ്ണിെൻറ പ്രത്യേകതകള്‍, കടല്നിരപ്പില്നിന്നുള്ള ഉയരം, ചരിവ്, മഴയുടെ തോത്, ഭൂവിനിയോഗം എന്നീ ഘടകങ്ങൾ പരിഗണിച്ച് പാരിസ്ഥിതിക മേഖലകളാക്കി തരംതിരിച്ചു മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പാടുള്ളൂവെന്ന് ഈ റിപ്പോര്‍ട്ട് നിർദേശിച്ചിരുന്നു. മേൽപറഞ്ഞ ഘടകങ്ങൾ പരിഗണിച്ച് കേരളത്തെ തീരപ്രദേശ മേഖല, കായൽ പ്രദേശ മേഖല, ഇടനാട് മേഖല, ഇടമലനാട് മേഖല, ഉന്നതപ്രദേശ മേഖല, ഉന്നത വനപ്രദേശ മേഖല എന്നിങ്ങനെ തരംതിരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വിവിധ പാരിസ്ഥിതിക മേഖലകളായി തരംതിരിച്ചുള്ള പ്രത്യേകം മാപ്പുകളും ജില്ലാതലത്തിൽ തയാറാക്കിയിരുന്നു. ഓരോ മേഖലയിലും ചെയ്യാവുന്ന കൃഷികളും അതിന് വിരുദ്ധമായി ചെയ്താലുള്ള അപകടങ്ങളും വരെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിരുന്നു. മണ്ണിന് അനുയോജ്യമല്ലാത്ത കൃഷികളും നിലവിലെ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രളയവും അതിനോടനുബന്ധമുള്ള ദുരന്തങ്ങളും ഒഴിവാക്കാന്‍ ഓരോ നദിയുടെയും വൃഷ്ടിപ്രദേശത്തെ അടിസ്ഥാനമാക്കി കാര്‍ഷിക പാരിസ്ഥിതിക മേഖലകള്‍ തരംതിരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് നിർദേശിച്ചിരുന്നു. കേരളത്തിലൊഴുകുന്ന പല നദികളും വിവിധ ജില്ലകളിലൂടെ ഒഴുകിയാണ് കടലില്‍ സംഗമിക്കുന്നത്.
പെരിയാർ നദി തമിഴ്നാട്ടിൽനിന്ന് ഉത്ഭവിച്ച് ഇടുക്കി, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലൂടെ 244 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് അറബിക്കടലിൽ പതിക്കുന്നത്. ഈ നദിയുടെ വൃഷ്ടി പ്രദേശത്തിെൻറ വിസ്തീർണം കണക്കാക്കുകയും അവിടെനിന്ന് ലഭിക്കുന്ന വെള്ളത്തിെൻറ അളവ് തിട്ടപ്പെടുത്തുകയും വേണം. ഈ നദിയിലുള്ള ഡാമുകളുടെ എണ്ണം, സംഭരണശേഷി എന്നിവ തിട്ടപ്പെടുത്തണം. കൂടാതെ ഭൂമിയുടെ കിടപ്പ്, മണ്ണിെൻറ തരം, ചരിവ്, ഭൂവിനിയോഗം എന്നിവയും തിട്ടപ്പെടുത്തി വേണം പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. വിവിധ ജില്ലകളിലൂടെ നദി കടന്നുപോകുന്നതിനാൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്താനോ പദ്ധതി ആവിഷ്കരിക്കാനോ ജില്ല ഭരണകൂടങ്ങൾക്ക് കഴിയണമെന്നില്ല. ഈ സാഹചര്യത്തില്‍ വൃഷ്ടി പ്രദേശത്തെ ജലത്തിെൻറ ലഭ്യതയും നദിയിലൂടെ കടന്നുപോകുന്ന ജലത്തിെൻറ അളവും ഡാമുകളുടെ സംഭരണവും നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഓരോ നദിയുടെയും വൃഷ്ടിപ്രദേശത്തെ അടിസ്ഥാനമാക്കി അതോറിറ്റി ഉണ്ടാകണം. നദിയും നദീതടവും സംരക്ഷിക്കാനും അവിടെയുള്ള മണ്ണും ജലവും ഭൂവിനിയോഗവും പിഴവുകൂടാതെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത് എന്നീ ഭരണനിർവഹണ അതിര്‍ത്തികള്‍ക്ക് പകരമായി കാര്‍ഷികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ അനുസരിച്ച് കേരളത്തിെൻറ ഭൂവിഭാഗങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിർണയിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുക, നദീതട മാപ്പും കാര്‍ഷിക പാരിസ്ഥിതിക മേഖലാ മാപ്പും അനുസരിച്ച് ഭൂവിനിയോഗ നയം ആവിഷ്കരിച്ച് നടപ്പാക്കുക തുടങ്ങിയ നിരവധി നിർദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരുന്നു. പ്രളയാനന്തരം ഇത്തരം വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്ന് പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിർണയിച്ചിട്ടുണ്ട്. എന്നാല്‍, അത് പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന മേഖലമാത്രമാണ് പഠനവിധേയമാക്കിയിട്ടുള്ളതും നിർദേശങ്ങള്‍ നല്കിയിട്ടുള്ളതും. പശ്ചിമഘട്ട മേഖലയിലുണ്ടായ ശക്തമായ മഴയാണ് നിലവിലെ വെള്ളപ്പൊക്കത്തിന് കാരണം.
എങ്കിലും, ഇതിെൻറ നാശനഷ്ടങ്ങള്‍ വന -മല പ്രദേശങ്ങള്‍ക്കപ്പുറം കേരളത്തിെൻറ തീര പ്രദേശത്തുവരെ നാശം സൃഷ്ടിച്ചിരുന്നു. സമുദ്രനിരപ്പിലും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടും പരിസ്ഥിതി ദുർബല പ്രദേശമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ കുട്ടനാട് മേഖല, തീരദേശ മേഖല, ഇടനാട് മേഖല എന്നീ മേഖലകളെക്കുറിച്ച് പഠനമോ ചർച്ചയോ ഇല്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ കാര്‍ഷിക പാരിസ്ഥിതിക മേഖലകളെ സമ്പൂർണമായ പഠനവിധേയമാക്കിയ കാർഷിക പാരിസ്ഥിതിക മേഖല നിർണയ റിപ്പോര്‍ട്ടിന് പ്രസക്തിയേറെയാണ്. ഈ റിപ്പോര്‍ട്ടാണ് ഒന്നര പതിറ്റാണ്ടിലേറെ കാലമായി ഫയലില്‍ ഉറങ്ങുന്നത്.
(ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.